താങ്ങുവില സങ്കീര്‍ണമാണ്. എങ്കിലും ഓഹരി വിറ്റഴിക്കല്‍പോലെ അത് ഇന്ത്യയെ പാപ്പരാക്കില്ല. ബി.ജെ.പി., അവരുടെ സഖ്യകക്ഷികള്‍, സ്വതന്ത്ര വിപണി സിദ്ധാന്തക്കാര്‍, പാരിസ്ഥിതിക പോരാളികള്‍ എന്നിവര്‍ താങ്ങുവിലയെക്കുറിച്ച് മുന്നോട്ടുവെക്കുന്ന ആറ് മിഥ്യകള്‍ ഈ ലേഖനത്തിലൂടെ നിരാകരിക്കുകയാണ് ലേഖകന്‍...


ഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യയുടെ ഭരണവര്‍ഗത്തെ താങ്ങുവില ഒരു ഭൂതമെന്നപോലെ വേട്ടയാടുകയാണ്. ഭരണവര്‍ഗത്തിലെ വിവിധ വിഭാഗങ്ങള്‍-ഭാരതീയ ജനതാ പാര്‍ട്ടിയുടെ സഖ്യകക്ഷികള്‍, സ്വതന്ത്രവിപണിയുടെ സാമ്പത്തിക പ്രത്യയശാസ്ത്രജ്ഞര്‍, ചില പാരിസ്ഥിതിക പോരാളികള്‍ എന്നിവര്‍ -ഈ ഭൂതത്തെ ഉച്ചാടനം ചെയ്യാനും ഇന്ത്യയിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കാനുംവേണ്ടി ഒരു അവിശുദ്ധ കൂട്ടുകെട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയുമാണ്. കാലതാമസം നേരിട്ടെങ്കിലും, നാടകീയമായ രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക നിയമങ്ങളുടെ വിഷയത്തില്‍ കീഴടങ്ങുന്നതിലൂടെ ദൃശ്യമാകുന്നത് ഗ്രാമീണജനതയുടെ ഒരുതരത്തിലുള്ള ഉയര്‍ച്ചയെ ഇന്ത്യന്‍ ബൂര്‍ഷ്വാസി ഭയപ്പെടുന്നുണ്ടെന്നാണ്. താങ്ങുവില (എം.എസ്.പി.- Minimum support price) ആണ് ഇപ്പോള്‍ പുതിയ പോര്‍ക്കളം.

പ്രത്യയശാസ്ത്രപരമായ പ്രചാരണങ്ങളിലെന്നപോലെ, താങ്ങുവിലയ്‌ക്കെതിരായ ആക്രോശങ്ങള്‍ അജ്ഞതയും മുന്‍വിധിയും കെട്ടിച്ചമയ്ക്കലുകളും നിറഞ്ഞതാണ്.

01) കര്‍ഷകര്‍ ഗോള്‍പോസ്റ്റ് മാറ്റുന്നു?

ആദ്യത്തെ നുണ ഈ ഒരു ആക്ഷേപമാണ്: മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചതോടെ താങ്ങുവിലയുടെ നിയമപരമായ ഗാരന്റി എന്ന ആവശ്യം പുതുതായി കണ്ടുപിടിച്ച് കര്‍ഷകര്‍ ഗോള്‍പോസ്റ്റ് മാറ്റുന്നു എന്നത്. ഇത് അസംബന്ധമാണ്, സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അറിയപ്പെടുന്നതും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതുമായ നിലപാടിന് വിരുദ്ധവുമാണ്. മൂന്ന് നിയമങ്ങള്‍ അസാധുവാക്കുക എന്ന ആവശ്യത്തിനൊപ്പംതന്നെ, ഈ സമരത്തിന്റെ ഓരോ ഘട്ടത്തിലും ആദ്യ മെമ്മോറാണ്ടംമുതല്‍ 11 റൗണ്ട് ചര്‍ച്ചകളും കിസാന്‍ സന്‍സദും വരെ, താങ്ങുവില എന്നത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഡിമാന്‍ഡ് ഞങ്ങളുടെ ആവശ്യങ്ങളുടെ പട്ടികയില്‍ പ്രമുഖസ്ഥാനത്തുണ്ട്.

