പുന്നപ്ര വയലാര്‍ സമരത്തിന്റെ തീക്ഷ്ണത വരച്ചുകാട്ടുന്ന 'വയലാര്‍ ഗര്‍ജിക്കുന്നു' എന്ന കവിതയില്‍ പി. ഭാസ്‌കരന്‍ ഇങ്ങനെ എഴുതുന്നു: 'ഉയരും ഞാന്‍ നാടാകെ, പടരും ഞാന്‍ ഒരു പുത്തന്‍ ഉയിര്‍ നാടിനേകിക്കൊണ്ടുയരും വീണ്ടും...' സമരത്തിനുശേഷം ഒട്ടും വൈകാതെയാണ് ഈ ഖണ്ഡകാവ്യം എഴുതപ്പെട്ടത്. ഇന്നും ജനഹൃദയങ്ങളില്‍ അതു ചുവപ്പുപടര്‍ത്തുന്നു. പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെ ത്യാഗം പകര്‍ത്താന്‍ 'കഴിവറ്റ തൂലികേ ലജ്ജിക്കു നീ...' എന്നാണ് ഭാസ്‌കരന്‍ മാഷ് എഴുതിയിട്ടുള്ളത്.

അടിച്ചമര്‍ത്തലിനെതിരേ ഉയിര്‍പ്പ്

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ പി. കൃഷ്ണപിള്ളയാണ് പുന്നപ്ര വയലാര്‍ സമരത്തിന്റെ സംവിധായകന്‍. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലാണ് ആദ്യം പാര്‍ട്ടിയുണ്ടാകുന്നത്. 1936-ല്‍ തിരുവിതാംകൂര്‍ കയര്‍ഫാക്ടറി തൊഴിലാളികളുടെ നേതൃത്വത്തില്‍ പണിമുടക്കു നടന്നു. ഇതിനു നേതൃത്വം നല്‍കിയ പി. കൃഷ്ണപിള്ള അറസ്റ്റിലായി. 1938-ല്‍ തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ ആക്ട് വന്നു. 600 നാട്ടുരാജ്യങ്ങളില്‍ ആദ്യമായി ഇങ്ങനെ ആക്ടുണ്ടായത് ഇവിടെയാണ്. അക്കാലത്ത് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ ജന്മിത്വം ശക്തമായിരുന്നു. രാജവാഴ്ചയും രാജാവിന്റെ ഇംഗിതം നടപ്പാക്കാന്‍ സര്‍ സി.പി.യുടെ കിങ്കരന്മാരും. ബ്രിട്ടീഷ് സര്‍ക്കാരുമായുള്ള ചങ്ങാത്തം. ഇതായിരുന്നു അന്നത്തെ രീതി. കയര്‍ ഫാക്ടറിയല്ലാതെ ആലപ്പുഴയില്‍ വേറെ കാര്യമായ വ്യവസായമൊന്നുമില്ല. യൂറോപ്യന്മാരുടെയും നാട്ടിലെ ജന്മിമാരുടെയും കയര്‍ ഫാക്ടറികളുണ്ടായിരുന്നു. ജന്മിമാരുടെ ഗുണ്ടകള്‍ തൊഴിലാളികളെ ഉപദ്രവിക്കുന്നത് അവകാശം പോലെയായിരുന്നു. പിടിച്ചുകെട്ടി തല്ലുക, സ്ത്രീകളെ ഉപദ്രവിക്കുക തുടങ്ങി എന്തും ചെയ്യാവുന്ന സ്ഥിതി. ഇതിനെതിരായ പ്രതിരോധം കമ്യൂണിസ്റ്റു പാര്‍ട്ടി എല്ലായിടത്തും തുടങ്ങി. ഇതുവളര്‍ന്നുവന്നാണ് കയര്‍ ഫാക്ടറി തൊഴിലാളികള്‍ പണിമുടക്കിയതും പിന്നീട് ആക്ട് വന്നതും.

