ളരെനാള്‍കൊണ്ട് ഉരുണ്ടുകൂടിയ സാമ്പത്തികപ്രതിസന്ധിയുടെ കാഠിന്യം അനുഭവിക്കുകയാണ് ശ്രീലങ്ക. ഭക്ഷ്യക്ഷാമം രൂക്ഷം. ക്ഷാമകാരണം പൂഴ്ത്തിവെപ്പാണെന്നും അതുനേരിടാനെന്നും പറഞ്ഞ് പ്രസിഡന്റ് ഗോതബയ രാജപക്‌സെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് മൂന്നാഴ്ചകഴിഞ്ഞു. പക്ഷേ, ഇപ്പോഴും അവശ്യവസ്തുക്കള്‍ക്കായി കടകള്‍ക്കുമുമ്പില്‍ നീണ്ടനിര, സര്‍ക്കാര്‍ നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ പലതും കാലി. ഇറക്കുമതിചെയ്യുന്ന പാല്‍പ്പൊടി, ധാന്യങ്ങള്‍, അരി എന്നിവയുടെ ശേഖരം വളരെക്കുറച്ചേയുള്ളൂവെന്ന് ബി.ബി.സി.യുടെ റിപ്പോര്‍ട്ട്. മരുന്നിനും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഇന്ധനത്തിനും ക്ഷാമം. ഇറക്കുമതി കുറഞ്ഞതോടെ അവശ്യവസ്തുക്കളുടെ വില കുതിച്ചുകയറി. പക്ഷേ, സര്‍ക്കാര്‍ ഇത് നിഷേധിക്കുകയാണ്. ഇങ്ങനെയൊക്കെ റിപ്പോര്‍ട്ടുചെയ്ത് മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുകയാണെന്നും ആരോപിക്കുന്നു.

പക്ഷേ ഒന്നുണ്ട്, വിദേശത്തുനിന്നുള്ള ഭക്ഷ്യ ഇറക്കുമതിക്ക് കൊടുക്കാന്‍വേണ്ട ഡോളര്‍ സര്‍ക്കാരിന്റെ പക്കല്‍ കമ്മിയാണ്. ഗോതബയയുടെ സഹോദരന്‍ മഹിന്ദ രാജപക്‌സെയുടെ കാലംമുതല്‍ വികസനത്തിനെന്നുപറഞ്ഞ് വിദേശരാജ്യങ്ങളിലും ഏജന്‍സികളിലുംനിന്ന് എടുത്തുകൂട്ടിയ വായ്പതിരിച്ചടച്ച് സര്‍ക്കാരിന്റെ വിദേശനാണ്യ കരുതല്‍ശേഖരം കുറഞ്ഞു. ഒന്നരക്കൊല്ലത്തിലേറെയായി തുടരുന്ന കോവിഡില്‍ വരുമാനമാര്‍ഗങ്ങള്‍ ചുരുങ്ങി. അടുത്ത വായ്പതിരിച്ചടവിന്റെ തീയതികള്‍ അടുത്തുകൊണ്ടിരിക്കുന്നു. അതില്‍ വീഴ്ചവരുത്താതിരിക്കണമെങ്കില്‍ ഇനിയും കടമെടുക്കണം. സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും ഇതൊക്കെയാണ് യാഥാര്‍ഥ്യം.

