ഹിന്ദി ഹൃദയഭൂമിയില്‍ ഇതൊരു സന്നാഹമത്സരമാണ്. യഥാര്‍ഥ ടൂര്‍ണമെന്റിനായി ആത്മവിശ്വാസത്തോടെ കളത്തിലേക്കിറങ്ങണമെങ്കില്‍ സന്നാഹമത്സരത്തിലെ ജയം ഓരോ ടീമിനും അനിവാര്യമാണ്. ആറോ ഏഴോ മാസത്തിനുള്ളില്‍ രാജ്യമൊന്നാകെ പോളിങ് ബൂത്തിന്റെ പടിചവിട്ടാനിരിക്കെയാണ് അഞ്ചു സംസ്ഥാനങ്ങള്‍ അതിന്റെ ട്രയല്‍ റണ്ണിനു തയ്യാറെടുക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ ബി.ജെ.പി.യും അട്ടിമറികള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസും കിണഞ്ഞുശ്രമിക്കുന്‌പോള്‍ സമീപകാലത്തുണ്ടാകാത്തത്ര ആവേശത്തിലേക്ക് ഈ തിരഞ്ഞെടുപ്പുകള്‍ മാറുമെന്നുറപ്പ്

മധ്യപ്രദേശ്: ജാതി കാര്‍ഡിന്റെ ഹൃദയഭൂമി

ഇന്ത്യയുടെ ഹൃദയമാണു മധ്യപ്രദേശ്. 15 വര്‍ഷമായി ഈ ഹൃദയഭൂമിയുടെ അധികാരം ബി.ജെ.പി.യുടെ കൈകളിലാണ്.
ആദ്യ തിരഞ്ഞെടുപ്പുണ്ടായ 1967-നുശേഷം 1998 വരെ രണ്ടുതവണ മാത്രമാണ് ഇവിടെ കോണ്‍ഗ്രസിന് അടിതെറ്റിയത്. എന്നാല്‍ 2003-ലെത്തിയപ്പോള്‍ കളം മാറി. അവിടുന്നിങ്ങോട്ടു ബി.ജെ.പി.ക്കു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അവസാന തിരഞ്ഞെടുപ്പുണ്ടായ 2013-ല്‍ 45 ശതമാനം വോട്ടും 72 ശതമാനം സീറ്റും നേടി ബി.ജെ.പി. അപ്രമാദിത്വം തെളിയിച്ചതുമാണ്.

സംസ്ഥാനത്തെ 91 ശതമാനവും ഹൈന്ദവവോട്ടുകളാണ്. അതിനാല്‍ത്തന്നെ എത്രയൊക്കെ പുറംമോടി നടിച്ചാലും ജാതിരാഷ്ട്രീയംതന്നെയാണു തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ മുഖ്യായുധം.

madhyapradesh

ഗോത്രവര്‍ഗങ്ങളും ബി.ജെ.പി.യുടെ സ്വാധീനവും

കഴിഞ്ഞതവണ ഗോത്രവര്‍ഗ വിഭാഗമാണു ബി.ജെ.പി.യെ ഏറ്റവുമധികം പിന്തുണച്ചത്. സംസ്ഥാനത്തിന്റെ 21 ശതമാനം ജനസംഖ്യയുള്ള ഗോത്രവിഭാഗത്തിന് 47 സീറ്റുകളാണു സംവരണമുള്ളത്. അതില്‍ 31 സീറ്റും കഴിഞ്ഞതവണ ബി.ജെ.പി.ക്കായിരുന്നു. അതായത് 80 ശതമാനം ഗോത്രവിഭാഗ വോട്ടുകളും അവര്‍ നേടി.

