മൂന്ന് പഞ്ചായത്തുകള്‍ മാത്രമുള്ള അട്ടപ്പാടി താലൂക്ക് ഗോത്രവര്‍ഗക്കാര്‍ക്കുവേണ്ടിയുള്ള കേരളത്തിലെ ഏകതാലൂക്കെന്ന വിശേഷണമുള്ളതാണ്. ഓരോ വര്‍ഷവും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളിലായി കോടിക്കണക്കിന് രൂപ ഈ വിഭാഗത്തിന്റെ സംരക്ഷണത്തിനായി ചെലവഴിക്കപ്പെടുമ്പോഴും ഇല്ലായ്മകളുടെയും ദുരിതങ്ങളുടെയും ശിശുമരണങ്ങളുടെയും പേരിലാണ് അട്ടപ്പാടി മേഖല കേരളത്തിന് നീറ്റലാവുന്നത്. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിവരെയുണ്ടായിട്ടും പാരസെറ്റമോള്‍പോലും പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നുവെന്ന് ആദിവാസി അമ്മമാര്‍ ഉണങ്ങാത്ത കണ്ണീരുമായി പറയുന്നു. ആ കാഴ്ചകളിലൂടെയാണ് മാതൃഭൂമി സംഘം യാത്ര ചെയ്യുന്നത്. എന്തുകൊണ്ട് അട്ടപ്പാടി ഇങ്ങനെ...


രള്‍പിളരും വേദനയിലാണ് ഈ അമ്മമനസ്സുകള്‍. കാത്തുകാത്തിരുന്ന് പ്രസവിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ കുഞ്ഞ് ലഭിക്കില്ലെന്ന് അറിഞ്ഞവര്‍. ഏഴാംമാസത്തിലും എട്ടാം മാസത്തിലും സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഇതേത്തുടര്‍ന്നുള്ള ശാരീരികപ്രശ്‌നങ്ങളില്‍ കഴിയുന്നവര്‍... കുട്ടികളെല്ലാം മരിച്ചത് അമ്മയുടെ പോഷകാഹാരക്കുറവു കൊണ്ടാണെന്നാണ് ആരോഗ്യവകുപ്പ് ഇവരെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. യഥാര്‍ഥത്തില്‍ അട്ടപ്പാടിയിലെ അമ്മമാര്‍ക്ക് പോഷകാഹാര കുറവുണ്ടോ? സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാവിധ ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്ന് ആവര്‍ത്തിക്കുമ്പോഴും അതെല്ലാം കൃത്യമായി ഇവര്‍ക്കു കിട്ടുന്നുണ്ടോ? മിക്ക ഊരുനിവാസികളും ആരോഗ്യമേഖലയില്‍ അപര്യാപ്തതയിലാണ്.

തുടരുന്ന ശിശുമരണങ്ങള്‍

ശിശുമരണങ്ങള്‍ ഉണ്ടാകുന്ന ദിവസങ്ങളിലെ വിവാദങ്ങളും തീരുമാനങ്ങളും പരിഹാര നിര്‍ദേശങ്ങളും അട്ടപ്പാടിക്കാര്‍ കേള്‍ക്കുന്നത് ഇതാദ്യമല്ല. 2013 മുതല്‍ ഈ ശനിയാഴ്ചവരെ ഇതുതന്നെയാണ് അട്ടപ്പാടിക്കാര്‍ കാണുന്നത്. കുട്ടികള്‍ മരിച്ചതിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും ചുമലില്‍ ഏല്‍പ്പല്പിച്ചതുകൊണ്ട് മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണീരുണക്കാനാവില്ല. ഇനി ഒരുമരണംപോലും ഉണ്ടാകാന്‍ പാടില്ലെന്ന് നിശ്ചയിച്ച് യഥാര്‍ഥ പരിഹാരമാണ് അട്ടപ്പാടി ആദിവാസി ജനതയുടെ ആവശ്യം.