സര്‍ സി.പി.യുടെ പട്ടാളവും ജന്മിമാരുടെ ഗുണ്ടകളും ചേര്‍ന്നുള്ള അക്രമവും സഹിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് പോരാട്ടത്തിലേക്ക് കടക്കുന്നത്. അതിനൊരു രാഷ്ട്രീയമുഖവും വന്നു. സ്വതന്ത്ര തിരുവിതാംകൂര്‍ എന്നൊരു വാദം സര്‍ സി.പി. മുന്നോട്ടുവെച്ചു. സ്വാതന്ത്ര്യം കിട്ടുമെന്ന തോന്നല്‍ വന്നപ്പോള്‍ മറ്റു നാട്ടുരാജ്യങ്ങളൊക്കെ അതിനോട് ചേര്‍ന്നുപോകുന്ന നിലപാടാണ് സ്വീകരിച്ചത്. ഹൈദരാബാദ് നൈസാം, തിരുവിതാംകൂര്‍ രാജാവ് എന്നിവരൊക്കെ എതിര്‍ക്കുന്നവരായിരുന്നു. ഇന്ത്യന്‍ യൂണിയനില്‍നിന്ന് വേര്‍പെട്ട് സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന വാദത്തിനെതിരായ രാഷ്ട്രീയമായ പോരാട്ടമായിക്കൂടി പുന്നപ്ര വയലാര്‍ സമരം മാറി. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ക്കൊപ്പം പ്രായപൂര്‍ത്തി വോട്ടവകാശവും നേതാക്കള്‍ ചോദിച്ചു. ഇതിന്റെ കൂടിയാലോചനയ്ക്കായി സര്‍ സി.പി. യൂണിയന്‍ നേതാക്കളെ വിളിച്ചു. ചര്‍ച്ചയ്ക്കു പോയ ടി.വി.തോമസിന് ഇരിക്കാന്‍ ഒരു കസേരപോലും കൊടുത്തില്ല. ഉയര്‍ന്ന പീഠത്തിലിരിക്കുകയായിരുന്ന സി.പി.ക്കു മുന്നില്‍ അത്രയും പൊക്കമുള്ള മേശയുടെ പുറത്ത് ടി.വി. കയറിയിരുന്നു. പ്രായപൂര്‍ത്തി വോട്ടവകാശം ഒഴിച്ചുള്ള എല്ലാ സാമ്പത്തിക ആവശ്യങ്ങളും അംഗീകരിക്കാമെന്ന് സര്‍ സി.പി. പറഞ്ഞു. എന്നാല്‍, പ്രായപൂര്‍ത്തി വോട്ടവകാശം അംഗീകരിക്കുകയും സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന വാദം ഉപേക്ഷിക്കുകയും ചെയ്താല്‍ മറ്റെല്ലാ ഡിമാന്‍ഡുകളും വേണ്ടെന്നുവെക്കാമെന്നായിരുന്നു ടി.വി.യുടെ മറുപടി. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്ന് സര്‍ സി.പി.യുടെ പട്ടാളം ഉപദ്രവങ്ങള്‍ തുടങ്ങി. ഇത് പോരാട്ടത്തിലേക്കു നയിക്കുകയായിരുന്നു.

പോരാട്ടം തുടരുന്നു

1946 ഒക്ടോബര്‍ 23-ന് പുന്നപ്രയില്‍ ആദ്യപോരാട്ടം നടന്നു. വയലാറില്‍ 27-നായിരുന്നു വെടിവെപ്പ്. വയലാര്‍ അന്ന് ദ്വീപാണ്. 27-ന് അവിടെ സമ്മേളിച്ച ജനക്കൂട്ടത്തിനുനേരെ നാലുവശത്തും ബോട്ടിലൂടെ വന്ന പട്ടാളം ഒരു കാരണവുമില്ലാതെ വെടിവെക്കുകയായിരുന്നു. നൂറുകണക്കിനാളുകള്‍ മരിച്ചു. നിരായുധരെയാണ് വെടിവെച്ചത്. എന്നാല്‍, പുന്നപ്രയിലേത് പോരാട്ടമായിരുന്നു. ചെത്തിക്കൂര്‍പ്പിച്ച വാരിക്കുന്തങ്ങളുമായി പാവപ്പെട്ട തൊഴിലാളികള്‍ പട്ടാളത്തിന്റെ തോക്കിനെയും പീരങ്കിയെയും ലാത്തികളെയും നേരിട്ടു. സി.പി.യുടെ ചോറ്റുപട്ടാളക്കാരില്‍ കുറെപ്പേരും മരിച്ചു. പട്ടാളത്തില്‍നിന്ന് പിരിഞ്ഞുവന്ന കുറെപ്പേരാണ് ആക്രമണത്തിന് തൊഴിലാളികളെ പരിശീലിപ്പിച്ചത്. ഇതിന്റെ പ്രധാനകേന്ദ്രമായിരുന്നു ആലപ്പുഴയിലെ കുതിരപ്പന്തി, തുമ്പോളി പ്രദേശങ്ങള്‍. വാരിക്കുന്തങ്ങളുമായി ഇഴഞ്ഞുചെന്നാണ് തോക്കുധാരികളായ പട്ടാളക്കാരെ നേരിട്ടത്. എങ്കിലും തോക്കിനു പകരമാവില്ലല്ലോ വാരിക്കുന്തം. ഒട്ടേറെ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. പോരാട്ടത്തിലെ ഒരു സ്‌ക്വാഡ്രണ്‍ ലീഡറായിരുന്നു പി.കെ. ചന്ദ്രാനന്ദന്‍. എം.ടി. ചന്ദ്രസേനനും രംഗത്തുണ്ടായിരുന്നു. സമരരംഗത്തുണ്ടായിരുന്ന വി.എസിനെ ഇടയ്ക്ക് പാര്‍ട്ടി പൂഞ്ഞാറിലേക്കു നിയോഗിച്ചു. അവിടെവെച്ചാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നതും ക്രൂരമായി പീഡിപ്പിക്കുന്നതും.