കടത്തില്‍ മുങ്ങി

ഇക്കൊല്ലം ഏപ്രില്‍ അവസാനംവരെയുള്ള സര്‍ക്കാര്‍ കണക്കനുസരിച്ച് 3510 കോടി ഡോളറാണ് (ഏകദേശം 2.6 ലക്ഷം കോടി രൂപ) ശ്രീലങ്കയുടെ വിദേശകടം. 47 ശതമാനവും വിപണിയില്‍നിന്നുള്ള വായ്പകളാണ്. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍നിന്നുള്ള വായ്പ 13 ശതമാനം. ജപ്പാനില്‍നിന്നും ചൈനയില്‍നിന്നുമുള്ള വായ്പകള്‍ കടത്തിന്റെ 10 ശതമാനംവീതം വരും; ഇന്ത്യയില്‍നിന്നുള്ള വായ്പ രണ്ടുശതമാനവും. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ മുതലും പലിശയുമായി 98.1 കോടി ഡോളര്‍ തിരിച്ചടച്ചു. കോവിഡ് കാരണം വരുമാനം കുറവായതിനാല്‍ വിദേശനാണ്യ കരുതല്‍ശേഖരത്തില്‍നിന്ന് എടുത്താണ് തിരിച്ചടവ്. അതോടെ കരുതല്‍ശേഖരം കുത്തനെ കുറഞ്ഞു. 2019-ല്‍ 750 കോടി ഡോളറായിരുന്നത് ഈ ജൂലായ് ആയപ്പോള്‍ 280 കോടി ഡോളറായി ചുരുങ്ങി.

ഊഹക്കച്ചവടക്കാരെ നിയന്ത്രിക്കാനെന്നുപറഞ്ഞ് സര്‍ക്കാര്‍ വിദേശനാണ്യവിപണിയില്‍ പിടിത്തമിട്ടു. ഇടിഞ്ഞുനിന്നിരുന്ന ശ്രീലങ്കന്‍രൂപയുടെ മൂല്യം ഇതോടെ വീണ്ടും കുറഞ്ഞു. ഇക്കൊല്ലം ശ്രീലങ്കന്‍ രൂപയുടെ മൂല്യത്തില്‍ ഏഴരശതമാനം ഇടിവാണുണ്ടായത്. 200 രൂപകൊടുത്താലേ ഒരു ഡോളര്‍ കിട്ടൂ. കരിഞ്ചന്തയില്‍ വിനിയമനിരക്ക് ഡോളറിന് 230 രൂപയാണ്. വിദേശനാണയം കിട്ടാതായതോടെ ഇറക്കുമതിക്കാര്‍ക്ക് മറ്റുരാജ്യങ്ങളില്‍നിന്ന് സാധനമെത്തിക്കാന്‍ കഴിയാതായി. ഭക്ഷ്യവസ്തുക്കള്‍ക്കും മരുന്നിനും ചികിത്സാ ഉപകരണങ്ങള്‍ക്കും ക്ഷാമമുണ്ടായി. ഇന്ധനക്ഷാമവും പിടിമുറുക്കിക്കഴിഞ്ഞു.

കോവിഡ് ശ്രീലങ്കയുടെ മുഖ്യ വിദേശവരുമാനമാര്‍ഗമായ വിനോദസഞ്ചാരമേഖലയുടെ നടുവൊടിച്ചു. 2019-ല്‍ ശ്രീലങ്കയുടെ മൊത്ത ആഭ്യന്തരോത്പാദനത്തിന്റെ 10 ശതമാനവും വിനോദസഞ്ചാരമേഖലയില്‍നിന്നായിരുന്നു. അതുനിലച്ചു. സമ്പദ്വ്യവസ്ഥ 3.6 ശതമാനം ചുരുങ്ങി. ഇതോടെയാണ് വര്‍ഷങ്ങളായി ഉരുണ്ടുകൂടിയിരുന്ന സാമ്പത്തികപ്രതിസന്ധി ഇത്ര ഗുരുതരമായത്.

