ത്യാഡംബരത്തിന്റെ കൊടുമുടിയിലായിരുന്നു ഇവരുടെ ജീവിതം. പണത്തിന്റെ പോരിമ വിളിച്ചോതുന്ന മണിമാളികകള്‍, യാത്രകള്‍ക്കായി ആഡംബരക്കാറുകള്‍ മുതല്‍ യാനങ്ങളും സ്വകാര്യ വിമാനങ്ങളും വരെ. രാഷ്ട്രീയ നേതാക്കളും ബോളിവുഡ് താരങ്ങളും അതിഥികളായെത്തുന്ന നിശാപാര്‍ട്ടികള്‍. ഒരു സാധാരണക്കാരന്റെ വന്യമായ സ്വപ്‌നങ്ങള്‍ക്കുമുപരിയായിരുന്നു ഇവരുടെ ജീവിതം. ഉയരം അത്രയേറെ കൂടുതലായതിനാല്‍ തന്നെ പതനവും ക്ഷിപ്രമായിരുന്നു. അവരുടെ ബാധ്യതകള്‍ക്ക് പിറകിലെ പൂജ്യമെണ്ണി നെടുവീര്‍പ്പിടുന്ന ഇന്ത്യയിലെ 'ആം ആദ്മി'യെ പരിഹസിച്ച് അവരില്‍ ചിലര്‍ രാജ്യം തന്നെ വിട്ടു. രാജ്യത്തെ കിരീടംവെക്കാത്ത ഈ രാജാക്കന്മാരുടെ, 'ബാഡ് ബോയ് ഇന്ത്യന്‍ ബില്യണെയര്‍' മാരുടെ യഥാര്‍ഥ ജീവിതം കൊളളക്കാരെ മഹത്വവല്‍ക്കരിച്ച മണിഹെയ്സ്റ്റ് സീരിസിനെപ്പോലും വെല്ലും..

ബാഡ്‌ ബോയ് നമ്പര്‍ 1 - നീരവ് മോദി 

Nirav Modi
 നീരവ് മോദി 

'ലോകഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്നതിന് വേണ്ടിയാണ് എന്റെ പ്രവര്‍ത്തനങ്ങള്‍.' സ്വപ്‌ന പദ്ധതിയെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വജ്രവ്യാപാരി നീരവ് മോദി ഒരിക്കല്‍ പറഞ്ഞ മറുപടി. ഇതേ നീരവ് മോദി വര്‍ഷങ്ങള്‍ക്കിപ്പുറം പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 11,334 കോടി രൂപ തട്ടി രാജ്യം വിട്ടെന്നുളളത് മറ്റൊരു യാഥാർത്ഥ്യം. 

കേറ്റ് വിന്‍സ്ലെറ്റ്, ഐശ്വര്യ റായ് ബച്ചന്‍, പ്രിയങ്ക ചോപ്ര, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്... നിസ്സാരക്കാരായിരുന്നില്ല നീരവിന്റെ ഉപഭോക്താക്കള്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ നീരവിന്റെ ആഭരണങ്ങള്‍ക്ക് ആവശ്യക്കാരുണ്ടായിരുന്നു.  47 വയസ്സിനുള്ളില്‍ മുംബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, ഹവായ്, സിങ്കപ്പൂര്‍, മക്കാവു എന്നിവിടങ്ങളില്‍ വജ്രാഭരണ വില്‍പനശാലകള്‍ ആരംഭിച്ച നീരവ് വജ്രാഭരണ മേഖലയിലെ പ്രധാനിയായി ഉയര്‍ന്നത് വളരെ വേഗത്തിലാണ്. അതിനേക്കാള്‍ വേഗതയിലായിരുന്നു വീഴ്ചയും. 