മൃദുസമീപനവുമായി കോണ്‍ഗ്രസ്

ഹിന്ദുത്വകാര്‍ഡ് എന്നതിനപ്പുറത്തേക്കു ചിന്തിക്കാന്‍ കോണ്‍ഗ്രസിനും ആവില്ലെന്നതാണു യാഥാര്‍ഥ്യം. തിരഞ്ഞെടുപ്പിനു മുമ്പു സംസ്ഥാനത്തുടനീളം 'രാം വന്‍ ഗമന്‍ പഥയാത്ര' നടത്തിയതുവഴി കോണ്‍ഗ്രസ് ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്. റോഡ് ഷോകളിലൊക്കെ താന്‍ ശിവഭക്തനാണെന്നു തെളിയിക്കുന്ന അടയാളങ്ങളൊക്കെത്തന്നെ ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുല്‍ ഗാന്ധിയും കിണഞ്ഞുശ്രമിച്ചിരുന്നു.

നിയമത്തിലെ നൂലാമാലകളും കര്‍ഷകപ്രക്ഷോഭവും

പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം ലഘൂകരിച്ചതുവഴി എന്‍.ഡി.എ. നേതാക്കള്‍ക്കിടയില്‍ത്തന്നെയുള്ള അഭിപ്രായവ്യത്യാസമാണ് സംസ്ഥാനത്തു ബി.ജെ.പി. നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നിയമം ലഘൂകരിച്ചപ്പോള്‍ പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കിടയിലായിരുന്നെങ്കില്‍, നിയമം അതേപടിതന്നെ നിലനിര്‍ത്താനായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതുവഴി സവര്‍ണര്‍ക്കിടയിലാണ് ഇപ്പോള്‍ എതിര്‍പ്പ് പ്രകടമായിരിക്കുന്നത്.
കര്‍ഷകപ്രക്ഷോഭങ്ങളും ഭരണവിരുദ്ധവികാരവും ചേരുമ്പോള്‍ ബി.ജെ.പി. പ്രതിരോധത്തിലാവും. മന്ദ്‌സോറില്‍ കര്‍ഷകര്‍ക്കുനേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ ബി.ജെ.പി. ഉള്‍വലിഞ്ഞതും രാഹുല്‍ഗാന്ധി നേരിട്ട് രംഗത്തിറങ്ങിയതുമൊക്കെ രാജ്യം കണ്ടതാണ്.

ചൗഹാനു നാലാമൂഴം

സംസ്ഥാനത്തിപ്പോഴും ശിവരാജ്സിങ് ചൗഹാന്‍ തന്നെയാണു ബി.ജെ.പി.യുടെ 'വികാസ് പുരുഷന്‍'. മൂന്നുതവണ പാര്‍ട്ടിയെ മൃഗീയഭൂരിപക്ഷത്തോടെ വിജയത്തിലേക്കു നയിച്ച ചൗഹാനപ്പുറത്തേക്കൊരാളെ ഇത്തവണയും മുഖ്യമന്ത്രിപദത്തിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി.ക്കില്ല. വ്യാപം അഴിമതിക്കേസിലെ ആരോപണങ്ങള്‍ അടക്കം അതിജീവിച്ചാല്‍ വരുംദിനങ്ങളില്‍ ഈ പേര് ദേശീയരാഷ്ട്രീയത്തില്‍ ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങും.

വിഭാഗീയതയുടെ ദുര്‍ഭൂതം

പതിവില്‍നിന്ന് ഏറെയൊന്നും മാറ്റമില്ലാതെ കോണ്‍ഗ്രസിനെ ഇത്തവണയും പിന്നോട്ടുവലിക്കുന്നതു വിഭാഗീയതയാണ്. മുന്‍തവണ തങ്ങള്‍ക്കു ലഭിച്ച വോട്ടുകള്‍ അതേപടി നിലനിര്‍ത്തി, സ്ഥിതി മെച്ചപ്പെടുത്താന്‍ പോന്ന പ്രചാരണമൊന്നും കോണ്‍ഗ്രസ് കഴിഞ്ഞതവണ നടത്തിയില്ലെന്നതാണു യാഥാര്‍ഥ്യം. പാര്‍ട്ടിയിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി തലപ്പത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ എന്നും എതിര്‍പ്പുപ്രകടിപ്പിച്ചിട്ടുള്ള കമല്‍നാഥ് വിഭാഗം ഇത്തവണയും അതില്‍നിന്നു പിന്നോട്ടില്ല എന്ന നിലപാടിലാണ്. 'ചീഫ് മിനിസ്റ്റര്‍ സിന്ധ്യ' എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ഉയര്‍ന്നപ്പോള്‍ മറുപടിയായി 'കമല്‍ നാഥ് നെക്സ്റ്റ് എം.പി. സി.എം.' എന്ന ഹാഷ്ടാഗ് ഉയര്‍ത്തിയാണ് എതിര്‍വിഭാഗം അതിനെ പ്രതിരോധിച്ചത്.