ജൈവകൃഷിഭ്രമം

Sri Lanka

ഇക്കൊല്ലം ഏപ്രിലില്‍ രാജപക്‌സെ സര്‍ക്കാര്‍ രാജ്യത്ത് രാസവളവും രാസകീടനാശിനികളും കളനാശിനികളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു. ശ്രീലങ്കയെ ലോകത്തെ ആദ്യ സമ്പൂര്‍ണ ജൈവകൃഷിരാഷ്ട്രമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നിരോധനം. പക്ഷേ, അത് തിരിച്ചടിച്ചു. ഉത്പാദനം കാര്യമായി കുറഞ്ഞു. ശ്രീലങ്കയിലെ 90 ശതമാനത്തോളം കര്‍ഷകര്‍ രാസവളങ്ങളും കീടനാശിനികളും കളനാശിനികളും ഉപയോഗിക്കുന്നവരാണ്. നെല്ല്, തേയില, റബ്ബര്‍ കൃഷികള്‍ക്കാണ് രാസവളപ്രയോഗം ഏറെ നടത്തുന്നത്. കയറ്റുമതി വരുമാനത്തിന്റെ 10 ശതമാനവും കിട്ടുന്നത് തേയിലയിലൂടെയാണ്. ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ ആ വരുമാനമാര്‍ഗവും അവതാളത്തിലായി.

ജൈവകൃഷി ശ്രീലങ്കയെ ഇനിയും കടത്തിലാക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഭൂട്ടാനാണ് ഉദാഹരണം. 2020-ഓടെ സമ്പൂര്‍ണ ജൈവകൃഷിരാഷ്ട്രമാകാന്‍ ഭൂട്ടാന്‍ ശ്രമിച്ചിരുന്നു. 2008-ല്‍ ഇതിനുള്ള നയവും കൊണ്ടുവന്നു. പക്ഷേ, ആ ലക്ഷ്യത്തിലെത്താന്‍ ഭൂട്ടാന്‍ ഇനിയുമേറെ യാത്രചെയ്യണമെന്നാണ് അടുത്തിടെയെത്തിയ പഠനം പറയുന്നത്. ജൈവകൃഷിയിലേക്കുള്ള പരിണാമം പൊടുന്നനെ സാധ്യമാകുന്ന ഒന്നല്ല. ഓരോ രാജ്യത്തിന്റെയും പാരിസ്ഥിതിക പ്രത്യേകതകളും നയം നടപ്പാക്കല്‍ രീതികളുമനുസരിച്ച് കുറഞ്ഞത് മൂന്നുകൊല്ലമോ അതിലേറെയോ എടുക്കും കര്‍ഷകരും മണ്ണും ഇതിലേക്ക് പരിണമിച്ചെത്താനെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുമനസ്സിലാക്കാതെ ലക്ഷ്യംനിശ്ചയിച്ച് മുന്നേറിയ ഭൂട്ടാനില്‍ വിളവുകുറഞ്ഞു. മുമ്പ് ഇറക്കുമതി ചെയ്തതിലുമേറെ അളവില്‍ സാധനങ്ങള്‍ ഇറക്കുമതിചെയ്യേണ്ട അവസ്ഥയാണിപ്പോള്‍. ഇതുമനസ്സിലാക്കാതെയുള്ള ശ്രീലങ്കയുടെ എടുത്തുചാട്ടം രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ അവതാളത്തിലാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഉരുക്കുമുഷ്ടി പ്രയോഗം

