ഇന്ന് ഇന്ദിരാഗാന്ധിയുടെ 104-ാം ജന്മദിനം , വിശേഷണങ്ങള്‍ വേണ്ടാത്ത, വിശേഷണങ്ങളില്‍ ഒതുങ്ങാത്ത വ്യക്തിത്വമാണ് ഇന്ദിര. ഇന്ത്യയുടെ ആദ്യ വനിതാപ്രധാനമന്ത്രിയെ ഇവര്‍ അഞ്ചുപേര്‍ ഇന്ദിരയെ ഓര്‍ക്കുന്നു..


പ്രിയദര്‍ശിനി

Savithryപ്രൊഫ. സാവിത്രി ലക്ഷ്മണന്‍

അമ്മയില്ലാത്ത മൂന്നുപെണ്‍മക്കളെ താലോലിച്ച് വളര്‍ത്തിവലുതാക്കിയ ഒരു മുത്തച്ഛന്റെ വാത്സല്യത്തണലിലായിരുന്നു എന്റെ ബാല്യം പൂത്തുലഞ്ഞിരുന്നത്. അതിനാല്‍ത്തന്നെ ഞാന്‍ ജനിച്ചുവളര്‍ന്ന വീടിന്റെ ഉമ്മറത്ത് വിശാലമായ ഒരു ഹാളിന്റെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ചില്ലിട്ട ഫ്രെയിംചെയ്ത ഒരു ചിത്രം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. കസേരയിലിരിക്കുന്ന അച്ഛനമ്മമാരുടെ നടുവില്‍ നില്‍ക്കുന്ന വെളുത്തുകൊലുന്നനെയുള്ള ഒരു സുന്ദരിപ്പെണ്‍കുട്ടിയുടെ ചിത്രം. ഇന്ദിര പ്രിയദര്‍ശിനിയുടെ.

1917 നവംബര്‍ 19-ന് ജനിച്ച ഇന്ദിര, ആനന്ദഭവനിലെ സുഖലോലുപമായ അന്തരീക്ഷത്തിനുമപ്പുറം മുത്തച്ഛനും അച്ഛനും അമ്മയും ഒക്കെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പലതവണകളിലായി ജയിലിലടയ്ക്കപ്പെട്ടിട്ടുള്ളത് എന്തിനെന്നറിഞ്ഞ്, കഷ്ടപ്പാടുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായി വളര്‍ന്ന ബാലികയാണ്. ആറുവയസ്സില്‍ത്തന്നെ മഹാത്മജിയോടൊപ്പം സാബര്‍മതിയിലും പന്ത്രണ്ടുവയസ്സാകുന്നതിനുമുമ്പേ ടാഗോറുമൊരുമിച്ച് ശാന്തിനികേതനത്തിലും താമസിച്ചിട്ടുള്ള ഇന്ദിര, 'വാനരസേന' എന്ന് അമ്മ പേരിട്ട കുട്ടികളുടെ സ്വാതന്ത്ര്യസമരസേന സംഘടിപ്പിച്ച കുമാരിയാണ്. നെഹ്രു ജയിലിലായിരിക്കേ, രോഗിണിയായ അമ്മയെ ശുശ്രൂഷിക്കാന്‍ പഠിത്തമുപേക്ഷിച്ച് വിദേശത്തുനിന്നെത്തി അമ്മയുടെ മരണംവരെ അവരെ ശുശ്രൂഷിച്ച യുവതിയാണ്. അച്ഛന്‍ ജയിലില്‍നിന്നയച്ച കത്തുകള്‍ വായിച്ചും പഠിച്ചും ജീവിതത്തെ അക്ഷരാര്‍ഥത്തില്‍ ഉള്‍ക്കൊണ്ട ധീരവനിതയാണ്. ഫിറോസുമായുള്ള ദാമ്പത്യജീവിതം പാളിപ്പോയതിന് ഇന്ദിരാഗാന്ധിയല്ല കുറ്റക്കാരി. ഇരുപത്തേഴാമത്തെയും ഇരുപത്തൊമ്പതാമത്തെയും വയസ്സുകളില്‍ അമ്മയായവള്‍. 42-ാം വയസ്സില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ.