വജ്രവ്യാപാരികളുടെ കുടുംബത്തിലായിരുന്നു നീരവിന്റെ ജനനം. മുത്തച്ഛന്‍ കേശവലാല്‍ മോദി 1930-40 കാലയളവില്‍ ദക്ഷിണേന്ത്യയില്‍ വജ്രവില്പന നടത്തിയിരുന്നു. പിന്നീട് അദ്ദേഹം സിങ്കപ്പൂരിലേക്ക് കുടിയേറി. വജ്രങ്ങളുടെ നാടായ ബെല്‍ജിയത്തെ ആന്റ്‌വെര്‍പ്പിലാണ് നീരവിന്റെ അച്ഛന്‍ ദീപക് മോദി വജ്ര വ്യാപാരം വിപുലപ്പെടുത്തിയത്. ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയിലെ പലന്‍പുരില്‍ ജനിച്ച നീരവ് വളര്‍ന്നത് വജ്രവ്യാപാര കേന്ദ്രമായ ആന്റ്‌വെര്‍പ്പിലാണ്. കോളേജ് വിദ്യാഭ്യാസം പാതിവഴിയിലുപേക്ഷിച്ച് വജ്രവ്യാപാരത്തിലേക്ക് അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെ കൈപിടിച്ച് നീരവ് നടന്നുകയറി. ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ചെയര്‍മാനായിരുന്നു അന്ന് മെഹുല്‍ ചോക്‌സി. 1999-ല്‍ ഫയര്‍ സ്റ്റാര്‍ ഡയമണ്ടിന് നീരവ് തുടക്കം കുറിച്ചു. 

വ്യാപാരത്തില്‍നിന്ന് ആഭരണ നിര്‍മാണത്തിലേക്ക് നീരവ് എത്തുന്നത് ഒരു സുഹൃത്തിന് വേണ്ടി ആഭരണം രൂപകല്പന ചെയ്തുകൊണ്ടാണ്. തനിക്കുവേണ്ടി ഒരു ജോഡി കമ്മല്‍ രൂപകല്പന ചെയ്ത് നിര്‍മിച്ച് തരണമെന്നായിരുന്നു സുഹൃത്തിന്റെ ആവശ്യം. ഒഴിവുകഴിവുകള്‍ പറഞ്ഞെങ്കിലും നിര്‍ബന്ധം സഹിക്കാതെ നീരവ് സുഹൃത്തിന് കമ്മലുകള്‍ ഡിസൈന്‍ ചെയ്തു. നീരവിനെപ്പോലും അത്ഭുതപ്പെടുത്തി കമ്മലുകള്‍ക്ക് പ്രശംസകള്‍ ഏറ്റുവാങ്ങിയതോടെ നീരവിലെ ബിസിനസ്സുകാരന്‍ പുതിയ സാധ്യതകള്‍ തിരിച്ചറിഞ്ഞു. ക്രിസ്റ്റീസ് കാറ്റലോഗ് കവറില്‍ അവതരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വ്യക്തിയായിരുന്നു നീരവ്. നീരവ് രൂപകല്പന ചെയ്ത 012.29 കാരറ്റിന്റെ ഗോല്‍കോണ്ട ലോട്ടസ് വജ്ര നെക്ലേസ് ക്രിസ്റ്റീസില്‍ വിറ്റുപോയത് 3.56 മില്യണ്‍ ഡോളറിനാണ്. ഇതോടെ ലോകത്തെ മുന്‍നിര വജ്ര ആഭരണ നിര്‍മാതാവായി അദ്ദേഹം. 

2018 ഫെബ്രുവരി 14-നാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നത്. നീരവ് പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 2011 മുതല്‍ കുറ്റമറ്റ രീതിയില്‍ നടന്നുവന്ന തട്ടിപ്പ് 2018-ല്‍ നിയമത്തിനു മുന്നിലെത്തുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഗോകുല്‍ നാഥ് ഷെട്ടിയെന്ന ഉദ്യോഗസ്ഥനായിരുന്നു നീരവിന് തട്ടിപ്പിന് ആവശ്യമായ സഹായങ്ങള്‍ നല്‍കി വന്നിരുന്നത്. 2010 മുതല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് വിഭാഗത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഗോകുല്‍നാഥ് 2017-ല്‍ വിരമിച്ചു. ഇയാള്‍ക്ക് പകരമെത്തിയ ഉദ്യോഗസ്ഥന്‍ തട്ടിപ്പ് തിരിച്ചറിയുകയും മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പരാതി സി.ബി.ഐക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.

