2035 ആകുന്നതോടെ ചൈനീസ് കറന്‍സി ഡോളറിന് മുന്നിലെത്തുമെന്ന് പ്രവചിച്ചത് സാമ്പത്തികവിദഗ്ധനായ അരവിന്ദ് സുബ്രഹ്‌മണ്യമാണ്. 2049 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും കരുത്തരായ സാമ്പത്തിക ശക്തിയായി ചൈന വളരുമെന്നാണ് ചൈനയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നവരും അഭിപ്രായപ്പെടുന്നത്. ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുക എന്നതിനപ്പുറത്തേക്ക് 'ഒറ്റ രാജ്യം ഒറ്റ ഭരണാധികാരി'എന്നതാണ് ചൈനയുടെ ലക്ഷ്യം. അതിര്‍ത്തികള്‍ വിസ്തൃതമാക്കിക്കൊണ്ടാണ് ആ ലക്ഷ്യത്തിലേക്ക് ചൈന നടന്നടുക്കുന്നത്. ജലം പോലും ആയുധവല്‍ക്കരിച്ചുകൊണ്ടുളള മുന്നേറ്റം. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വേഗത്തിലാണ് ചൈനയില്‍ അണക്കെട്ടുകൾ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.  ബ്രഹ്‌മപുത്ര, മേകോങ് എന്നീ നദികളില്‍ അവര്‍ നിര്‍മിച്ച അണക്കെട്ടുകൾ ഇതിന് ഉദാഹരണമാണ്. ഇന്ത്യയുള്‍പ്പടെയുളള അയല്‍രാജ്യങ്ങളിലേക്കുളള നദികളുടെ ഒഴുക്കിനെ നിയന്ത്രിക്കാന്‍ ഇതിലൂടെ ചൈനയ്ക്ക് നിഷ്പ്രയാസം സാധിക്കും. ജലത്തെ ജിയോപൊളിറ്റിക്‌സിനായി  ഉപയോഗിക്കുന്നുവെന്ന് സാരം. 

ചൈന ജലത്തെ ആയുധവല്‍ക്കരിക്കുന്നുവോ? 

2016-ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം 87,000 ഡാമുകളാണ് ചൈനയിലെ നദികളില്‍ ഉയര്‍ന്നിട്ടുളളത്. ലോകത്തെ നീളമേറിയ നദികളില്‍ ഒന്നായ മേകോങ് നദിയില്‍ മാത്രം ചൈന കെട്ടിയുയര്‍ത്തിയിട്ടുളളത് 11 ഡാമുകളാണ്. പടിഞ്ഞാറന്‍ ചൈനയുടെയും തെക്കുകിഴക്കന്‍ ഏഷ്യയുടെയും ഇടയിലെ പ്രധാന വാണിജ്യമാര്‍ഗമാണ് ചൈനക്കാര്‍ ലാന്‍കാങ് എന്നുവിളിക്കുന്ന മെകോങ്. ദക്ഷിണ കിഴക്കന്‍ ചൈനയില്‍നിന്ന് മ്യാന്‍മര്‍, ലാവോസ്, തായ്‌ലന്‍ഡ്, കംബോഡിയ, വിയറ്റ്‌നാം തുടങ്ങി രാജ്യങ്ങളിലൂടെ ഒഴുകി നീങ്ങുന്ന മെകോങ്ങും മെകോങ്ങിന്റെ പോഷകനദികളും ദക്ഷിണേഷ്യയിലെ ആറു കോടി ആളുകളുടെ ജീവിതമാര്‍ഗമാണ്. വിയോണ്‍ ന്യൂസിന്റെ 2020-ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ നീളമേറിയ നദികളിലൊന്നായ ബ്രഹ്‌മപുത്രയില്‍ മൂന്ന് അണക്കെട്ടുകളാണ് ചൈന പണിതുയര്‍ത്തിയിട്ടുളളത്. 