അട്ടപ്പാടി ആരോഗ്യമേഖലയുടെ പ്രധാന ആശ്രയമാണ് കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി. ആദിവാസി അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ പരിപാലനമാണ് ലക്ഷ്യം.

10 വര്‍ഷം 136 മരണം

.

ഔദ്യോഗിക കണക്കനുസരിച്ച് 2012 മുതല്‍ 2021 നവംബര്‍വരെയുള്ള 10 വര്‍ഷം 136 ശിശുമരണമാണ് അട്ടപ്പാടിയിലുണ്ടായത്. ഇതില്‍ ഏറ്റവുംകൂടുതല്‍ 2013-ലാണ് -31 ശിശുക്കള്‍. ഈവര്‍ഷം നവംബര്‍വരെ എട്ട് ശിശുക്കളാണ് മരിച്ചത്.

ജനിച്ച് രണ്ടുദിവസംമുതല്‍ പത്തുമാസംവരെയുള്ള കുട്ടികളുള്‍പ്പെടും. എട്ടുപേരില്‍ രണ്ടുകുട്ടികള്‍ക്ക് മാത്രമേ ജനനസമയത്ത് ആവശ്യത്തിന് തൂക്കമുണ്ടായിരുന്നുള്ളൂ.

ബാക്കിയുള്ള ആറുപേര്‍ 715 ഗ്രാം മുതല്‍ 2.200 കിലോഗ്രാം വരെയാണ് തൂക്കം.

എട്ടുപേരില്‍ രണ്ടുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടയിലും.

 

സ്‌കാന്‍ ചെയ്യണോ...ഞായറാഴ്ചയാകണം

ഒരുവര്‍ഷം ശരാശരി 10,000 ഗര്‍ഭിണികള്‍ അട്ടപ്പാടിയില്‍ രജിസ്റ്റര്‍ചെയ്യുന്നുണ്ട്. നിലവില്‍ ഗര്‍ഭിണികള്‍ക്ക് സ്‌കാനിങ് ചെയ്യാനുള്ള സൗകര്യം ഞായറാഴ്ച മാത്രമാണ്. ലക്ഷങ്ങള്‍മുടക്കി സ്‌കാനിങ് ചെയ്യുന്നതിനുള്ള മെഷീന്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും റേഡിയോളജിസ്റ്റിനെ നിയമിച്ചിട്ടില്ല. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് സ്‌കാന്‍ ചെയ്യണമെങ്കില്‍ മണ്ണാര്‍ക്കാട്ടോ കോയമ്പത്തൂരോ എത്തണം. അതിന് രണ്ടുമണിക്കൂറെങ്കിലും വേണ്ടിവരും. ഈ ബുദ്ധിമുട്ടുകാരണം പലരും സ്‌കാനിങ്ങിന് വിധേയമാകാന്‍ വിസമ്മതിക്കുന്നുമുണ്ട്.

നിലവില്‍ മെഡിക്കല്‍കോളേജുകളില്‍ മാത്രമേ എം.ഡി. റേഡിയോളജിസ്റ്റ് തസ്തികയുള്ളൂ. എന്നാല്‍, അട്ടപ്പാടി ആരോഗ്യമേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് നിയമനിര്‍മാണത്തിലൂടെ നിയമനം നടത്തണം. അതുമല്ലെങ്കില്‍ കരാറടിസ്ഥാനത്തിലോ ജോലിക്രമീകരണത്തിലോ തസ്തികയില്‍ നിയമനംനടത്തണമെന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു.

വിദഗ്ധചികിത്സ വേണോ...ചുരമിറങ്ങണം

പോഷകക്കുറവ്, അരിവാള്‍രോഗം തുടങ്ങിയ അസുഖമുള്ള ഗര്‍ഭിണികള്‍ ചികിത്സ തേടിയെത്തിയാല്‍ ഗുരുതര സാഹചര്യം കണക്കിലെടുത്ത് വിദഗ്ധചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് അയയ്ക്കുകയാണ് പതിവ്. അട്ടപ്പാടി ചുരംകടന്ന് കിലോമീറ്ററുകള്‍ യാത്രചെയ്യണം വിദഗ്ധചികിത്സ ലഭിക്കാന്‍. സ്പെഷ്യാലിറ്റി വിഭാഗത്തില്‍ 10 മുതല്‍ 15 വര്‍ഷംവരെ പരിചയമുള്ള ഡോക്ടര്‍മാരുടെ സേവനം അട്ടപ്പാടി ആരോഗ്യമേഖലയില്‍ അത്യാവശ്യമാണ്.