സിന്ധ്യയ്ക്കു പിന്തുണയുമായി അനുയായികള്‍ 'ശ്രീമന്ത് സിന്ധ്യ ഫാന്‍ ക്ലബ്ബ്' രൂപവത്കരിച്ചപ്പോള്‍ കമല്‍നാഥിനുവേണ്ടി അനുയായികളുണ്ടാക്കിയത് 'മധ്യപ്രദേശ് കോണ്‍ഗ്രസ് യുവ മിത്ര മണ്ഡല്‍' എന്ന കൂട്ടായ്മയാണ്.

രാജസ്ഥാന്‍: അധികാരകൈമാറ്റത്തിന്റെ മണ്ണ്

rajasthan

ഒരുകാര്യത്തില്‍ രാജസ്ഥാനെ കേരളത്തോട് ഉപമിക്കാം. അഞ്ചുവര്‍ഷം വീതം സംസ്ഥാനത്തെ മുഖ്യകക്ഷികള്‍ മാറിമാറി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടും. മുമ്പു കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനിപ്പോള്‍ വസുന്ധരെരാജ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാരാണു ഭരിക്കുന്നത്.
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന സംസ്ഥാനത്ത് 1990-ലാണ് ബി.ജെ.പി. വിജയം രുചിക്കുന്നത്. അതിനുശേഷം ഇങ്ങോട്ടുള്ള 28 വര്‍ഷം ഭരണത്തില്‍ കയറിയും പുറത്തുമായായിരുന്നു ഇരുപാര്‍ട്ടികളുടെയും രാഷ്ട്രീയം.

മറികടക്കേണ്ടത് ഭരണവിരുദ്ധ വികാരം

മറ്റെല്ലാ സംസ്ഥാനങ്ങളിലും ജാതിരാഷ്ട്രീയവും ജനപ്രീതിയുമൊക്കെ കാര്യങ്ങള്‍ തീരുമാനിക്കുമെങ്കില്‍ രാജസ്ഥാനില്‍ ഭരണവിരുദ്ധവികാരമാണു നിര്‍ണായകം. കഴിഞ്ഞതവണ 200 സീറ്റില്‍ 163-ഉം നേടി മൃഗീയഭൂരിപക്ഷത്തോടെയാണു ബി.ജെ.പി. അധികാരത്തിലേറിയത്. 
എന്നാല്‍, അഞ്ചുവര്‍ഷം തികയുമ്പോള്‍ എണ്ണം 160 ആയിരിക്കുന്നു. അതേസമയം, 21 എം.എല്‍.എ.മാരുണ്ടായിരുന്ന കോണ്‍ഗ്രസിനിപ്പോള്‍ 25 ആയി. വസുന്ധരയോടുള്ള ഭിന്നതയും ഭരണത്തിലെ വീഴ്ചകളും പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അലയടിക്കുന്നുണ്ടെന്നു വ്യക്തം.

 ജാതിസമവാക്യങ്ങള്‍ തുടര്‍ക്കഥയാകും

മധ്യപ്രദേശിലേതില്‍നിന്നു സ്ഥിതി അത്ര വ്യത്യസ്തമല്ല രാജസ്ഥാനിലും. ജാതിസമവാക്യങ്ങള്‍ തന്നെയാണ് അവിടെ ജനവിധി തീരുമാനിക്കുന്നത്. ജാട്ട്, രജപുത്ര, ഗുജ്ജാര്‍, മീണ വിഭാഗങ്ങളാണു വിധി തീരുമാനിക്കുന്നതില്‍ നിര്‍ണായകം. ജാട്ടുകള്‍ കോണ്‍ഗ്രസിന്റെയും രജപുത്രര്‍ ബി.ജെ.പി.യുടെയും പരമ്പരാഗത അനുകൂലികളാണ്. എന്നാല്‍, രജപുത്രര്‍ ബി.ജെ.പി.യില്‍ അസ്വസ്ഥരാണ്. ജസ്വന്ത് സിങ്ങിനെ ബി.ജെ.പി. വേണ്ടവിധം പരിഗണിക്കുന്നില്ലെന്നതാണ് അവരുടെ പരാതി.

