ലോകം കണ്ടുകൊണ്ടിരിക്കുന്ന മഹാത്മാഗാന്ധിയുടെ രൂപം അര്‍ധനഗ്‌നമാണ്. തന്റെ 52-ാം വയസ്സില്‍ 1921 സെപ്റ്റംബര്‍ 22-ന് തമിഴ്നാട്ടിലെ മധുരയില്‍വെച്ചാണ് ഗാന്ധിജി ഈ മാറ്റത്തിന് സ്വയം വിധേയനായത്. പല വേഷമാറ്റങ്ങള്‍ക്ക് വിധേയമായിട്ടുള്ള ഉടലാണ് മോഹന്‍ദാസ് ഗാന്ധിയുടേത്. ബ്രിട്ടനില്‍ നിയമപഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ഗാന്ധിജിയുടെ വേഷവിധാനങ്ങള്‍ യൂറോപ്യനായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ജീവിതകാലത്ത് പലതരം വേഷമാറ്റങ്ങള്‍ക്ക് അദ്ദേഹം തയ്യാറായിട്ടുണ്ട്. 1915-ല്‍ ഇന്ത്യയില്‍ കപ്പലിറങ്ങുമ്പോള്‍ തനി കത്തിയവാറുകാരന്റെ വേഷമായിരുന്നു ധരിച്ചിരുന്നത്. ഗാന്ധിജിയുടെ ഏറ്റവും ഒടുവിലത്തെ വേഷമാറ്റമായിരുന്നു മധുരയില്‍വെച്ച് നടന്നത്.

കൊളുത്തിയ തീ

ആധുനിക ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പ്രക്ഷോഭമായിരുന്നു ഗാന്ധിജിയുടെ നേതൃത്വത്തില്‍ 1920 ഓഗസ്റ്റ് ഒന്നുമുതല്‍ 1922 ഫെബ്രുവരി 12 വരെനടന്ന നിസ്സഹകരണസമരം. നിസ്സഹകരണ സമരത്തിന്റെ മുഖ്യരൂപം ചര്‍ക്കയിലും ഖാദിയിലും അധിഷ്ഠിതമായ സ്വദേശിപ്രചാരണമായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിന്റെ പ്രത്യക്ഷരൂപമായ വിദേശവസ്ത്രങ്ങള്‍ പൂര്‍ണമായും ബഹിഷ്‌കരിച്ച്, ഒരുകാലത്ത് ലോകം കീഴടക്കിയിരുന്ന ഇന്ത്യന്‍ വസ്ത്രമായ ഖാദികൊണ്ട് ഇന്ത്യക്കാരെ വസ്ത്രംധരിപ്പിക്കുകയായിരുന്നു സ്വദേശി പ്രസ്ഥാനത്തിന്റെ ലക്ഷ്യം. നിസ്സഹകരണസമരത്തിനും സ്വദേശിക്കും 1920 സെപ്റ്റംബറില്‍ െകാല്‍ക്കത്തയില്‍നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനം അംഗീകാരം നല്‍കി. ഒരുവര്‍ഷത്തിനകം പൂര്‍ണസ്വരാജ് എന്നതായിരുന്നു ഗാന്ധിജിയുടെ വാഗ്ദാനം.