02) താങ്ങുവില മുന്നേ നിലവിലുണ്ട്

ഈ രണ്ടാമത്തെ നുണ വളരെ പ്രകടവും ലളിതവുമാണ്: താങ്ങുവില ഇതിനകം ലഭ്യമാണ്. അതിനാല്‍, നിയമപരമായ ഉറപ്പിനെക്കുറിച്ച് എന്തിനു വിഷമിക്കുന്നു. ഖേദകരമെന്നു പറയട്ടെ, പ്രധാനമന്ത്രിയുടെ 'എം.എസ്.പി. ഥാ, ഹേ ഔര്‍ രഹേഗ' എന്ന വാചകക്കസര്‍ത്ത് ഈ മിഥ്യയ്ക്ക് പുതുജീവന്‍ നല്‍കി. എന്നാല്‍, താങ്ങുവില നിലനിന്നിരുന്നത് കൂടുതലും കടലാസിലാണ് എന്നതാണ് സത്യം. സര്‍ക്കാരിന്റെ സ്വന്തം കണക്കുകള്‍ കാണിക്കുന്നത് ആറു ശതമാനം കര്‍ഷകര്‍ക്കു മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത് എന്നാണ്. (ഒരു യഥാര്‍ഥ സംഖ്യ ഏകദേശം 15 ശതമാനമാണെന്ന് ഞാന്‍ കരുതുന്നു). അതുകൊണ്ടാണ് വര്‍ഷങ്ങളായി കര്‍ഷകരും പ്രസ്ഥാനങ്ങളും ഇതുമായി ബന്ധപ്പെട്ട് മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചത്.

താങ്ങുവിലയുടെ ആവശ്യകതയുടെ മൂന്ന് ഘടകങ്ങളെന്ന് നമുക്ക് ഇവയെ വിളിക്കാം. ഒന്ന്, മിനിമം സപ്പോര്‍ട്ട് പ്രൈസ് എന്ന വാഗ്ദാനം കേവലം ഒരു എക്‌സിക്യുട്ടീവ് ഓര്‍ഡറായി തുടരുന്നതിന് പകരം മികച്ച നിയമപരമായ പദവി അതിന് ഉണ്ടായിരിക്കണം. (നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിമാരുടെ ഒരു വര്‍ക്കിങ് ഗ്രൂപ്പ് 2011-ല്‍ ഈ ഘടകം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ശുപാര്‍ശ ചെയ്തിരുന്നു. കാര്‍ഷിക ചെലവുകള്‍ക്കും വിലകള്‍ക്കും വേണ്ടിയുള്ള കമ്മിഷനും 2017-'18ലെ റിപ്പോര്‍ട്ടില്‍ ഈ ആവശ്യം ആവര്‍ത്തിച്ചിരുന്നു.) രണ്ട്, എല്ലാ കര്‍ഷകര്‍ക്കും അവരുടെ മുഴുവന്‍ ഉത്പന്നങ്ങള്‍ക്കും കുറഞ്ഞപക്ഷം ഈ വിലയെങ്കിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് തക്കവിധം സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന ഫലപ്രദമായ ഒരു ഭരണസംവിധാനം സൃഷ്ടിക്കുക വഴി സര്‍ക്കാര്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കണം. (ഇപ്പോഴത്തേതുള്‍പ്പെടെ മാറിമാറി വന്ന സര്‍ക്കാരുകളെല്ലാം ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്താതെ തന്നെ ഇത് ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിട്ടുമുണ്ട്). മൂന്ന്, മുഴുവന്‍ ചെലവും കണക്കിലെടുത്തുകൊണ്ട് ന്യായവും സമഗ്രവുമായ രീതിയില്‍ താങ്ങുവില നിര്‍ണയിക്കുന്ന ഒരു രീതി ഉണ്ടാക്കുകയും അത് എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും അത് ബാധകമാക്കുകയും ചെയ്യണം. (സ്വാമിനാഥന്‍ കമ്മിഷനാണ് ഇത് ശുപാര്‍ശ ചെയ്തത്). ഈ മൂന്ന് ആവശ്യങ്ങളും ഇന്നും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല.

