‘‘നാളെ നേരം വെളുക്കുന്നതോർത്ത് എനിക്ക് പേടിയാണ്. ഇനിയും കടികൊള്ളാൻ കൈയിൽ സ്ഥലമില്ല. ഉണരാതെ എന്നന്നേക്കും ഉറങ്ങിപ്പോകണമെന്ന് ആഗ്രഹിക്കാൻപോലും കഴിയില്ല. ആര്‌ അവനെ എങ്ങനെ നോക്കും. മരണം പോലും ലക്ഷ്വറിയാണ് ചിലപ്പോൾ.’’  സ്നേഹത്തോടെ നെറ്റിയിൽ ഉമ്മ വെച്ചിരുന്ന മകൻ കടിച്ചുകീറാൻ വന്ന നാളുകളിലൊന്നിൽ പ്രീത ഫെയ്‌സ്ബുക്കിൽ എഴുതിയിട്ട ആധികളിലൊന്നാണിത്. കൗമാരത്തിലെ ശാരീരികവും മാനസികവുമായുണ്ടാകുന്ന മാറ്റങ്ങളോട് എങ്ങനെ പൊരുത്തപ്പെടണമെന്നറിയാത്തവന്റെ പ്രതിഷേധമായിരുന്നു ആ അമ്മയുടെ കൈയിൽ കരിനീലച്ചുകിടന്ന കടിപ്പാടുകൾ ഓരോന്നും. റിയാലിറ്റി ഷോ താരമായിരുന്ന സുകേഷ് കുട്ടന് ശേഷം ഓട്ടിസത്തെ സമൂഹമധ്യത്തിൽ വീണ്ടും ചർച്ചയ്ക്കെടുക്കാൻ പ്രേരിപ്പിച്ചത് പ്രീതയാണ്.

പകരംവയ്ക്കാൻ മലയാളഭാഷയിൽ മറ്റൊരു പദമില്ലാത്ത ഓട്ടിസം എന്ന വാക്ക് കേരളത്തിന് സുപരിചിതമായിട്ട് പത്തുവർഷത്തോളമേ ആയിട്ടുള്ളൂ. ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (CDC) ആഗോളതലത്തിൽ നടത്തിയ ഏറ്റവും പുതിയ അവലോകനങ്ങൾ പ്രകാരം എട്ടുവയസ്സിൽ താഴെയുള്ള 59 കുട്ടികളിൽ ഒരാൾ ഓട്ടിസ്റ്റിക്കാണ് (ഗ്രാഫ് കാണുക). 1.7-2 ദശലക്ഷം ഓട്ടിസക്കാരായ കുട്ടികളാണ് ഇന്ത്യയിലുള്ളത്.

Chart

ഓട്ടിസം അസുഖമാണെന്ന് അല്ലെങ്കിൽ മാനസികത്തകരാറാണെന്ന് വിശ്വസിക്കുന്നവരാണ് സമൂഹത്തിലേറിയപങ്കും. അസുഖമല്ല മറിച്ച് മസ്തിഷ്ക പ്രവർത്തനങ്ങളുടെ വ്യത്യസ്തത മൂലമുണ്ടാകുന്ന അവസ്ഥയാണിതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നമുക്ക് സാധിച്ചിട്ടില്ല. ഈ കുട്ടികളുടെ മാതാപിതാക്കൾ നടന്നുതീർക്കുന്ന കനൽവഴികളും നമുക്ക് അപരിചിതം. 
ഓട്ടിസക്കാരനായ പന്ത്രണ്ടുകാരന്റെ മുഖത്ത് അയൽക്കാർ സിഗരറ്റ് വെച്ച് പൊള്ളിച്ച വാർത്ത കോയമ്പത്തൂരിൽനിന്ന് റിപ്പോർട്ടു ചെയ്തത് ദിവസങ്ങൾക്കുമുമ്പാണ്. ‘‘കുട്ടി പുറത്തിറങ്ങുമ്പോഴെല്ലാം അയൽക്കാർ ഉപദ്രവിക്കും ചെരിപ്പുമാല അണിയിക്കും സിഗരറ്റ് കൊണ്ട് പൊള്ളിക്കും ശ്വാസംമുട്ടിക്കും.’’ -കുട്ടിയുടെ അമ്മ പെരിയമുത്തു അന്ന് കരഞ്ഞുപറഞ്ഞത് ഇപ്രകാരമാണ്. നീതി തേടി പോലീസിനെ സമീപിച്ചെങ്കിലും അവിടെയും അവഗണനയായിരുന്നു മാതാപിതാക്കൾക്ക് നേരിടേണ്ടി വന്നത്. ഉറ്റവർക്കും നാട്ടുകാർക്കുമെല്ലാം പൊതുശല്യമായി ഓട്ടിസമുള്ളവർ മാറുന്നതിന്റെ ഒരു ഉദാഹരണമായിരുന്നു കോയമ്പത്തൂരിൽനിന്ന് റിപ്പോർട്ട് ചെയ്ത ഈ സംഭവം.

വിലാപത്തിന്റെ ഏഴുഘട്ടങ്ങൾ

കുഞ്ഞ് ഓട്ടിസ്റ്റിക് ആണെന്നറിയുമ്പോൾ ആദ്യമുണ്ടാകുന്ന ഞെട്ടലിനെ മറികടക്കാൻ മാതാപിതാക്കൾ ദിവസങ്ങൾ മുതൽ മാസങ്ങൾ വരെ എടുത്തേക്കാം. പക്ഷേ, വിശ്വസിക്കാൻ ഇവർ കൂട്ടാക്കില്ല. ഡോക്ടർക്ക് തെറ്റുപറ്റിയതാണെന്ന ചിന്തയിൽ കുട്ടിയെ പല ഡോക്ടർമാരെയും മാറിമാറി കാണിക്കും. ഏതെങ്കിലും ഒരു ഡോക്ടറെങ്കിലും കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് പറയുമെന്ന പ്രതീക്ഷയോടെ. അടുത്തഘട്ടം പ്രതിയെ തിരയലാണ്. ഗർഭിണി ആയിരിക്കുമ്പോൾ ഭക്ഷണവും മരുന്നും കഴിക്കാഞ്ഞിട്ടാണ് എന്നുതുടങ്ങി സീരിയലുകണ്ടിട്ടാണെന്ന് വരെ ഭർത്താവ് ഭാര്യയെ കുറ്റപ്പെടുത്തും. ഭാര്യയാകട്ടെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും കാരണങ്ങളായി ചൂണ്ടിക്കാണിക്കും. ചിലർ പ്രസവമെടുത്ത ഡോക്ടറെയും സഹായത്തിനുണ്ടായ നഴ്‌സുമാരെയും പഴിക്കും. ചിലരാകട്ടെ ഒരുപടികൂടി കടന്ന് ഭാര്യയുടെ/ഭർത്താവിന്റെ കുടുംബപശ്ചാത്തലം തിരയും. വകയിലേതെങ്കിലും ബന്ധുക്കൾക്ക് ഓട്ടിസമുണ്ടെങ്കിൽ സംഗതി പാരമ്പര്യമാണെന്ന് സ്ഥാപിക്കാമല്ലോ. പിന്നെ ചികിത്സതേടിയുള്ള കറക്കമാണ്. ഡോക്ടർമാരെ മാറിമാറി കാണിക്കും. ആയുർവേദവും അലോപ്പതിയും ഹോമിയോപ്പതിയും യുനാനിയും; ചിലപ്പോൾ വ്യാജസിദ്ധന്മാരെപ്പോലും പരീക്ഷിക്കും. ചികിത്സകൾക്ക് ഫലമില്ലെന്ന് തോന്നിയാൽ പിന്നെ പ്രാർഥനയും അനുഷ്ഠാനങ്ങളുമാണ്. അതിന് മതഭേദമില്ല... അദ്‌ഭുതങ്ങളിലുള്ള ആ വിശ്വാസവും കെട്ടടങ്ങുന്നതോടെ മാത്രമേ കുഞ്ഞിന് ഓട്ടിസമാണെന്നും അത് രോഗമല്ല അവസ്ഥയാണെന്നും അംഗീകരിക്കാൻ മാതാപിതാക്കൾ തയ്യാറാകൂ... അതിനിടയിൽ ചികിത്സയ്ക്കായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയിരിക്കും. മാതാപിതാക്കളുടെ ഈ പരക്കംപാച്ചിലിനെ വിലാപത്തിന്റെ ഏഴുഘട്ടങ്ങളെന്നാണ് ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. 

സ്ത്രീ കുടുംബത്തിലെ 'സപ്പോർട്ടിങ് ക്യാരക്ടർ' മാത്രമാകുന്ന നമ്മുടെ സമൂഹത്തിൽ ഓട്ടിസമുള്ള ഒരു കുഞ്ഞിന്റെ ജനനം ആദ്യം ഇല്ലാതാക്കുന്നത് അമ്മയുടെ സാമൂഹികജീവിതവും തൊഴിലുമാണ്. കുടുംബത്തിൽ നിന്നുണ്ടാകുന്ന കുറ്റപ്പെടുത്തലുകളൊഴിവാക്കാൻ കുഞ്ഞിന് ഓട്ടിസമാണെന്ന് വീട്ടുകാരോടും ഭർത്താവിനോടു തന്നെയും മറച്ചുവെക്കുന്ന അമ്മമാരുണ്ട്. രണ്ടുകുട്ടികളും ഓട്ടിസക്കാരായതിന്റെ ആഘാതത്തിൽ മാനസികനില തകർന്നുപോയ അമ്മയുണ്ട്. ജന്മം നൽകിയ കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്ന അമ്മമാരും ഒട്ടേറെ. എന്നാൽ, 70 ശതമാനം കേസുകളിലും വരമ്പത്തുനിന്ന് കളികാണുന്നവരാണ് അച്ഛന്മാരെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ പറയുന്നു. ജന്മം കൊടുത്ത കുഞ്ഞ് അവർക്ക് ശത്രുവായി മാറും. കുഞ്ഞിനോടുള്ള വിരോധം മറ്റുപല വിഷയങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങളായി ദമ്പതിമാർക്കിടയിൽ രൂപപ്പെടും. പിന്നെ വിവാഹമോചനത്തിലേക്ക്. അക്കാര്യത്തിൽ അഭ്യസ്തവിദ്യരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമില്ല. വിവാഹകമ്പോളത്തിൽ അവശ്യം വേണ്ട തറവാട്ടുമഹിമയും സമ്പത്തും വിദ്യാഭ്യാസവും സൗന്ദര്യവും ഉണ്ടായിട്ടും സഹോദരന് ഓട്ടിസമാണ് എന്ന ഒറ്റക്കാരണത്താൽ വിവാഹം നടക്കാത്ത പെൺകുട്ടികളുണ്ട് 
കേരളത്തിൽ. 