പ്രധാനമന്ത്രിയായിരുന്ന അച്ഛനോടൊപ്പം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള ഇന്ദിരാഗാന്ധി, ശാസ്ത്രിമന്ത്രിസഭയില്‍ 47-ാം വയസ്സില്‍ പ്രക്ഷേപണവകുപ്പ് മന്ത്രിയും തുടര്‍ന്ന്, നാലുപ്രാവശ്യം ഇന്ത്യന്‍ പ്രധാനമന്ത്രിയും ആയപ്പോഴും നല്ലൊരു ഭരണാധികാരിയെന്ന് അനിഷേധ്യമായി തെളിയിച്ചു. 1965-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍, ശ്രീനഗറില്‍ താമസം തുടര്‍ന്ന ഒരേയൊരു ഇന്ത്യന്‍മന്ത്രി അവരായിരുന്നു.

ഒരു സ്ത്രീയുടെ കൈയില്‍ ഭരണചക്രം ലഭിച്ചപ്പോള്‍ ഇന്ത്യയിലെ ദാരിദ്ര്യവും ഭക്ഷ്യക്ഷാമവും കുറഞ്ഞു.

ഭക്ഷ്യധാന്യം ആവശ്യംപോലെ ലഭിക്കാന്‍ അമേരിക്കയുമായുണ്ടാക്കിയ കരാര്‍, രൂപയുടെ മൂല്യശോഷണം തടയാനുള്ള ഏര്‍പ്പാടുകള്‍, പല വ്യാവസായികമേഖലകളുടെയും ദേശസാത്കരണം, സിംല കരാര്‍, പൊക്രാനിലെ അണുബോംബ് പരീക്ഷണം, ഹരിതവിപ്ലവം, ധവളവിപ്ലവം, ഭാഷാനയം തുടങ്ങി അവരുടെ ഭരണനേട്ടങ്ങളുടെ പട്ടിക നീളുന്നു. 

(മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ലേഖിക)


ഏകാന്തപഥത്തിലെ ധീര

Jyothiജ്യോതി രാധികാ വിജയകുമാര്‍

കുട്ടിക്കാലത്തെ ഓര്‍മകളില്‍ ഇന്ദിരാഗാന്ധിയുണ്ട്. ലോകത്തെക്കുറിച്ചുള്ള അഭിപ്രായം രൂപപ്പെട്ടുവന്ന കാലത്ത് ചിന്തകളിലെ നിത്യസ്വാധീനവും സാന്നിധ്യവുമായിരുന്നു. അന്ന് കണ്ടത് തീര്‍ത്തും അസാധാരണമായ ഒരു ജീവിതത്തെ, വ്യക്തിത്വത്തെ.

ഇന്ന് ചിന്തിക്കുമ്പോള്‍ ഇന്ദിരാഗാന്ധി എന്ന വ്യക്തി, സ്ത്രീ മനസ്സിലേറ്റുന്ന ആദ്യ ചിന്ത അപാരമായ കരുത്തിന്റേതാണ്, അതിജീവനത്തിന്റേതാണ്. ഒരു ഒറ്റയാള്‍ ജീവിതമാണ് വായിച്ചും കേട്ടും മനസ്സിലാക്കിയതില്‍നിന്ന് സങ്കല്പിക്കാനാകുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിലെ ഒറ്റപ്പെട്ട ബാല്യവും വെല്ലുവിളികള്‍ നിറഞ്ഞ വ്യക്തിജീവിതവും രാഷ്ട്രീയജീവിതവും. തീര്‍ത്തും തളര്‍ന്നുപോയേക്കാവുന്ന വ്യക്തിപരവും രാഷ്ട്രീയവുമായ സന്ദര്‍ഭങ്ങളെ നേരിടുമ്പോള്‍ പ്രകടിപ്പിച്ചിട്ടുള്ള അസാധാരണ മനക്കരുത്ത്. സാഹിത്യത്തോടും പ്രകൃതിയോടുമൊക്കെയുള്ള ഇഷ്ടവും സാധാരണ ജനങ്ങളോടുള്ള സ്‌നേഹവും വ്യക്തി എന്ന നിലയിലുള്ള വൈകാരികമായ സങ്കീര്‍ണതകളും രാഷ്ട്രീയവ്യക്തിത്വം എന്ന നിലയില്‍ കര്‍ക്കശമായി എടുത്ത ചില തീരുമാനങ്ങളോടും നിശ്ചയദാര്‍ഢ്യത്തോടും ചേര്‍ന്നുനിന്നിരുന്നു എന്നു തന്നെ കരുതാം.