03) പാരിസ്ഥിതികമായി സുസ്ഥിരമല്ല

മൂന്നാമത്തെ നുണ പാരിസ്ഥിതിക നാട്യത്തിനു കീഴിലാണ് അവതരിപ്പിക്കുന്നത്: താങ്ങുവില നിയമവിധേയമാക്കുന്നത് വെള്ളം അമിതമായി ഒഴുക്കിക്കൊണ്ട് നെല്ലിന്റെ അധിക ഉത്പാദനത്തിലേക്ക് നയിക്കുകയും വിളകളുടെ വൈവിധ്യവത്കരണം വൈകിപ്പിക്കുകയും ചെയ്യും എന്നതാണ് ഈ വാദം. ഈ ന്യായവാദം തെറ്റാണ്: നെല്ലിനെ (കരിമ്പിനെയും) അമിതമായി ആശ്രയിക്കുന്നത് ഉദാരമായ താങ്ങുവില കാരണമല്ല. മറിച്ച്, സംഭരണത്തില്‍ ഇവര്‍ നടത്തുന്ന തിരിമറിമൂലമാണ്. 23 വിളകള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കുമ്പോള്‍, വാസ്തവത്തില്‍ ഗോതമ്പിനും നെല്ലിനും മാത്രം, അതും തിരഞ്ഞെടുത്ത ചില സംസ്ഥാനങ്ങളില്‍ മാത്രമായി ഈ വാഗ്ദാനം പാലിക്കപ്പെടുന്നു. ആ സംസ്ഥാനങ്ങളിലെ എല്ലാ കര്‍ഷകരും പാരിസ്ഥിതികമായി സുസ്ഥിരമല്ലാത്ത ഈ വിളകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതില്‍ അതിശയിക്കാനില്ല. താങ്ങുവില പിന്‍വലിക്കുന്നതിലല്ല ഇതിന്റെ പരിഹാരം. കടല, മക്ക, ബാജ്‌റ, വിവിധ പരിപ്പുവര്‍ഗങ്ങള്‍ തുടങ്ങിയ വിളകള്‍ക്കുകൂടി താങ്ങുവില ഉറപ്പാക്കുകയാണു വേണ്ടത്. പയറുവര്‍ഗങ്ങള്‍ക്കും (അരവിന്ദ് സുബ്രഹ്‌മണ്യന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തതുപോലെ) എണ്ണക്കുരുക്കള്‍ക്കും സര്‍ക്കാര്‍ ആകര്‍ഷകമായ താങ്ങുവില വാഗ്ദാനം ചെയ്യുകയും അതനുസരിച്ച് ആ വിളകളുടെ വാങ്ങല്‍ ഉറപ്പാക്കുകയും വേണം.

04) അത് വിപണിയെ വികലമാക്കും

നാലാമത്തെ നുണ ഒരുതരം പ്രാഥമിക സാമ്പത്തികശാസ്ത്ര തത്ത്വമായി അണിയിച്ചൊരുക്കിയതാണ് മുന്നോട്ടുവെക്കപ്പെടുന്നത്: താങ്ങുവില വഴിയുള്ള ഏതൊരു വിലയും വിപണിയെ വികലമാക്കും എന്നതാണ് അത്. അതെ, ട്രായ് നിയന്ത്രണങ്ങള്‍ ടെലികമ്യൂണിക്കേഷന്‍ വിപണിയെ വളച്ചൊടിക്കുന്നതുപോലെയും വിലകളുടെ കുതിച്ചുകയറ്റം നിരോധിക്കുന്നത് റോഡ്, എയര്‍ ട്രാന്‍സ്‌പോര്‍ട്ട് വിപണിയെ വികലമാക്കുന്നതുപോലെയും. അത്തരം വിഷയങ്ങള്‍ക്കെതിരേ ഈ സ്വതന്ത്ര വിപണിവാദക്കാര്‍ പരാതിപ്പെടുന്നത് എപ്പോഴെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ? തൊഴില്‍വിപണിയെ വികലമാക്കാതിരിക്കാന്‍ നമ്മള്‍ കുറഞ്ഞ വേതനം നിശ്ചയിക്കുന്നില്ലേ? ആസ്പിരിന്റെ ഒരു ടാബ്ലെറ്റ് 1000 രൂപയ്ക്ക് വില്‍ക്കാന്‍ അനുവദിക്കണോ? ഭക്ഷ്യവസ്തുക്കളുടെ വില ഉയരുമെന്ന ആശങ്കയുണ്ടെങ്കില്‍, അത് നിയന്ത്രിക്കാനുള്ള മാര്‍ഗം പാവപ്പെട്ടവര്‍ക്ക് സബ്‌സിഡി നിരക്കിലുള്ള ഭക്ഷണം നല്‍കലാണ്, അല്ലാതെ, ഉത്പാദകന് ന്യായവില നിഷേധിക്കലല്ല. മൊത്തത്തിലുള്ള സാമൂഹിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ലോകമെമ്പാടും സ്വതന്ത്ര വിപണി നിയന്ത്രിക്കപ്പെടേണ്ടതുണ്ട് എന്നതാണ് വസ്തുത.

05) സര്‍ക്കാരിന് അസാധ്യം

അഞ്ചാമത്തെ നുണ ബ്യൂറോക്രാറ്റിക് രൂപത്തിലാണ്: താങ്ങുവില ഒരു നല്ല ആശയമായിരിക്കാം. പക്ഷേ, അത് പ്രായോഗികമായി അസാധ്യമാണ്. 23 വിളകളുടെയും എല്ലാ ഉത്പന്നങ്ങളും സര്‍ക്കാരിന് എങ്ങനെ വാങ്ങാനാകും? അത് എവിടെ സൂക്ഷിക്കും? സര്‍ക്കാര്‍ അതെല്ലാംകൊണ്ട് എന്തുചെയ്യും? അങ്ങനെപോകുന്നു വാദങ്ങള്‍.