ജനറല്‍ മെഡിസിന്‍, ശസ്ത്രക്രിയാവിഭാഗം, ശിശുരോഗവിഭാഗം, ഗൈനക്കോളജി വിഭാഗം എന്നിവയ്ക്ക് കണ്‍സള്‍ട്ടന്റ് തസ്തിക സൃഷ്ടിച്ച് നിയമനംനടത്തണം. രോഗികളെ വിദഗ്ധ ചികിത്സയ്ക്ക് അയയ്ക്കുന്നത് 90 ശതമാനംവരെ ഒഴിവാക്കാനാകും.

172 കിടക്കയുണ്ട്; പരിചരിക്കാന്‍ ജീവനക്കാരില്ല

താലൂക്കാശുപത്രി നിലവാരത്തിലുള്ള സ്പെഷ്യല്‍ ആശുപത്രിയാണ് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി. 172 രോഗികളെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുള്ള ഇവിടെ 54 കിടക്കകള്‍ക്കുള്ള ജീവനക്കാര്‍മാത്രമാണുള്ളത്.

150 മുതല്‍ 200 വരെ രോഗികളെ ഓരേസമയം കിടത്തിച്ചികിത്സിക്കാറുണ്ട്. ആശുപത്രിയെ 151 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തി, ആവശ്യത്തിന് ജീവനക്കാരെ അധിക തസ്തികയുണ്ടാക്കി നിയമിക്കണം. ആശുപത്രിയില്‍ സി.ടി. സ്‌കാന്‍, കാര്‍ഡിയോളജി വിഭാഗം, കാത്ത്ലാബ്, കാന്‍സര്‍ തെറാപ്പി സെന്റര്‍ പോലെയുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും ഉണ്ട്.

40-ാം വയസ്സില്‍ അരിവാള്‍രോഗം

ഗര്‍ഭിണിയായി ഏഴാംമാസമായപ്പോഴാണ് വരഗംപാടി ഊരിലെ 40-കാരിയായ വള്ളി തനിക്ക് അരിവാള്‍രോഗമുണ്ടെന്ന് അറിയുന്നത്. ഗര്‍ഭകാലത്ത് ഗവ. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് പരിശോധന നടത്തിയത്. തൂവയില്‍ ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു. ആശാവര്‍ക്കര്‍മാര്‍ വന്ന് മരുന്നൊക്കെ തന്നു. ഫോളിക് ആസിഡ് ഗുളികകള്‍ തന്നിരുന്നു. അതെല്ലാം കഴിച്ചിരുന്നു.

'ഒക്ടോബര്‍ 13-ന് സ്‌കാന്‍ചെയ്തപ്പോഴാണ് രക്തക്കുറവുണ്ടെന്നും അരിവാള്‍രോഗമുണ്ടെന്നും പറയുന്നത്. തുടര്‍ന്ന്, ഗവ. കോട്ടത്തറ ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു'.

'അമ്മ കഴിക്കുന്ന ഭക്ഷണം കുട്ടിയിലേക്കെത്തുന്നില്ല. കുട്ടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷണം അമ്മയില്‍നിന്ന് ലഭിക്കാനിടയില്ലെന്ന് പറഞ്ഞാണ് മാറ്റിയത്. പിന്നെ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്ത് ഇന്‍കുബേറ്ററില്‍ വെച്ചെങ്കിലും രക്ഷിക്കാനായില്ല'-ട്രൈബല്‍ ആശാവര്‍ക്കര്‍ പറഞ്ഞു.