ചോദ്യംചെയ്യാനുള്ള, വ്യവസ്ഥയ്‌ക്കെതിരേ നില്‍ക്കാനുള്ള പ്രവണത ആ വ്യക്തിത്വത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. നെഹ്രു എന്ന അച്ഛന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കതീതമായി തിരഞ്ഞെടുത്ത പ്രണയത്തില്‍ അത് പ്രകടമായിരുന്നു എന്നും തോന്നുന്നു. സുഹൃത്തുക്കള്‍ക്കെഴുതിയ പല കത്തുകളില്‍, ഫിറോസ് ഗാന്ധിയുടെ മരണശേഷം എഴുതിയതായി വായിച്ച കുറിപ്പുകളില്‍ ഒക്കെ ഇന്ദിര എന്ന വ്യക്തിയുടെ ചിന്തകളുടെയും ആത്മസംഘര്‍ഷങ്ങളുടെയും പല തലങ്ങള്‍ കാണാം. രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചില സന്ദര്‍ഭങ്ങളും ചില അഭിമുഖങ്ങളും കണ്ടപ്പോള്‍ സൗമ്യമായ ആ ശബ്ദത്തില്‍ എത്രമാത്രം ആഴവും കൃത്യതയും നിശ്ചയദാര്‍ഢ്യവും കരുത്തും അന്തര്‍ലീനമായിരുന്നു എന്ന് മനസ്സിലാകുന്നു. ബംഗ്ലാദേശ് യുദ്ധകാലത്തെ അനിതരസാധാരണ നേതൃപാടവവും വിദേശശക്തികള്‍ക്കു മുന്‍പില്‍ തലയുയര്‍ത്തിനിന്ന , അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട നേതൃത്വവും ജനാധിപത്യവിരുദ്ധമെന്നു വിമര്‍ശിക്കപ്പെട്ട അടിയന്തരാവസ്ഥ പ്രഖ്യാപനവും പാര്‍ട്ടിക്കുള്ളില്‍ അധികാരകേന്ദ്രീകരണം നടത്തി എന്ന വിമര്‍ശനവും എല്ലാം ചേരുമ്പോള്‍ ഇന്ദിരാ ഗാന്ധി എന്ന വ്യക്തിയെയും ഭരണാധികാരിയെയും മനസ്സിലാക്കുന്നതിലെ സങ്കീര്‍ണത വ്യക്തമാക്കും.

പക്ഷേ, ഒരു ഇന്ദിരാഗാന്ധി ഉണ്ടായിരുന്നു എന്നതിന്റെ പേരില്‍, ഈ രാജ്യത്തു സ്ത്രീകളുടെ തുല്യവ്യക്തിത്വവും കഴിവുകളും മനുഷ്യാവകാശങ്ങളും അംഗീകരിക്കപ്പെടുന്നു എന്ന് വാദത്തോട് യോജിക്കുന്നില്ല. ഇന്ദിരാഗാന്ധി എന്ന വ്യക്തിയുടെ ചുറ്റുപാടുകളില്‍ നിന്നല്ലാത്ത സ്ത്രീകളും അതേ ഇടങ്ങളില്‍ എത്തപ്പെടുന്ന സാഹചര്യം ഇവിടെയുണ്ടാകണം. ഇന്ദിരാഗാന്ധി എന്ന വനിതാ പ്രധാനമന്ത്രിയെ ഓര്‍ക്കുന്ന ഓരോ സന്ദര്‍ഭവും ലിംഗസമത്വത്തിലേക്കും ലിംഗനീതിയിലേക്കുമുള്ള, ആണധികാര ഇടങ്ങളായി രാഷ്ട്രീയ, പൊതുപ്രവര്‍ത്തനമേഖലകള്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ അവസ്ഥയുടെ ചോദ്യംചെയ്യലായി മാറുന്നിടത്താണ് ആ ഓര്‍മകളുടെ പ്രസക്തി എന്ന് പൂര്‍ണമായി വിശ്വസിക്കുന്നു. 

 (സിവില്‍ സര്‍വീസ് പരിശീലകയാണ് ലേഖിക)


പുതുവഴിവെട്ടിയ നായിക  

Sudhaസുധാമേനോന്‍

അതിസങ്കീര്‍ണമായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-നയതന്ത്ര പ്രതിസന്ധികളിലൂടെ ഇന്ത്യയും ലോകവും ഒരുപോലെ കടന്നുപോയിരുന്ന ഒരു കാലഘട്ടത്തിലാണ് ശാസ്ത്രിയുടെ അകാലമരണത്തെത്തുടര്‍ന്ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാകുന്നത്. അക്കാലത്ത് 'ഇന്ദിരാപ്രിയദര്‍ശിനി' എന്ന സ്ത്രീ കോണ്‍ഗ്രസിലെ മുതിര്‍ന്ന തലമുറയ്ക്ക് 'ഗൂംഗി ഗുഡിയ' മാത്രമായിരുന്നു. ദുര്‍ബലയായ, നെഹ്രുവിന്റെ തണലില്‍മാത്രം തളിര്‍ത്ത ആ 'മണ്ടിയായ പാവക്കുട്ടി'.