അതിനുള്ള ലളിതമായ പ്രതികരണം ഇതാണ്: എല്ലാ കര്‍ഷകര്‍ക്കും താങ്ങുവില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു സര്‍ക്കാരും അത്തരത്തിലുള്ള മണ്ടത്തരം ചെയ്യേണ്ടതില്ല. എല്ലാ കര്‍ഷകര്‍ക്കും താങ്ങുവില ഉറപ്പാക്കാന്‍ ഒന്നിലധികം മാര്‍ഗങ്ങളുണ്ടെന്ന വാദം ഞാനും എന്റെ സഹപ്രവര്‍ത്തകരും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെ, പ്രത്യേകിച്ച് പയര്‍വര്‍ഗങ്ങള്‍, നാടന്‍ ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവ സര്‍ക്കാരിന് ഇന്നത്തേതിനെക്കാള്‍ കൂടുതല്‍ സംഭരിക്കാന്‍ കഴിയും. ബാക്കിയുള്ളവ സര്‍ക്കാരുകള്‍ വാങ്ങേണ്ടതില്ലതാനും.

ഈ വര്‍ഷം ഹരിയാണ സര്‍ക്കാര്‍ ബാജ്‌റയ്ക്കായി ചെയ്തതുപോലെ, താങ്ങുവിലയും വിപണിവിലയും തമ്മിലുള്ള അന്തരത്തിന് കര്‍ഷകന് കമ്മി പേമെന്റ് നല്‍കാം. കൂടാതെ, വില കുറയുന്നത് തടയാന്‍, വിപണിയില്‍ പ്രത്യേക ഇടപെടല്‍ നടത്താനോ അന്താരാഷ്ട്ര വിപണിയില്‍ സംരക്ഷണനയങ്ങള്‍ ഉപയോഗിക്കാനോ സര്‍ക്കാരിന് കഴിയും. കൂടാതെ, അവസാന സന്ദര്‍ഭത്തില്‍, താങ്ങുവിലയില്‍ താഴെയുള്ള വ്യാപാരം അനുവദിക്കാതിരിക്കാന്‍ ശിക്ഷാനടപടിയും ഉപയോഗിക്കാം. ശരിയാണ്, ഇതെല്ലാം സങ്കീര്‍ണമാണ്. എന്നാല്‍, എം.എസ്.പി. ഡെലിവറിക്കായി ഒരു സംവിധാനം വികസിപ്പിക്കുന്നത് പൊതുമുതല്‍ വിറ്റഴിക്കുന്നതിനെക്കാളും ഖനനക്കരാറുകള്‍ തയ്യാറാക്കുന്നതിനെക്കാളും കൂടുതല്‍ സങ്കീര്‍ണമല്ല.

06) ഇന്ത്യ പാപ്പരാകും പ്രചാരണം കേമം

ഒടുവില്‍, ഒരു സാമ്പത്തിക നുണയും: ഇന്ത്യ ഇതോടെ പാപ്പരാകും! ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ കിരണ്‍ വിസ്സയും കൂടി, നിലവിലുള്ള താങ്ങുവിലയും നിലവിലുള്ള വിപണി വിലയും തമ്മിലുള്ള വിടവു നികത്താന്‍ സര്‍ക്കാരിന് എത്രമാത്രം ചെലവാകും എന്നതിന്റെ പൂര്‍ണമായ വിശകലന സഹിതം ഏകദേശ കണക്ക് അവതരിപ്പിച്ചുകൊണ്ട് ഈ ഭയാശങ്കകള്‍ പൊളിച്ചടുക്കിയതാണ്. 2017-'18ലെ ഞങ്ങളുടെ കണക്കുകൂട്ടല്‍ കാണിക്കുന്നത് മൊത്തത്തിലുള്ള ചെലവ് 47,764 കോടി രൂപയാണ് (ആ വര്‍ഷത്തെ കേന്ദ്ര ബജറ്റിന്റെ 1.6 ശതമാനവും ജി.ഡി.പി.യുടെ 0.3 ശതമാനത്തില്‍ താഴെയുമാണ് ഈ തുക).

സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശചെയ്യുന്ന നിലവാരത്തിലേക്ക് താങ്ങുവില ഉയര്‍ത്തുകയാണെങ്കില്‍, അതിന് ഇനിയും 2.28 ലക്ഷം കോടി രൂപകൂടി (ബജറ്റിന്റെ 7.8 ശതമാനവും ജി.ഡി.പി.യുടെ 1.2 ശതമാനവും) ചെലവാകും. രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍രണ്ടു ഭാഗത്തിന്റെ ക്ഷേമത്തിനായി ഇന്ത്യക്ക് അത് താങ്ങാനാകുമോ? അതാണ് വാസ്തവത്തില്‍ രാജ്യം അഭിമുഖീകരിക്കേണ്ട യഥാര്‍ഥ ചോദ്യം.