ചൈനയില്‍നിന്ന് ഉത്ഭവിക്കുന്ന നദികള്‍ ഒഴുകിയെത്തുന്ന പതിനെട്ടോളം രാജ്യങ്ങളുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ രാജ്യങ്ങളെല്ലാം ജലത്തിനായി ആശ്രയിക്കുന്ന നദികളുടെ ഉത്ഭവം ചൈനയാണ്. ചൈനയുടെ ഭൂമിശാസത്രപരമായ ഈ പ്രത്യേകത തന്നെയാണ് ജലത്തെ ആയുധവത്ക്കരിക്കാന്‍ ചൈനയെ പ്രാപ്തമാക്കുന്നതും. ഈ ആനുകൂല്യത്തെ ചൂഷണം ചെയ്ത് ഡാമുകള്‍ നിര്‍മിച്ചുകൊണ്ട്  ഈ നദികള്‍ എങ്ങോട്ട്, എങ്ങനെ, എപ്പോള്‍, എത്രത്തോളം ഒഴുകണമെന്ന് ചൈനക്ക്  തീരുമാനിക്കാം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ വരള്‍ച്ചയുണ്ടാക്കാനും മിന്നല്‍ പ്രളയമുണ്ടാക്കാനും ചൈനയ്ക്ക് നിഷ്പ്രയാസം സാധിക്കും. സ്വതന്ത്രമായി ഒഴുകിയിരുന്ന നദികള്‍ക്ക് അവയുടെ സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെടും. നദിയിലെയും നദിക്കരയിലെയും ആവാസവ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കും. 

അധികാരം ലഭിച്ചാല്‍ അത് കൃത്യമായി എങ്ങനെ വിനിയോഗിക്കണമെന്നറിയുന്നവരാണ് ചൈനക്കാരെന്ന് ആരേയും പഠിപ്പിക്കേണ്ട കാര്യവുമില്ല. 2060 ആകുമ്പോഴേക്കും കാര്‍ബണ്‍ ന്യൂട്രലാകുന്നതിന് വേണ്ടിയാണ് ഈ ഡാമുകളെല്ലാം പണിതുയര്‍ത്തുന്നതെന്ന ചൈനയുടെ വാദത്തെ ചൂണ്ടിക്കാണ്ടി പ്രകൃതിക്ക് ഹാനികരമാകുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് ചൈന മുതിരുമോ എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നിലേക്കായി ചില ഉപഗ്രഹ ചിത്രങ്ങളടക്കം വിയോണ്‍ ന്യൂസ് തെളിവു നിരത്തുന്നുണ്ട്. 2019-ല്‍ മെക്കോങ് വറ്റി വരണ്ടിരുന്നു. ആവശ്യത്തിന് മഴയില്ലെന്ന കാരണമാണ് ഇതിനുകാരണമെന്നാണ് ചൈന വ്യക്തമാക്കിയത്.

മെക്കോങ് വറ്റി വരണ്ടതോടെ നദിയെ കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന തായ്‌ലന്‍ഡിനെ ഇത് പ്രതികൂലമായി ബാധിച്ചു. ലോകത്തെ ഏറ്റവും വലിയ കരിമ്പ് ഉല്പാദക രാജ്യമായ തായ്‌ലന്‍ഡില്‍ ആ വര്‍ഷമുണ്ടായത് ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉല്പാദനമായിരുന്നു. 40 വര്‍ഷത്തിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയും രാജ്യം അഭിമുഖീകരിച്ചു. വിയറ്റ്‌നാമിലെ നെല്‍കൃഷിയെയും വരള്‍ച്ച ബാധിച്ചു. മേക്കോങ് നദിയിലെ വെളളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതിനായി എങ്ങനെയാണ് ചൈന തങ്ങളുടെ ഡാമുകള്‍ സമര്‍ഥമായി ഉപയോഗിക്കുന്നത് എന്നതിന്റെ തെളിവുകള്‍ നല്‍കുന്നതായിരുന്നു ഉപഗ്രഹ ചിത്രങ്ങള്‍. 

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡാമുകള്‍ പണി തീര്‍ക്കുന്നതിനായി വലിയ നിക്ഷേപമാണ് ചൈന നടത്തിയിരിക്കുന്നത്. ഡാമുകള്‍ പണി കഴിക്കുക മാത്രമല്ല ഇന്ത്യ പോലുളള രാജ്യങ്ങളുമായി ജലകരാര്‍ വെക്കാനും ചൈന തയ്യാറായിട്ടില്ല. 