ഫോബ്‌സ് മാസികയുടെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം, 2014 മുതല്‍ നീരവ് മോദി വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിനു കീഴിലായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നികുതി വകുപ്പും അനധികൃത ക്രയവിക്രയങ്ങളുടെയും മറ്റ് നടപടികളുടെയും അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ നിരീക്ഷിച്ചിരുന്നു.

നികുതി അടയ്ക്കാതെ കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടും മുത്തുകളും ആഭ്യന്തര വിപണിയിലേക്ക് അനധികൃതമായി ഇറക്കുമതി ചെയ്തതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നീരവിനെതിരെ അന്വേഷണം നടത്തിയിരുന്നു. ബാങ്ക് ഗ്യാരന്റിയുടെ ഉറപ്പില്‍ കോടികളുടെ ഇടപാട് സാധ്യമാക്കുന്ന ബയേഴ്‌സ് ക്രഡിറ്റ് ലെറ്റര്‍ ഓഫ് കംഫര്‍ട്ട് ഉപയോഗിച്ചാണ് നീരവ് മോദി തട്ടിപ്പ് നടത്തിയത്. പി.എന്‍.ബി.യുടെ ജാമ്യത്തില്‍ വിദേശബാങ്കുകളില്‍നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുകയും തിരിച്ചടയ്ക്കാതെ മുങ്ങുകയുമാണ് നീരവ് ചെയ്തത്. 

ലണ്ടലിനേക്ക് മുങ്ങിയിരുന്നു. 2019-ലാണ് ഇയാള്‍ ലണ്ടനില്‍ വെച്ച് അറസ്റ്റിലാകുന്നത്. നിലവില്‍  ലണ്ടനിലെ വാന്‍ഡ്‌സ്‌വര്‍ത്ത് ജയിലിലാണ് നീരവ്. ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കരുത് എന്നാവശ്യപ്പെട്ട് നീരവ് യു.കെ.ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ തളളിയിരുന്നു.

ബാഡ് ബോയ് നമ്പര്‍ 2- മെഹുല്‍ ചോക്‌സി

 

mehul choksi
മെഹുല്‍ ചോക്‌സി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ നീരവിന്റെ പേര്‍ ഉയര്‍ന്നപ്പോള്‍ തന്നെ അമ്മാവന്‍ മെഹുല്‍ ചോക്‌സിക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പ്രാഥമികഘട്ടത്തില്‍ തന്നെ ചോക്‌സി ആരോപണം നിഷേധിച്ചു. 2018 മാര്‍ച്ചില്‍ പ്രത്യേക പി.എം.എല്‍.എ. കോടതി ചോക്‌സിക്കെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍, അതിനുമുമ്പേ ചോക്‌സി ഇന്ത്യ വിട്ടിരുന്നു. ആന്റിഗ്വയിലേക്കായിരുന്നു ഒളിച്ചോട്ടം. എന്നാല്‍ താന്‍ ഒളിച്ചോടിയതല്ലെന്നും ചികിത്സക്കെത്തിയതാണെന്നുമാണ് ചോക്‌സി വിശദീകരിച്ചത്.

2021-ല്‍ ചോക്‌സിയെ ആന്റിഗ്വയില്‍നിന്ന് കാണാതായി. വ്യാപക തിരച്ചിലില്‍ ക്യൂബയിലേക്ക് കടന്നതായി വിവരം ലഭിച്ചു. മെയ് 26-ന് ഡൊമിനിക്കയില്‍ ചോക്‌സിയെ കണ്ടെത്തി. ക്യൂബയിലേക്ക് കടക്കാനുളള ശ്രമത്തിനിടയില്‍ പ്രാദേശിക പോലീസ് തടയുകയായിരുന്നുഎന്നും വിവരമുണ്ട്. എന്തായാലും പലായനത്തിനുളള ചോക്‌സിയുടെ ശ്രമം ഇന്ത്യയിലേക്ക് ചോക്‌സിയെ മടക്കിയെത്തിക്കുന്നതിനുളള സി.ബി.ഐയുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകര്‍ന്നു. ചോക്‌സിക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുളള ശ്രമങ്ങള്‍ നയതന്ത്രതലത്തില്‍ അരങ്ങേറുന്നുമുണ്ട്. എന്നാല്‍ താന്‍ ചികിത്സയ്ക്കായി ഇന്ത്യ വിടുമ്പോള്‍ തനിക്കെതിരേ കേസുകൾ ഒന്നുമുണ്ടായിരുന്നില്ലെന്നും രാജ്യത്ത് നിന്ന് ഒളിച്ചോടാന്‍ തനിക്ക്  ലക്ഷ്യവുമുണ്ടായിരുന്നില്ലെന്നും ചോക്‌സി പറയുന്നു. 

