ണ്ട് അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ക്ക് പോലും പ്ലസ് വണ്‍ സീറ്റില്ല. ആവശ്യത്തിന് സീറ്റുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യം. പതിനഞ്ചുവയസ്സുമാത്രമുളള കുട്ടികള്‍ക്ക് അറുപതും എഴുപതും കിലോമീറ്റര്‍ അകലെയുളള സ്‌കൂളില്‍ പ്രവേശനം കിട്ടിയിട്ട് എന്തുകാര്യം. ഇനിയും അലോട്ട്‌മെന്റ് ഉണ്ട്. പക്ഷേ അതുവരെ കാത്തിരിക്കാന്‍ ധൈര്യമില്ലാതെ മാനേജ്‌മെന്റ് സീറ്റ് തരപ്പെടുത്തേണ്ടിവരുന്ന സ്ഥിതിയാണിന്ന്. ആശങ്കയിലാണ് രക്ഷിതാക്കളും കുട്ടികളും 

ഉപരിപഠനത്തിന് അര്‍ഹര്‍ എന്ന പേരിലാണ് എസ്.എസ്.എല്‍.സി. വിജയികളെ പ്രഖ്യാപിക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞാണ് എങ്ങോട്ടുതിരിയണമെന്ന് കുട്ടി തീരുമാനിക്കുന്നതും. നിരാശയിലാണ് തൃശ്ശൂര്‍ ജില്ലയിലെ നല്ലൊരു പങ്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും.

പരീക്ഷയെഴുതിയവരില്‍ മൂന്നിലൊന്ന് കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരാണ്. ആവശ്യത്തിന് സീറ്റുകള്‍ പറയുമ്പോഴും ആശങ്ക തീരുന്നില്ല. അലോട്ട്മെന്റ് രണ്ടെണ്ണം കഴിഞ്ഞു. എന്നിട്ടും ഫുള്‍ എ പ്ലസ് കിട്ടിയവരില്‍ പലരും പടിക്കുപുറത്താണ്.

ഒരു ഉദാഹരണം

ഒരു സ്‌കൂളില്‍ രണ്ട് കുട്ടികള്‍ സയന്‍സ് ഗ്രൂപ്പിന് അപേക്ഷിക്കുന്നു. ഒരാള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. രണ്ടാമത്തെയാള്‍ക്ക് ഒമ്പത് എ പ്ലസും ഒരു എ യും. വെയിറ്റേജ് ഗ്രേഡ് പോയിന്റ് ആവറേജ് (ഡബ്ല്യു.ജി.പി.എ.) കണക്കാക്കിയാണ് ഏകജാലകത്തിന്റെ സോഫ്റ്റ്വേര്‍ പട്ടിക ഉണ്ടാക്കുന്നത്.

ബോണസ് പോയിന്റ് ഒന്നും ഇല്ലെങ്കില്‍ ആദ്യത്തെയാള്‍ക്ക് ഒമ്പത് പോയിന്റും രണ്ടാമത്തെയാള്‍ക്ക് 8.9 പോയിന്റും ആയിരിക്കും വരുക. ഇനി രണ്ടാമത്തെയാള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റോ സ്റ്റുഡന്റ് പോലീസിന്റെ ഒരു സര്‍ട്ടിഫിക്കറ്റോ ഉണ്ടെന്ന് കരുതുക. അങ്ങനെവരുമ്പോള്‍ ആ കുട്ടിയുടെ പോയിന്റ് 9.1-ലേക്ക് മാറും. ആദ്യത്തെ കുട്ടിക്ക് ഒരു ബോണസ് ആനുകൂല്യവും ഇല്ലെങ്കില്‍ ഒമ്പത് എ പ്ലസുകാരന്‍ മുന്നില്‍ക്കയറും. ഇത്തരം വിഷയം ഇക്കൊല്ലം ഉണ്ടായതല്ല. എന്നാല്‍, അത് അതിരൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങിയതിനു പിന്നില്‍ എ പ്ലസുകാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ്.

