ചില മന്ത്രവാദികളുണ്ട്-മനുഷ്യനെ ബാധിച്ചെന്നുപറയുന്ന ഭൂത-പ്രേത-പിശാചുക്കളെ ആവാഹിച്ച് വേറെയെവിടെയെങ്കിലും കുടിയിരുത്തും എന്നാണ് അവരുടെ അവകാശവാദം. ബാങ്കുകളുടെ കിട്ടാക്കടബാധ ഒഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുപോലൊരു മന്ത്രവാദത്തിലാണ്. കോവിഡ്കാലത്തെ നിഷ്‌ക്രിയ ആസ്തികള്‍കൂടി കണക്കില്‍ ചേരുമ്പോള്‍ ഈ വര്‍ഷം അവസാനം ബാങ്കുകളുടെ കിട്ടാക്കടം വായ്പയുടെ 15 ശതമാനംവരും എന്നാണ് ഔദ്യോഗികവിലയിരുത്തല്‍. ബാങ്കുകള്‍ വേഗം ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ കോവിഡില്‍നിന്നുള്ള സമ്പദ്ഘടനയുടെ കരകയറ്റം കുഴപ്പത്തിലാകും. അതുകൊണ്ട് അറ്റകൈയായി മന്ത്രവാദത്തെത്തന്നെ ആശ്രയിക്കുകയാണ്. ഒരു പുതിയ ബാങ്ക് രൂപവത്കരിക്കുക. അതിലേക്ക് എല്ലാ ബാങ്കുകളുടെയും കിട്ടാക്കടങ്ങള്‍ മാറ്റുക. കിട്ടാക്കടബാധ മുഴുവന്‍ ആവാഹിച്ച് പുതിയ ബാങ്കില്‍ കുടിയിരുത്തുക. അങ്ങനെ ഒരു ചീത്ത ബാങ്കും ബാക്കി നല്ല ബാങ്കുകളുമാകും.

കിട്ടാക്കടം എത്ര?

2012-'13 മുതല്‍ 2020-'21 വരെയുള്ള കാലയളവില്‍ ബാങ്കുകള്‍ 10.3 ലക്ഷം കോടി രൂപയുടെ കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളിയിട്ടുണ്ട്. ഇത്രയും കിട്ടാക്കടം അക്കൗണ്ടില്‍നിന്ന് മാറ്റിയിട്ടും 2020-'21-ലെ കണക്കുപ്രകാരം 5.8 ലക്ഷംകോടിരൂപ കിട്ടാക്കടമായി അവശേഷിക്കുന്നു. അഥവാ 2012-'13 മുതല്‍ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 16 ലക്ഷം കോടി രൂപവരും. ഇതൊരു ഞെട്ടിപ്പിക്കുന്ന തുകതന്നെയാണ്.

നിഷ്‌ക്രിയാസ്തികള്‍ 2008-'09-ല്‍ രണ്ടുശതമാനം മാത്രമായിരുന്നു. 2017-'18-ല്‍ അത് 14.6 ശതമാനമായി വര്‍ധിച്ചു. കടം എഴുതിത്തള്ളി ഈ തോത് കുറച്ചുകൊണ്ടുവന്നതാണ്. എന്നാല്‍, കോവിഡ് സ്ഥിതി വീണ്ടും അപകടത്തിലാക്കി.

കൊള്ളക്കാര്‍ ആര്?

ആരാണ് ഈ കിട്ടാക്കടങ്ങള്‍ എടുത്തിട്ടുള്ളത്? ഇവരുടെ ആരുടെയും പേര് വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. എങ്കിലും 2016-ല്‍ ലോക്സഭയിലെ ഒരു ചോദ്യത്തിനുനല്‍കിയ ഉത്തരംപ്രകാരം ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ 58 ശതമാനം വായ്പകളും അഞ്ചുകോടിയെക്കാള്‍ വലിയ വായ്പകളുള്ള വന്‍കിടക്കാരാണ്. കിട്ടാക്കടത്തിന്റെ 86.4 ശതമാനവും ഇത്തരക്കാരുടേതാണ്. കാര്‍ഷികകടമടക്കം ചില്ലറ വായ്പകള്‍ മുഴുവനെടുത്താലും 10 ശതമാനത്തിലേറെ വരില്ലെന്ന് ചുരുക്കം.