AFP

ഇന്ത്യ ഭയക്കുന്നതിന് പിന്നില്‍ 

തങ്ങളുമായി ഇടഞ്ഞുനില്‍ക്കുന്ന രാജ്യത്തെ തകര്‍ക്കാന്‍ ഡാമുകള്‍ ചൈന ഉപയോഗിക്കുന്നത് പുതിയ സംഭവമല്ല. അതുകൊണ്ടു തന്നെയാണ് ബ്രഹ്‌മപുത്രയില്‍ ചൈന പുതുതായി ഒരു ഡാം കൂടി നിര്‍മിക്കാന്‍ പദ്ധതിയിടുന്നു എന്ന വാര്‍ത്ത ഇന്ത്യയുടെ ഹൃദയമിടിപ്പ് വര്‍ധിക്കുന്നത്. തിബറ്റില്‍നിന്ന് ഉത്ഭവിച്ച് അരുണാചല്‍, അസം, ബംഗ്ലാദേശ് എന്നിവയിലൂടെ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നുചേരുന്ന നദിയാണ് ചൈനയില്‍ യാര്‍ലങ് സാങ്‌പോ എന്നറിയപ്പെടുന്ന ബ്രഹ്‌മപുത്ര. കൃഷിക്കും മത്സ്യബന്ധനത്തിലും ജലഗതാഗതത്തിനും ആശ്രയിക്കുന്നുണ്ട് ബ്രഹ്‌മപുത്രയെ. മെഡോഗ് കൗണ്ടിയിലാണ് ജലവൈദ്യുത പദ്ധതിയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ചൈന ഡാം പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്. 

നദിയില്‍ 2010 മുതല്‍ തന്നെ ചെറിയ ഡാമുകളുടെ നിര്‍മാണം ചൈന ആരംഭിച്ചിരുന്നു. അതില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതായും മൂന്നെണ്ണം നിര്‍മാണത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇവയേക്കാളെല്ലാം വലുതാണ് പുതിയ ഡാം. 60 ജിഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുളള ഈ ഡാം ക്ലീന്‍ എനര്‍ജിയെന്ന ബെയ്ജിങ്ങിന്റെ ലക്ഷ്യത്തെ സാക്ഷാത്ക്കരിക്കാന്‍ സഹായിക്കുമെന്നും ജലസുരക്ഷയ്ക്ക് കരുത്തു പകരുമെന്നുമാണ് പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഓഫ് ചൈനയുടെ ചെയര്‍മാനായ യാന്‍ ഷിയോങ്ങ് പറയുന്നത്. 

ഡാം വന്‍തോതില്‍ എക്കല്‍മണ്ണ് തടയുന്നതിനാല്‍ തന്നെ നദിയൊഴുകിയെത്തുന്ന ഇന്ത്യ പോലുളള ഡൗണ്‍സ്ട്രീം രാജ്യങ്ങളുടെ കൃഷിയെ ഇത് ബാധിക്കും. ഇന്ത്യയിലേക്കുളള നദിയുടെ ജലനിരപ്പില്‍ കാര്യമായ കുറവുണ്ടാകും. വേനല്‍ക്കാലത്ത്, സ്വാഭാവികമായും ജലക്ഷാമം ഇന്ത്യ നേരിടേണ്ടി വരും. അതേസമയം, മണ്‍സൂണില്‍ തുറന്നു വിടുന്ന ജലത്തിന്റെ അളവ് സംബന്ധിച്ചും ഇന്ത്യക്ക് ആശങ്കയുണ്ട്. മണ്‍സൂണ്‍ കാലങ്ങളില്‍ അസം പോലുളള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രളയം അഭിമുഖീകരിക്കാറുളളതാണ്.