ഡിമാന്‍ഡുള്ള വിഷയത്തിനുവേണ്ടി 10 മുഴുവന്‍ എ പ്ലസുകാര്‍ അണിനിരക്കുമ്പോള്‍ അതില്‍ ബോണസ് പോയിന്റുള്ളവര്‍ മുന്നിലേക്ക് കയറും. സീറ്റ് കിട്ടിയില്ല എന്ന നിരാശയില്‍ ചിലര്‍ പുറത്തുനില്‍ക്കുകയും ചെയ്യേണ്ടിവരുന്നത് ഇങ്ങനെയാണ്.

വെല്ലുവിളിയായത് ബോണസ് പോയിന്റുകള്‍

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഗതിയാകെ മാറ്റിമറിച്ചത് ബോണസ് പോയിന്റുകളാണ്. പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നതാണ് ബോണസ് പോയിന്റുകള്‍. അതായത്, കഷ്ടപ്പെട്ട് പഠിച്ച് നേടിയ മാര്‍ക്ക് ഇഷ്ടവിഷയവും ഇഷ്ടപ്പെട്ട സ്‌കൂളും കിട്ടാനുള്ള മാനദണ്ഡമല്ലെന്ന് സാരം. ബോണസ് പോയിന്റുകള്‍ക്കൊപ്പം താമസിക്കുന്ന പഞ്ചായത്തിന്റെ അടിസ്ഥാനത്തിലുള്ള വെയിറ്റേജും സ്വന്തം സ്‌കൂളിന്റെ വെയിറ്റേജും ഒക്കെയുണ്ട്.

മുഴുവന്‍ എ പ്ലസ് ഉണ്ടായിട്ടും ഈ ആനുകൂല്യങ്ങള്‍ ഇല്ലാത്തവരാണ് വിഷമത്തിലായത്.

പഠിച്ചത് പണം കൊടുക്കാനോ ?

ഫുള്‍ എ പ്ലസുകാര്‍ മാനേജ്മെന്റ് സീറ്റിന് ഓടുന്ന പരിതാപകരമായ കാലം മുമ്പുണ്ടായിട്ടില്ല. വന്‍തുക സംഭാവനയും നല്‍കേണ്ടിവരുന്നു. പഠിച്ചത് ഇങ്ങനെ പണം കൊടുക്കാനാണോ എന്ന്് കുട്ടികള്‍ രക്ഷിതാക്കളോട് ചോദിക്കുന്ന സ്ഥിതി ഉണ്ടായിട്ടുമുണ്ട്. കുട്ടികളുടെ മാര്‍ക്കും നിലവാരവും അറിഞ്ഞ് പണം വാങ്ങാതെ പ്രവേശനം കൊടുത്ത സ്‌കൂളുകളുമുണ്ട്.

പ്രതീക്ഷ സപ്ലിമെന്ററി പട്ടികയില്‍

രണ്ടാംഘട്ട അലോട്ട്മെന്റ് പട്ടികയില്‍ ഇടംപിടിച്ചവര്‍ക്ക് പ്രവേശനം നേടാന്‍ 21 വരെ സമയമുണ്ട്്. ഈ തീയതി കഴിഞ്ഞാലും ജില്ലയില്‍ ഇപ്പോഴുള്ള പ്രതിസന്ധി മാറുമോ എന്ന് സംശയമാണ്. കമ്യൂണിറ്റി സീറ്റുകളിലെ പ്രവേശനം, സംവരണ സീറ്റുകളിലെ ഒഴിവുകള്‍ എന്നിവയ്ക്ക് അനുസരിച്ചാണ് ഇനിയുള്ള സാധ്യതകള്‍. സപ്ലിമെന്ററി പട്ടിക വരുമ്പോള്‍ അതില്‍ കയറിപ്പറ്റാം എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ നിരാശയിലുള്ള കുട്ടികളും രക്ഷിതാക്കളും.