അധികം വൈകാതെ 'ഗൂംഗി ഗുഡിയ' തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന രക്ഷാകര്‍ത്തൃ രാഷ്ട്രീയത്തിന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെറിയുകയും എല്ലാ പരിഹാസങ്ങളെയും മറികടന്നുകൊണ്ട് സ്വന്തമായ ഒരു രാഷ്ട്രീയവ്യക്തിത്വവും സ്വതന്ത്രമായ ഒരു നയസമീപനവും ഉണ്ടാക്കിയെടുക്കുകയും ചെയ്തു.

ഒരു സ്ത്രീ എന്നനിലയിലും ഒരു രാഷ്ട്രീയനേതാവ് എന്നനിലയിലും ഇന്ദിരാഗാന്ധിയുടെ അനന്യത ഇവിടെയാണ്. സ്വന്തം പിതാവിന്റെ വരേണ്യപൈതൃകത്തിന്റെ തണല്‍പോലും അവര്‍ രാഷ്ട്രീയവ്യവഹാരത്തില്‍ ഉപയോഗിച്ചില്ല. പകരം, അവര്‍ അവരുടേതായ ഒരു പാത സ്വയം പണിതു. അതില്‍ ശരികളും തെറ്റുകളുമുണ്ടാകാം. എങ്കിലും അപഭ്രംശങ്ങളുടെയും വിജയങ്ങളുടെയും ഉത്തരവാദിത്വം അവര്‍ ഒരുപോലെ ഏറ്റെടുത്തു.

'ദുര്‍ബലയായ ഒരു സ്ത്രീ' ഇന്ത്യയെന്ന സങ്കീര്‍ണമായ ജനാധിപത്യരാഷ്ട്രത്തിന്റെ തലപ്പത്തിരിക്കുന്നത് രാജ്യത്തെ പതുക്കെ ശിഥിലീകരണത്തിലേക്ക് നയിക്കുമെന്ന് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ എഴുതിയിരുന്നു. വിയറ്റ്നാം യുദ്ധത്തില്‍ അനുകൂലമായ നിലപാട് സ്വീകരിക്കാത്തതുകൊണ്ട് അമേരിക്ക പണ്ടി.എല്‍. 480 വഴിയുള്ള ഭക്ഷ്യസഹായം വളരെ പതുക്കെയാക്കി. അക്കാലത്ത് ഇന്ദിരാഗാന്ധി അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍, 'പിച്ചച്ചട്ടിയുമായി തെണ്ടാനിറങ്ങിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ' അമേരിക്കന്‍പത്രങ്ങള്‍ പരിഹസിച്ചു. ആഗോളരാഷ്ട്രീയത്തില്‍ ഇന്ത്യയുടെ ആത്മാഭിമാനവും സ്വതന്ത്രവ്യക്തിത്വവും നെഹ്രുവിയന്‍ 'കണ്‍സെന്‍സസും' തുലാസിലായിരുന്ന ആ നാളുകളില്‍ ഹരിതവിപ്‌ളവവും ബാങ്ക് ദേശസാത്കരണവും പോലുള്ള സുധീരമായ നയങ്ങളാണ് പില്‍ക്കാല ഇന്ത്യയുടെ ചരിത്രത്തെത്തന്നെ നിര്‍വചിച്ചത്. ആ നയങ്ങള്‍കൊണ്ടുതന്നെയാണ് ഉരുക്കുവനിതയായി അവരെ ലോകചരിത്രം രേഖപ്പെടുത്തുന്നതും.