ഭക്ഷ്യപ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം സ്വന്തം നയങ്ങളാണെന്ന് അംഗീകരിക്കാതെയാണ് ഊഹക്കച്ചവടക്കാരെയും പൂഴ്ത്തിവെപ്പുകാരെയും ശ്രീലങ്കന്‍ സര്‍ക്കാര്‍ പഴിക്കുന്നത്. പട്ടാളത്തെയിറക്കി സകലപ്രതിസന്ധിയും പരിഹരിക്കാമെന്ന് പഴയ പട്ടാളക്കാരനും പ്രതിരോധമന്ത്രിയുമായിരുന്ന ഗോതബയ രാജപക്‌സെ കരുതുന്നു. അവശ്യവസ്തുവിതരണം ഉറപ്പാക്കാനും വ്യാപാരികളില്‍നിന്ന് ഭക്ഷ്യോത്പന്നങ്ങള്‍ പിടിച്ചെടുത്ത് ന്യായവിലയ്ക്ക് ജനങ്ങള്‍ക്കുനല്‍കാനും പട്ടാളത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കോവിഡിനെ നേരിടാനും പട്ടാളത്തെയാണ് ഇറക്കിയിരിക്കുന്നത്. കോവിഡിന്റെ തുടക്കത്തിലേ കരസേനാത്തലവന്‍ ജനറല്‍ ഷവേന്ദ്ര സില്‍വയെ മേധാവിയാക്കി നാഷണല്‍ ഓപ്പറേഷന്‍ സെന്റര്‍ ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് കോവിഡ്-19 ഉണ്ടാക്കി. ഇക്കൊല്ലം ജനുവരിയായപ്പോള്‍ കോവിഡ് നിയന്ത്രണത്തിനായി 25 മേജര്‍ ജനറല്‍മാരെയാണ് നിയമിച്ചത്. ആരോഗ്യവിദഗ്ധരെക്കാള്‍ പട്ടാളക്കാരുടെ ഉപദേശത്തെയാണ് പ്രസിഡന്റ് ആശ്രയിക്കുന്നത് എന്നാണ് ആക്ഷേപം. പട്ടാളം തുടക്കംമുതലുണ്ടായിട്ടും മൂന്നാംതരംഗം രൂക്ഷമായി തുടരുകയാണ് ശ്രീലങ്കയില്‍. ലോക്ഡൗണാകട്ടെ ഒക്ടോബര്‍ ഒന്നുവരെ നീട്ടുകയുംചെയ്തു.

സാമ്പത്തികപ്രതിസന്ധിക്കിടെ രാജിവെച്ച കേന്ദ്രബാങ്ക് ഗവര്‍ണര്‍ ഡബ്ല്യു.ഡി. ലക്ഷ്മണിന്റെ പിന്‍ഗാമിയായി എത്തിയിരിക്കുന്നത് ധനകാര്യസഹമന്ത്രിയായിരുന്ന അജിത് നിവാര്‍ദ് കബ്രാലാണ്. ചില നെറികെട്ടവരുണ്ടാക്കിയ കൃത്രിമ ഭക്ഷ്യക്ഷാമമാണ് ഇപ്പോഴത്തേതെന്ന് ധനമന്ത്രിയായിരുന്നപ്പോള്‍ വാദിച്ചയാളാണ് കബ്രാല്‍.

2006 മുതല്‍ 2015-ന്റെ തുടക്കംവരെ കേന്ദ്രബാങ്ക് ഗവര്‍ണറായിരുന്നു അദ്ദേഹം. അന്ന് ഉയര്‍ന്നുനിന്നിരുന്ന പണപ്പെരുപ്പം ഒറ്റയക്കമാക്കിക്കുറയ്ക്കുന്നതിന് നേതൃത്വം നല്‍കിയെന്ന ഖ്യാതി അദ്ദേഹത്തിനുണ്ട്. പതിറ്റാണ്ടുകള്‍നീണ്ട ആഭ്യന്തരയുദ്ധം അവസാനിച്ച് വിനോദസഞ്ചാരവും സാമ്പത്തികവളര്‍ച്ചയും തിരിച്ചുവന്ന സമയമായിരുന്നു അത്. ഇപ്പോള്‍ സാഹചര്യം ഒട്ടും അനുകൂലമല്ല. ആദ്യം സാമ്പത്തികസ്ഥിരത കൈവരിക്കുക, പിന്നെ വളര്‍ച്ചയില്‍ ശ്രദ്ധിക്കുക എന്നതാണ് നയമെന്നാണ് 'അല്‍ ജസീറ'യ്ക്കുനല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. കഷ്ടിച്ച് രണ്ടുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതിചെയ്യാനുള്ള വിദേശനാണ്യംമാത്രം ബാക്കിയുള്ളപ്പോള്‍ എങ്ങനെ, എന്ന് കബ്രാല്‍ ലക്ഷ്യം കാണുമെന്നാണ് അറിയേണ്ടത്.