ചൈന തുറന്നുവിടുന്ന വെളളത്തിന്റെ അളവ് കൂട്ടുകയാണെങ്കില്‍ സാഹചര്യം കുറേക്കൂടി മോശമാകും. ഹൈഡ്രോളജിക്കല്‍ ഡേറ്റ കൈമാറ്റം സംബന്ധിച്ച് ചൈനയുമായി ഇന്ത്യ കരാറിലേര്‍പ്പെട്ടിട്ടുളളതാണ്. മെയ് -ഒക്ടോബര്‍ കാലഘട്ടത്തിലെ  ഹൈഡ്രോളജിക്കല്‍ ഡേറ്റയാണ് കൈമാറാറുളളത്. ഡൗണ്‍സ്ട്രീം പ്രദേശങ്ങള്‍ക്ക് വെളളപ്പൊക്ക സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഈ ഡേറ്റ കൈമാറ്റത്തിലൂടെ സാധിക്കും. എന്നാല്‍ 2017-ൽ ഡോക് ലം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് തങ്ങളുടെ ഡാമില്‍ നിന്നുളള നീരൊഴുക്ക് സംബന്ധിച്ച ഡേറ്റ ഇന്ത്യക്ക് കൈമാറാന്‍ ചൈന വിസമ്മതിച്ചിരുന്നു. 2018-ല്‍ ഇത് പുനഃസ്ഥാപിച്ചെങ്കിലും ഭാവിയിലും ചൈന ഡേറ്റ കൈമാറാതിരുന്നേക്കാമെന്ന് ഇന്ത്യ ആശങ്കപ്പെടുന്നുണ്ട്. ഡേറ്റ ലഭിക്കാതെ വന്നാല്‍ ചൈനയുടെ ഭാഗത്തുളള നദികളിലെ ജലനിരപ്പ് കണക്കാക്കാന്‍ ഇന്ത്യക്ക് സാധിക്കില്ല. ഇന്ത്യയിലേക്കുളള നദികളില്‍ നിര്‍മിച്ചിരിക്കുന്ന ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടാല്‍ രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ വെളളത്തിനടിയിലാകും. 

അപ്പർ നദീതടത്തിലെ പ്രദേശങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഒരിക്കലും നദിയുടെ കീഴ്ഭാഗത്തുള്ള പ്രദേശങ്ങളെ ബുദ്ധിമുട്ടിക്കുന്നതാകരുതെന്ന് ഇന്ത്യ ചൈനയോട് അഭ്യര്‍ഥിച്ചിട്ടുളളതാണ്.  മുന്‍കരുതലായി പ്രതിരോധമെന്നോണം 10 ജിഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി അരുണാചല്‍ പ്രദേശിലെ ദിബാങ് താഴ്‌വരയില്‍  നിര്‍മിക്കുന്നത്‌ സംബന്ധിച്ചുളള ആലോചനയിലാണ് ഇന്ത്യ. 

2000-ത്തിലെ വേള്‍ഡ് കമ്മിഷന്‍ ഓണ്‍ ഡാം റിപ്പോര്‍ട്ട് പ്രകാരം 15 മീറ്ററില്‍ ഉയരമുളള 22,104 ഡാമുകളാണ് ചൈനയിലുളളത്. ലോകത്തെ ആകെയുളള വലിയ ഡാമുകളില്‍ 20 ശതമാനവും ചൈനയിലാണ്. 2013-ല്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം നൂറോളം അണക്കെട്ടുകളാണ് നിര്‍മാണത്തിന്റെ പലഘട്ടങ്ങളിലായി യാങ്‌സീ നദിയിലുണ്ടായിരുന്നത്. 