'ഗൂംഗി ഗുഡിയ'യില്‍നിന്ന് ഇന്ദിരാഗാന്ധിയെ 'ദുര്‍ഗ'യിലേക്ക് പരിവര്‍ത്തനപ്പെടുത്തിയ മറ്റൊരു ഘടകം ബംഗ്ലാദേശ് യുദ്ധമായിരുന്നു. 1971-ലെ ഹെന്റി കിസ്സിംഗറുടെ രഹസ്യമായ ചൈനാസന്ദര്‍ശനവും തുടര്‍ന്ന് പാകിസ്താനെ അനുകൂലിച്ചുകൊണ്ടുള്ള രാഷ്ട്രീയ-സൈനിക നീക്കവും ഏതു പരിണതപ്രജ്ഞനായ നേതാവിനെയും സമ്മര്‍ദത്തിലാക്കുന്ന സാഹചര്യത്തിലാണ് ഇന്ദിരാഗാന്ധി നിര്‍ഭയം സോവിയറ്റ് യൂണിയനുമായി കരാറില്‍ ഏര്‍പ്പെട്ടുകൊണ്ട് ഒരേസമയം ചൈനയോടും അമേരിക്കയോടും പാകിസ്താനോടും 'ചെക്ക്' പറഞ്ഞത്. അത്, ചേരിചേരാനയത്തില്‍നിന്നുള്ള വ്യതിയാനമാണെന്ന് വിമര്‍ശിച്ചവരോട് ഇന്ദിര പറഞ്ഞത്, ചേരിചേരാനയം ഇന്ത്യയുടെ ദേശീയസുരക്ഷ കാത്തുരക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗരേഖയായിട്ടാണ് കാണേണ്ടതെന്നും അല്ലാതെ ദിവസവും അര്‍ഥമറിയാതെ ഉരുവിടാനുള്ള ഒരു മന്ത്രമല്ല എന്നുമാണ്. ഒടുവില്‍, ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ബംഗ്ലാദേശ് പിറവിയെടുക്കുകയും ഇന്ത്യ പാകിസ്താനെ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയും ചെയ്തപ്പോള്‍ 'പൊളിറ്റിക്കല്‍ റിയലിസം' സ്ത്രീകള്‍ക്ക് വഴങ്ങില്ലെന്നു കരുതിയവര്‍ ഞെട്ടി. മതത്തെ അടിസ്ഥാനമാക്കിയുള്ള ദേശരാഷ്ട്ര സങ്കല്പത്തിന്റെ പരാജയമായിരുന്നു ബംഗ്ലാദേശിന്റെ ഉദയം. ആ അര്‍ഥത്തില്‍ ഇന്ദിരാഗാന്ധി സാര്‍ഥകമാക്കിയത് ഇന്ത്യന്‍ ദേശീയപ്രസ്ഥാനം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച ബഹുസ്വരതയുടെ രാഷ്ട്രീയംകൂടിയായിരുന്നു.

ഇന്ദിരാഗാന്ധിക്ക് തനതായ രീതികളുണ്ടായിരുന്നെങ്കിലും നെഹ്രുവിയന്‍ ആശയങ്ങളെ അവര്‍ ഒരു പരിധിവരെ പിന്തുടര്‍ന്നിരുന്നു. ഇന്ത്യയുടെ സങ്കലനസംസ്‌കാരത്തിലും മതേതരത്വത്തിലുമുള്ള വിശ്വാസം അവര്‍ എപ്പോഴും മുറുകെപ്പിടിച്ചു. ഇന്ത്യയുടെ സുരക്ഷിതത്വവും അഖണ്ഡതയും സ്വയംപര്യാപ്തതയുമായിരുന്നു അവര്‍ക്ക് ഏറെ പ്രധാനം. കിഴക്കന്‍ ബംഗാളില്‍നിന്നുള്ള അഭയാര്‍ഥിപ്രവാഹവും യുദ്ധവും നടക്കുന്ന പ്രക്ഷുബ്ധമായ നാളുകളില്‍, അവര്‍ അടല്‍ ബിഹാരി വാജ്പേയിയോട് ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിന് ഒരിക്കലും മതപരവും സാമുദായികവുമായ മാനങ്ങള്‍ നല്‍കരുതെന്നും അത് അതിവിനാശകരമായ മറ്റൊരു വര്‍ഗീയകലാപത്തിലേക്ക് ഇന്ത്യയെ നയിക്കുമെന്നും രഹസ്യമായി അഭ്യര്‍ഥിച്ചു. വാജ്‌പേയി അത് അംഗീകരിക്കുകയും പ്രകോപനകരമായ പ്രസ്താവനകളില്‍നിന്നും ജനസംഘം പിന്തിരിയുകയും ചെയ്തു.

മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തതും ഇന്ദിരാഗാന്ധിയാണ്. ജീവിതം മുഴുവന്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുംവേണ്ടി നിലകൊള്ളും എന്ന് ആവര്‍ത്തിച്ചുപറഞ്ഞ ഇന്ദിരാഗാന്ധി ഒടുവില്‍ രക്തസാക്ഷിയായതും ദേശസുരക്ഷയോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ പേരില്‍ത്തന്നെയായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നീതിപൂര്‍വമായി തന്നെയാണ് അവര്‍ തിരഞ്ഞെടുപ്പ് നടത്തിയത്. തകര്‍ന്നടിഞ്ഞുപോയ പാര്‍ട്ടിയെ നോക്കി പകച്ചിരിക്കാതെ അവര്‍ വീണ്ടും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.