1921 മധ്യത്തോടെ നിസ്സഹകരണസമരം വിദേശവസ്ത്ര ബഹിഷ്‌കരണത്തിലേക്ക് കടന്നു. 1921 സെപ്റ്റംബര്‍ 30-നകം വിദേശവസ്ത്രങ്ങള്‍ ബഹിഷ്‌കരിക്കുക എന്നതായിരുന്നു ലക്ഷ്യം. ജൂലായ് 31-ന് മുംബൈയിലെ എല്‍ഫിസ്റ്റണ്‍ മൈതാനത്തുവെച്ച് അനേകായിരങ്ങളുടെ സാന്നിധ്യത്തില്‍ വിദേശവസ്ത്രക്കൂമ്പാരത്തിന് ഗാന്ധിജി തീകൊളുത്തി. ആ തീ രാജ്യംമുഴുവന്‍ ആളിപ്പടര്‍ന്നു. നിസ്സഹകരണസമരക്കാര്‍ വീടുവീടാന്തരം നടന്ന് വിദേശവസ്ത്രങ്ങള്‍ ശേഖരിച്ച് തെരുവില്‍ കൂട്ടിയിട്ട് കത്തിച്ചു. സമുന്നതരായ നേതാക്കള്‍മുതല്‍ സാധാരണ പ്രവര്‍ത്തകര്‍വരെ സ്ത്രീ-പുരുഷ ഭേദമന്യേ തെരുവുകളില്‍ ഖാദിവില്‍പ്പന നടത്തി. ഓഗസ്റ്റ് ഒന്നിന് ലോകമാന്യതിലകന്റെ ഒന്നാം ചരമവാര്‍ഷികത്തിനുമുമ്പായി വിദേശവസ്ത്രബഹിഷ്‌കരണം പൂര്‍ത്തിയാക്കി തിലകനോടുള്ള ആദരവ് പ്രകടിപ്പിക്കണമെന്ന് ഗാന്ധിജി ആഹ്വാനംചെയ്തു.

തൊഴിലാളികളുടെ ചോദ്യം

സമരപരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 15-ന് ഗാന്ധിജി മദ്രാസിലെത്തി. മറീനാബീച്ചില്‍ചേര്‍ന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചു. തുടര്‍ന്ന് കച്ചവടക്കാരും തൊഴിലാളികളും മറ്റുമടങ്ങുന്ന ചെറുയോഗങ്ങളിലും അദ്ദേഹം സംബന്ധിച്ചു. അവരോട് വിദേശവസ്ത്രം വില്‍ക്കുന്നതും ധരിക്കുന്നതും ഉപേക്ഷിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യത്തിന് ഖാദി കിട്ടുന്നില്ലെന്നും വിലകൂടിയ ഖാദി വാങ്ങാന്‍ ഞങ്ങള്‍ക്ക് ശേഷിയില്ലെന്നും തൊഴിലാളികള്‍ ഗാന്ധിജിയോട് പറഞ്ഞു. എന്നാല്‍, നിങ്ങള്‍ വസ്ത്രത്തിന്റെ ആവശ്യം കുറച്ച് ഒറ്റമുണ്ടുടുത്ത് വിദേശവസ്ത്രം ഉപേക്ഷിക്കൂ എന്ന് ഗാന്ധിജി അവരോട് ഉപദേശിച്ചു.

തൊഴിലാളികളുടെ ചോദ്യവും തന്റെ മറുപടിയും ഗാന്ധിജിയെ വല്ലാതെ പ്രയാസത്തിലാക്കി. തന്റെ വസ്ത്രങ്ങള്‍ അല്‍പ്പം കൂടുതലാണെന്ന ചിന്ത ഗാന്ധിജിക്കുണ്ടായിരുന്നു. വസ്ത്രം കുറയ്ക്കുന്നതിനെക്കുറിച്ച് പലപ്പോഴും അദ്ദേഹം ചിന്തിച്ചിട്ടുണ്ട്. പക്ഷേ, സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും തടയുകയായിരുന്നു. എന്നാല്‍, ഇപ്പോഴത് ഒരു വെല്ലുവിളിയായി മാറി. ഗാന്ധിജി എപ്പോഴുമെന്നപോലെ തന്റെ ആത്മാവിന്റെ വിളിക്കായി കാതോര്‍ത്തു. അദ്ദേഹം തന്റെ ഷര്‍ട്ടും തലപ്പാവും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. നഗ്‌നതമറയ്ക്കാന്‍ ഒറ്റമുണ്ട് (പാളത്താര്‍)മാത്രം ഉപയോഗിക്കാന്‍ ഉറച്ചു. 1921 സെപ്റ്റംബര്‍ 22-ന് തന്റെ വേഷമാറ്റം സംബന്ധിച്ച് പ്രസ്താവനയിറക്കി. അന്നുരാത്രി ഒരു ബാര്‍ബറെ വിളിച്ച് തല മുണ്ഡനംചെയ്തു. അര്‍ധനഗ്‌നവേഷം സ്വീകരിച്ച് ഉറങ്ങാന്‍ കിടന്നു. രാവിലെ മധുരയിലെ നെയ്ത്തുകാരുടെ യോഗമായിരുന്നു ഗാന്ധിജിയുടെ പരിപാടി. അവിടെ പുതിയവേഷത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