ത്രീ ഗോര്‍ജസ് ചൈനയുടെ സ്വപ്‌നവും അഹങ്കാരവും 

Three Gorges Dam

ചൈനയുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായാണ് യാങ്‌സീ നദിയില്‍ ത്രീ ഗോര്‍ജസ് ഡാം ഉയര്‍ന്നത്. 40 നിലകളുടെ ഉയരമുളള അണക്കെട്ട് എന്‍ജിനീയറിങ്ങ് അത്ഭുതങ്ങളിലൊന്നായും സഫലമായ രാഷ്ട്രീയ സ്വപ്‌നമായുമാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറുളളത്. പതിനായിരക്കണക്കിന് ആളുകളുടെ പത്തു വര്‍ഷത്തിലേറെ നീണ്ടുനിന്ന കഠിനാധ്വാനത്തിന്റെ ഫലമാണ് ഡാം. നാല്‍പത് ബില്യണ്‍ ഡോളറാണ് ഡാം നിര്‍മാണത്തിനായി ചൈന ചെലവഴിച്ചത്. വെളളപ്പൊക്ക നിയന്ത്രണത്തിനെന്ന് അവകാശപ്പെട്ട് ചൈന നിര്‍മിച്ച ഈ അണക്കെട്ടില്‍നിന്ന് ഉല്പാദിപ്പിക്കുന്നത് 11 ന്യൂക്ലിയര്‍ പവര്‍‌സ്റ്റേഷനുകളില്‍ ഉല്പാദിപ്പിക്കുന്നത്രയും വൈദ്യുതിയാണ്. 

പക്ഷേ, ഈ വിജയങ്ങള്‍ക്കൊപ്പം ചൈന സൗകര്യപൂര്‍വം ഓര്‍ക്കാനാഗ്രഹിക്കാത്ത ചിലതു കൂടിയുണ്ട്. ത്രീ ഗോര്‍ജസ് പ്രകൃതിക്കും മനുഷ്യനും ഏല്‍പിച്ച ആഘാതങ്ങള്‍. ഡാമുണ്ടാക്കിയ 600 കിലോ മീറ്റര്‍ നീളമേറിയ തടാകം നിരവധി ഗ്രാമങ്ങളെയും ചെറുപട്ടണങ്ങളെയും നഗരങ്ങളെയും വിഴുങ്ങി. പത്തു ലക്ഷത്തോളം  ആളുകള്‍ക്ക് താമസം മാറേണ്ടി വന്നു. അവിടെ ജനങ്ങളുടെ ഉപരോധമോ പ്രതിഷേധമോ ചര്‍ച്ചകളോ ഉണ്ടായില്ല, ഉത്തരവുകള്‍ അനുസരിക്കുക മാത്രമായിരുന്നു അവര്‍ക്ക് മുന്നിലുണ്ടായ ഏകമാര്‍ഗം. അവരില്‍ ചിലര്‍ രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി തങ്ങള്‍ ചെയ്ത ത്യാഗത്തില്‍ അഭിമാനിക്കുന്നു, ഭൂരിപക്ഷം കഷ്ടനഷ്ടങ്ങളില്‍ വേദനിക്കുന്നു. രാജ്യത്തിന്റെ സമുന്നതിയില്‍ സന്തോഷിക്കുമ്പോഴും സ്വന്തം ജീവിതം ഇരുളടഞ്ഞതില്‍ പരിതപിക്കുന്നവരുമേറെ. മാറിത്താമസിക്കേണ്ടി വന്നവരില്‍ നഷ്ടപരിഹാരമായി മാസം ഏഴു ഡോളറില്‍ താഴെ പണം ലഭിക്കുന്നവരുണ്ടെന്ന് സയന്റിഫിക് അമേരിക്കന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഷ്ടപരിഹാരം ചോദിച്ച് അധികൃതരെ സമീപിച്ച ഒരു പൗരനേറ്റ മര്‍ദനത്തെ കുറിച്ച് ബി.ബി.സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ചൈനയുടെ ഏറ്റവും വലിയ പാരിസ്ഥിതിക ദുഃസ്വപ്‌നമായി ത്രീ ഗോര്‍ജസ് മാറുമെന്ന ശാസ്ത്രഞ്ജരുടെയും പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തകരുടെയും മുന്നറിയിപ്പുകളെ ചൈനീസ് സര്‍ക്കാര്‍ തൃണവല്‍ഗണിച്ചു. എന്നാല്‍, ഡാം നിര്‍മാണം ആരംഭിച്ച് ഒമ്പതു വര്‍ഷം പിന്നിട്ട 2009-ലാണ് പ്രകൃതി തിരിച്ചടിക്കുന്നതിന്റെ ആദ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ചൈന യാങ്‌സീ ത്രീ ഗോര്‍ജസ് വികസന കോര്‍പറേഷന്‍ റിസവര്‍വോയറില്‍ 445 അടി ജലം നിറച്ചു. അതിന്റെ ഫലം 660 കിലോ മീറ്റര്‍ നീളവും 3600 അടി വീതിയുമുളള ഒരു തടാകം. ഒരു മാസം കൂടി പിന്നിട്ടപ്പോള്‍ മറ്റൊന്നു കൂടി സംഭവിച്ചു. ക്വിന്‍ഗന്‍ നദിയിലേക്ക് വലിയ പാറക്കൂട്ടങ്ങള്‍ ഇളകിവീണു. അതൊരു തുടക്കമായിരുന്നു. പിന്നീട് നിരവധി സമാനസംഭവങ്ങള്‍ ഈ പ്രദേശത്തുണ്ടായി. റിസര്‍വോയറില്‍ വെളളം നിറച്ചതാണ് ഈ ഉരുള്‍പൊട്ടലുകളുടെ കാരണമെന്ന് ജിയോളജിക്കല്‍ എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് എകസ്‌പ്ലോയിറ്റേഷന്‍ ഓഫ് മിനറല്‍ റിസോഴ്‌സസിലെ ജിയോളജിസ്റ്റായ ഫാന്‍ ഷിയാവോ അഭിപ്രായപ്പെട്ടിരുന്നു. 