സ്ത്രീയെന്ന ആനുകൂല്യം ഒരിടത്തും അവര്‍ ഉപയോഗിച്ചില്ല. ദാര്‍ശനികയോ, ബൗദ്ധികപ്രതിഭയോ അല്ലാതിരുന്നിട്ടും സാഹചര്യങ്ങളെ തനിക്കനുകൂലമാക്കി മാറ്റിയെടുക്കുന്നതില്‍ അവര്‍ അനിതരസാധാരണമായ മികവുകാണിച്ചിരുന്നു. അവര്‍ അവരുടേതായ ഒരു 'രാഷ്ട്രീയ ബ്രാന്‍ഡ്' സ്വയം രൂപപ്പെടുത്തിയെടുത്തത്, തന്നെ പരിഹസിക്കുകയും ഒറ്റപ്പെടുത്തുകയുംചെയ്ത എല്ലാ പുരുഷനേതാക്കളെയും വെല്ലുവിളിച്ചുകൊണ്ടായിരുന്നു.

(അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ റിസര്‍ച്ച് കണ്‍സല്‍ട്ടന്റാണ് ലേഖിക)


സോഷ്യലിസ്റ്റ് 

Veenaഅഡ്വ. വീണാ എസ്. നായര്‍

1971-ല്‍ ഇന്ദിരാ ഗാന്ധിക്കെതിരേ രൂപമെടുത്ത സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യ മുദ്രാവാക്യമായിരുന്നു 'ഇന്ദിര ഹഠാവോ' (ഇന്ദിരയെ നീക്കംചെയ്യുക). വ്യക്തിപരമായി അധിക്ഷേപം ചൊരിയുന്ന പ്രതിപക്ഷനേതാക്കള്‍ക്കെതിരേ പ്രതികാരത്തിന്റെ വാള്‍ ഓങ്ങുകയല്ല അന്ന് ഇന്ദിരാജി ചെയ്തത്. മറിച്ച്, അവരുടെ മുദ്രാവാക്യത്തിലെ വാക്കുകള്‍ കടമെടുത്തുകൊണ്ട് ഗരീബി ഹഠാവോ (ദാരിദ്ര്യം തുടച്ചുനീക്കുക) എന്ന ചരിത്രപ്രസിദ്ധമായ പദ്ധതിക്ക് രൂപംകൊടുത്തു. ദാരിദ്ര്യവും അസമത്വവും തുടച്ചുനീക്കാന്‍ അക്ഷീണം പരിശ്രമിച്ച യഥാര്‍ഥ സോഷ്യലിസ്റ്റായിരുന്നു ഇന്ദിരാജി. ലോകത്തെ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ 1972-ല്‍ സ്റ്റോക്ഹോമില്‍ വിളിച്ചുചേര്‍ത്ത ചരിത്രപ്രസിദ്ധമായ കോണ്‍ഫറന്‍സില്‍ 'ദാരിദ്ര്യമാണ് ലോകത്തിലെ ഏറ്റവും വലിയ മലിനീകരണം' എന്ന ഇന്ദിരാജിയുടെ വാക്കുകളാണ് ദാരിദ്ര്യം എന്ന സുപ്രധാന വിഷയത്തെ അന്താരാഷ്ട്രസമൂഹത്തിന്റെ മുന്നിലെത്തിച്ചത്.

ഇന്ദിരാഗാന്ധി പ്രസംഗിക്കുമ്പോള്‍ വേദിയിലിരുന്ന കോണ്‍ഫറന്‍സിന്റെ സെക്രട്ടറി ജനറല്‍ മൗറീസ് സ്ട്രോങ് തന്റെ ഓര്‍മക്കുറിപ്പുകളില്‍ ഇങ്ങനെ എഴുതി: 'ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി ഗാന്ധി നടത്തിയ പ്രസംഗം മുഴുവന്‍ സമ്മേളനത്തെയും ഏറ്റവും സ്വാധീനിച്ച പ്രസംഗങ്ങളിലൊന്നായിരുന്നു.'

ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രഖ്യാപനമാണ് ഇന്ദിരാജി 1969 ജൂലായ് 19-ന് നടത്തിയത്. ആ കാലഘട്ടത്തില്‍ വാണിജ്യ ബാങ്കുകള്‍ വന്‍കിട വ്യവസായങ്ങള്‍ക്കു മാത്രമായിരുന്നു വായ്പകള്‍ നല്‍കിക്കൊണ്ടിരുന്നത്. ബാങ്ക് വായ്പകള്‍ പാവപ്പെട്ടവനു ലഭ്യമാക്കാനും ബാങ്കിങ് സൗകര്യങ്ങളുടെ തുല്യവിതരണം ഉറപ്പാക്കുന്നതിനുമാണ് ഇന്ദിരാജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന 14 വാണിജ്യ ബാങ്കുകളെ ദേശസാത്കരിക്കുന്ന നടപടി സ്വീകരിച്ചത്. തുടര്‍ന്ന് 1980-ല്‍ ആറു ബാങ്കുകള്‍ ദേശസാത്കരിക്കപ്പെട്ടു. ഇത് മൊത്തം എണ്ണം 20 ആയി ഉയര്‍ത്തി. പിന്നാക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും ശാഖകള്‍ തുറക്കാനും ചെറുകിട വ്യവസായങ്ങള്‍, റോഡ് ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും കര്‍ഷകര്‍ക്കും വായ്പ ലഭ്യമാക്കാനും ദേശസാത്കൃത ബാങ്കുകളെ പ്രേരിപ്പിച്ചു.

രാജ്യത്തിന്റെ സമ്പത്ത് രാജകുടുംബങ്ങള്‍ക്കല്ല, മറിച്ച് ഒരു നേരത്തെ അന്നത്തിനു വകയില്ലാത്ത പാവങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന ചരിത്രപരമായ പ്രഖ്യാപനമാണ് നാട്ടുരാജ്യങ്ങളിലെ ഭരണകുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കിയ തീരുമാനത്തിലൂടെ ഇന്ദിരാജി നടത്തിയത്. 1971-ലെ 26-ാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് പ്രിവിപഴ്സ് നിര്‍ത്തലാക്കിയത്.

1960-കളുടെ മധ്യത്തില്‍ ഇന്ത്യ സാമ്പത്തികമായും രാഷ്ട്രീയമായും ഏറ്റവും ദുര്‍ബലമായ ഘട്ടത്തില്‍ ആയിരുന്നപ്പോഴാണ് അവര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 1962-ലെയും 1965-ലെയും യുദ്ധങ്ങള്‍, 1965-ലും 1966-ലും തുടര്‍ച്ചയായ രണ്ട് മഴക്കെടുതികള്‍, കാര്‍ഷിക ഉത്പാദനത്തില്‍ 20 ശതമാനം ഇടിവ്, ഉയര്‍ന്ന പണപ്പെരുപ്പനിരക്ക് എന്നിവ കാരണം രാജ്യം കടുത്ത പ്രതിസന്ധിയിലായിരുന്നു. കുറഞ്ഞ ഭക്ഷ്യസ്റ്റോക്കും വളരെ കുറഞ്ഞ വിദേശനാണ്യ കരുതല്‍ശേഖരവും ഇന്ത്യയെ ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തിച്ച കാലം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ദുര്‍ബലമാവുകയും ഭക്ഷണത്തിന് അടക്കം വികസിതരാജ്യങ്ങളെ ആശ്രയിച്ചാല്‍ ഇന്ത്യക്ക് പരമാധികാര സ്വതന്ത്രമായ നിലപാട് നിലനിര്‍ത്താന്‍ കഴിയില്ലെന്ന് ഇന്ദിരാഗാന്ധി പെട്ടെന്ന് മനസ്സിലാക്കി. അതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ തീരുമാനിച്ചു. 'ഹരിത വിപ്ലവം' എന്ന പദ്ധതിയുമായി ശക്തമായി മുന്നോട്ടുപോകാന്‍ അവര്‍ തീരുമാനിച്ചു.

ഇന്ത്യയെന്ന, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മതേതര അടിത്തറ കാത്തുസൂക്ഷിക്കാനും രാജ്യത്തെ ഒരുമിച്ചുനിര്‍ത്താനുമുള്ള ശ്രമത്തില്‍ ഇന്ദിരാജി സ്വയം സമര്‍പ്പിക്കുകയാണ് ചെയ്തത്. ഒരു കൊലയാളിയുടെ വെടിയുണ്ടകള്‍ അവരുടെ ദുര്‍ബലമായ ശരീരത്തെ കീറിമുറിച്ചിട്ടുണ്ടാകാം. പക്ഷേ, അവര്‍ കൊല്ലപ്പെടുന്നതിന് ഒരുദിവസംമുമ്പ് ഒഡിഷയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതുപോലെ, 'എന്റെ ഓരോ തുള്ളി രക്തവും ഇന്ത്യക്ക് ജീവന്‍ നല്‍കുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യും.' ഇന്ദിരാജിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ ഞാന്‍ അടക്കമുള്ള ആയിരങ്ങള്‍ക്ക് ഇന്നും ശക്തിസ്രോതസ്സാണ്.

(യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)


കാടിനെ കേട്ടവള്‍ 

seemaസീമാ സുരേഷ്

1966-ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിലേറുമ്പോള്‍ ഭാരതത്തിലെ വനങ്ങളും വനസമ്പത്തും പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നു. വന്യജീവികള്‍ കണക്കില്ലാതെ വെടിയേറ്റുവീണുകൊണ്ടേയിരുന്ന അവസ്ഥ. കാടിന്റെ ജീവിത ആവാസ വ്യവസ്ഥ താളംതെറ്റിയത് തിരിച്ചറിഞ്ഞ ഒരു പ്രധാനമന്ത്രി അവയുടെ പുനരുദ്ധാരണത്തിനായി മനസ്സുമുഴുവന്‍ കൊടുത്തത് ചരിത്രസത്യം.

ഐ.യു.സി.എന്‍. സമ്മേളനത്തില്‍, ബംഗാളില്‍ കടുവകള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചചെയ്യപ്പെട്ടു. അങ്ങനെ കടുവവേട്ട നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നിലവില്‍വന്നു. വിദേശനാണ്യം നഷ്ടപ്പെടുമെന്ന മുറവിളികള്‍ ഉയര്‍ത്തിയവരോട് ഇന്ദിരാഗാന്ധി പറഞ്ഞു: ''വിദേശനാണ്യം ആവശ്യമാണ്. പക്ഷേ, ഭൂമിയിലെ മനോഹരങ്ങളായ ജീവജാലങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടാവരുത് അത്.'' 1972-ലെ വൈല്‍ഡ്ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. ദേശീയോദ്യാനങ്ങളുടെയും വന്യജീവിസങ്കേതങ്ങളുടെയും രൂപവത്കരണത്തിന് തുടക്കംനല്‍കി അതോടൊപ്പം വന്യജീവിവേട്ടയ്ക്കും നിരോധനം വന്നു. കടുവകളുടെ പരിരക്ഷയ്ക്കുവേണ്ടി പ്രോജക്ട് ടൈഗര്‍ എന്ന ഏറ്റവും ബൃഹത്തായ സംരക്ഷണപദ്ധതിക്ക് 1973-ല്‍ തുടക്കംകുറിച്ചത് ഇന്ദിരാഗാന്ധിയുടെ പ്രകൃതിസ്‌നേഹത്തിന്റെ ദൃഷ്ടാന്തമായിരുന്നു. റോയല്‍ ബംഗാള്‍ ടൈഗര്‍ വംശനാശത്തില്‍നിന്ന് രക്ഷപ്പെട്ടതിന് ഏകകാരണം ഇന്ദിരാജിയുടെ നിലപാടുകളാണ്.1980-കളിലെ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം വനത്തിനുള്ളിലെ വാണിജ്യ വ്യവസായപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇന്ദിരാഗാന്ധി ഉത്തരവിട്ടിരുന്നു. പ്രകൃതിയോടുള്ള സ്‌നേഹം, വന്യജീവികളോടുള്ള അനുഭാവം ഇതെല്ലാം ബാല്യത്തിലേ അവരുടെ മനസ്സിലുണ്ടായിരുന്നു. അച്ഛന്‍ സമ്മാനിച്ച സാലിം അലിയുടെ പുസ്തകങ്ങള്‍ തനിക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയെന്നവര്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ സൈലന്റ് വാലി പദ്ധതിക്കെതിരേ ഇന്ദിരാഗാന്ധി നിന്നത്. 1983-ല്‍ ആ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിക്ക് അനുമതി ഇന്ദിരാഗാന്ധി നിഷേധിച്ചു. ബന്ദിപ്പൂരും മുതുമലയും സൈരന്ധ്രീവനവും ജലസമാധിയടയാതിരിക്കാനുള്ള ഏകകാരണം ഇന്ദിരാഗാന്ധിയത്രേ.

(വന്യജീവി ഫോട്ടോഗ്രാഫറാണ് ലേഖിക)

 

Content Highlights: Remembering country's first female PM on her 104th birthday