അറിവുകൾ പരിമിതം, കണക്കുകൾ സാങ്കല്പികം

ഓട്ടിസക്കാരായ കുട്ടികളെ തിരിച്ചറിയുകയും നൈപുണ്യ വികസനങ്ങൾക്കായി (Skill Development) പരിശീലനങ്ങൾ നൽകുകയും ചെയ്യുന്ന പ്രാരംഭഘട്ടം വരെ മാത്രമേ നമുക്ക് എത്താനായിട്ടുള്ളൂ. സാമൂഹിക സുരക്ഷാമിഷൻ 2015-ൽ എടുത്ത ഭിന്നശേഷിക്കാരുടെ സെൻസസ് പ്രകാരം കേരളത്തിൽ 3135 പേർക്കാണ് ഓട്ടിസമുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ കണക്കുകൾ കൃത്യമല്ലെന്നും ഓട്ടിസക്കാരുടെ എണ്ണം തിട്ടപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ ഓട്ടിസം ബാധിച്ചവരെന്നും നേരെതിരിച്ചും തെറ്റായി രേഖപ്പെടുത്തിയത് കേരളത്തിലെ ഓട്ടിസം ക്ലബ്ബുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഓട്ടിസത്തെ കുറിച്ച് പരിമിതമായ അറിവു മാത്രമുള്ള അങ്കണവാടി അധ്യാപകരാണ് സെൻസസിനായി വീടുകളിൽ 
കയറിയിറങ്ങിയത്. 

ഭിന്നശേഷിയുള്ളവർക്കായി മെഡിക്കൽ ബോർഡ് നൽകുന്ന ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് കൃത്യമല്ലെന്നും രക്ഷിതാക്കൾ പരാതിപ്പെടുന്നുണ്ട്. സൈക്യാട്രിസ്റ്റ്, ഓർത്തോ, ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ്, ഐ സ്പെഷ്യലിസ്റ്റ്, ന്യൂറോളജിസ്റ്റ് എന്നീ വിദഗ്ധർ ഉൾപ്പെട്ട മെഡിക്കൽബോർഡിന് മുമ്പാകെ മാതാപിതാക്കൾ കുട്ടിയുമായി ഹാജരാകണം. ഇവരുടെ വിശദമായ പരിശോധനയ്ക്കൊടുവിലാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുക. പല ഡോക്ടർമാരും ഒറ്റവീക്ഷണത്തിൽ ബോധ്യപ്പെട്ട നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ ഭിന്നശേഷിയെ കണക്കാക്കുന്നത്. സെറിബ്രൽ പാൾസിയും ഓട്ടിസവുമെല്ലാം ബുദ്ധിമാന്ദ്യമെന്ന് രേഖപ്പെടുത്തിയ ഒട്ടേറെ കേസുകൾ കേരളത്തിലുണ്ടായിട്ടുണ്ട്. വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തതിനാൽ അർഹതപ്പെട്ട സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാതായിപ്പോയവരുമുണ്ട്. അഞ്ചുവിദഗ്ധർ അടങ്ങുന്ന മെഡിക്കൽബോർഡിനുപോലും നിർണയം നടത്തുന്നതിൽ തെറ്റുപറ്റുമ്പോഴാണ് കണക്കെടുപ്പിനായി കൃത്യമായ മാർഗനിർദേശങ്ങളില്ലാതെ അങ്കണവാടി അധ്യാപകരെ സാമൂഹിക സുരക്ഷാമിഷൻ സെൻസസിന് 
നിയോഗിച്ചത്.

ഓട്ടിസം സ്ഥായിയായ ഒരു അവസ്ഥാ വിശേഷമായിട്ടുകൂടി ആജീവനാന്തകാലത്തേക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. ഈ കുട്ടികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ആജീവനാന്തകാലത്തേക്ക് നൽകണമെന്ന് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിർദേശം വന്നിരുന്നുവെങ്കിലും അത് പ്രാവർത്തികമായില്ല. മൂന്നുമാസം മുതൽ അഞ്ചുവർഷം വരെ ഓരോ ഡോക്ടർമാരും അവരവർക്കിഷ്ടമുള്ള കാലാവധിയാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നത്. ഒരിക്കൽ ഒരു രക്ഷിതാവ് മെഡിക്കൽ സർട്ടിഫിക്കറ്റിനായി മലപ്പുറത്തെ ഒരു താലൂക്ക് ആശുപത്രിയിൽ എത്തി.  കുട്ടിയുടെ ഐക്യു പരിശോധിക്കുന്നതിനായി സൈക്യാട്രിസ്റ്റ് ഇല്ലെന്നും മറ്റൊരു താലൂക്ക് ആശുപത്രിയിൽ പോയി ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുമായി വന്ന് ബോർഡിന് മുമ്പാകെ ഹാജരാകാനാണ് രക്ഷിതാവിന്  നിർദേശം കിട്ടിയത്. എപ്പോൾ എങ്ങനെ പെരുമാറുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത കുട്ടിയുമായി ആ അമ്മയ്ക്ക് മൂന്നുതവണയാണ് ആശുപത്രിയിൽ കയറിയിറങ്ങേണ്ടി വന്നത്. ലഭിച്ചത് പതിനെട്ട് വയസ്സുവരേക്കുമുള്ള സർട്ടിഫിക്കറ്റും. 


Dr.Jayarajഎന്താണ് ഓട്ടിസം

ഡോ. ജയരാജ് എം.കെ.മുൻ ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചലഞ്ച്ഡ്, തിരുവനന്തപുരം 

മസ്തിഷ്കകോശങ്ങളുടെ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന അവസ്ഥയാണ് ഓട്ടിസം. ഇത് ഒരു വ്യക്തിയെ സാമൂഹിക പ്രതികരണ പരിമിതികളിലേക്ക് നയിക്കുന്നു. ആശയവിനിമയത്തിനും സമൂഹത്തിൽ ഇടപഴകുന്നതിനും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. അസ്വാഭാവികമായതും ആവർത്തിച്ചുള്ളതുമായി ശാരീരിക ചലനങ്ങൾ ഓട്ടിസമുള്ളവരുടെ പ്രത്യേകതയാണ്. 

ഓട്ടിസം ജനിതകമാണെന്നും അതല്ല പാരിസ്ഥിതികമായ കാരണങ്ങൾ കൊണ്ടുണ്ടാകുന്നതാണെന്നും പഠനങ്ങൾ പറയുന്നുണ്ടെങ്കിലും യാഥാർഥ കാരണം ഇന്നും ശാസ്ത്രലോകത്തിന് അജ്ഞാതമാണ്. 1943-ൽ ലിയോ കെന്നർ എന്ന ശിശുമനോരോഗ വിദഗ്ധനാണ് ഓട്ടിസം തിരിച്ചറിയുന്നത്. മസ്തിഷ്ക കോശങ്ങളുടെ വ്യതിയാനം മൂലമുണ്ടാകുന്ന അവസ്ഥയായതിനാൽ ഇത് ചികിത്സിച്ച് ഭേദപ്പെടുത്താനാകില്ല.

പൊള്ളുന്ന കഥകള്‍,നരകയാതനകള്‍

ഒരിക്കൽ അവധി കഴിഞ്ഞ് തൃശ്ശൂരിലെ െറസിഡൻഷ്യൽ സ്കൂളിൽ തിരിച്ചെത്തിയ കൗമാരക്കാരന്റെ പെരുമാറ്റത്തിൽ അധ്യാപികയ്ക്ക് എന്തോ പന്തികേട് തോന്നി. കവച്ചുകവച്ചാണ് കുട്ടി നടക്കുന്നതും. ഇവർ കുട്ടിയെ ഡോക്ടറുടെ അടുത്തെത്തിച്ചു തുടർന്ന് നടന്ന പരിശോധനയിലാണ് കുട്ടി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. സ്വകാര്യഭാഗങ്ങൾ മുറിഞ്ഞ് പഴുത്തുതുടങ്ങിയിരുന്നു. അയൽക്കാരൻ മിഠായി നൽകി പ്രലോഭിപ്പിച്ച് കുട്ടിയെ വീടിന് സമീപത്തുള്ള കപ്പത്തോട്ടത്തിൽ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അവനിൽനിന്ന് അവർക്ക് മനസ്സിലാക്കിയെടുക്കാൻ സാധിച്ചത് ഇത്രയുമാണ്.

autitm

പീഡനങ്ങൾ; വെല്ലുവിളികൾ

ആൺ-പെൺ വ്യത്യാസമില്ലാതെ ലൈംഗികചൂഷണത്തിന് വിധേയരാകുന്നവരാണ് ഓട്ടിസക്കാരായ കുട്ടികൾ. സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാനോ, രക്ഷിതാക്കളെ ധരിപ്പിക്കാനോ കെൽപ്പില്ലാത്ത ഇവരെ സാഹചര്യം മുതലെടുത്ത് ശാരീരികമായി ഉപയോഗിക്കുന്നവർ പലപ്പോഴും സ്വന്തമെന്ന് കരുതുന്നവർ തന്നെ. രണ്ടുതരത്തിലാണ് ഭിന്നശേഷിയുള്ളവരെ സമൂഹം കൈകാര്യം ചെയ്യുന്നത്. ഒരു വിഭാഗം ഇവരെ ലിംഗഹീന(asexual)രായി കണക്കാക്കുമ്പോൾ അടുത്ത വിഭാഗം ഇവരെ കാമവെറിയന്മാരായി മുദ്രകുത്തുന്നു. ലൈംഗിക-പ്രത്യുത്‌പാദന അവകാശങ്ങളും ഇവർക്ക് നിഷേധിക്കപ്പെടുന്നു.