ഡാമുകളും പാരിസ്ഥിതികാഘാതങ്ങളും

ഡാമുകള്‍ മലിനീകരണം കുറയ്ക്കും വരള്‍ച്ചയെയും പ്രളയത്തെയും നിയന്ത്രിക്കും മനുഷജീവിതം മെച്ചപ്പെടുത്തും. ഡാമുകള്‍ ഉയരുന്നതിന് ചൈന നിരത്തുന്ന വാദങ്ങള്‍ ഇതെല്ലാമാണ്. എന്നാല്‍, പുഴയുടെ സ്വാഭാവിക ഗതിയെ തടഞ്ഞുകൊണ്ട് ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ ഉയര്‍ത്തുകയും പരിസ്ഥിതിയെ താറുമാറാക്കുകയുമാണ് ചൈന ചെയ്യുന്നത്. ഒപ്പം സാമ്പത്തികനേട്ടങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ ജനതയുടെ ജീവിതം ദുസ്സഹമാക്കുകയും. 

2001-ലാണ് മിന്‍ നദിയില്‍ സിപിങ്ഗ്പു അണക്കെട്ട് ഉയരുന്നത്. ഒരു പ്രകൃതിദുരന്തത്തിനുളള പരോക്ഷസാധ്യതകളെ കുറിച്ച് അന്നേ ഭൂകമ്പശാസ്ത്രജ്ഞര്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, അധികൃതര്‍ അത് ചെവികൊണ്ടില്ല. എന്നാൽ മെയ് 2008-ല്‍ ഭൂകമ്പമാപിനിയില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാകുകയും 80,000 പേര്‍ അതില്‍ മരണപ്പെടുകയും ചെയ്തു. അന്നുമുതല്‍ നടത്തിയ അമ്പതോളം പഠനങ്ങളിലും റിസര്‍വോയര്‍ ചെറിയ ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നതിന് തെളിവുകള്‍ കണ്ടെത്തിയിരുന്നു. കനേഡിയന്‍ എന്‍.ജി.ഒ. ആയ പ്രോബ് ഇന്റര്‍നാഷണല്‍ 2012 ഏപ്രിലില്‍ ചൈനയിലെ പുതിയ ഡാമുകളില്‍ പകുതിയോളവും ഉയര്‍ന്ന, വളരെ ഉയര്‍ന്ന ഭൂകമ്പ സാധ്യതാമേഖലകളിലാണെന്നും ബാക്കിയുളളവ മിതമായ ഭൂചലന സാധ്യതകളുളളയിടത്താണെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റുകളെ അപേക്ഷിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ കുറവാണെന്നതാണ് ജലവൈദ്യുതപദ്ധതി ഡാമുകളുടെ മെച്ചമെന്നാണ് ചൈനയുടെ മറ്റൊരുവാദം. എന്നാല്‍, വസ്തുതാപരമായി അതും തെറ്റാണ്. കാരണം റിസര്‍വോയറിലെ ജലത്തിനടിയിലായ മരങ്ങളും മറ്റുസസ്യജാലങ്ങളും ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നുണ്ട്.  