ഗുജ്ജാര്‍, മീണ വിഭാഗങ്ങള്‍ തമ്മിലുള്ള പോരും വിധിയെ നിര്‍ണയിക്കും. ഗുജ്ജാര്‍ വിഭാഗത്തില്‍നിന്നുള്ള സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലാണു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനിറങ്ങുന്നതെന്നിരിക്കെ മീണ വിഭാഗത്തില്‍നിന്നുള്ള എതിര്‍പ്പുയരുമെന്നുറപ്പ്. ബി.ജെ.പി.യില്‍നിന്ന് അകന്നുനില്‍ക്കുന്ന ഗുജ്ജാര്‍ നേതാവ് കിരോരി സിങ് ബൈന്‍സ്ലയുടെ നിലപാടുകളും ശ്രദ്ധേയമാണ്. ബി.ജെ.പി. വിട്ടുനില്‍ക്കുന്ന ഘനശ്യാം തിവാരിയുടെ നിലപാടുകള്‍ ബ്രാഹ്മണവോട്ടുകളുടെ ഗുണഭോക്താക്കളെ തീരുമാനിക്കും.
 
മാനവേന്ദ്ര സിങ്ങിന്റെ വരവ് തിരിച്ചടിയോ?

ബി.ജെ.പി. നേതാവ് ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്രസിങ്ങിന്റെ വരവ് കോണ്‍ഗ്രസിനു ഗുണത്തോടൊപ്പം തന്നെ ദോഷവും ചെയ്യും. രജപുത്ര വിഭാഗത്തിനിടയില്‍ സ്വാധീനമുള്ള മാനവേന്ദ്രയുടെ വരവ് ജാട്ട് വിഭാഗക്കാരെ ചൊടിപ്പിക്കും. ജാട്ട് വിഭാഗക്കാരുടെ ശത്രുവാണ് മാനവേന്ദ്ര. 
 കോണ്‍ഗ്രസിലെ ജാട്ട് നേതാവായ ഹരീഷ് ചൗധരിയുമായി മാനവേന്ദ്രയ്ക്കു നിലനില്‍ക്കുന്ന വൈരവും അവരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കും.

ഛത്തീസ്ഗഢ്

chhattisgarh

സംസ്ഥാനത്തു നാലാംതവണയും തുടര്‍ച്ചയായ വിജയം നേടാമെന്ന കണക്കുകൂട്ടലിലാണു ബി.ജെ.പി.യിറങ്ങുന്നത്. എന്നാല്‍, ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ 10 സീറ്റുകളുടെ വ്യത്യാസം മാത്രമുള്ളപ്പോള്‍ സംസ്ഥാനത്തു പോരാട്ടം കനക്കുമെന്നുറപ്പ്.

വികസനകാര്‍ഡും അമിത് ഷായും

മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ വികസനകാര്‍ഡാണു ബി.ജെ.പി.യുടെ തുറുപ്പുചീട്ട്. പോരെങ്കില്‍, അടുത്തിടെ സംസ്ഥാനത്തു പര്യടനം നടത്തിയ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ അടിത്തട്ടിലേക്കു നേരിട്ടിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകരെ നേരില്‍ക്കണ്ടത് ഏറെ പ്രയോജനപ്പെടുമെന്ന കണക്കുകൂട്ടലിലുമാണ് ബി.ജെ.പി.