ഏതൊരു സാധാരണമനുഷ്യനെയും പോലെയുള്ള ശാരീരികമാറ്റങ്ങളും ‘ബയോളജിക്കൽ നീഡ്‌സും’ ഇവർക്കുമുണ്ട്. എന്നാൽ എവിടെ, എപ്പോൾ, എങ്ങനെ പെരുമാറണമെന്നുള്ള കുട്ടികളുടെ അറിവില്ലായ്മ രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ആളുകൾ നോക്കിനിൽക്കെ അവർ സ്വയംഭോഗത്തിന് മുതിർന്നേക്കാം. അമ്മയെയും സഹോദരിയെയും തനിക്ക് മുന്നിൽ വരുന്ന എതിർലിംഗത്തിൽ പെട്ടവരെയും ലൈംഗികതാത്‌പര്യത്തോടെ സ്പർശിച്ചെന്നും കടന്നുപിടിച്ചെന്നും വരാം. അവനുചുറ്റുമുള്ള സമൂഹത്തിന് ഒരുതരത്തിലും ഉൾക്കൊള്ളാൻ സാധിക്കാത്ത സ്വഭാവവൈകല്യങ്ങളാണ് ഇതെല്ലാം. ലൈംഗികതയെ കുറിച്ചുള്ള തുറന്ന ചർച്ചകൾ വിലക്കപ്പെട്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നോർക്കണം. കുട്ടി സ്വയംഭോഗം ചെയ്യുന്നതിനെ പാപമായി കരുതുന്ന മാതാപിതാക്കളുണ്ട്. പ്രതിവിധി തേടി ഇക്കൂട്ടർ ഡോക്ടറെ സമീപിക്കുമ്പോൾ മകന് അതും ചെയ്തുനൽകുന്ന അമ്മമാരുണ്ട്. ഗതികേടിന്റെ അങ്ങേയറ്റം!

പ്രായപൂർത്തിയായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അതിലേറെ നെഞ്ചിടിപ്പാണ്. ആർത്തവം മുതൽ പെൺകുട്ടി നേരിടേണ്ടി വരുന്ന ശാരീരിക ചൂഷണങ്ങൾ വരെ മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ആരുടെയെങ്കിലും സഹായം ആവശ്യമുള്ള ഈ കുട്ടികൾ എങ്ങനെ വ്യക്തിശുചിത്വം വളരെയേറെ ആവശ്യമുള്ള ആർത്തവചക്രത്തെ കൈകാര്യം ചെയ്യും? നിരന്തരമായ പരിശീലനത്തിലൂടെ ഒരുപക്ഷേ, ആർത്തവം ആരംഭിച്ചു എന്നു പറയാൻ സാധിച്ചേക്കാം. പക്ഷേ, ബഹുഭൂരിപക്ഷത്തിനും പിന്നീടാവശ്യമായതെല്ലാം അമ്മയോ, പരിചരിക്കുന്നവരോ ചെയ്തുകൊടുക്കേണ്ടി വരുന്നു. 

പ്രതിവിധി അവളുടെ ഗർഭപാത്രം മാറ്റലോ

അതിനെക്കാൾ ഭീകരം അവൾക്ക് ചുറ്റുമുള്ളവരെയെല്ലാം സംശയത്തോടെ നോക്കേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥയാണ്. കുട്ടികളെ ‘നോ’പറയാൻ പഠിപ്പിക്കുന്ന ഇക്കാലത്ത് ആശയവിനിമയ വൈകല്യമുള്ള ഈ കുട്ടികൾ എങ്ങനെയാണ് ‘നോ’ പോയിട്ട് തനിക്ക് ഇങ്ങനെ സംഭവിച്ചു എന്നുതന്നെ പറയുക. മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിയുടെ മകളെ നിരന്തരമായി ഉപദ്രവിക്കുന്ന അമ്മാവനിൽനിന്ന് നാട്ടുകാർ രക്ഷപ്പെടുത്തിക്കൊണ്ടുവന്ന ഒരു പെൺകുട്ടി, അച്ഛനാൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി. അങ്ങനെ പെൺകുട്ടികൾ ഒട്ടേറെ... ഗർഭിണിയാകുമ്പോഴായിരിക്കും പീഡനം സംഭവിച്ച കാര്യം വീട്ടുകാർ അറിയുക. ഈ രണ്ടു പ്രതിസന്ധികൾക്കുമുള്ള പ്രതിവിധിയായി മാതാപിതാക്കൾ കണ്ടെത്തുന്ന മാർഗം ഗർഭപാത്രം നീക്കം ചെയ്യുന്നതാണ്. 

കുടുംബാംഗങ്ങളുടെ കണ്ണുവെട്ടിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നതാണ് സനിത(യഥാർഥ പേരല്ല)യുടെ പതിവ്. മകൾക്ക് പിറകേ പലതവണ ഓടിയിട്ടുണ്ട് ഉഷ(യഥാർഥ പേരല്ല). അമ്മയുടെ കണ്ണുവെട്ടിച്ചുള്ള ഈ ഇറങ്ങി നടത്തത്തിനിടയിലെപ്പോഴോ ആണ് സനിത ആദ്യമായി ലൈംഗികചൂഷണത്തിന് ഇരയാകുന്നത്. ഉഷയത് മനസ്സിലാക്കിയത് മകൾ ഗർഭലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയപ്പോൾ. ആര് എപ്പോൾ എന്നല്ല ഇതെങ്ങനെ ഒഴിവാക്കാമെന്നാണ് ആ അമ്മ ആദ്യം ചിന്തിച്ചത്. കുടുംബസുഹൃത്തായ ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ അബോർഷൻ നടത്തി. പക്ഷേ, അവിടം കൊണ്ട് തീർന്നില്ല. സനിത വീണ്ടും രണ്ടുതവണ കൂടി ഗർഭിണിയായി... വീട്ടിലുള്ളവരെയും അയൽക്കാരെയും നാട്ടുകാരെ മുഴുവനും ആ അമ്മ സംശയിച്ചു. മൂന്നാംതവണ അല്പം കടുപ്പിച്ചൊരു തീരുമാനം തന്നെ ഉഷ എടുത്തു. ഗർഭം അലസിപ്പിച്ചാൽ മാത്രം പോരാ, മകളുടെ ഗർഭപാത്രവും നീക്കം ചെയ്യണം. പറഞ്ഞുതുടങ്ങിയപ്പോൾ കണ്ട നിർവികാരതയോടെയല്ല, ഒരമ്മയുടെ നിസ്സഹായത മുഴുവൻ വെളിവാക്കുന്ന പൊട്ടിക്കരച്ചിലോടെയാണ് ഉഷ പറഞ്ഞുതീർത്തത്.

പുണെയിൽ 18-നും 35-നും ഇടയിൽ പ്രായമുള്ള മാനസികവെല്ലുവിളിയുള്ള 11 സ്ത്രീകളുടെ ഗർഭപാത്രം നീക്കംചെയ്ത വാർത്ത 1994-ൽ പുറത്തുവന്നതോടെയാണ് നമ്മുടെ നാട്ടിലും ഇതൊക്കെ നടക്കുന്നുണ്ടെന്ന് പുറത്തറിയുന്നത്. മുംബൈയിൽ ഓട്ടിസം ബാധിച്ച കുട്ടികളുടെ ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട ഒരു ക്ലാസിൽ പങ്കെടുക്കുന്നതിനിടെ പ്രഭാഷണത്തിനെത്തിയ സെക്സോളജിസ്റ്റിനോട് ഭിന്നശേഷിക്കാരായ പെൺകുട്ടികളുട ഗർഭപാത്രം നീക്കം ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് ആരായുന്ന ഒരമ്മയെ കണ്ടത് തന്നെ വേദനിപ്പിച്ചത് ഒരാൺകുട്ടിയുടെ അമ്മ പങ്കുവെച്ചിരുന്നു. പക്ഷേ, അവർ ആശ്വസിച്ചത്‌ അതങ്ങ് മുംബൈയിൽ അല്ലേയെന്നു പറഞ്ഞാണ്. പക്ഷേ, നമ്മുടെ കേരളത്തിലും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നു. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ ഒരുപക്ഷേ, ഉചിതമെന്ന് തോന്നുന്ന ഈ തീരുമാനം കുട്ടിയെ സംബന്ധിച്ചിടത്തോളം മനുഷ്യാവകാശ ലംഘനമാണ്. എന്നാൽ, നിയമപ്രകാരം ഇതിന് അനുവാദം നൽകുന്ന രാജ്യങ്ങളുമുണ്ട്.

അവർക്ക് അവകാശങ്ങളുണ്ട്

യു.എൻ. മനുഷ്യാവകാശ കമ്മിഷൻ 2008 ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സമാഹാരത്തിൽ ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങളെ കുറിച്ചും നിർബന്ധിത വന്ധ്യംകരണത്തെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ആർട്ടിക്കിൾ 23 പ്രകാരം ഏതൊരു വ്യക്തിയെയും പോലെ ഇവർക്കും ഒരു കുടുംബജീവിതം നയിക്കുന്നതിനും ഫെർട്ടിലിറ്റി കാത്തുസൂക്ഷിക്കുന്നതിനുമുള്ള അവകാശമുണ്ട്. ആർട്ടിക്കിൾ 12 എല്ലായിടത്തും ഇവരെ ഒരു വ്യക്തിയായി അംഗീകരിക്കണമെന്നും നിയമത്തിനു മുന്നിൽ ഇവരും മറ്റുള്ളവർക്ക് സമമാണെന്നും പറയുന്നു. ആർട്ടിക്കിൾ 25 പറയുന്നത് ഇവരുടെ അറിവോടെയും സമ്മതത്തോടെയും വ്യക്തമായി വിശദീകരിച്ചതിനുശേഷവും മാത്രമായിരിക്കണം ആരോഗ്യസംരക്ഷണം എന്നാണ്.

 സ്വന്തം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ബോധവതിയല്ലാത്ത, തീവ്രമായ ബുദ്ധിമാന്ദ്യം ഉള്ള സ്ത്രീകളെ മാത്രമേ ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയിലേക്ക് നയിക്കാവൂ എന്ന് ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ എത്തിക്സിൽ പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കുട്ടിയുടെ ജീവനെ അപകടത്തിലാക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ (ഗർഭാശയത്തിലെ മുഴ, ഗർഭാശയ രോഗങ്ങൾ)നിന്ന് രക്ഷിക്കാനല്ലാതെ കുട്ടിയുടെ ശരീരത്തിൽ നിന്ന്‌ അവയവം നീക്കംചെയ്യുന്നത് തികഞ്ഞ മനുഷ്യാവകാശലംഘനമാണ്. ചൂഷണങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള ഒരു പ്രതിവിധിയായി ഒരിക്കലും ഹിസ്ട്രക്ടമിയെ കാണരുത്. ലൈംഗിക ചൂഷണത്തെ തുടർന്നുണ്ടാകുന്ന അനന്തരഫലമല്ല, ഇല്ലാതാക്കപ്പെടേണ്ടത് ചൂഷണങ്ങളാണ്!