അസുഖം എന്താണെന്നറിയില്ല

ചിറ്റൂര്‍ ചുണ്ടകുളം ഊരിലെ 21-കാരി പവിത്ര ബാബുരാജിന് തനിക്ക് എന്തായിരുന്നു പ്രശ്‌നമെന്ന് ഇപ്പോഴും അറിയില്ല. ഏഴാംമാസമായപ്പോള്‍ കാലിന് നീരുവന്നു. തുടര്‍ന്ന്, കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 'ഗര്‍ഭാശയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് തൃശ്ശൂരിലെത്തിയപ്പോഴാണ് അറിയുന്നത്. രക്തസമ്മര്‍ദം, പ്രമേഹം എന്നിവയുടെ അളവുകളൊന്നും അറിയിക്കില്ല. എല്ലാ ആശുപത്രിയിലും രോഗവിവരങ്ങള്‍ കൂടെ നില്‍ക്കുന്നവരോടെങ്കിലും പറയും. അതെങ്കിലും ഞങ്ങളോട് പറയണം'-പവിത്ര പറഞ്ഞു.

ആശാവര്‍ക്കര്‍മാര്‍ക്ക് യാത്രാബത്തയില്ല

'ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഊരുകളില്‍ പോകാന്‍ യാത്രാബത്ത നല്‍കില്ല. ആകെ കിട്ടുന്ന ആറായിരം രൂപ ഓണറേറിയത്തില്‍നിന്ന് ചെലവാക്കേണ്ട സ്ഥിതിയാണ്. ചെയ്യുന്ന ജോലിക്കനുസരിച്ച് ഇന്‍സെന്റീവ് കിട്ടും. പല ഊരുകളിലും ഒറ്റയ്ക്ക് നടന്നുപോകാന്‍ കഴിയില്ല. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുണ്ടാകും. ചില സ്ഥലങ്ങളില്‍ നടന്നുപോകുകയോ വണ്ടിവിളിച്ചുപോകുകയോ ചെയ്യണം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മനുഷ്യരെയും ഭയപ്പെടേണ്ട സ്ഥിതിയാണ്. എന്നാലും എല്ലാ ഊരുകളിലുമെത്തി ഗര്‍ഭിണികള്‍ക്കാവശ്യമായ മരുന്നെത്തിക്കും'-ട്രൈബല്‍ ആശാവര്‍ക്കര്‍മാര്‍ പറയുന്നു.

എല്ലാ ഗര്‍ഭിണികള്‍ക്കുംകൂടി ഒരു വാഹനം

വിവിധ ഊരുകളിലെ ഗര്‍ഭിണികളെ എല്ലാവരെയും കോട്ടത്തറ ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് കൊണ്ടുപോകുന്നത് ഒരു ജീപ്പിലോ ആംബുലന്‍സിലോ ആണ്. അതിനാല്‍, ഉച്ചയോടെ പരിശോധന കഴിഞ്ഞാലും വൈകീട്ടാണ് ഊരുകളില്‍ തിരിച്ചെത്തേണ്ടത്. ഗര്‍ഭിണികള്‍ക്കാവശ്യമായ എല്ലാ കാര്യത്തിനും സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കാനുള്ളപ്പോഴാണ് ഈ അവസ്ഥയെന്ന് ആദിവാസികള്‍ പറയുന്നു.

ശിശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടത്തിനും താണ്ടണം 85 കിലോമീറ്റര്‍

അട്ടപ്പാടിയില്‍ നവജാതശിശു മരിച്ചാലും ആദിവാസി മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും കുഞ്ഞിന്റെ മൃതദേഹവുമായി 85 കിലോമീറ്ററോളം സഞ്ചരിക്കണം... പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിയാലേ പോസ്റ്റ്‌മോര്‍ട്ടം നടക്കൂ. അട്ടപ്പാടിയില്‍ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മാത്രമാണ് മോര്‍ച്ചറിയുള്ളത്. ഈ ആശുപത്രിയില്‍ നിലവില്‍ പോലിസ് ഫോറന്‍സിക് സര്‍ജന്‍ ഇല്ലാത്തതിനാലാണ് ആദിവാസികള്‍ക്ക് കുഞ്ഞിന്റെ മൃതദേഹവുമായി 85 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവരുന്നത്. 2018-ല്‍ 16 ആദിവാസി നവജാതശിശുക്കള്‍ മരിച്ചിരുന്നു. ഇതില്‍ 10 ഓളം ശിശുക്കള്‍ പാല്‍

