പാകിസ്താനില്‍നിന്നുള്ള ഭീഷണി, പേരില്ലാത്ത അയല്‍ക്കാരനുയര്‍ത്തുന്ന ശത്രുത (ചൈന), ഹിന്ദുത്വം, പാര്‍ലമെന്റ് പൊളിക്കല്‍, ആന്ദോളന്‍ ജീവികള്‍ (തളരാതെ സമരം ചെയ്യുന്നവര്‍), കുടുംബരാഷ്ട്രീയം, വികസനമില്ലാതിരുന്ന 70 വര്‍ഷം, വിശ്വഗുരുവാണ് ഇന്ത്യ... മടുപ്പുണ്ടാക്കുംവിധം ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുകയാണ് കേന്ദ്രസര്‍ക്കാരും അതിലെ മന്ത്രിമാരും. എന്തായാലും നമ്മുടെ കുഞ്ഞുങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച്, പ്രത്യേകിച്ചും അവരുടെ ആരോഗ്യവും വിദ്യാഭ്യാസവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ച് ഇവരാരും സംസാരിക്കുന്നത് കേട്ടിട്ടില്ല.

ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന വിദ്യാഭ്യാസ വാര്‍ഷിക റിപ്പോര്‍ട്ട് (അസെര്‍) ഞാന്‍ സ്ഥിരമായി ശ്രദ്ധിക്കുന്നതാണ്. 2018-ലെയും 2020-ലെയും റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുന്നിലുണ്ട്. 2021-ലെ അസെര്‍ റിപ്പോര്‍ട്ട് നവംബര്‍ 17-ന് പുറത്തുവന്നിട്ടുണ്ട്. ഇതേസമയംതന്നെ ദേശീയ കുടുംബാരോഗ്യ സര്‍വേ-അഞ്ച് (2019'21) റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചു. എന്‍.എച്ച്.എഫ്.എസ്.-നാലിന്റെ അതേ രീതിതന്നെ പിന്തുടര്‍ന്നിട്ടുള്ളതിനാല്‍ കഴിഞ്ഞ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യാന്‍ വളരെയെളുപ്പമാണ്. ഇന്ത്യയുടെ ശരിയായ ചിത്രമെന്തെന്ന് അസെര്‍ 2021, എന്‍.എഫ്.എച്ച്.എസ്.-അഞ്ച് റിപ്പോര്‍ട്ടുകള്‍ കാട്ടിത്തരുന്നു. എന്നാല്‍, പ്രധാനമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ ആരോഗ്യമന്ത്രിയോ ഈ രണ്ട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചതായി ഞാനോര്‍ക്കുന്നില്ല.

രണ്ടു റിപ്പോര്‍ട്ടുകള്‍, പ്രധാന നിഗമനങ്ങള്‍

കോവിഡ് മഹാമാരി രാജ്യത്തുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ചാണ് രണ്ടു റിപ്പോര്‍ട്ടുകളും പറയുന്നത്. പ്രത്യേക സാഹചര്യത്താലുണ്ടായവയെന്നു പറഞ്ഞ് ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കളയാനാവില്ല. ആശങ്കയുണ്ടാക്കുന്നതാണ് ഇതിലെ കണ്ടെത്തലുകള്‍.

അസെര്‍ 2021 (ഗ്രാമീണമേഖല)

സ്വകാര്യസ്‌കൂളുകളില്‍നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള കുട്ടികളുടെ മാറ്റം വലിയതോതില്‍ വര്‍ധിച്ചു.

ട്യൂഷനു പോകുന്ന കുട്ടികളുടെ എണ്ണത്തിലും ആനുപാതികമായ വര്‍ധന.

സ്മാര്‍ട്ട്ഫോണ്‍ ഉടമകളുടെ എണ്ണം കൂടിയെങ്കിലും കുട്ടികള്‍ക്ക് ഇവ ലഭ്യമാകുന്നത് ഇപ്പോഴും പ്രശ്‌നമായി തുടരുന്നു.

സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ പഠനത്തിനായി വീട്ടില്‍നിന്ന് കിട്ടിയിരുന്ന സൗകര്യങ്ങള്‍ കുറഞ്ഞു.

കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാകുന്നതില്‍ നേരിയ വര്‍ധനയുണ്ട്.

എന്‍.എഫ്.എച്ച്.എസ്. 2019-'21

രാജ്യത്തെയാകെ പ്രത്യുത്പാദന നിരക്ക് രണ്ടുശതമാനത്തിലെത്തിയെങ്കിലും മൂന്ന് സംസ്ഥാനങ്ങളിലെ ( ഏറ്റവും ദരിദ്രമായ മൂന്ന് സംസ്ഥാനങ്ങളിലെ) ജനസംഖ്യ ഉയര്‍ന്ന നിരക്കില്‍ത്തന്നെ തുടരുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ജനിച്ച കുട്ടികളുടെ ആണ്‍-പെണ്‍ അനുപാതം 1000 ആണ്‍കുട്ടികള്‍ക്ക് 929 പെണ്‍കുട്ടികള്‍ എന്ന നിലയിലേക്ക് താണു.

ശൗചാലയം, ഇന്ധനം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇപ്പോഴും വെല്ലുവിളിയായിത്തുടരുന്നു.

മരണനിരക്ക് കുറയുന്നുണ്ടെങ്കിലും അംഗീകരിക്കാനാകാത്തവിധം ഉയര്‍ന്നുതന്നെ.

വളര്‍ച്ചക്കുറവ്, ഭാരക്കുറവ്, വിളര്‍ച്ച എന്നിവ കുട്ടികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നു.

രണ്ടു റിപ്പോര്‍ട്ടുകളിലെയും കണ്ടെത്തലുകള്‍ ചേര്‍ത്തുവായിച്ചാല്‍, ഏതൊരു രാജ്യത്തിന്റെയും ഏറ്റവും വിലപ്പെട്ട സമ്പത്തായ കുട്ടികള്‍ ഇന്ത്യയില്‍ അവഗണിക്കപ്പെടുകയാണെന്ന് വ്യക്തമാകും.

അസമത്വങ്ങളും അവയ്ക്ക് ആക്കംകൂട്ടുന്നവയും

വിവിധ ജനവിഭാഗങ്ങള്‍ തമ്മിലെ അസമത്വം എല്ലാ രാജ്യങ്ങളിലും കണ്ടുവരുന്നതാണ്. വരുമാനവും സമ്പത്തുമാണ് അവയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങള്‍. എന്നാല്‍, ഇന്ത്യയില്‍ ഈ അസമത്വത്തെ കൂടുതല്‍ വഷളാക്കുന്നത് ജാതിയും മതവുമാണ്. സാമൂഹികവും സാമ്പത്തികവുമായ ഗുണങ്ങളൊന്നും ലഭിക്കാത്ത ജനവിഭാഗങ്ങള്‍ ഏറ്റവും ദരിദ്രരും തൊഴിലില്ലാത്തവരും സര്‍ക്കാരില്‍നിന്ന് വിവേചനവും അവഗണനയും നേരിടുന്നവരുമാകുന്നു. മറ്റ് കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഈ വിഭാഗം ജനങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും നിങ്ങള്‍ക്ക് സങ്കല്പിക്കാവുന്നതേയുള്ളൂ.

അസെര്‍, എന്‍.എഫ്.എച്ച്.എസ്. റിപ്പോര്‍ട്ടുകള്‍ ജാതി-മതാധിഷ്ഠിതമായ വിവരങ്ങളല്ല വിശകലനം ചെയ്തത്. എല്ലാം കുട്ടികളെക്കുറിച്ചുമുള്ള വസ്തുതകള്‍.