പീഡനകേന്ദ്രങ്ങളാകുന്ന തെറാപ്പി സെന്ററുകൾ 

കൊച്ചിയിലെ ഒരു തെറാപ്പി സെന്ററിൽ ഒക്യുപേഷണൽ തെറാപ്പിക്കായി ആറുവയസ്സുള്ള മകനെയും കൊണ്ടുപോയതായിരുന്നു രക്ഷിതാക്കൾ. പതിവുപോലെ കുട്ടിയെ മുറിയിലാക്കി ഇവർ പുറത്തിരുന്നു. പെട്ടെന്നാണ് കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടത്. ഓടിച്ചെല്ലുമ്പോൾ കാണുന്നത് കൈയൊടിഞ്ഞുനിൽക്കുന്ന കുഞ്ഞിനെ, മുറിക്കുള്ളിലുണ്ടായത് ‘ഫിസിയോ തെറാപ്പിസ്റ്റും’. പല തെറാപ്പി സെന്ററുകളിലും എന്തു സംഭവിക്കുന്നു എന്ന ചോദ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു കഴിഞ്ഞ വർഷമുണ്ടായ ഈ സംഭവം. തെറാപ്പിക്കുശേഷം ചുണ്ടിന് മുറിവ് പറ്റിയും പല്ലു കൊഴിഞ്ഞും പുറത്തിറങ്ങി വന്നിട്ടുള്ള കുട്ടികളുണ്ട്. കുട്ടിയെ കസേരയിൽ കെട്ടിയിട്ടും ചൂരൽ കൊണ്ട് അടിച്ചും തെറാപ്പി ചെയ്യുന്ന സ്ഥാപനങ്ങളുമുണ്ട്. ദുരനുഭവങ്ങൾ തുറന്നുപറഞ്ഞാൽ കുഞ്ഞിനെ ചികിത്സിച്ചില്ലെങ്കിലോ എന്ന ഭയത്താൽ പരാതിപ്പെടാൻ രക്ഷിതാക്കൾ തയ്യാറാകു
ന്നില്ല. 

അടച്ചിട്ട മുറിക്കുള്ളിലാണ് തെറാപ്പി ചെയ്യുന്നത്. കുട്ടി സഹകരിക്കില്ല എന്ന കാരണം ചൂണ്ടിക്കാട്ടി രക്ഷിതാക്കളെ പുറത്തിരുത്തും. തെറാപ്പി ചെയ്യുന്ന 45 മുതൽ 60 മിനിറ്റ്‌ വരെ അകത്ത് സംഭവിക്കുന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലാതെ രക്ഷിതാക്കൾ പുറത്തിരിക്കും. 
ശാസ്ത്രീയമായ രീതിയതല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധനായ ഡോ. സി.പി. അബൂബക്കർ പറയുന്നത്. ഒരു മണിക്കൂറിൽ തീരേണ്ട പരിശീലനമല്ല കുട്ടിക്ക് ആവശ്യം. സെന്ററിൽ മിനിറ്റുകൾ നീണ്ടുനിൽക്കുന്ന തെറാപ്പി എന്തുതന്നെയായാലും അതിന്റെ തുടർച്ച വീടുകളിൽ കൂടി ഉണ്ടാകണം എങ്കിൽ മാത്രമേ പ്രയോജനമുണ്ടാകൂ. ഏറ്റവും നല്ല തെറാപ്പിസ്റ്റ് കുഞ്ഞിന്റെ അമ്മയാണ്. എന്തെല്ലാം ചെയ്യണമെന്ന് അമ്മയ്ക്ക് പറഞ്ഞുകൊടുക്കേണ്ടത് തെറാപ്പിസ്റ്റിന്റെ കടമയാണ്. ഇതിനുപകരം തങ്ങളുടെ കഴിവുകേടുകൾ രക്ഷിതാക്കളറിയാതിരിക്കാൻ കുട്ടി സഹകരിക്കില്ലെന്ന തന്ത്രം മനഃപൂർവം പ്രയോഗിക്കുകയാണ് 
പലരും. 

തെറാപ്പിക്കുശേഷം പല കുട്ടികളുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടിട്ടുള്ളതായി രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പതിവിൽ കവിഞ്ഞ് നിഷേധിയാകുന്നത് മുതൽ സ്വകാര്യഭാഗങ്ങളിൽ അമിതമായി സ്പർശിക്കുന്നതുവരെയുള്ള മാറ്റങ്ങൾ. പക്ഷേ, ആശയവിനിമയ പരിമിതിയുള്ള കുട്ടികളോട് സംഭവിച്ചതിനെ കുറിച്ച് ചോദിച്ച് മനസ്സിലാക്കാനാകില്ല. അടച്ചിട്ട മുറിക്കുള്ളിൽ മുതിർന്ന പരിശീലകനൊപ്പം തനിച്ചിരിക്കേണ്ടി വരുന്നതിനിടയിൽ കുട്ടിക്ക് എന്തും സംഭവിക്കാം. 

തെറാപ്പി കേന്ദ്രങ്ങൾ സുതാര്യമാക്കണമെന്നും രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ തെറാപ്പി നടത്തണമെന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ ‘ടുഗെദർ വി കാൻ’ എന്ന സംഘടന കഴിഞ്ഞവർഷം ഹൈക്കോടതിയിൽ പൊതുതാത്‌പര്യഹർജി സമർപ്പിച്ചിരുന്നു. ഇതേത്തുടർന്ന് തെറാപ്പി കേന്ദ്രങ്ങളെ നിയന്ത്രിക്കാൻ ഓരോ ജില്ലയിലും കമ്മിറ്റികൾ വരണമെന്നും രക്ഷിതാക്കളെ അതിന്റെ ഭാഗമാക്കണമെന്നും ബാലാവകാശ കമ്മിഷന്റെ ഉത്തരവ് വന്നതാണ്. നിലവിലുള്ള രീതിയിൽ മാറ്റം വരുത്തണമെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജയും നിർദേശിച്ചു. പക്ഷേ, അതൊന്നുംതന്നെ ഇതുവരെ പ്രാബല്യത്തിൽ 
വന്നില്ല. 

മൾട്ടിപ്പിൾ തെറാപ്പി ആവശ്യമുള്ളവരാണ് ഓട്ടിസമുള്ള കുട്ടികൾ. ഈ സാഹചര്യം മുതലെടുത്ത് റെഗുലേറ്ററി ബോർഡുകളുടെ നിയന്ത്രണങ്ങളേതുമില്ലാതെ മുക്കിനുമുക്കിന് അശാസ്ത്രീയങ്ങളായ തെറാപ്പി സെന്ററുകൾ ഉയരുകയാണ് കേരളത്തിൽ. നൂറുമുതൽ രണ്ടായിരം രൂപ വരെ ഒരു സിറ്റിങ്ങിന് ഇവർ ഈടാക്കുന്നുണ്ട്. എന്നാൽ, പലയിടത്തും നിലവാരമുള്ള തെറാപ്പിസ്റ്റുകൾ ഇല്ല. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള രക്ഷിതാക്കൾക്ക് മാത്രമേ കുഞ്ഞുങ്ങളെ തെറാപ്പി കേന്ദ്രങ്ങളിൽ എത്തിക്കാൻ സാധിക്കൂ. ചുരുക്കത്തിൽ സാമ്പത്തികമായും വൈകാരികമായും രക്ഷിതാക്കൾ ചൂഷണം ചെയ്യപ്പെടുന്നു. ഒപ്പം കുട്ടികൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നു. 

ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ ഉൾപ്പെടെ കഴിവുറ്റ തെറാപ്പിസ്റ്റുകളുടെ അഭാവം നാം നേരിടുന്ന ഏറ്റവും വലിയ പോരായ്മയാണ്. ഒരു തെറാപ്പിസ്റ്റിനു വേണ്ട അടിസ്ഥാന മാനദണ്ഡങ്ങൾ എന്തായിരിക്കണമെന്ന മാർഗനിർദേശങ്ങൾ പോലും തയ്യാറാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല.

Seemaഅനധികൃത കേന്ദ്രങ്ങളെ നിയന്ത്രിക്കണം
സീമാ ലാൽ
സൈക്കോളജിസ്റ്റ്, 
‘ടുഗെദർ വി കാൻ’ 
തെറാപ്പി സെന്ററുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി റെഗുലേറ്ററി ബോഡി കൊണ്ടുവരണം
അടച്ചിട്ട മുറി എന്ന രീതിക്ക് മാറ്റം വരണം
കുട്ടിക്കൊപ്പം രക്ഷിതാക്കളെയും ശാക്തീകരിക്കണം 
തെറാപ്പി കേന്ദ്രങ്ങളിൽ ഡോക്യുമെന്റേഷൻ സമ്പ്രദായം കൊണ്ടുവരണം.

SMART GOAL ഉണ്ടായിരിക്കണം. (S- Specific, M-Measurable. A-Attainable, R-Relevant, T-Timebound.)ഞാൻ മരിച്ചാൽ എന്റെ കുഞ്ഞിനാര്?

കുറച്ചുവർഷങ്ങൾക്കുമുമ്പാണ്, കൊല്ലത്ത് ഭാര്യയെയും മകളെയും വിഷം നൽകി കൊലപ്പെടുത്തി കുടുംബനാഥൻ ആത്മഹത്യ ചെയ്തത്‌. മരണത്തെ അഭയമായി കാണാൻ ആ കുടുംബത്തെ പ്രേരിപ്പിച്ചത് ഓട്ടിസക്കാരിയായ മകളാണ്. സർക്കാർ ഉദ്യോഗസ്ഥനായിരുന്നു കുടുംബനാഥൻ. ജോലിയിൽനിന്ന്‌ വിരമിച്ചതോടെ താനും ഭാര്യയും പ്രായമായി വരികയാണെന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സിൽ കുടിയേറി. ഓട്ടിസക്കാരിയായ ഏകമകളെ തങ്ങളുടെ മരണശേഷം ആരുനോക്കുമെന്ന ഉത്കണ്ഠ അധികരിച്ചതോടെ ആത്മഹത്യയാണ് പരിഹാരം എന്ന ചിന്തയിലേക്ക് ആ അച്ഛൻ എത്തിച്ചേരുകയായിരുന്നു.