ഡാം എവിടെയാണോ പണിതുയര്‍ത്തിയിരിക്കുന്നത് അവിടുത്തെ കാലാവസ്ഥ, എത്രത്തോളം സസ്യജാലങ്ങളാണ് വെള്ളത്തിനടിയിലായത്, അവ ഏതൊക്കെ, റിസര്‍വോയറിന്റെ ആഴവും പ്രായവും എല്ലാം അനുസരിച്ചിരിക്കും ഓരോ ഡാമില്‍നിന്നും ഇപ്രകാരമുളള പുറന്തളളല്‍. മിതോഷ്ണ മേഖലയിലുളള ഡാമുകളാണെങ്കില്‍ അതിന്റെ ആയുസ്സില്‍ അത് പുറന്തളളപ്പെടുന്നത് ഒരു പ്രകൃതിവാതക പ്ലാന്റിന്റെ ഏകദേശം മൂന്നിലൊന്ന് മുതല്‍ മൂന്നില്‍ രണ്ട് വരെ ആയിരിക്കും. എന്നാല്‍, ഇടതൂര്‍ന്ന വനപ്രദേശങ്ങളില്‍, ചൈനയുടെ തെക്കു പടിഞ്ഞാറ് ഭാഗങ്ങളിലുളള ഡാമുകളില്‍ നിന്നുളള പുറന്തളളല്‍ ഇതിനേക്കാള്‍ ഉയര്‍ന്നതായിരിക്കും.

ഡാം വെള്ളപ്പൊക്കത്തെയും വരള്‍ച്ചയെയും തടയുമെന്നുളള ചൈനീസ് വാദവും തെറ്റാണ്. വെള്ളം റിസര്‍വോയറില്‍ സംഭരിക്കപ്പെടുകയും വേനല്‍ക്കാലത്ത് തുറന്നുവിടുകയും ചെയ്യുമ്പോള്‍ നദികളുടെ സ്വാഭാവികമായ ഒഴുക്കിനെ ഇത് ബാധിക്കുന്നുണ്ട്. ത്രീ ഗോര്‍ജസ് ഡാം പൂര്‍ത്തിയായതോടെ യാങ്‌സി തടാകത്തില്‍നിന്നു വെളളമെത്തിയിരുന്ന ഹുനാനിലെ ഡോങ്ടിങ് തടാകം, ജിയാങ്ക്‌സിയിലെ പൊയാങ് തടാകം എന്നിവ ചുരുങ്ങിയിരുന്നു. നിരവധി ചെറുതടാകങ്ങളാണ് അപ്രത്യക്ഷമായത്. ചെടികളും സസ്യജാലങ്ങളും നശിക്കുന്നു, മത്സ്യങ്ങളുടെ സഞ്ചാരഗതി തടസ്സപ്പെടുത്തുന്നു, അവയുടെ പ്രത്യുല്പാദനത്തെ ബാധിക്കുന്നു, പല ജീവജാലങ്ങളുടെയും വംശനാശത്തിന് പോലും കാരണമാകുന്നു. ഡാമുകള്‍ ഏല്‍പ്പിക്കുന്ന പാരിസ്ഥിതികാഘാതങ്ങള്‍ ചെറുതല്ല. ഡാമുകളും മലിനമാക്കപ്പെടുന്നുണ്ട്. ഫാക്ടറികളില്‍നിന്ന് പുറന്തളളപ്പെടുന്ന കെമിക്കലുകളും മററും നദികളിലൂടെ ഒഴുകി റിസര്‍വോയറില്‍ സംഭരിക്കപ്പെടുകയാണ്. 