1975-ല്‍ ആഭരണ വ്യാപാര രംഗത്തെത്തിയ ചോക്‌സി 85-ലാണ് പിതാവില്‍ നിന്ന് ബിസിനസ്സ് ഏറ്റെടുക്കുന്നത്. നാലായിരം കടകളാണ് ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് ഇന്ത്യയിലുളളത്.

ബാഡ്ബോയ് നമ്പര്‍ 3- രാമലിംഗ രാജു

Ramalinga Raju
രാംലിംഗ രാജു

ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയില്‍ വലിയ ചലനങ്ങളുണ്ടാക്കിയ ഒന്നായിരുന്നു സത്യം കംപ്യൂട്ടേഴ്‌സ് സര്‍വീസ് ലിമിറ്റഡിന്റെ 7,136 കോടിയുടെ തട്ടിപ്പ്, 2009 ജനുവരിയിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. സത്യം കംപ്യൂട്ടേഴ്‌സ് സ്ഥാപകനായ രാംലിംഗ രാജുവും ഉദ്യോഗസ്ഥരും അക്കൗണ്ട് പുസ്തകങ്ങളില്‍ ക്രമക്കേട് കാട്ടിയാണ് കോടികള്‍ വെട്ടിച്ചത്. തുടര്‍ന്ന് 2015 ഏപ്രിലില്‍ രാജുവിനെ ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. വന്‍തുക പിഴയും ഈടാക്കായിരുന്നു. എന്നാല്‍ ഒരുമാസം കഴിഞ്ഞപ്പോള്‍ ഹൈദരാബാദിലെ പ്രത്യേക കോടതി രാജുവിന് ജാമ്യമനുവദിച്ചു. 

ബാഡ് ബോയ് നമ്പര്‍ 4- സുബ്രത റോയ്

Subrata Roy
സുബ്രത റോയ്

കെട്ടുകഥ പോലെയാണ് സുബ്രതയുടെ ജീവിതം. നീരവിനെപ്പോലെയോ, ചോക്‌സിയെപ്പോലെയോ വായില്‍ സ്വര്‍ണക്കരണ്ടിയുമായല്ല സുബ്രതയുടെ ജനനം. ദരിദ്രമായ ചുറ്റുപാടില്‍ ജനിച്ചുവളര്‍ന്ന സുബ്രത സ്വപ്രയത്‌നം കൊണ്ടായിരുന്നു ഉയര്‍ന്നത്. വെറും 2000 രൂപയുടെ മൂലധനത്തിലാണ് സഹാറ ഗ്രൂപ്പിന്റെ ഉദയം. അതിനാല്‍ തന്നെ ബിസിനസ് ലോകത്ത് വലിയ ബന്ധങ്ങളൊന്നും സുബ്രതയ്ക്ക് ഉണ്ടായിരുന്നില്ല.നിക്ഷേപകരുടെ പണം തട്ടിച്ചതായി കാണിച്ചാണ് സെബി സുബ്രതയ്‌ക്കെതിരേ തിരിയുന്നത്.