Otism

ഞാൻ മരിച്ചാൽ എന്റെ കുഞ്ഞിനെ ആരുനോക്കും? ഓട്ടിസക്കാരായ മക്കളുള്ള മാതാപിതാക്കളുടെ ഉറക്കംകെടുത്തുന്ന ചിന്തയാണിത്. കുഞ്ഞിന് ഓട്ടിസമാണെന്ന് തിരിച്ചറിയുന്ന അന്നുമുതൽ ഓടിത്തുടങ്ങി മധ്യവയസ്സിലെത്തുമ്പോഴേക്കും മാതാപിതാക്കൾ പരിക്ഷീണരായിട്ടുണ്ടാകും. മുതിർന്ന ഓട്ടിസക്കാർക്കുവേണ്ടിയുള്ള സംരക്ഷണകേന്ദ്രങ്ങൾ സംസ്ഥാനത്ത് വളരെ കുറവാണ്. കുടുംബശ്രീ ബി.ആർ.സി. സ്കൂളുകളുണ്ടെങ്കിലും പത്തുമണി മുതൽ മൂന്നുമണി വരെ മാത്രമാണ് പ്രവർത്തന സമയം, അത് പര്യാപ്തമല്ല. പലരുടെയും രക്ഷിതാക്കൾ മരണപ്പെട്ടിരിക്കാം, അല്ലെങ്കിൽ രോഗബാധിതരായിരിക്കാം, പ്രായത്തിന്റെ അവശതകളിൽ മകനെ/മകളെ നോക്കാനാകാത്ത അവസ്ഥയിലായിരിക്കാം. അതുകൊണ്ടുതന്നെ മുതിർന്നവർക്കാവശ്യം റെസിഡൻഷ്യൽ സൗകര്യമാണ്. ഇവർക്കായി ലോങ്ടേം കെയർ ഹോമുകൾ ആരംഭിക്കണം. അവിടെയാണ് മുതിർന്നവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമാകുന്നത്. 

മറ്റുകുട്ടികളുടെ പോലെ പുറമേ പോയി ജോലിചെയ്യാനുള്ള സാഹചര്യം ഇന്നത്തെ സമൂഹത്തിൽ ഓട്ടിസക്കാർക്കില്ല. ഇവർ എല്ലാ അർഥത്തിലും വഞ്ചിക്കപ്പെടാനും ചൂഷണം ചെയ്യപ്പെടാനുമുള്ള സാധ്യതകൾ ഒട്ടേറെയാണ്. ഒരു സംരക്ഷിതമേഖലയിൽ, ഇവരെ മനസ്സിലാക്കുന്ന ഒരു സാഹചര്യത്തിൽ മാത്രമേ ഇവർക്ക് തൊഴിൽ സാധ്യമാവുകയുള്ളൂ. തുച്ഛമാണെങ്കിലും മാസവേതനം ലഭിക്കാൻ തുടങ്ങിയാൽ കുടുംബത്തിലെ വരുമാനമുള്ള അംഗമായി ഇവർ മാറും അങ്ങനെ വരുമ്പോൾ കുടുംബത്തിൽ അന്തസ്സ് ഉയരും ഭാരമായി കാണുന്നവർ അംഗീകരിക്കാൻ തയ്യാറാകും -തൃശ്ശൂരിൽ അമ്മ എന്ന സ്ഥാപനം നടത്തുന്ന ഡോ. പി. ഭാനുമതി പറയുന്നു.

 പകൽവീടുകൾ എന്ന പേരിൽ ഒട്ടേറെ വൃദ്ധസദനങ്ങൾ ഓരോ പഞ്ചായത്തിലും പ്രവർത്തിക്കുന്നുണ്ട്. സമാനമായ മാതൃകയിൽ ഓട്ടിസക്കാരെ മുന്നിൽക്കണ്ടു തയ്യാറാക്കുന്ന ലോങ് ടേം കെയർ ഹോമുകൾ ആരംഭിക്കുകയാണെങ്കിൽ മുതിർന്നവർ ഇന്ന് നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് അല്പമെങ്കിലും ആശ്വാസം കണ്ടെത്താനാകും. എന്നാൽ, ഓട്ടിസ്റ്റിക്കായ മുതിർന്നവരെ ദാമ്പത്യജീവിതത്തിലേക്ക് നയിക്കുന്നതാണ് ഇവരുടെ പ്രശ്നങ്ങൾക്കുള്ള സ്ഥായിയായ പ്രതിവിധിയെന്ന് ഓട്ടിസം മേഖലയിൽ പ്രവർത്തിക്കുന്ന ഡോ. സി.പി. അബൂബക്കർ പറയുന്നു. ആ ആവശ്യം പ്രാവർത്തികമാക്കുകയാണെങ്കിൽ മാതാപിതാക്കളുടെ കാലശേഷം ഇവരെ ആരുനോക്കും എന്ന ചോദ്യത്തിന് ജീവിതാരംഭത്തിൽ മാതാപിതാക്കളും മധ്യത്തിൽ ജീവിതപങ്കാളികളും ജീവിതാന്ത്യത്തിൽ മക്കളും എന്ന ഉത്തരത്തിലേക്ക് നമുക്കെത്തിച്ചേരാൻ സാധിക്കും.

 ബഹുഭൂരിപക്ഷം മാതാപിതാക്കൾക്കും തീരുമാനമെടുക്കാൻ വളരെ പ്രയാസമുള്ള ഒരു നിർദേശമാണിത്. അതിനുള്ള പ്രധാനകാരണം ഇവർക്ക് ജനിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള ആശങ്കയാണ്. എന്നാൽ, പൂർണ ആരോഗ്യമുള്ള ദമ്പതിമാരുടെ കുഞ്ഞുങ്ങൾ ഓട്ടിസ്റ്റിക്കാകാനുള്ള അതേ സാധ്യത മാത്രമേ ഇവരുടെ കാര്യത്തിലുമുള്ളൂ എന്ന് വിദഗ്ധർ പറയുന്നു. ഉദാഹരണമായി വടക്കാഞ്ചേരിയിലുളള അഷ്‌റഫിനെ(പേര് യഥാർഥമല്ല) ഡോക്ടർ അബൂബക്കർ പരിചയപ്പെടുത്തി.

അഷ്‌റഫിന്റെ മകന്റെ വിവാഹം കഴിഞ്ഞിട്ട് അഞ്ചുവർഷം. ഓട്ടിസക്കാരനായ ഒരു വ്യക്തി കുടുംബജീവിതം നയിക്കുന്നത് നേരിട്ട് കാണാൻ ഇടയായതാണ് മകന്റെ വിവാഹം എന്ന ചിന്തയിലേക്ക് അഷ്‌റഫിനെ എത്തിച്ചത്. പക്ഷേ, തീരുമാനം എളുപ്പമായിരുന്നില്ല. ഒട്ടേറെ പേർ പിന്തുണച്ചപ്പോൾ പിന്തിരിപ്പിക്കാനും ഒട്ടേറെ പേരെത്തി. പക്ഷേ, മുന്നോട്ട് പോകാൻതന്നെ അഷ്‌റഫ് തീരുമാനിച്ചു. പത്രപരസ്യം നൽകിയാണ് മരുമകളെ അഷ്‌റഫ് കണ്ടെത്തിയത്. പരസ്യത്തിൽ കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നെങ്കിലും പെൺകുട്ടിയെ നേരിട്ട് കണ്ട് സംസാരിച്ച് വിവരങ്ങൾ ധരിപ്പിക്കുകയും അവളുടെ അനുവാദം നേരിട്ട് വാങ്ങുകയും ചെയ്തു. ഇന്ന് മിടുക്കിയായ ഒരു പെൺകുഞ്ഞിന്റെ മാതാപിതാക്കളാണ് അവർ. 

തണലായി നിഷ്ചിന്ത 

മാതാപിതാക്കളുടെ കാലശേഷം ഇവർക്കാര് എന്ന ചോദ്യത്തിൽ നിന്നാണ് പാലക്കാട് ലക്കിടിയിലെ നിഷ്ചിന്ത എന്ന ഗ്രാമത്തിന്റെ പിറവി. ഭിന്നശേഷിയുള്ള 50 കുട്ടികളുടെ മാതാപിതാക്കൾ ചേർന്ന് പത്ത് ഏക്കറിൽ തയ്യാറാക്കുന്ന ഗ്രാമമാണിത്. 50 കുടുംബങ്ങളല്ല എല്ലാവരും ചേർന്ന ഒരുവലിയ കുടുംബമാണ് ഇവരുടെ സ്വപ്നം.

 ഒരു കുട്ടിയുടെ മാതാപിതാക്കൾക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ തുണയായി മറ്റുള്ള 49 പേരുടെ മാതാപിതാക്കൾ ഉണ്ടാകും. കുട്ടികൾക്കാവശ്യമായ വിവിധ തെറാപ്പികൾക്കുള്ള സൗകര്യങ്ങൾ, ചികിത്സാ പരിശീലന സൗകര്യങ്ങൾ, കൃഷിയിടം, ഫാം ഹൗസ് എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. ഭാവിയിൽ സ്പെഷ്യൽ എജുക്കേഷൻ കോഴ്‌സുകളും മസ്തിഷ്‌ക ഭിന്നശേഷിയെ കുറിച്ചുള്ള പഠന ഗവേഷണസ്ഥാപനവും ഇവരുടെ സ്വപ്നമാണ്.

ആശ്വാസമായി സി.ഡി.എം.ആർ.പി.

 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ മസ്തിഷ്ക ഭിന്നശേഷിയുള്ള കുട്ടികൾക്ക് ആശ്വാസമാകുകയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിമനശ്ശാസ്ത്ര വിഭാഗവും കേരള സാമൂഹിക നീതിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ചികിത്സാപുനരധിവാസ പദ്ധതിയായ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് ആൻഡ്‌

റിഹാബിലിറ്റേഷൻ പ്രോഗ്രാം (CDMRP). സാമൂഹിക നീതിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെയുമാണ് സി.ഡി.എം.ആർ.പി. പദ്ധതി നടപ്പാക്കുന്നത്. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ ചികിത്സാ പുനരധിവാസ പ്രവർത്തനങ്ങൾ സൗജന്യമായി ചെയ്തുകൊടുക്കുകയാണ് സി.ഡി.എം.ആർ.പി.യുടെ ലക്ഷ്യം. നിലവിൽ കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. മൂന്നുജില്ലകളിലെയും ഗ്രാമപ്രദേശങ്ങളിൽ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്ക് സ്ഥാപിച്ച് അതുവഴിയാണ് സേവനങ്ങൾ ചെയ്തുവരുന്നത്. മൂവായിരത്തോളം കുട്ടികൾ ഇന്ന് സി.ഡി.എം.ആർ.പി.യുടെ കീഴിലുണ്ട്.

വിദ്യാഭ്യാസം ഇവരുടെയും അവകാശം

ഏതൊരു കുട്ടിയെയുംപോലെ സൗജന്യവിദ്യാഭ്യാസം നേടാനുള്ള അവകാശം ഓട്ടിസക്കാരനായ കുട്ടിക്കുമുണ്ട്. ചിട്ടയായ പഠന പ്രക്രിയകളിലൂടെ ഉയർന്ന ജോലിനേടാൻ ഇവരെ പ്രാപ്തരാക്കുകയല്ല വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. മറിച്ച് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കുന്ന, നിത്യജീവിതത്തിന് ആവശ്യമായ നൈപുണ്യം വികസിപ്പിച്ചെടുക്കുന്ന, സാമൂഹിക വത്കരണത്തിന് സാഹചര്യമൊരുക്കുന്ന വിദ്യാഭ്യാസസമ്പ്രദായമാണ് ഇവർക്കാവശ്യം. 