ലോക്സഭാചോദ്യത്തില്‍നിന്നുള്ള മറ്റൊരു കണക്ക് ഇതാ: ഇന്ത്യയിലെ ഏറ്റവും വലിയ 100 വായ്പക്കാരുടെ ബാധ്യതയില്‍ 2015 ആദ്യം 3.4 ശതമാനമായിരുന്നു കിട്ടാക്കടം. 2016 മാര്‍ച്ചില്‍ വായ്പകള്‍ റീക്ലാസിഫൈ ചെയ്തപ്പോള്‍ അവരുടെ കിട്ടാക്കടം 22.33 ശതമാനമായി ഉയര്‍ന്നു. ഇത് കോര്‍പ്പറേറ്റ് കൊള്ളയാണ്. നീരവ് മോദിമാരെ ഓര്‍ക്കുക.

മൂലധനശോഷണം

കിട്ടാക്കടത്തില്‍നിന്ന് രക്ഷനേടാന്‍ ഒറ്റമാര്‍ഗമേയുള്ളൂ-കടം എഴുതിത്തള്ളുക. ഇതിന് ബാങ്കിന്റെ ലാഭത്തില്‍നിന്ന് നഷ്ടപരിഹാരത്തുക വകയിരുത്തേണ്ടിവരും. അതിനുള്ള ലാഭമില്ലെങ്കില്‍ ബാങ്കിന്റെ മൂലധനത്തില്‍നിന്ന് വകയിരുത്തേണ്ടിവരും.

ഇതുമൂലം പലവര്‍ഷവും ബാങ്കുകള്‍ മൊത്തത്തില്‍ നഷ്ടത്തിലാണ്. ബാങ്കുകളുടെ മൂലധനവും കുറഞ്ഞു. ബാങ്കുകളുടെ നിഷ്‌ക്രിയാസ്തികള്‍ ബാങ്കിന്റെ മൊത്തം ആസ്തികളുടെയും വായ്പകളുടെയും എത്രയാകാമെന്നതുസംബന്ധിച്ച ബേസില്‍ കരാറില്‍ ഇന്ത്യയും ഒപ്പുെവച്ചിട്ടുണ്ട്. ആസ്തികളുടെ 10.5 ശതമാനം ഓഹരി മൂലധനമായി വേണമെന്നാണ് വ്യവസ്ഥ. ഇന്ത്യയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒമ്പതുശതമാനമാണ് നാം അംഗീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇന്ത്യന്‍ ബാങ്കുകളുടെ മൂലധനം 11 ശതമാനംവരും.

പക്ഷേ, ഇത് 2012-'13നും 2020-'21നും ഇടയ്ക്ക് 3.69 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന്റെ ഖജനാവില്‍നിന്ന് ബാങ്കുകള്‍ക്ക് സഹായധനമായി വാങ്ങിയശേഷമാണ്. ഇതിനെയാണ് റീകാപ്പിറ്റലൈസേഷന്‍ എന്നുപറയുന്നത്.