ദമ്പതിമാര്‍ക്ക് വളരെക്കുറച്ച് കുട്ടികളാണുള്ളത്. എന്നാല്‍, അതില്‍ ആണ്‍-പെണ്‍ തുല്യത ഉണ്ടാകുന്നില്ല. മൊത്തത്തിലുള്ള സ്ത്രീപുരുഷാനുപാതം നോക്കിയാല്‍ ആയിരം പുരുഷന്മാര്‍ക്ക് 1020 സ്ത്രീകളെന്നത് ആരോഗ്യപരമായ നിരക്കാണ്. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്ക് മാത്രമെടുത്താല്‍ ആണ്‍-പെണ്‍ അനുപാതം 929-ലേക്ക് കുറഞ്ഞു. ഈ കുറവ് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ഏറ്റവും ദരിദ്രമായ മൂന്ന് സംസ്ഥാനങ്ങള്‍ ഇപ്പോഴും മോശം രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ദേശീയ ശരാശരിയെക്കാള്‍ കൂടിയ ജനസംഖ്യാനിരക്കാണ് ഇവിടങ്ങളില്‍. അതായത് ദരിദ്രസംസ്ഥാനങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ഈ സംസ്ഥാനങ്ങള്‍ അമ്പേ പാളിയെന്നാണ് കരുതേണ്ടത്.

വലിയ അവകാശവാദങ്ങളുയര്‍ത്തുമ്പോഴും ഇന്ത്യ ഇപ്പോഴും പൂര്‍ണമായും വെളിയിട വിസര്‍ജനമുക്തമല്ല. ഉജ്ജ്വലയെന്ന പേരിലുള്ള സൗജന്യ സിലിന്‍ഡര്‍ പദ്ധതി അവകാശപ്പെടുംപോലെ വിജയമല്ല.

ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങളും ആരോഗ്യസേവനങ്ങളും മെച്ചപ്പെടുമ്പോഴും മാതൃ-ശിശു ആരോഗ്യം ഇപ്പോഴും അവഗണിക്കപ്പെടുന്നു. ആയിരത്തില്‍ 24.9 കുട്ടികള്‍ ജനനസമയത്തും 35.2 പേര്‍ ഏതാനും മാസങ്ങള്‍ക്കകവും 41.0 പേര്‍ അഞ്ചുവയസ്സിനുള്ളിലും മരിക്കുന്നുവെന്ന കണക്കുകള്‍ നമുക്ക് അംഗീകരിക്കാനാവില്ല.

ഇവയെല്ലാം അതിജീവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരമാണ് അടുത്ത വെല്ലുവിളി. 35.5 ശതമാനം കുട്ടികള്‍ക്ക് വളര്‍ച്ചക്കുറവും 19.3 ശതമാനം പേര്‍ക്ക് തൂക്കക്കുറവും 32.1 പേര്‍ക്ക് പോഷകാഹാരക്കുറവുമുണ്ടെന്നത് ഇതിന് തെളിവാണ്.

2020-'21-ലെയും 2021-'22-ലെയും പഠനനഷ്ടം വളരെ വലുതാണ്. ലോകത്ത് ശരാശരി 35 ആഴ്ചകളാണ് സ്‌കൂളുകള്‍ അടഞ്ഞുകിടന്നതെങ്കില്‍ ഇന്ത്യയിലത് 73 ആഴ്ചയാണ്. കുടിയേറ്റവും സാമ്പത്തികഞെരുക്കവും കാരണം കുട്ടികള്‍ സ്വകാര്യ സ്‌കൂളുകളില്‍നിന്ന് സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറി. ഇത്രയും കുട്ടികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുണ്ടോയെന്ന് സംശയമാണ്. പലകുട്ടികളും ക്ലാസ്-പ്രായഭേദമെന്യേയുള്ള മള്‍ട്ടി-ഗ്രേഡ് ക്ലാസ്മുറികളിലിരുന്നാണ് പഠിക്കുന്നത്. സ്‌കൂളുകള്‍ അടച്ചിട്ടിരുന്ന സമയത്ത് വെറും 39.8 ശതമാനം കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് പഠനസാമഗ്രികള്‍ ലഭിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വായനയുടെയും ഗണിതശാസ്ത്ര നൈപുണിയുടെയും നിലവാരം പരിതാപകരമാംവണ്ണം കുറഞ്ഞു.

രാജ്യത്തെ കുട്ടികളുടെ ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ആശങ്കാജനകമായ അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിമാരോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ ഒരു നിമിഷം ചിന്തിക്കാന്‍ തയ്യാറാകുമോ? ഒരു വാക്കെങ്കിലും ഉരിയാടുമോ?

Content Highlights: More attention needs to be paid to the health and education of children- P.Chidambaram writes