വസ്ത്രമാറ്റം

തന്റെ വസ്ത്രമാറ്റം സംബന്ധിച്ച് ഗാന്ധിജി പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു: 'കുറഞ്ഞപക്ഷം അടുത്ത ഒക്ടോബര്‍വരെയെങ്കിലും എന്റെ തലപ്പാവും മേല്‍വസ്ത്രവും ഒഴിവാക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കയാണ്. അരമറയ്ക്കാവുന്ന ഒറ്റമുണ്ടുകൊണ്ട് തൃപ്തിപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെ അത്യാവശ്യഘട്ടത്തില്‍മാത്രം ദേഹം മൂടാന്‍ ഒരു പുതപ്പ് ഉപയോഗിക്കുന്നതാണ്. ഇത്തരമൊരു മാറ്റം സ്വീകരിക്കാന്‍ കാരണം ഞാന്‍ സ്വന്തം ജീവിതത്തില്‍ പിന്തുടരാത്ത ഒരു കാര്യവും മറ്റുള്ളവരെ ഉപദേശിക്കാറില്ല എന്നതുകൊണ്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ ത്യാഗം ഒരു ദുഃഖാചരണത്തിന്റെ സൂചനകൂടിയാണ്. നമ്മള്‍ വളരെയധികം ദുഃഖിതരാണ്. കാരണം, സ്വരാജ് കരസ്ഥമാക്കാന്‍ കഴിയാതെ ഈ വര്‍ഷം കടന്നുപോവുകയാണ്' .

തന്റെ വസ്ത്രമാറ്റം പൊതുസമൂഹത്തില്‍ സൃഷ്ടിക്കാന്‍ പോകുന്ന ആഘാതത്തെക്കുറിച്ച് ഗാന്ധിജി ബോധവാനായിരുന്നു. അതുകൊണ്ടുതന്നെ അക്കാര്യം സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. ഹിന്ദു പത്രത്തിന് നല്‍കിയ കുറിപ്പില്‍ ഗാന്ധിജി ഇപ്രകാരം പറഞ്ഞു: 'മദ്രാസിലെ ആളുകള്‍ എന്നെ അദ്ഭുതത്തോടെയാണ് കാണുന്നത്. ഇന്ത്യതന്നെ എന്നെ ഒരു കിറുക്കനായി കണ്ടാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. എന്റെ സഹപ്രവര്‍ത്തകര്‍ എന്നെ മാതൃകയാക്കിയില്ലെങ്കിലും എനിക്ക് കുഴപ്പമില്ല. ഇത് അവര്‍ക്ക് അനുകരിക്കാനുള്ളതല്ല. ഇത് ജനങ്ങളെ ആശ്വസിപ്പിക്കാനും എന്റെ ഉദ്ദേശ്യം വ്യക്തമാക്കാനുമുള്ളതാണ്. ഞാന്‍ പാളത്താറുടുക്കുന്നില്ലെങ്കില്‍ എനിക്കെങ്ങനെ അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ ഉപദേശിക്കാന്‍ കഴിയും? ലക്ഷങ്ങള്‍ നഗ്‌നരായി നടക്കുമ്പോള്‍ എനിക്ക് മറ്റെന്താണ് ചെയ്യാന്‍ കഴിയുക? ഒരു മാസത്തേക്ക് ഇത്തരമൊരു പരീക്ഷണം നടത്തുന്നതില്‍ എന്താണുതെറ്റ്? എന്റെ മാര്‍ഗം ശരിയാണെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്തുന്നതില്‍ എന്താണ് അപാകമുള്ളത്? ''