പുന്നപ്രയിലെ പോരാട്ടത്തിനു പിന്നാലെ മാരാരിക്കുളം, മേനാശ്ശേരി, ഒളതല എന്നിവിടങ്ങളിലും വെടിവെപ്പുണ്ടായി. മരിച്ചവരുടെ എണ്ണം ഇപ്പോഴും അറിയില്ല. ഏറ്റവും ഒടുവിലത്തേതായിരുന്നു വയലാറിലെ വെടിവെപ്പ്.

വെടിയേറ്റു മരിച്ചവരെയും മുറിവേറ്റവരെയും പിടികൂടിയവരെയും പട്ടാളവണ്ടികളില്‍ വാരിവലിച്ചിട്ട് ആലപ്പുഴ വലിയ ചുടുകാട്ടില്‍ കൊണ്ടുവന്ന് പെട്രോള്‍ ഒഴിച്ച് തീവെച്ചു ദഹിപ്പിച്ചു. അങ്ങനെയാണ് വലിയ ചുടുകാട് പുന്നപ്ര വയലാര്‍ രക്തസാക്ഷി നഗരിയായത്. അവിടെയാണ് സ്മരണാമണ്ഡപങ്ങള്‍. പുന്നപ്രയില്‍ വെടിയേറ്റു മരിച്ചവര്‍ക്ക് പുന്നപ്ര കടല്‍ത്തീരത്താണ് മണ്ഡപം. മേനാശ്ശേരിയിലും ഒളതലയിലും അവിടെത്തന്നെയാണ് മണ്ഡപങ്ങള്‍.

അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍

പുന്നപ്ര വയലാര്‍ തൊഴിലാളികള്‍ പോരാടിയത് അവര്‍ക്കു വേണ്ടിയായിരുന്നില്ല. പൊതു സമൂഹത്തിനുവേണ്ടിയാണ്. പ്രായപൂര്‍ത്തി വോട്ടവകാശത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി അവര്‍ പോരാടി. 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യം അറബിക്കടലിന്റെ ഗര്‍ജനത്തെപ്പോലും അപ്രസക്തമാക്കി. 'വിപ്ലവം ജയിക്കട്ടെ' എന്ന മുദ്രാവാക്യം അലറിവിളിച്ചു ചെന്നാണ് തൊഴിലാളികള്‍ പട്ടാളത്തെ നേരിട്ടത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത പോരാട്ടമായി ഇതു മാറുന്നതും അതുകൊണ്ടാണ്.