തൊണ്ടയില്‍ക്കുരുങ്ങി മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ശിശുക്കളുടെ മരണകാരണം വ്യക്തമല്ലെന്ന് ആദിവാസികള്‍ ആരോപണമുന്നയിച്ചതോടെ സംശയകരമായി മരിക്കുന്ന ശിശുക്കളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അട്ടപ്പാടി മോര്‍ച്ചറിസംവിധാനമുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പോലീസ് ഫോറന്‍സിക് സര്‍ജന്റെ നിമയമനം നടത്തിയില്ല. ഇതിനുശേഷം ഏഴ് കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും മരണകാരണം ആരോഗ്യവകുപ്പ് മതാപിതാക്കളെയോ ബന്ധുക്കളെയോ അറിയിക്കുന്നില്ലെന്നാണ് ആദിവാസികള്‍ ആരോപിക്കുന്നത്.

ഏഴുമാസംമുമ്പ് വെന്തവട്ടി ഊരിലെ പൊന്നി-രാമസ്വാമി ദമ്പതിമാരുടെ മൂന്ന് ദിവസം പ്രായമായ ആണ്‍കുഞ്ഞ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മരിച്ചിരുന്നു. ഈ വെള്ളിയാഴ്ചയും വീട്ടിയൂരിലെ ഗീതു-സുനീഷ് ദമ്പതിമാരുടെ മൂന്ന് ദിവസം പ്രായമായ ആണ്‍കുഞ്ഞ് മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലും മരിച്ചിരുന്നു. ഈ കുട്ടികള്‍ മൂന്നുദിവസം ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും നിരീക്ഷണത്തില്‍ കഴിഞ്ഞവരായിരുന്നു. പിന്നീടാണ് ശിശുക്കള്‍ മരിക്കുന്നത്. ഏഴുമാസം മുമ്പ് പൊന്നി രാമസ്വാമിയുടെ മരിച്ച നവജാതശിശുവിന്റെ മരണകാരണം ഇതുവരെയായി അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഗീതു-സുനീഷ് ദമ്പതിമാര്‍ നവജാതശിശുവിന്റെ മരണകാരണം വ്യക്തമാകുമെന്ന കാത്തിരിപ്പിലാണ്.

കുഞ്ഞിനെ കിട്ടില്ല, തുളസിയെ തരാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചു

.
ഭാര്യ തുളസിയും കുഞ്ഞും നഷ്ടപ്പെട്ട ബാലകൃഷ്ണനും അമ്മ മാരിയും
ഷോളയൂർ ചാവടിയൂർ ഊരിലെ വീട്ടിൽ.
തുളസിയുടെ പ്രസവചികിത്സയുടെ ഭാഗമായി
നടത്തിയ പരിശോധനകൾക്ക് കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി
ആശുപത്രിയിൽനിന്ന് നൽകിയ വിവരങ്ങൾ
ഉൾപ്പെട്ട കാർഡും കാണാം | ഫോട്ടോ: പി.പി.രതീഷ്

ആറ്റുനോറ്റ് കാത്തിരുന്ന കണ്മണിയെ ജീവനോടെ കിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ ജീവന്റെ ജീവനായ ഭാര്യ തുളസിയെ കിട്ടുമെന്ന ആശ്വാസത്തിലായിരുന്നു ഷോളയൂര്‍ ചാവടിയൂര്‍ ഊരിലെ ബാലകൃഷ്ണന്‍. എന്നാല്‍, അമ്മയും കുഞ്ഞും മരിച്ചു. ഗര്‍ഭിണിയായ ഭാര്യയെ മരിക്കുന്നതിനുമുമ്പ് കാണാന്‍പോലും കഴിഞ്ഞില്ലെന്ന വേദനയിലാണ് ബാലകൃഷ്ണന്‍.