കോണ്‍ഗ്രസിനേറ്റ പ്രഹരങ്ങള്‍

പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് രാംദയാല്‍ ഉയികെ പാര്‍ട്ടിവിട്ട് ബി.ജെ.പി.യിലേക്കു ചേക്കേറിയതാണു വോട്ടെടുപ്പിനു മുമ്പുതന്നെ കോണ്‍ഗ്രസ് നേരിട്ട ആദ്യ തിരിച്ചടി. അടുത്തഅടി മായാവതിയുടെ രൂപത്തിലായിരുന്നു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അജിത് ജോഗിയുടെ പാര്‍ട്ടിയുമായി ബി.എസ്.പി. സഖ്യത്തിലേര്‍പ്പെട്ടുകഴിഞ്ഞു. ജോഗിയെ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസ് കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് അവരെ തഴഞ്ഞ് അദ്ദേഹം മായാവതിയോടൊപ്പം കൂട്ടുകൂടിയത്.

മിസോറാം

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നിലും പോര് ബി.ജെ.പി.യും കോണ്‍ഗ്രസും നേരിട്ടായിരുന്നെങ്കില്‍ മിസോറമില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ബി.ജെ.പി. ക്ക് അവിടെ ഇതുവരെ കാലുറപ്പിക്കാനായിട്ടില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊതുവേ ശക്തരായ പ്രാദേശികപാര്‍ട്ടികളെ ഇവിടെയും കാണാം. രണ്ടുവട്ടം തുടര്‍ച്ചയായി മിസോറം ഭരിച്ച കോണ്‍ഗ്രസിന് ഇവിടെ എതിരാളി മിസോ നാഷണല്‍ ഫ്രണ്ടാണ് (എം.എന്‍.എഫ്.).

39 ശതമാനം വോട്ടും നാല്പതില്‍ 32 സീറ്റും നേടിയാണ് കോണ്‍ഗ്രസ് 2008-ല്‍ ഇവിടെ അധികാരത്തിലേറിയത്. 2013-ല്‍ നില മെച്ചപ്പെടുത്തി 34 സീറ്റും 45 ശതമാനം വോട്ടും നേടി. എം.എന്‍.എഫിനു ലഭിച്ചതാകട്ടെ, അഞ്ചു സീറ്റും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന ഒരു സീറ്റും കോണ്‍ഗ്രസും നേടി.

വിടാതെ ഉള്‍പ്പോര്

മറ്റു കക്ഷികളൊന്നും ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്താതിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസില്‍ പതിവുപോലെ വില്ലനാകുന്നതു വിഭാഗീയത തന്നെയാണ്. വന്‍ കോലാഹലത്തിനുശേഷമായിരുന്നു കോണ്‍ഗ്രസ് കഴിഞ്ഞദിവസം സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടത്. വിജയസാധ്യത കുറഞ്ഞതും പ്രായംചെന്നതുമായ എം.എല്‍.എ.മാര്‍ക്ക് ഒരുവട്ടം കൂടി അവസരം നല്‍കുന്നതിനെ പാര്‍ട്ടി ഉന്നതനേതൃത്വം എതിര്‍ത്തപ്പോള്‍ അതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഭിന്നാഭിപ്രായം ഉയര്‍ന്നു. അതിന്റെ ഭാഗമായായിരുന്നു ആഭ്യന്തരമന്ത്രി ലാല്‍സിര്‍ലിയാനയും മുന്‍മന്ത്രിയും എം.എല്‍.എ.യുമായ ലാല്‍റിന്‍ലിയാന സെയ്ലോയും പാര്‍ട്ടിവിട്ട് എം.എന്‍.എഫിലേക്കു ചേക്കേറിയത്. തൊട്ടുപിറകേ കോണ്‍ഗ്രസ് നേതാവ് ഡോ. ബി.ഡി. ചക്മയും ചില ഗോത്രവിഭാഗം നേതാക്കളും പാര്‍ട്ടിവിട്ടു. ആദ്യരണ്ടുപേരുടെ പോക്ക് എം.എന്‍.എഫിലേക്കായിരുന്നെങ്കില്‍ ഇവര്‍ ബി.ജെ.പി. പാളയത്തിലേക്കാണു ചുവടുവെച്ചത്. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ലയുമായുള്ള തുറന്ന പോരില്‍ ഐസോള്‍ ഫുട്‌ബോള്‍ ക്ലബ്ബ് പ്രസിഡന്റ് റോബര്‍ട്ട് റൊമാവിയ റോയ്‌ട്ടേയും പാര്‍ട്ടിവിട്ട് എം.എന്‍.എഫില്‍ ചേര്‍ന്നിട്ടുണ്ട്.