പുന്നപ്ര വയലാറില്‍ ഒഴുകിയ രക്തം പാഴായില്ല. അടുത്തവര്‍ഷം ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി. 600 നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തോടെ തിരുവിതാംകൂര്‍ രാജഭരണം അവസാനിച്ചു. സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന സര്‍ സി.പി.യുടെ ദിവാസ്വപ്നം പൊലിഞ്ഞു. ഇന്ത്യ ഒന്നാണ് എന്ന ആശയം സാക്ഷാത്കരിക്കരിക്കാനായി തിരുവിതാംകൂറിലെ കമ്യൂണിസ്റ്റുകാര്‍ ജീവരക്തം കൊണ്ട് സൃഷ്ടിച്ചത് ത്യാഗോജ്ജ്വല ചരിത്രമാണ്. സര്‍ സി.പി. വെട്ടേറ്റ് നാടുവിട്ടോടേണ്ടിവന്നത് പില്‍ക്കാല ചരിത്രം. ആര്‍.എസ്.പി.ക്കാരനായ കെ.സി.എസ്. മണിയാണ് വെട്ടിയത്. പുന്നപ്ര വയലാര്‍ സമരചരിത്രകാലത്തു നടന്ന സമരങ്ങളാണ് കയ്യൂര്‍, കരിവെള്ളൂര്‍, മൊറാഴ, പാടിക്കുന്ന്, മുനയംകുന്ന്, തില്ലങ്കേരി എന്നിവിടങ്ങളിലേത്. അവിടെയെല്ലാം കാര്‍ഷിക കലാപങ്ങളായിരുന്നു. കൃഷിക്കാരാണ് പങ്കെടുത്തത്. പുന്നപ്ര വയലാറില്‍ വിവിധ മേഖലകളിലെ തൊഴിലാളികളാണ് പങ്കെടുത്തത്.

കോണ്‍ഗ്രസ് നിലപാട്

സ്വാതന്ത്ര്യത്തിനുശേഷം അധികാരത്തില്‍വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പുന്നപ്ര വയലാര്‍ സമരത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ സര്‍ സി.പി.യെ ഫലത്തില്‍ പിന്തുണയ്ക്കുന്ന സമീപനമാണ് സ്റ്റേറ്റ് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. ആദ്യമൊക്കെ കോണ്‍ഗ്രസ് വഞ്ചനദിനം ആചരിക്കുകയും ചെയ്തു. ബഹുജനരോഷത്തെത്തുടര്‍ന്ന് പിന്നീടത് ഉപേക്ഷിച്ചു. വഞ്ചനദിനം ആചരിക്കാന്‍ ഒരുകൂട്ടം കോണ്‍ഗ്രസുകാര്‍ വയലാറില്‍ എത്തി. കരിങ്കൊടി പിടിക്കുന്നവന്റെ കൈവെട്ടിക്കളയുമെന്ന് പാര്‍ട്ടിനേതൃത്വം പ്രഖ്യാപിച്ചു. പിന്നീടത് ഉണ്ടായില്ല.

മുക്കാല്‍ നൂറ്റാണ്ടായി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിദിനം ആചരിക്കുന്നു. 1964 വരെ അവിഭക്ത പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് നടന്നത്. 1964 മുതല്‍ 1980 വരെ സി.പി.എമ്മും സി.പി.ഐ.യും വെവ്വേറെ ആചരിച്ചു. പിന്നീട് വീണ്ടും ഒന്നിച്ചായി. അടിയന്തരാവസ്ഥക്കാലത്തുപോലും ആലപ്പുഴ വലിയചുടുകാട്ടില്‍നിന്ന് വയലാറിലേക്കുള്ള ഒക്ടോബര്‍ 27-ലെ ദീപശിഖാ റാലി സി.പി.എം. മുടക്കിയിട്ടില്ല. അവിഭക്ത പാര്‍ട്ടിയുടെ കാലത്ത് എം. എന്‍. ഗോവിന്ദന്‍നായര്‍, ടി.വി. തോമസ്, വി. എസ്. അച്യുതാനന്ദന്‍, പി.കെ. ചന്ദ്രാനന്ദന്‍, പി.ടി. പുന്നൂസ്, കെ.ആര്‍. ഗൗരിയമ്മ, എം.ടി. ചന്ദ്രസേനന്‍, എ.കെ.ജി., ഇ.എം.എസ്., പി.കെ.വി. തുടങ്ങിയ നേതാക്കള്‍ ദീപശിഖാറാലി കൊളുത്തി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി രണ്ടായ ശേഷം സി.പി.എമ്മിനുവേണ്ടി ഇ.എം.എസും. എ.കെ.ജി.യും സി.എച്ച്. കണാരനും നായനാരും വി.എസും ഗൗരിയമ്മയും ചന്ദ്രാനന്ദനും പിണറായി വിജയനും ചടയന്‍ ഗോവിന്ദനുമൊക്കെ എത്തി. കഴിഞ്ഞവര്‍ഷം ഈ ലേഖകനെയാണ് ദീപശിഖ കൊളുത്താന്‍ പാര്‍ട്ടി നിയോഗിച്ചത്. ഇത്തവണയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി കാണുന്നു.


മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ മന്ത്രിയുമാണ് ലേഖകന്‍

Content Highlights: Punnapra-Vayalar Uprising 75th anniversary