സയന്‍സ് വിഭാഗത്തിലേക്കാണ് പരമാവധിപേരും ശ്രമിക്കുന്നത്. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഉയര്‍ന്ന ഗ്രേഡുകാര്‍ക്ക് ഇപ്പോള്‍ പ്രവേശനം കിട്ടുന്നുണ്ട്. സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക്്് ബോണസ് പോയിന്റിന്റെ ആനുകൂല്യം കുറവായതിനാല്‍ അവരും വലിയ ആശങ്കയിലാണ്. മാനേജ്മെന്റ് സീറ്റുകള്‍ക്ക്് മുമ്പില്ലാത്തവിധം ഇക്കുറി ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളില്‍ തിരക്കേറിയിട്ടുണ്ട്്. താത്പര്യമില്ലാത്ത കോഴ്സുകളില്‍ പ്രവേശനം കിട്ടിയവര്‍ക്ക് 25-ന് ഇറങ്ങുന്ന സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷിക്കാനാകില്ല എന്നതാണ് മറ്റൊരു ആശങ്ക. കാരണം ഇതുവരെ പ്രവേശനം കിട്ടാത്തവര്‍ക്കാണ് അപേക്ഷിക്കാനാകുക.

പോയിന്റ് വരുന്ന വഴികള്‍ (പരമാവധി 10 പോയിന്റ് മാത്രമേ അനുവദിക്കൂ)

  • ജോലിക്കിടെ മരിച്ച ജവാന്റെ മക്കള്‍: അഞ്ച്
  • വിമുക്തഭടന്മാരുടെ മക്കള്‍: മൂന്ന്
  • എന്‍.സി.സി., സ്‌കൗട്ട്, ഗൈഡ്സ്, നീന്തല്‍, സ്റ്റുഡന്റ് പോലീസ്: രണ്ട്
  • ലിറ്റില്‍ കൈറ്റ്സ് എ ഗ്രേഡ്: ഒന്ന്
  • അതേ സ്‌കൂളില്‍ പഠിച്ചവര്‍: രണ്ട്
  • സ്‌കൂളിന്റെ പഞ്ചായത്ത്/നഗരസഭാപരിധിയില്‍പ്പെട്ടവര്‍: രണ്ട്
  • സ്‌കൂള്‍ സ്ഥിതിചെയ്യുന്ന താലൂക്ക് പരിധിയില്‍പ്പെട്ടവര്‍: ഒന്ന്
  • സംസ്ഥാന സിലബസില്‍ പഠിച്ചവര്‍: മൂന്ന്

ഇതില്‍ എന്‍.സി.സി., സ്‌കൗട്ട്, ഗൈഡ്സ്, നീന്തല്‍, സ്റ്റുഡന്റ് പോലീസ്, ലിറ്റില്‍ കൈറ്റ്സ് തുടങ്ങിയവയുടെ ബോണസ് പോയിന്റുകള്‍ ഉള്ളവരുടെ എണ്ണം ജില്ലയില്‍ കൂടുതലുള്ളതായാണ് വിവരം. സ്‌കൂള്‍ അടഞ്ഞുകിടന്ന സമയത്ത് ഇത്തരം ക്ലബ്ബുകളുടെ പ്രവര്‍ത്തനം കാര്യമായി നടന്നിരുന്നില്ല. എന്നാല്‍, അവയുടെ പേരിലും ബോണസ് പോയിന്റുകള്‍ വന്നതോടെ പ്രതിസന്ധിയുടെ ആഴം കൂടുകയായിരുന്നു. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരുന്ന കാരണം പറഞ്ഞാണ് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളായി നല്‍കിവന്നിരുന്ന ഗ്രേസ് മാര്‍ക്ക് നല്‍കാതിരുന്നത്. ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ എ പ്ലസുകാരുടെ എണ്ണം ഇപ്പോഴുള്ളതിലും കൂടുകയും ചെയ്‌തേനേ.