സര്‍ഫാസി നിയമം

നിഷ്‌ക്രിയാസ്തികളില്‍നിന്ന് പരമാവധി തുക ഈടാക്കി ബാങ്കുകള്‍ക്ക് ലഭ്യമാക്കാന്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. 2002-ല്‍ സര്‍ഫാസിനിയമം പാസാക്കി. ഈ നിയമത്തിനുകീഴില്‍ ബാങ്കുകളുടെ കിട്ടാക്കടമായിട്ടുള്ള കമ്പനികളോ ആസ്തികളോ ഏറ്റെടുത്ത് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികളെ (എ.ആര്‍.സി.) ഏല്‍പ്പിക്കുന്നതിന് ബാങ്കുകള്‍ക്ക് അവകാശംനല്‍കി. ഇപ്പോള്‍ ഇത്തരം 28 എ.ആര്‍.സി.കളുണ്ട്. കിട്ടാക്കടത്തിന്റെ വലുപ്പമനുസരിച്ച് എ.ആര്‍.സി.കള്‍ക്ക് ഫീസ് ലഭിക്കും.

ഇതുപോലെ പീഡിതകമ്പനികളെ പൂട്ടുന്നതിനുള്ള നടപടി ലഘൂകരിക്കുന്നതിന് ഇന്‍സോള്‍വന്‍സി & ബാങ്ക്‌റപ്റ്റ്‌സി കോഡ് (പുതിയ പാപ്പര്‍ നിയമം) പാസാക്കിയിട്ടുണ്ട്. ഡെറ്റ് ട്രിബ്യൂണലുകള്‍ക്കും (ലോക് അദാലത്ത്) രൂപംനല്‍കിയിട്ടുണ്ട്.

പിരിച്ചെടുത്ത കിട്ടാക്കടം

ഇവയുടെയൊന്നും പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ല. എന്നാല്‍, ഇത്തരത്തില്‍ വളരെ ചെറിയ തുകയേ പിരിഞ്ഞുകിട്ടുന്നുള്ളൂ. 2012-13നും 2016-'17നും ഇടയ്ക്ക് ഈ മൂന്നുസംവിധാനങ്ങള്‍ (സര്‍ഫാസി, ട്രിബ്യൂണല്‍, ലോക് അദാലത്ത്) വഴി പിരിക്കാന്‍ 10.35 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് ഏല്‍പ്പിച്ചത്. എന്നാല്‍, പിരിക്കാന്‍ കഴിഞ്ഞത് കേവലം 1.36 ലക്ഷം കോടി രൂപമാത്രമാണ്. മൊത്തം കിട്ടാക്കടത്തിന്റെ 13 ശതമാനം. ഇങ്ങനെ പിരിക്കുന്ന തുകയുടെ തോതും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2012-'13ല്‍ 22 ശതമാനം പിരിക്കാന്‍ കഴിഞ്ഞെങ്കില്‍ 2016-'17ല്‍ ഇത് 10 ശതമാനമായി താഴ്ന്നു.

പുതിയ ചീത്തബാങ്ക്

ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കിട്ടാക്കടത്തിനുവേണ്ടി പുതിയൊരു കമ്പനിയെക്കുറിച്ച് ആലോചിക്കുന്നത്. 'നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ്' എന്നാണ് പുതിയ ബാങ്കിന്റെ പേര്. 500 കോടിയില്‍ക്കൂടുതല്‍ വരുന്ന കിട്ടാക്കടവായ്പകളേ പുതിയ ബാങ്ക് ഏറ്റെടുക്കൂ. ലീഡ് ബാങ്കുകളുമായി ചര്‍ച്ചചെയ്ത് ഇത്തരം വായ്പകള്‍ എത്ര താഴ്ന്നവിലയ്ക്ക് ഏറ്റെടുക്കുമെന്ന് തീരുമാനിക്കും. ഇങ്ങനെ വായ്പയുടെ മൂല്യം കുറയ്ക്കുന്നതിന് ഹെയര്‍കട്ട് അഥവാ തലമുടിവെട്ട് എന്നാണുവിളിക്കുന്നത്. ഈ വിലയുടെ 15 ശതമാനം പണമായി നല്‍കും. ബാക്കി സെക്യൂരിറ്റി റെസീപ്റ്റ് അല്ലെങ്കില്‍ ബോണ്ടുകളായി നല്‍കും.