'ഗര്‍ഭിണിയായിരിക്കെ ഏഴാംമാസത്തില്‍ തുളസിയുടെ കാലിന് നീരുവന്നപ്പോള്‍ ഗവ. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കൊണ്ടുപോയി. രണ്ടുദിവസം കിടത്തിയതിനുശേഷം ഒരു ഇഞ്ചക്ഷനെടുത്തു. പിന്നെ പെട്ടെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോട്ടത്തറ ആശുപത്രിയില്‍നിന്ന് ഗുരുതരമാണെന്ന് ഒരുവാക്ക് പറഞ്ഞെങ്കില്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാമായിരുന്നു'-ബാലകൃഷ്ണന്‍ പറയുന്നു.

അഗളിയില്‍ അടുത്തിടെ നടന്ന ശിശുമരണങ്ങളില്‍ അരിവാള്‍രോഗംമൂലം അമ്മയും കുഞ്ഞും മരിച്ച കണക്കിലാണ് തുളസിയുടെയും കുഞ്ഞിന്റെയും മരണം ആരോഗ്യവകുപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അരിവാള്‍രോഗിയാണ് തുളസി. ഗര്‍ഭിണിയായപ്പോള്‍ കോട്ടത്തറയിലെ ഡോക്ടര്‍ (ഗൈനക്കോളജിസ്റ്റ്) അരിവാള്‍രോഗത്തിന് കഴിക്കുന്ന മരുന്ന് നിര്‍ത്താന്‍ പറഞ്ഞെന്ന് ബാലകൃഷ്ണന്റെ അമ്മ മാരി പറയുന്നു.

'ഒരു കുഴപ്പവുമില്ല. പേടിക്കേണ്ട. രണ്ടുദിവസംകൊണ്ട് തിരിച്ചുവരാമെന്ന് പറഞ്ഞാണ് ആംബുലന്‍സില്‍ കോട്ടത്തറ ആശുപത്രിയില്‍നിന്ന് തൃശ്ശൂരിലേക്ക് പറഞ്ഞയച്ചത്. മുക്കാലിയില്‍ പോയി ജ്യൂസൊക്കെ വാങ്ങിക്കൊടുത്താണ് പോയത്. ചെറിയ ശ്വാസതടസ്സമുണ്ടെങ്കിലും അവിടെയെത്തുന്നതുവരെ എന്നോട് സംസാരിച്ചിരുന്നു. തൃശ്ശൂരിലെത്തിയപ്പോള്‍ ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞു. ഭാര്യയെ തിരിച്ചുതരാം, കുട്ടിയെ കിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ച് ഒപ്പിട്ട് നല്‍കുകയായിരുന്നു.

സിസേറിയനിലൂടെ പുറത്തെടുത്തപ്പോള്‍ കുട്ടിക്ക് 2.06 കിലോഗ്രാം തൂക്കമുണ്ടായിരുന്നു'-ബാലകൃഷ്ണന്‍ പറഞ്ഞു. നവംബര്‍ 20-നാണ് തുളസിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 22-ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തു.

രണ്ടുദിവസം വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞെങ്കിലും 24-ന് തുളസി മരിച്ചു.

കോട്ടത്തറ ആശുപത്രി റഫര്‍ ചെയ്യുന്ന ആശുപത്രിയെന്ന് ആരോപണം

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍നിന്ന് കേസുകള്‍ സ്ഥിരമായി റഫര്‍ ചെയ്യുന്നുവെന്ന് ഗുരുതര ആരോപണം. അട്ടപ്പാടിയിലെ 33,200-ഓളം വരുന്ന ഗോത്രവിഭാഗവും, 51,000 ത്തോളം വരുന്ന മറ്റുള്ള വിഭാഗങ്ങളും ആശ്രയിക്കുന്ന ആശുപത്രിയാണ് കോട്ടത്തറ ആശുപത്രി.