നിരാശയോടെ കുട്ടികള്‍ പറയുന്നു

അവിട്ടത്തൂര്‍, ആളൂര്‍, നാഷണല്‍, എസ്.എന്‍., ബോയ്സ്, ശ്രീകൃഷ്ണ എന്നീ സ്‌കൂളുകളില്‍ പ്ലസ്വണ്ണിന് അപേക്ഷിച്ചിരുന്നു. ഇതുവരെ എവിടെയും കിട്ടിയില്ല. സയന്‍സ് ഗ്രൂപ്പ് എടുക്കാനാണ് ആഗ്രഹം. അവിട്ടത്തൂര്‍ സ്‌കൂളിലാണ് പഠിച്ചത്. അവിടെത്തന്നെ പ്ലസ്ടുവിന് പഠിക്കാനാണ് താത്പര്യം. പക്ഷേ, കിട്ടണ്ടേ. -ജഫറി ജോഷി, ഫുള്‍ എപ്ലസ്, അവിട്ടത്തൂര്‍

എനിക്ക് ഒന്‍പത് എ പ്ലസും ഒരു 'എ'യുമടക്കം 92 ശതമാനം മാര്‍ക്കുണ്ട്. എന്നിട്ടും വടക്കാഞ്ചേരി ദേശമംഗലത്താണ് സീറ്റ് കിട്ടിയത്. അതും രണ്ടാം അലോട്ട്മെന്റില്‍. കിട്ടിയത് ഇഷ്ടവിഷയവുമല്ല. ചാലക്കുടിയിലും സമീപപ്രദേശങ്ങളിലുമെല്ലാം ഓപ്ഷന്‍ വെച്ചെങ്കിലും ഒരുസ്ഥലത്തും കിട്ടിയില്ല. ഇനി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ്. 65 കിലോമീറ്റര്‍ ദൂരെയാണ് ഇനി പഠിക്കേണ്ടത്.-എസ്. ഗൗരി , ചാലക്കുടി

നാല് വിഷയത്തില്‍ എ പ്ലസും 74 ശതമാനം മാര്‍ക്കുമുണ്ടായിട്ടും രണ്ട് അലോട്ട്‌മെന്റുകളിലും സീറ്റ് ലഭിച്ചില്ല. ഏകജാലകത്തിനു പുറമേ എസ്.എസ്.എല്‍.സി.ക്കു പഠിച്ച സ്‌കൂളില്‍ ഉള്‍പ്പെടെ മാനേജ്‌മെന്റ് ക്വാട്ടയിലും അപേക്ഷ നല്‍കിയെങ്കിലും സീറ്റ് കിട്ടിയില്ല. ഒരുവര്‍ഷം നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ വയ്യ.-സി.എസ്. ദേവിക, ഒരുമനയൂര്‍

17 സ്‌കൂളുകളിലേക്ക് ഓപ്ഷന്‍ നല്‍കിയിരുന്നു. ജി.എച്ച്.എസ്.എസ്. എരുമപ്പെട്ടിയില്‍ സയന്‍സ് ഗ്രൂപ്പിലേക്കാണ് പ്രഥമ പരിഗണന കൊടുത്തിരുന്നത്. 17-ാമത്തെ സ്‌കൂളിലേക്ക് ഹ്യുമാനിറ്റീസിനും കൊമേഴ്സിനും ഓപ്ഷന്‍ കൊടുത്തിട്ടുണ്ട്. അതത് പഞ്ചായത്തുകളിലും സ്‌കൂളുകളിലും ഉള്ളവര്‍ക്ക് കൂടുതല്‍ ബോണസ് പോയിന്റ് ലഭിച്ചത് ഗുണമായി. സപ്ലിമെന്ററി ഓപ്ഷനില്‍ കൊടുത്താലും ഇനി സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷയില്ല. -ശിഖാരാജ്, തയ്യൂര്‍

കാത്തിരിക്കാം, പ്രശ്നം മാറും

നവംബര്‍ 25 വരെ നീളുന്ന ഒരു പ്രക്രിയയാണ് പ്ലസ് വണ്‍ പ്രവേശനം. ഇക്കൊല്ലം കൂടുതല്‍ കുട്ടികള്‍ക്ക് ഫുള്‍ എപ്ലസ് കിട്ടിയത് ഒരു തള്ളല്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ആശങ്ക വേണ്ടാ. ഒരു കുട്ടിക്കുപോലും ജില്ലയില്‍ പ്രവേശനം കിട്ടാതെ പോവില്ല.- ടി.വി. മദനമോഹനന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍

Content Highlights: Plus one seat allotment; No seats for many A+ students