ശൈശവത്തിന്റെ പ്രാരംഭദശയിലുള്ള ഇടപെലുകൾ (Early Childhood Intervention) കാര്യക്ഷമമാക്കുകയാണ് അതിന്റെ ആദ്യപടി. ഓട്ടിസം വളരെ നേരത്തേതന്നെ കണ്ടുപിടിക്കാൻ സാധിച്ചാൽ കുട്ടികളുടെ സാമൂഹിക ഇടപെടലുകളിലും ആശയവിനിമയ വൈകല്യങ്ങളിലും വളരെ നേരത്തേതന്നെ പരിശീലനത്തിലൂടെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഇൻക്ളൂസിവ് എജ്യുക്കേഷനാണ് ഓട്ടിസ്റ്റിക്കായ കുട്ടികൾക്കായി വിദഗ്ധർ നിർദേശിക്കുന്നത്. കുട്ടികളുടെ സാമൂഹികമായ ഇടപെടലുകൾ വർധിപ്പിക്കുന്നതിനായി പൊതുവിദ്യാലയങ്ങളിൽ ഈ കുട്ടികൾക്ക് പ്രവേശനം നൽകുകയും മറ്റുകുട്ടികൾക്കൊപ്പം ഇവരെ ഇരുത്തി പഠിപ്പിക്കുകയുമാണ് ഇൻക്ളൂസിവ് എജ്യുക്കേഷനിലൂടെ ലക്ഷ്യമിടുന്നത്.

സമപ്രായക്കാരുമായുള്ള ഇടപഴകലുകളിലൂടെ സമൂഹത്തിൽ ജീവിക്കാൻ ഇവ​രെ പ്രാപ്തനാക്കുക എന്ന് ചുരുക്കം. എന്നാൽ, സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇൻക്ളൂസിവ്  എജ്യുക്കേഷൻ നടപ്പാക്കാൻ സജ്ജമല്ല എന്നുള്ളതാണ് ഖേദകരമായ വസ്തുത. തന്നെയുമല്ല ഓട്ടിസക്കാരായ കുട്ടികൾക്ക് പ്രവേശനം നിഷേധിക്കരുതെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും മിക്കവിദ്യാലയങ്ങളും പലവിധ കാരണങ്ങൾ നിരത്തി പ്രവേശനം നിഷേധിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. 

എപ്പോൾ എങ്ങനെ പെരുമാറുമെന്ന് ഒരു കൃത്യതയുമില്ലാത്തവരാണ് ഓട്ടിസക്കാരായ കുട്ടികൾ.  സെൻസറി ഇഷ്യൂ, സിറ്റിങ് ടോളറൻസ്, ശാരീരിക വൈകല്യങ്ങൾ, അപസ്മാരം ഉൾപ്പെടെയുള്ള അസുഖങ്ങൾ തുടങ്ങിയവ ഇവർക്കുണ്ടായെന്ന് വരാം. ഇവരുടെ സ്നേഹത്തിന്റെ ഭാഷ മനസ്സിലാക്കാൻ മറ്റുകുട്ടികൾക്ക് കഴിയണമെന്നുമില്ല. അതുകൊണ്ടുതന്നെ കുട്ടികളെ കൈകാര്യംചെയ്യാൻ ബുദ്ധിമുട്ടാണ്, പര്യാപ്തരായ ജീവനക്കാരില്ല തുടങ്ങിയ കാരണങ്ങൾ നിരത്തി പൊതുവിദ്യാലയങ്ങൾ മാതാപിതാക്കളെ നിരുത്സാഹപ്പെടുത്തും. തുടക്കത്തിൽ പൊതുവിദ്യാലയത്തിൽ വിട്ടാലും ക്രമേണ മാതാപിതാക്കൾ തന്നെ ഇവരെ സ്പെഷൽ സ്കൂളുകളിലേക്ക് മാറ്റും അല്ലെങ്കിൽ മാറ്റാൻ നിർബന്ധിതരാകും. 

പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ 314 സ്പെഷ്യൽ സ്കൂളുകളാണ് ഭിന്നശേഷിക്കാർക്കായി കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇക്കൂട്ടത്തിൽ സർക്കാരിന്റേത് എന്ന് അവകാശപ്പെടാനുള്ളത് ഒന്നുമാത്രം; തിരുവനന്തപുരം പാങ്ങപ്പാറയിലെ സ്റ്റേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്. സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെങ്കിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കീഴിൽ കുടുംബശ്രീ നടത്തുന്ന അറുപതോളം ബഡ്‌സ്-ബി.ആർ.സി. സ്കൂളുകളും. ബാക്കിയുള്ള സ്കൂളുകൾ വിവിധ എൻ.ജി.ഒ.കളുടെ കീഴിലാണ്‌ പ്രവർത്തിക്കുന്നത്. കാഴ്ച, കേൾവി, സംസാരവൈകല്യമുള്ള കുട്ടികൾക്കായി നാൽപതോളം സർക്കാർ സ്കൂളുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 33 സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും അത് കടലാസിൽ മാത്രമൊതുങ്ങി. 

43 ലക്ഷം കുട്ടികളാണ് സംസ്ഥാനത്ത് സൗജന്യവിദ്യാഭ്യാസം നേടുന്നത്. സൗജന്യവിദ്യാഭ്യാസത്തിന് ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവകാശമുണ്ടെന്നിരിക്കെ സന്നദ്ധപ്രവർത്തകരുടെ ഔദാര്യത്തിൽ അല്ലെങ്കിൽ പണം കൊടുത്ത് പഠിക്കേണ്ട സാഹചര്യമാണ് ഈ കുട്ടികൾക്കുള്ളത്. 28,000 കുട്ടികളാണ് വിവിധ സ്പെഷ്യൽ സ്കൂളുകളിലായി പഠിക്കുന്നത്. എന്നാൽ, ഓട്ടിസം മേഖലയിൽ കൈത്താങ്ങാകുന്ന ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം പരാതികളുടെ നടുക്കടലിൽ നിന്നുകൊണ്ടാണ്. സാമ്പത്തിക ഞെരുക്കമാണ് ഇവർ നേരിടുന്ന പ്രധാനപ്രശ്നം. മറ്റൊന്ന് സ്പെഷ്യൽ സ്കൂൾ അധ്യാപകരോടുള്ള വിവേചനമാണ്. 

എല്ലാവർക്കും ഞങ്ങൾ സ്പെഷ്യലാണ് 

‘‘എല്ലാ അർഥത്തിലും ഞങ്ങൾ സ്പെഷ്യലാണ്. സ്പെഷ്യൽ സ്കൂൾ ടീച്ചേഴ്‌സ് ആരാണെന്ന് സർക്കാരിനറിയില്ല, പൊതുസമൂഹത്തിനറിയില്ല, എന്തിന് വീട്ടുകാർക്ക് പോലുമറിയില്ല. ടീച്ചർ എന്നു പറഞ്ഞാൽ അത് നോർമൽ സ്കൂളിലെ അധ്യാപികമാർ മാത്രമാണെന്നാണ് എല്ലാവരുടെയും ധാരണ.’’ -സ്പെഷ്യൽ സ്കൂൾ അധ്യാപിക രേവതി സംസാരിച്ചു തുടങ്ങിയതുതന്നെ അവഗണനകളോടുള്ള പരിഭവത്തോടെയാണ്. 

സർക്കാർ ആവശ്യപ്പെടുന്ന എല്ലാ വിദ്യാഭ്യാസ യോഗ്യതകളും തികഞ്ഞവരാണ് സ്പെഷ്യൽ സ്കൂൾ അധ്യാപകരും. എന്നാൽ, ഇവർക്കുള്ള മാസവരുമാനം അയ്യായിരത്തിൽ താഴെയാണ്. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെങ്കിൽ മാത്രമേ ഇവർക്ക് പ്രവർത്തിക്കാൻ സാധിക്കൂ. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ആർ.സി.ഐ. സർട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. അഞ്ചുവർഷത്തിനുള്ളിൽ നൂറ് സി.ആർ.ഇ. (Continuing Rehabilitation Education Programmes) പോയന്റുകൾ തികയ്ക്കുന്നവർക്ക് മാത്രമേ ആർ. സി.ഐ. സർട്ടിഫിക്കറ്റ് പുതുക്കി നൽകുകയുള്ളൂ. അഞ്ചുദിവസത്തെ സി.ആർ.ഇ. ക്ലാസിന് നാലായിരം രൂപയോളം രജിസ്‌ട്രേഷൻ ഫീസ് കെട്ടിവെക്കണം.

ആർ.സി.ഐ. സർട്ടിഫിക്കറ്റിനുവേണ്ടി സി.ആർ.ഇ. പോയന്റുകൾ തികയ്ക്കാൻ നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് അധ്യാപകർ.   മറ്റുള്ള അധ്യാപകരുടേതു പോലെ കരിക്കുലം അനുസരിച്ച് പാഠഭാഗങ്ങൾ പഠപ്പിച്ചു തീർക്കുകയല്ല ഈ അധ്യാപകർക്ക് ചെയ്യാനുള്ളത്. മുന്നിലുള്ള ഓരോ കുട്ടിയെയും തിരിച്ചറിഞ്ഞ് അവന്റെ കുറവുകളെ പരിഹരിക്കാനും അവന്റെ താത്‌പര്യങ്ങളെ പരിപോഷിപ്പിക്കാനും അധ്യാപകർക്ക് സാധിക്കണം. ഇതിനെല്ലാം പുറമേ കുട്ടികളുടെ മലമൂത്ര വിസർജ്യങ്ങൾ എടുക്കേണ്ടി വരും കുട്ടികൾ കടിക്കുന്നതും അടിക്കുന്നതും ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരും.

വിദേശ രാജ്യങ്ങളിൽ മറ്റേത് തൊഴിലിനെക്കാളും പ്രതിഫലം ഏറെയുള്ള ഈ ജോലിക്ക് നമ്മുടെ നാട്ടിൽനിന്ന് കിട്ടുന്നത് തുച്ഛമായ ശമ്പളവും സാമൂഹിക അവഗണനയും. ആനുകൂല്യങ്ങളോ, തൊഴിൽ സുരക്ഷിതത്വമോ ഇക്കൂട്ടർക്കില്ല. സാമ്പത്തികബാധ്യതയാൽ എന്നുവേണമെങ്കിലും പൂട്ടിപ്പോകാം എന്ന അവസ്ഥയിൽ പ്രവർത്തിക്കുന്ന സ്കൂളുകളുമുണ്ട്. സർവശിക്ഷാ അഭിയാൻ പ്രകാരം നിയമിതരാകുന്ന അധ്യാപകർക്കും ബഡ്‌സ് സ്കൂളിലെ അധ്യാപകർക്കും മെച്ചപ്പെട്ട ശമ്പളമുണ്ടെന്നും തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നുമാണ് ഇതുസംബന്ധിച്ച് സ്പെഷ്യൽ സ്കൂൾ അസോസിയേഷൻ ഉന്നയിക്കുന്ന ആവശ്യം. 