ദൗത്യത്തിന്റെ പ്രതീകം

ഒരുമാസത്തേക്ക് നിശ്ചയിച്ച ഈ വേഷം ഗാന്ധിജി പക്ഷേ, ഉപേക്ഷിച്ചില്ല. ജീവിതാവസാനംവരെ അദ്ദേഹം അര്‍ധനഗ്‌നനായി തുടര്‍ന്നു. തന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ച ഒരു മുസ്ലിം സുഹൃത്തിന് മറുപടിയായി പിന്നീടൊരിക്കല്‍ ഗാന്ധിജി പറഞ്ഞു:

''ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിങ്ങളുമായ സ്ത്രീപുരുഷന്മാര്‍ എന്നെ സഹായിക്കുന്ന അന്നേ ഞാന്‍ ഈ വേഷം ഉപേക്ഷിക്കുകയുള്ളൂ. ഇന്ത്യയിലെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് എങ്ങനെയാണ് മുണ്ടും ഷര്‍ട്ടും ധരിക്കാന്‍ കഴിയുക. അവര്‍ക്കാര് തലപ്പാവുനല്‍കും? ''.

തന്റെ അര്‍ധനഗ്‌നശരീരത്തിന്റെ രാഷ്ട്രീയമൂല്യം ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടനില്‍നടന്ന വട്ടമേശസമ്മേളനത്തില്‍ ഗാന്ധിജി അര്‍ധനഗ്‌നനായി പങ്കെടുത്തു. ബക്കിങ്ങാം കൊട്ടാരത്തില്‍ രാജാവ് നടത്തിയ ചായസത്കാരത്തിലും അതേ വേഷത്തില്‍ അദ്ദേഹം പങ്കെടുത്തു; ഒരു പുതപ്പുകൊണ്ട് ദേഹംമറച്ചു എന്നുമാത്രം. ഇതില്‍ അസ്വസ്ഥനായിട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ചില്‍ ഗാന്ധിജിയെ 'അര്‍ധനഗ്‌നനായ ഫക്കീര്‍' എന്നുവിളിച്ചത്.

ബ്രിട്ടീഷ് പത്രമായ ഡെയ്ലി ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ഗാന്ധിജി പറഞ്ഞു:

''എന്റെ വസ്ത്രത്തെ പത്രങ്ങള്‍ കോണകമെന്നുപറഞ്ഞ് ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് ഞാനിങ്ങനെ നടക്കുന്നതെന്ന് ചോദിക്കുന്നവരുണ്ട്. ചിലര്‍ എന്നെക്കണ്ട് നാണിക്കുന്നു. ഞാനിവിടെ ഒരു പ്രത്യേക ദൗത്യവുമായാണ് വന്നിട്ടുള്ളത്. എന്റെ വസ്ത്രം എന്റെ ആദര്‍ശത്തെ പ്രതിനിധാനംചെയ്യുന്നു. അത് ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധാനംചെയ്യുന്നു. എന്നില്‍ വളരെ വിശുദ്ധമായ ഒരു വിശ്വാസം അര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്റെ ആ ദൗത്യത്തിന്റെ പ്രതീകമാണ് എന്റെ വസ്ത്രം''

ശരീരത്തെയും വസ്ത്രത്തെയും രാഷ്ട്രീയായുധമായി ഉപയോഗിച്ച ഏക ലോകനേതാവാണ് മഹാത്മാഗാന്ധി. ജനങ്ങളെ വസ്ത്രം ഉപേക്ഷിപ്പിച്ചും വസ്ത്രം ധരിപ്പിച്ചും സ്വയം നഗ്‌നനായും അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പോരാടി. ആ പോരാട്ടമാണ് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന ആശയത്തിന് രൂപവും ഭാവവും കൊടുത്തത്.

ഗാന്ധിജിയുടെ അര്‍ധനഗ്‌നമായ ഉടല്‍ ഇന്നും ഒരു പ്രതീകമാണ്. ഇല്ലാത്തവരുടെയും നിരാലംബരുടെയും പ്രതീക്ഷയുടെ പ്രതീകം.


(കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: M.Suresh Babu writes about Mahatma Gandhi's iconic attire