പുതിയ ബാങ്കിന് നല്‍കുന്ന 30,600 കോടി രൂപ സര്‍ക്കാര്‍ ഗാരന്റി നല്‍കുന്നുണ്ട്. ഈ ഗാരന്റിയില്‍ ബാങ്കുകള്‍ക്ക് തത്കാലം കാശിനുപകരം ബോണ്ട് അല്ലെങ്കില്‍ റസീപ്റ്റ് നല്‍കും. ബാങ്കുകള്‍ക്ക് കണക്കുപ്രകാരം കാശുകിട്ടുകയും ചെയ്യും ഖജനാവില്‍നിന്ന് ഒന്നും കൊടുക്കുകയുംവേണ്ടാ. ബാങ്കുകളുടെ ബാലന്‍സ്ഷീറ്റ് മിനുസപ്പെടും.

സ്വകാര്യവത്കരണ അജന്‍ഡ

ബാങ്കുകളുടെ ഓഹരികളില്‍ ഒരുഭാഗം വില്‍ക്കുന്നതിനും രണ്ടുബാങ്കുകള്‍ പൂര്‍ണമായും സ്വകാര്യവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇങ്ങനെ ബാങ്കുകളെ വില്‍ക്കുമ്പോള്‍ വാങ്ങാന്‍ മുതലാളിമാര്‍ തയ്യാറാ?േകണ്ടേ? കിട്ടാക്കടം ഇല്ലാതാക്കിയാലേ വില്‍പ്പനനടക്കൂ. ഇതിനുള്ള മാര്‍ഗമായി കണ്ടിരിക്കുന്നത് ഒരു ചീത്തബാങ്ക് (ബാഡ് ബാങ്ക്) ഉണ്ടാക്കാനാണ്.

പുതിയ ബാങ്ക് നിഷ്‌ക്രിയാസ്തികളെ എന്തുചെയ്യും? ഇത്തരം കമ്പനികള്‍ പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടി ഇന്ത്യ ഡെറ്റ് റെസല്യൂഷന്‍ കമ്പനി എന്നൊരു മാനേജ്‌മെന്റ് സ്ഥാപനത്തിന് രൂപംനല്‍കുന്നുണ്ട്. ഈ കമ്പനികളുടെ 49 ശതമാനം ഓഹരി പൊതുമേഖലാബാങ്കുകള്‍ക്കുതന്നെയായിരിക്കും. ഏറ്റവും മികച്ച മാനേജ്‌മെന്റ് വിദഗ്ധരായിരിക്കും ഈ കമ്പനിയെ പ്രവര്‍ത്തിപ്പിക്കുക. ഏറ്റെടുക്കുന്ന പീഡിതകമ്പനികളെ പുനഃസംഘടിപ്പിച്ച് മറിച്ചുവിറ്റ് പണം അസറ്റ് കമ്പനിക്ക് നല്‍കും. ഇതാണ് പരിപാടി.

ഇത് വലിയൊരു തമാശയാണ്. പൊതുമേഖലാ കമ്പനികള്‍ കാര്യക്ഷമമല്ലെന്ന പേരുപറഞ്ഞാണല്ലോ അവയെ സ്വകാര്യവത്കരിക്കുന്നത്; കോര്‍പ്പറേറ്റുകളെ ഏല്‍പ്പിച്ചുകൊടുക്കുന്നത്. ഇവിടെ കോര്‍പ്പറേറ്റുകള്‍ നടത്തി പൊതുമുതല്‍ ദീവാളി കളിച്ച കമ്പനികളെ ഒരു പൊതുമേഖലാ ഇന്ത്യ ഡെറ്റ് റെസല്യൂഷന്‍ കമ്പനി ലാഭകരമാക്കി സ്വകാര്യമേഖലയ്ക്ക് വില്‍ക്കുമെന്നാണ് പറയുന്നത്. നടന്നതുതന്നെ!