വെല്ലുവിളി തുടരുന്നു

ഉള്‍പ്പോരിനു പിറകെ ഭരണവിരുദ്ധവികാരവും കോണ്‍ഗ്രസിനു ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നു. അടിസ്ഥാനസൗകര്യവികസനത്തിലും മദ്യനിരോധനത്തിലുമാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏറ്റവുമധികം ഭീഷണി നേരിടുന്നത്. കൂറുമാറ്റക്കാരെക്കൂട്ടി ഇതു ഫലപ്രദമായി ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് എം.എന്‍.എഫ്.

വഴങ്ങാതെ മിസോറം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്തിടെ സൃഷ്ടിച്ച തരംഗത്തില്‍ ബി.ജെ.പി.ക്കുമുന്നില്‍ ഇടതുകോട്ടയായ ത്രിപുരവരെ വീണു. മണിപ്പുരും അരുണാചലും അവര്‍ കീഴടക്കി. മേഘാലയയിലും നാഗാലാന്‍ഡിലും കൂട്ടുകക്ഷി സര്‍ക്കാരുകളുണ്ടാക്കി. എന്നാല്‍, 7.68 ലക്ഷം ജനസംഖ്യയുള്ള മിസോറം മാത്രമാണ് അവര്‍ക്കു വഴങ്ങാതെ നില്‍ക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ വിഭാഗത്തെ വിശ്വാസത്തിലെടുക്കാന്‍ അവര്‍ക്കിതുവരെ ആയിട്ടുമില്ല. വിജയപ്രതീക്ഷയൊന്നും ആലോചനയിലേ കൊണ്ടുവരാന്‍ ബി.ജെ.പി.ക്കാവില്ലെങ്കിലും എം.എന്‍.എഫിനെ കൂട്ടുപിടിച്ചു കോണ്‍ഗ്രസിനെ പിഴുതെറിയുകയായിരുന്നു അവരുടെ ലക്ഷ്യം. ഒറ്റയ്ക്കു തിരഞ്ഞെടുപ്പിനെ നേരിടുമെന്നു പ്രഖ്യാപിച്ചെങ്കിലും ഫലം വന്നശേഷമുള്ള സഖ്യസാധ്യതകള്‍ അവര്‍ തള്ളിക്കളയാത്തത് ഇതു മുന്നില്‍ക്കണ്ടായിരുന്നു. എന്നാല്‍, എം.എന്‍.എഫ്. ഈ സാധ്യത തള്ളിക്കളഞ്ഞത് അവര്‍ക്കു തിരിച്ചടിയായി. ആകെയുള്ള 40 സീറ്റുകളില്‍ 13 എണ്ണത്തില്‍ മാത്രമാണു ബി.ജെ.പി. മത്സരിക്കുന്നത്.

പുതുമുഖ പരീക്ഷണങ്ങള്‍

പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസും പരീക്ഷണാര്‍ഥം എം.എന്‍.എഫും ഒട്ടേറെ പുതുമുഖങ്ങളെയാണു ജനവിധി നേരിടാന്‍ വിന്യസിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് 12 പുതുമുഖങ്ങളെയിറക്കി സിറ്റിങ് എം. എല്‍.എ.മാരുടെ സീറ്റുകളില്‍ മത്സരിപ്പിക്കുമ്പോള്‍, എം.എന്‍.എഫ്. ഇറക്കിയത് 17 പേരെയാണ്.