അരിഷ്ടതയിലാണ് ബഡ്‌സ് സ്കൂളും ബി.ആർ.സി.യും 

ബഡ്‌സ് സ്കൂളിലെ അധ്യാപകർക്കും തൊഴിൽ സ്ഥിരതയിൽ ഒരു ഉറപ്പുമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ബഡ്‌സ് സ്കൂളിലേക്കുള്ള ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. ഒരു വർഷത്തേക്കുള്ള കരാറടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം. പുതിയ ഭരണസമിതിക്ക് കാലാവധി തീരുമ്പോൾ ഇവരെ മാറ്റണമെന്ന് തോന്നിയാൽ ഇവരുടെ ജോലി നഷ്ടപ്പെടും. രണ്ടുവർഷമായി ബഡ്‌സ് ബി.ആർ.സി. സ്കൂളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ മതിയായ കാരണങ്ങൾ കൂടാതെ പിരിച്ചുവിടാൻ പാടില്ലെന്നുളള തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവുവന്നത് ഈ വർഷം ഫെബ്രുവരിയിലാണ്. പിരിച്ചുവിടാൻ തോന്നിയാൽ കാരണം കണ്ടെത്താനാണോ ബുദ്ധിമുട്ടെന്ന് അധ്യാപകർ ചോദിക്കുന്നു. 

സംസ്ഥാനത്ത് 200 ബഡ്‌സ് സ്കൂളുകൾ കൂടി ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞതായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അറിയിച്ചിരുന്നു. എന്നാൽ, നിലവിലുള്ള ബഡ്‌സ് സ്കൂളുകൾ പരിപൂർണ സജ്ജമാക്കിയിട്ട് പോരേ പുതിയ സ്കൂളുകൾ സ്ഥാപിക്കുന്നതെന്നാണ് ജീവനക്കാരുടെ ചോദ്യം. ഓരോ ബഡ്‌സ് സ്കൂൾ ആരംഭിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളായ ഓഡിയോളജി മുറി, ക്ലാസ് മുറികൾ, ഓഫീസ് മുറി, ഫിസിയോ തെറാപ്പി മുറികൾ, ഒക്യുപേഷണൽ തെറാപ്പി, കൗൺസലിങ് മുറികൾ, വൊക്കേഷണൽ പരിശീലന മുറി, അടുക്കള, വിനോദത്തിനുള്ള ഇടം എന്നിവ ഉണ്ടായിരിക്കണമെന്ന് ഉറപ്പുവരുത്തണമെന്ന് നിർദേശം ഉണ്ടെങ്കിലും അടിസ്ഥാനമായി വേണ്ട കെട്ടിടസൗകര്യം പോലും ഇല്ലാതെയാണ് പല ബഡ്‌സ് സ്കൂളുകളും പ്രവർത്തിക്കുന്നത്.

എന്തിന് ആവശ്യത്തിന് വെള്ളം പോലുമില്ലാത്ത ഇടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ വരെയുണ്ട്. 
ബഡ്‌സ് സ്കൂൾ/ ബി.ആർ.സി.കളിൽ അധ്യാപകവിദ്യാർഥി അനുപാതം 1:8 എന്നും ആയ വിദ്യാർഥി അനുപാതം 1:15 എന്ന നിലയിലും ക്രമീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതും കൃത്യമായി പാലിക്കപ്പെടുന്നില്ല. 35 കുട്ടികൾക്ക് രണ്ട് അധ്യാപകരും ഒരു ആയയുമുള്ള ബഡ്‌സ് സ്കൂളുകളുണ്ട്. തെറാപ്പിസ്റ്റുകളുടെ അഭാവവും ഈ സ്കൂളുകൾ നേരിടുന്ന വെല്ലുവിളിയാണ്. 

ഒരു അധ്യയനവർഷം നൂറുദിവസങ്ങളാണ് ഒരു തെറാപ്പിസ്റ്റിന് ഇവിടെ ജോലി ചെയ്യേണ്ടതായി വരിക. എന്നാൽ, ഇതിന് ലഭിക്കുന്ന ഓണറേറിയം തൃപ്തികരമല്ലാത്തതിനാൽ ജോലിക്കുവരാൻ ആർക്കും താത്‌പര്യമില്ല. മറ്റ്‌ അധ്യാപകർക്ക് രണ്ടുമാസം ശമ്പളത്തോടുകൂടിയുള്ള അവധി അനുവദിക്കുമ്പോൾ ഇവർക്ക് ജോലി ചെയ്തില്ലെങ്കിൽ പ്രതിഫലമില്ല എന്ന അവസ്ഥയാണ്. മാത്രമല്ല ബി.ആർ.സി.കൾക്ക് അവധിയും അനുവദിക്കുന്നില്ല. 

ഫണ്ടില്ലെങ്കിൽ നിരാഹാരം

(ഫാദർ റോയ് മാത്യു വടക്കേൽ, സ്പെഷ്യൽ സ്കൂൾ അസോ. ചെയർമാൻ ) 

"കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് സ്പെഷ്യൽ സ്കൂളുകൾക്കുള്ള തുക 15 കോടി രൂപയിൽനിന്ന് 40 കോടിയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചി രുന്നു. പക്ഷേ, അ തിനുള്ള ഫണ്ട് വകയിരുത്തിയിട്ടില്ല. സ്പെഷ്യൽ സ്കൂളുകളുടെ പ്രശ്നങ്ങളെ കുറിച്ചുള്ള പഠന റിപ്പോർട്ട് നൽകാൻ കഴിഞ്ഞ നവംബറിൽ സാമൂഹികനീതി വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങൾ ഉന്നയിച്ച് രണ്ടുതവണയാണ് സമരം നടത്തിയത്. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ നിരാഹാരസമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. "

അസോസിയേഷൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ 

  • ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം നൽകുക
  • തുല്യജോലിക്ക് തുല്യവേതനം നൽകുക,
  • അർഹതപ്പെട്ട സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുക.

ഒന്നിച്ചുതീർക്കാം ഇവർക്കുള്ള ലോകം

'മോന്‍ വളരുകയാണ്. 13 വയസ്സായെങ്കിലും അവനിതുവരെ നാണം എന്തെന്നറിയില്ല. നിന്നിടത്തുനിന്ന് വസ്ത്രം ഉരിഞ്ഞിടും. വാതില്‍ തുറന്നിട്ട് ടോയ്ലറ്റില്‍ പോകും... ഇത്രയും കാലം അവന്‍ കുട്ടിയാണെന്ന പരിഗണന ഉണ്ടായിരുന്നു. വലുതാകുമ്പോള്‍ അതുണ്ടാകില്ലല്ലോ... അമ്മയായ എനിക്കവന്‍ എന്നും കുഞ്ഞാണ് പക്ഷേ, മറ്റുള്ളവര്‍ക്ക്... രണ്ടുവയസ്സുള്ളപ്പോള്‍ മുതല്‍ അവനുവേണ്ടി ഓടിത്തുടങ്ങിയതാണ് തളര്‍ന്നുതുടങ്ങി. ഒരുനേരം പോലും സ്വസ്ഥതയില്ല, മനസ്സിലെപ്പോഴും പിരിമുറുക്കങ്ങള്‍, ഉറക്കത്തില്‍ പോലും വേവലാതിയാണ്... മകന്റെ വളര്‍ച്ചയെ ആധിയോടെ നോക്കിക്കാണാന്‍ മാത്രമേ മലപ്പുറത്തെ സ്‌പെഷ്യല്‍ സ്‌കൂളില്‍നിന്ന് പരിചയപ്പെട്ട ഈ അമ്മയ്ക്ക് സാധിക്കുന്നുള്ളൂ. 

ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. എന്നാല്‍ നമുക്കില്ലാത്തത് സഹജീവികളോടുള്ള അനുതാപമാണ്. ദുര്‍ബലനെ കണ്ടാല്‍ അപഹസിക്കാനും സംഘംചേര്‍ന്ന് മര്‍ദിക്കാനും, തച്ചുകൊല്ലാനും മുതിരുന്നത് അതുകൊണ്ടാണ്. 

കൈകോര്‍ക്കാം, പരിശ്രമിക്കാം  

ശൈശവ പ്രാരംഭ ഇടപെടലുകള്‍ക്കുള്ള (Early Intervention) സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് പ്രാഥമികമായി ചെയ്യാനുള്ളത്. സാമൂഹികമായ കുട്ടിയുടെ ഇടപെടലുകളില്‍ വളരെ പെട്ടെന്നുതന്നെ മാറ്റം കൊണ്ടുവരാനാകും എന്നുമാത്രമല്ല കുട്ടിക്ക് താത്പര്യമുള്ള വിഷയങ്ങള്‍ വളരെ നേരത്തേതന്നെ തിരിച്ചറിയാനും അനുയോജ്യമായ വിദ്യാഭ്യാസം നല്‍കാനുമാകും. അങ്കണവാടി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയാണ് അതിനുള്ള ആദ്യപടി. എങ്ങനെ ഓട്ടിസം തിരിച്ചറിയാം എന്നതുമുതല്‍ ഓട്ടിസക്കാരായ കുട്ടികളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്നുവരെയുള്ള കാര്യങ്ങളില്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവര്‍ക്ക് പരിശീലനം നല്‍കണം. ഓട്ടിസക്കാരായ കുട്ടികള്‍ക്ക് അങ്കണവാടികളില്‍ പ്രവേശനവും ഉറപ്പുവരുത്തണം. 

പൊതുവിദ്യാലയങ്ങളില്‍ ഈ കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്നുള്ളതാണ് രക്ഷിതാക്കളുടെ പ്രധാന ആവശ്യം. Rights of Persons With Disablilities (RPWD) ആക്ടും വിദ്യാഭ്യാസ അവകാശനിയമവും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സംയോജിത വിദ്യാഭ്യാസം (Inclusive Education) നടപ്പാക്കണമെന്നും അതിനാവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്നും അനുശാസിക്കുന്നുണ്ട്. എന്നാല്‍, കേരളത്തിലെ എത്ര പൊതുവിദ്യാലയങ്ങള്‍ ഇതിന് സജ്ജമാണ് ? വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരേ നടപടി മാത്രമല്ല, പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ പ്രദാനം ചെയ്യാനും സാധിച്ചാല്‍ മാത്രമേ സംയോജിത വിദ്യാഭ്യാസം എന്ന ആശയം ഫലപ്രദമാകൂ.