1975-ലെ ബാന്‍ക്യാവോ ദുരന്തം 

ചരിത്രം കണ്ട ഏറ്റവും വലിയ ഡാം ദുരന്തമായിരുന്നു  ബാന്‍ക്യാവോവിലെ ഡാം അപകടം. 1975 ഓഗസ്റ്റ് മാസത്തിലണ്ടായ ടൈഫൂണ്‍ നീനയെ തുടര്‍ന്നുണ്ടായ കനത്ത മഴയിലായിരുന്നു അപകടം. ബാന്‍ക്യാവോ അടക്കം 62 ഡാമുകള്‍ തകര്‍ന്നു. ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും മാരകമായ പ്രളയത്തിനും ചൈന സാക്ഷ്യം വഹിച്ചു. 

കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്തതോടെ ഓഗസ്റ്റ് ആറിനുതന്നെ ഡാം തുറക്കുന്നതിന് അപേക്ഷിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു. ഡാമിന് സമീപമുളള പ്രദേശങ്ങളില്‍ വെളളം പൊങ്ങിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പക്ഷേ മഴ കനത്തതോടെ ഓഗസ്റ്റ് ഏഴിന് ഡാം തുറക്കാന്‍ അനുമതി നല്‍കി. എന്നാല്‍, ടെലഗ്രാം എത്തിക്കുന്നതിനായി സാധിച്ചില്ല. ഓഗസ്റ്റ് എട്ടിനാണ് ഡാം തകരുന്നത്. 85,600 മുതല്‍ 2,40,000 പേര്‍ വരെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടെങ്കിലും ഔദ്യോഗിക രേഖകളില്‍ ഇത് 26,000 മാത്രമാണ്.

ഡാം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചും ആളപായത്തെ കുറിച്ചും 1990 വരെ ചൈന മൗനം പാലിക്കുകയാണ് ചെയ്തത്. ഡാം തകര്‍ന്നതിനെ തുടര്‍ന്ന് ചൈന നേരിട്ട വെല്ലുവിളികളെ കുറിച്ച് ലോകമറിയുന്നത് അന്ന് ചൈനയുടെ ജലവിഭവ വകുപ്പുമന്ത്രിയായിരുന്ന ക്വിയാന്‍ ഷെന്‍ഗ്വിയിങ് എഴുതിയ 'ദ ഗ്രേറ്റ് ഫ്‌ളഡ്‌സ് ഇന്‍ ചൈനാസ് ഹിസ്റ്ററി' എന്ന പുസ്തകം പുറത്തുവന്നതോടെയാണ്. ഡാം തകര്‍ച്ചയെ തുടര്‍ന്നുണ്ടായ പകര്‍ച്ചവ്യാധികളും ക്ഷാമവും മൂലം 14,500 പേര്‍ മരണപ്പെട്ടതായും രേഖകളുണ്ട്. 

ഇതോടെ ചൈനീസ് സര്‍ക്കാരിനെതിരേ രൂക്ഷമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നു. നിലവാരമില്ലാത്ത നിര്‍മാണത്തിന് ആക്ഷേപങ്ങളേറ്റു വാങ്ങിയ അതേ ചൈനയാണ് പിന്നീട് ഡാമുകളുടെ രാജ്യമായി മാറിയതും ത്രീ ഗോര്‍ജ്‌സ് പോലൊരു വമ്പന്‍ ഡാം പണികഴിപ്പിച്ചതും ജലയുദ്ധത്തിനായി തയ്യാറെടുക്കുകയാണോ എന്ന് ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുകയും ചെയ്തിരിക്കുന്നത്. 


Reference  

  • https://www.thehindu.com/children/why-is-chinas-new-dam-a-concern-for-india/article33707992.ece
  •  https://www.wionews.com/world/water-wars-how-china-weaponises-rivers-314975
  • https://www.bbc.com/future/article/20151014-the-chinese-are-obsessed-with-building-giant-dams
  •  https://e360.yale.edu/features/chinas_great_dam_boom_an_assault_on_its_river_systems

Content Highlights: World's most dammed country; Dams in China