നിരവധി നിയമലംഘനങ്ങള്‍ സുബ്രത നടത്തിയിട്ടുളളതായി സെബി ചൂണ്ടിക്കാട്ടിയിരുന്നു. സെബിയുടെ പരാതിയില്‍ ഹാജരാകാത്തിനെ തുടര്‍ന്ന് 2014-ല്‍ സുപ്രീം കോടതി സുബ്രതയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. രണ്ടു വര്‍ഷമാണ് തിഹാറില്‍ സുബ്രത കഴിഞ്ഞത്. 2016-ല്‍ അദ്ദേഹത്തിന് പരോള്‍ അനുവദിച്ചു. 2020 നവംബറില്‍ 8.43 ബില്യണ്‍ യുഎസ് ഡോളര്‍ നല്‍കണമെന്നാവശ്യപ്പെട്ട് സെബി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഒന്നുകില്‍ പണം അല്ലെങ്കില്‍ ജയില്‍വാസം എന്നായിരുന്നു അന്ന് സെബിയുടെ നിലപാട്. 

ബാഡ് ബോയ് 5- വിജയ് മല്യ 

Vijay Mallya
വിജയ് മല്യ 

മദ്യരാജാവ്. വിജയ് മല്യയുടെ പേരിനോട് ചേര്‍ത്തോ, അല്ലാതെയോ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ആ പേരിലാണ്. 28-ാം വയസ്സിലാണ് അച്ഛനില്‍നിന്ന് മദ്യ വ്യാപാരം വിജയ് മല്യ ഏറ്റെടുക്കുന്നത്. കോടികള്‍ നേട്ടമുണ്ടാക്കിയ മല്യക്ക് കൈപൊളളുന്നത്. എയര്‍ലൈന്‍ മേഖലയില്‍ പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുന്നതോടെയാണ്. മികച്ച രീതിയില്‍ കിങ്ഫിഷര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നെങ്കിലും 2008-ലെ സാമ്പത്തിക മാന്ദ്യം മുതല്‍ മല്യയുടെ ബിസിനസ്സില്‍ വിളളലുകള്‍ വീണു തുടങ്ങി. ഫണ്ടുകള്‍ ആവശ്യമായതോടെ വന്‍തോതില്‍ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തു. പക്ഷേ കിങ്ഫിഷര്‍ മുങ്ങിത്താണു. വായ്പ തിരിച്ചടക്കാതെ മല്യ രാജ്യം വിട്ടു. വിജയ് മല്യ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് ഏകദേശം 9,000 കോടി രൂപയാണ്. വര്‍ഷങ്ങള്‍ക്കൊണ്ട് ബാങ്കുകളില്‍നിന്ന് കടമെടുത്ത് മുങ്ങി, ഇപ്പോള്‍ ബ്രിട്ടണില്‍ സുഖജീവിതം നയിക്കുകയാണ് മല്യ. 

ബാങ്കുകളുടെ കൊള്ള സാധാരണക്കാരനോട്‌

ബിസിനസ്‌ രാജാക്കന്മാരില്‍നിന്ന് പണം തിരികെ പിടിക്കാന്‍ ബാങ്കുകള്‍ക്കായില്ലെങ്കിലും 2015 ഏപ്രില്‍ മുതല്‍ 2018 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ സാധാരണക്കാരില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 10,391.43 കോടി രൂപയാണെന്നാണ് കണക്ക്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഈടാക്കിയ പിഴയും അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതലായി നടത്തിയ എടിഎം ഉപയോഗത്തിന്റെ പേരില്‍ ഈടാക്കിയ തുകയും അടക്കമാണ് ഇത്. (സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയ പിഴ തുക ഇതില്‍ ഉള്‍പ്പെടുന്നില്ല.)

സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ പൊതുമേഖല ബാങ്കുകള്‍ ഈടാക്കിയ ആകെ പിഴത്തുക 6,246.44 കോടിയാണ്. എടിഎം ഉപയോഗത്തില്‍ ഈടാക്കിയ പിഴത്തുക 4,144.99 കോടിയും. രണ്ടിനത്തിലുമായി ഏറ്റവും കൂടുതല്‍ തുക ഈടാക്കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 4,447.75 കോടിയാണ് നാലു വര്‍ഷത്തിനിടയില്‍ എസ്ബിഐ നേടിയത്. പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് മാത്രമാണ് മിനിമം ബാലന്‍സിന്റെ പേരില്‍ പിഴയീടാക്കാത്ത ഏക പൊതുമേഖല ബാങ്ക്.

Content Highlights: Indian billionaires who lost their fortune