സംയോജിത വിദ്യാഭ്യാസം നടപ്പാക്കുന്നതിന് സ്വന്തമായ ഒരു പദ്ധതി പോലും നമുക്കില്ല. ഐസക് ന്യൂട്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍, ചാള്‍സ് ഡാര്‍വിന്‍, മൊസാര്‍ട്ട് തുടങ്ങിയ മഹാന്മാരെല്ലാം ഓട്ടിസ്റ്റിക്കായിരുന്നെന്ന് ജീവചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഗായകനായ സുകേഷ് കുട്ടന്‍, എട്ടുവയസ്സിനുള്ളില്‍ രണ്ടു പുസ്തകങ്ങള്‍ എഴുതിയ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസ്റ്റിക് ഫിലോസഫറെന്ന ഇന്‍ക്രെഡിബിള്‍ ബുക്ക് ഓഫ് റെക്കോഡ് കരസ്ഥമാക്കിയ നയന്‍ തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ നമ്മുടെ കേരളത്തിലുമുണ്ട്. 

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ എന്തു ചെയ്യുന്നു

വിവിധ ആശ്വാസ ധനസഹായങ്ങള്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നിലവിലുണ്ട്. എത്രപേര്‍ ഇതിന്റെ ഗുണഭോക്താക്കളാണ് എത്രപേര്‍ക്കിത് ലഭിക്കുന്നുണ്ട് എന്നുള്ളതെല്ലാം അന്വേഷിക്കുമ്പോഴാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥത മറനീക്കി പുറത്തുവരുന്നത്. ഭിന്നശേഷിയുള്ള കുട്ടിക്ക് യൂണിഫോം, പഠനോപകരണങ്ങള്‍, എന്നിവ വാങ്ങുന്നതിനും യാത്രാബത്ത, വിനോദയാത്ര തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കുമായി 28,500 രൂപയുടെ സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് നിര്‍ബന്ധമായും നല്‍കണമെന്ന് വ്യവസ്ഥയുമുണ്ട്. എന്നാല്‍, ഭൂരിഭാഗം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. പരാതിപ്പെടാനെത്തുന്നവരെ മറ്റ് ആനുകൂല്യങ്ങള്‍ തടയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും. വകുപ്പുമന്ത്രിയോ, സോഷ്യല്‍ സെക്യൂരിറ്റി മിഷനോ ഇക്കാര്യത്തില്‍ നേരിട്ടിടപെടുകയും സഹായധനം വിതരണം ചെയ്യുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്തില്ലെങ്കില്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ഇവര്‍ക്ക് ലഭിക്കാതെ പോകും. 

ദുര്‍ബലരാണെന്ന പരിഗണന നല്‍കിക്കൊണ്ടുള്ള സ്‌കോളര്‍ഷിപ്പുകളും കടലാസിലുറങ്ങുന്ന പദ്ധതികളും കൊണ്ടുമാത്രം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇവരെ കൈപിടിച്ചുയര്‍ത്താന്‍ സാധിക്കില്ല. ഭിന്നശേഷി പുനരധിവാസ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന നയങ്ങളും പദ്ധതികളും കൃത്യമായി ആസൂത്രണം ചെയ്ത് കാലതാമസമെടുക്കാതെ നടപ്പാക്കാനുള്ള ആര്‍ജവമാണ് ഇവിടെ വേണ്ടത്. സാമൂഹിക നീതിക്ഷേമ, വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ ഇതിനായി ഒന്നിച്ചുകൈകോര്‍ക്കണം. സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും വേണം.

ഇവരും സമൂഹത്തിന്റെ ഭാഗമാണ്, നമ്മുടെ മക്കളാണ്. മറ്റാരെയും പോലെ എല്ലാ അവകാശങ്ങളോടെയും ഈ സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമുള്ളവര്‍. ഒന്നിച്ചുനിന്ന് അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ തനിക്ക് ചുറ്റുമുള്ള ലോകം എന്തെന്നറിയാത്ത ഈ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അല്പമെങ്കിലും ആശ്വാസം പകരാന്‍ സാധിക്കുകയുള്ളൂ. ''എന്നിലെ അമ്മയെ നിങ്ങള്‍ മഹത്ത്വവത്കരിക്കരുത്, ത്യാഗിയെന്ന് വിളിക്കരുത്..എനിക്ക് പരിഭവമുണ്ടൈന്ന്'' പറയുന്ന അമ്മമാരുടെ നെഞ്ചിലെ കനല്‍ കെടുത്താനാകില്ലെങ്കിലും ആളിക്കത്താതിരിക്കാന്‍ ശ്രമിക്കാം. 

പാശ്ചാത്യരെ കണ്ടുപഠിക്കാം

ഓട്ടിസക്കാരായ കുട്ടികളെ ആദായകരമായ ഒരു തൊഴിലിലേക്ക് നയിക്കുന്നതിനായി പാശ്ചാത്യര്‍ അവലംബിക്കുന്ന രീതി നാം കണ്ടുപഠിക്കണം. ഓട്ടിസക്കാരായ വ്യക്തികള്‍ക്ക് ചില പ്രത്യേകജോലികള്‍ ചെയ്യാന്‍ സാധിക്കും അക്കൗണ്ടന്‍സി പോലുള്ള സങ്കീര്‍ണമായ ജോലികള്‍ സാധാരണ ജനങ്ങളെക്കാളും മെച്ചപ്പെട്ട രീതിയില്‍ ചെയ്യാന്‍ സാധിക്കുന്നവരുണ്ട്. അതുകൊണ്ട് സമൂഹത്തില്‍നിന്ന് അവരെ മാറ്റി നിര്‍ത്തുകയോ, തീര്‍ത്തും ലളിതമായ ജോലികള്‍ നല്കുകയോ ചെയ്യാതെ അവര്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന മേഖലകള്‍ കണ്ടെത്തണം. അവരുടെ ജോലികളിലൂടെ സമൂഹം അവരെ അംഗീകരിക്കാന്‍ പഠിക്കും.- മുരളി തുമ്മാരുകുടി

സഹായത്തിന് ഐക്കണ്‍സ് 

ഭിന്നശേഷിയുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്തുന്ന ദക്ഷിണേഷ്യയിലെതന്നെ മികച്ച സ്ഥാപനങ്ങളിലൊന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കേറ്റീവ് ആന്‍ഡ് കൊഗ്‌നിറ്റീവ് ന്യൂറോസയന്‍സ്. സര്‍ക്കാരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം തിരുവനന്തപുരത്തും ഷൊര്‍ണൂരുമാണ് ഉള്ളത്. വരുമാനപരിധി നോക്കിയാണ് ഇവിടെ ചികിത്സാച്ചെലവുകള്‍ നിശ്ചയിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവര്‍ക്ക് സൗജന്യ ചികിത്സയാണ്. ഓട്ടിസമുള്ള കുട്ടികള്‍ക്കായി സ്പെഷ്യല്‍ സ്‌കൂളുകള്‍ ഇവിടെയുണ്ട്. കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കായി തൊഴിലധിഷ്ഠിത പരിശീലനവും പുനരധിവാസവും മുന്നില്‍ക്കണ്ട് അഡോളസെന്റ് ഹോം തുടങ്ങാനുള്ള നീക്കത്തിലാണ് ഐക്കണ്‍സ്. ഓട്ടിസവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ഇവിടെ നടക്കുന്നു. http://www.iccons.co.in/Home

വരും സമഗ്ര പദ്ധതി

ഡോ. ബി. മുഹമ്മദ് അഷീല്‍ (സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍) 

"ഓട്ടിസം എന്ന വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയിലും വിദ്യാഭ്യാസരംഗത്തുമാണ് കാര്യമായ ഇടപെടലുകള്‍ ആവശ്യമായി വരുന്നത്. കുട്ടികളുടെ രക്ഷിതാക്കളുടെ ശാക്തീകരണം, ഇവര്‍ക്കായുള്ള സ്ഥാപനങ്ങളുടെ ശാക്തീകരണം, വിദ്യാഭ്യാസം സ്ഥാപനങ്ങളുടെ രൂപവത്കരണം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സാമൂഹികനീതിക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സുരക്ഷാ മിഷന്‍. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറുമായി ബന്ധപ്പെട്ട് സ്‌പെക്ട്രം എന്ന പേരില്‍ സമഗ്രമായ പദ്ധതി അനുയാത്ര(ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതി)യുടെ ഭാഗമായി സാമൂഹിക സുരക്ഷാമിഷന്‍ വിഭാവനം ചെയ്യുന്നുണ്ട്. മാതാപിതാക്കളുടെ ശാക്തീകരണം, കുട്ടികള്‍ക്കുള്ള പരിശീലനം തുടങ്ങി ഒമ്പതുഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ പദ്ധതിക്ക് ആറുകോടി രൂപയാണ് കണക്കാക്കുന്നത്. "

സാമൂഹികസുരക്ഷാ മിഷന്‍ ലക്ഷ്യമിടുന്നത് 

• ആറു മെഡിക്കല്‍ കോളേജുകളിലായി ഓട്ടിസം സെന്ററുകള്‍ ആരംഭിക്കും

• ഓട്ടിസം വളരെ നേരത്തേതന്നെ തിരിച്ചറിയുന്നതിനായി ലളിതമായ മാര്‍ഗങ്ങള്‍ വിവരിക്കുന്ന വീഡിയോകള്‍ നിര്‍മിക്കും

• സ്റ്റാര്‍ട്ട് അപ്പ് മിഷനും ഐ.ടി. മിഷനുമായി സഹകരിച്ച് ഓട്ടിസം കുട്ടികള്‍ക്കായി ഒരു ടെക്നോളജി സൊല്യൂഷന്‍ വികസിപ്പിച്ചെടുക്കും

• നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനെ ഓട്ടിസം സെന്റര്‍ ഓഫ് എക്‌സലന്‍സാക്കി മാറ്റും

• അടുത്ത വര്‍ഷം മുതല്‍ ഒക്യുപേഷണല്‍ തെറാപ്പി കോഴ്സുകള്‍ ആരംഭിക്കും

•  വിവിധ വിഷയങ്ങളില്‍ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. 

content highlights: Autism, kanalvazhiyile jeevithangal, care for autistic children