തെലങ്കാന

തെലങ്കാനയില്‍ ഇത്തവണ എല്ലാം അപ്രതീക്ഷിതമായിരുന്നു. കാലാവധി തികയാന്‍ കാത്തുനില്‍ക്കാതെ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകവഴി തെലങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്.) അധ്യക്ഷന്‍ കെ ചന്ദ്രശേഖര്‍ റാവു എന്ന കെ.സി.ആര്‍. എല്ലാവരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. 
അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനോടൊപ്പം തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പും നടത്തിയാല്‍ തങ്ങള്‍ക്കു തിരിച്ചടി നേരിട്ടേക്കാമെന്നും ബി.ജെ.പി. നേട്ടം കൊയ്‌തേക്കാമെന്നുമുള്ള തിരിച്ചറിവിലായിരുന്നു ആ നീക്കം. അനായാസമായി ഭരണത്തില്‍ തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലായിരുന്നു അത്. എന്നാല്‍, അപ്രതീക്ഷിതമായ മറ്റൊന്നും കൂടി സംഭവിച്ചു.

അപ്രതീക്ഷിത തിരിച്ചടി

പ്രതിപക്ഷത്തെ ഞെട്ടിക്കാന്‍ സഭ പിരിച്ചുവിട്ടെങ്കിലും ശക്തമായി തിരിച്ചടിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. തങ്ങളുടെ പരമ്പരാഗത വൈരികളായ ടി.ഡി.പി.യെ കൂട്ടുപിടിച്ചു കോണ്‍ഗ്രസാണ് തെലങ്കാനയെ ഞെട്ടിച്ചത്. 

ഒപ്പം സി.പി.ഐ.യും തെലങ്കാന ജനസമിതിയും ചേര്‍ന്നപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ആവേശത്തിലേക്കെത്തുകയാണ്. തെലങ്കാന സംസ്ഥാന രൂപവത്കരണത്തെ എതിര്‍ത്ത ടി.ഡി.പി.യെ കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത് എന്നതാണു ടി.ആര്‍.എസിന്റെ മുഖ്യ പ്രചാരണായുധം. 
എന്നാല്‍, കേന്ദ്രസര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ ടി.ആര്‍.എസ്. വിട്ടുനിന്നത്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് അനുകൂലമായി അവര്‍ വോട്ടുചെയ്തത് എന്നിവ ഉയര്‍ത്തിക്കാട്ടി എന്‍.ഡി.എ.യും ടി.ആര്‍.എസും അവിശുദ്ധസഖ്യത്തിലാണെന്നു സ്ഥാപിക്കാനാണ് പ്രതിപക്ഷശ്രമം. 
അതേസമയം, ഒറ്റയ്ക്കു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പി.ക്ക് ഫലം വന്നശേഷം സഖ്യം തീരുമാനിക്കാമെന്ന നിലപാടാണ്. എന്നാല്‍, കെ.സി.ആറിനു പകരം വെയ്ക്കാനൊരു നേതാവില്ലാത്തതു പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതീക്ഷയ്ക്കു മങ്ങലേല്പിക്കുന്നു.

ജനപ്രിയ പദ്ധതികളുമായി ടി.ആര്‍.എസ്

ഭരണത്തില്‍ തുടരാമായിരുന്ന ഒമ്പതുമാസം നഷ്ടപ്പെടുത്തിയെങ്കിലും അടുത്ത അഞ്ചുവര്‍ഷം ലക്ഷ്യംകണ്ട് അവസാനകാലയളവില്‍ കെ.സി.ആര്‍. പ്രഖ്യാപിച്ചതു വന്‍കിട ജനപ്രിയ പദ്ധതികളാണ്.ഈ പദ്ധതികളുടെ പേരില്‍ത്തന്നെയാണ് ടി.ആര്‍.എസ്. വോട്ടുതേടുന്നത്. കാര്‍ഷിക, അടിസ്ഥാന സൗകര്യ മേഖലകളില്‍ കെ.സി.ആര്‍. നടപ്പാക്കിയ വികസനം തന്നെയാണ് അവര്‍ക്ക് മേല്‍ക്കൈ. 

119 സീറ്റില്‍ 90 സീറ്റും നേടി കഴിഞ്ഞതവണ അധികാരത്തിലെത്തിയ ടി.ആര്‍.എസിന് ഇത്തവണയും അപ്രമാദിത്വം തുടരാനായാല്‍ അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മുഖ്യ കക്ഷികളായ ബി.ജെ.പി.യോടും കോണ്‍ഗ്രസിനോടും ശക്തമായിവിലപേശാനാവും.