ആശുപത്രിയിലേക്ക് ചികിത്സതേടുന്നവരെയാണ് മറ്റുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതായി ആരോപണമുയരുന്നത്. ഇതില്‍ 80 കിലോമീറ്റര്‍ അകലെയുള്ള പെരിന്തല്‍മണ്ണയിലെ ഇ.എം.എസ്. സഹകരണ ആശുപത്രിയിലേക്കാണ് പ്രധാനമായും റഫര്‍ ചെയ്തിരുന്നത്.

ഈ ആശുപത്രിക്ക് കോട്ടത്തറ ആശുപത്രിയില്‍നിന്ന് രോഗികളെ റഫര്‍ ചെയ്തതിലൂടെ ഒരുവര്‍ഷം ആദിവാസിക്ഷേമ വകുപ്പ് ചികിത്സയ്ക്കായി നല്‍കിയത് 12 കോടി രൂപയാണ്. വീണ്ടും ആദിവാസികള്‍ക്ക് ചികിത്സ തുടരണമെങ്കില്‍ 18 കോടി രൂപ കൂടി ഇ.എം.എസ്. ആശുപത്രിക്ക് നല്‍കണം. ഈ തുക ശമ്പളമായി നല്‍കിയാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നിരിക്കെയാണ് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്യുന്നത് തുടരുന്നത്.

പാലക്കാട് ജില്ലാ ആശുപത്രിക്കും ഇ.എം.എസ്. ആശുപത്രിക്കും കോട്ടത്തറ ആശുപത്രിയില്‍ നിന്നുള്ള ദൂരം ആറ് കിലോമീറ്ററിന്റെ വ്യത്യാസം മാത്രമാണുള്ളത്.

ജില്ലാ ആശുപത്രിയില്‍ ചികിത്സിക്കേണ്ട രോഗികളെ പോലും ഇ.എം.എസ്. ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതായാണ് ആദിവാസികളുടെ ആരോപണം.

അട്ടപ്പാടിയില്‍ നവജാത ശിശുമരണം തുടരുമ്പോഴും കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി തീര്‍ത്ത കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനസജ്ജമായില്ല.

ഈ വര്‍ഷം ഫെബ്രുവരി 26 -ാം തീയതിയാണ് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിര്‍മിച്ച മുകള്‍നിലയുടെ ഉദ്ഘാടനം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ നിര്‍വഹിച്ചത്. മാര്‍ച്ച് 27-ാം തീയതി ഇവിടേയ്ക്ക് ആവശ്യമായ കട്ടിലുകളും കിടക്കയും തുടങ്ങിയ എല്ലാം 32,07,341 രൂപയ്ക്ക് വാങ്ങിയിരുന്നു. അമ്മയും കുഞ്ഞിനുമായി തീര്‍ത്ത നിലയുടെ നിര്‍മാണച്ചെലവ് 89,20,000 രൂപയാണ്. ആശുപത്രിയുടെ നാലാമത്തെ നിലയിലാണ് സൗകര്യം ഒരുക്കിയത്. ഈ നിലയിലേക്ക് ലിഫ്റ്റ് സൗകര്യമില്ലെന്ന കാരണത്താലാണ് ഈ സൗകര്യം ഇതുവരെ പ്രവര്‍ത്തനസജ്ജമാകാത്തത്.

ഇതുകൂടാതെ മാതൃകാ പ്രസവവാര്‍ഡിനായി 10 ലക്ഷം രൂപ വകയിരുത്തി നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 1.61 കോടി രൂപ ചെലവില്‍ ലേബര്‍ റൂം കോംപ്ലക്‌സ് കെട്ടിടത്തിന്റെ 90 ശതമാനം നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ഇത് നിലവില്‍ ഫിസിയോതെറാപ്പി മുറിയായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.