ന്ത്യന്‍ ഡ്രോണ്‍ മേഖലയുടെ ഉദാരീകരണം ലക്ഷ്യമിട്ട് ചില സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ടെലികോം, മോട്ടോര്‍  വാഹന മേഖല എന്നിവയുമായി ബന്ധപ്പെട്ട പുതിയ നയങ്ങളോടൊപ്പമാണ്, ഡ്രോണ്‍ വ്യവസായത്തിന് വേണ്ടുന്ന പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

'കഴിഞ്ഞ ബഡ്ജറ്റില്‍ 26,058 കോടി രൂപയാണ് ഓട്ടോമൊബൈല്‍, ഡ്രോണ്‍ വ്യവസായങ്ങള്‍ക്കായി വകമാറ്റിയിരുന്നത്. വരുന്ന അഞ്ചു വര്‍ഷം കൊണ്ട് ഈ മേഖലകളിലെ നിക്ഷേപങ്ങള്‍ ഏതാണ്ട് 4,75,000 രൂപയോളം വരുമെന്നാണ് പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് യോഗം വിലയിരുത്തിയത്,''  വാര്‍ത്താസമ്മേളനം അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.  ഡ്രോണ്‍, മോട്ടോര്‍ വാഹന വിപണിയുടെ സമഗ്ര വികസനം മുന്നില്‍ കണ്ട് ഉല്പാദനത്തില്‍ അധിഷ്ഠിതമായ പിന്തുണ (Production Linked Incentives) നല്‍കുവാനും കേന്ദ്രം തീരുമാനിച്ചു.

ഡ്രോണ്‍ നിയമങ്ങള്‍ 2021 എന്ന കരട് രേഖ

ഈ പ്രഖ്യാപനങ്ങള്‍ക്ക് മുന്നോടിയായി കഴിഞ്ഞ ഓഗസ്റ്റ് 26-ന്  ഡ്രോണ്‍ വ്യവസായത്തില്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ ലഘൂകരിക്കാന്‍ ഡ്രോണ്‍ നിയമങ്ങള്‍ 2021 എന്ന കരട് രേഖ പ്രസിദ്ധീകരിച്ചിരുന്നു. കരട് രേഖയനുസരിച്ച് ഡ്രോണ്‍ ലൈസന്‍സിന് വേണ്ടുന്ന സെക്യൂരിറ്റി ക്ലിയറന്‍സ് ഇനി ആവശ്യമില്ല. അതോടൊപ്പം ഡ്രോണ്‍ പറത്താനുള്ള പെര്‍മിഷന്‍ ഫീയും വെട്ടിക്കുറച്ചു. ബി.ഐ.എസ്. എന്ന മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള ഡ്രോണ്‍ വിപണിയുടെ വ്യാപ്തി ഈ വര്‍ഷം 28.47 ബില്യണ്‍ ഡോളറായി വര്‍ധിക്കും. യു.എസ്., ചൈന, ഇസ്രായേല്‍ എന്നിവര്‍ക്ക് അപ്രമാദിത്യമുള്ള ഈ മാര്‍ക്കറ്റില്‍, ഇന്ത്യയുടെ ഓഹരിയും 4.25 ശതമാനമായി വര്‍ധിക്കും. 

പുതിയ നീക്കങ്ങളുടെ വെളിച്ചത്തില്‍, ഇന്ത്യയുടെ ഡ്രോണ്‍ വ്യവസായത്തിന്റെ ഭാവിയെ പറ്റിയും, ജമ്മുവിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വ്യവസ്ഥകള്‍ രാജ്യസുരക്ഷയെ ബാധിക്കുമോ എന്നുമാണ് ഈ ലേഖനം പരിശോധിക്കുന്നത്. 

ഇന്ത്യയുടെ ഡ്രോണ്‍ വ്യവസായം

ഫിക്കി-ഏര്‍നെസ്‌റ് ആന്‍ഡ് യങിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ഡ്രോണ്‍ മാര്‍ക്കറ്റിന്റെ ആകെ മൂല്യം  6,500 കോടി  രൂപയാണ്. ആഗോള ഡ്രോണ്‍ വിപണിയുടെ 4.3 ശതമാനമാണിത്. 2021 അവസാനത്തോടെ ആഗോള ഡ്രോണ്‍ വിപണിയുടെ മൂല്യം 21.47 ബില്യണ്‍ (1.5 ലക്ഷം കോടി) ഡോളര്‍ ആയി ഉയരുമെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. 

ഇന്ത്യ ആദ്യമായ് ഡ്രോണ്‍ ഉപയോഗിക്കുന്നത് കാര്‍ഗില്‍ യുദ്ധത്തിലാണ്. പാകിസ്താന്റെ യുദ്ധമേഖലകളില്‍ രഹസ്യനിരീക്ഷണത്തിനാണ്  ഇസ്രയേല്‍ നിര്‍മിത ഡ്രോണുകള്‍ അന്ന് ഉപയോഗിച്ചത്. പക്ഷേ ഇന്ന്, വിദേശ നിര്‍മിത ഡ്രോണുക്കള്‍ക്കൊപ്പം തന്നെ ഡി.ആര്‍.ഡി.ഒ. തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകളും ഇന്ത്യന്‍ പ്രതിരോധ രംഗത്ത് ഉപയോഗിക്കുന്നുണ്ട്. ലക്ഷ്യ, നിഷാന്ത്, റാസ്‌തോം, നേത്ര എന്നിവയാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകള്‍. 

ഇന്ന്  ഡ്രോണുകളുടെ ഹാർഡ് വെയർ, സോഫ്റ്റ് വെയർ രംഗങ്ങളിലുണ്ടായ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കാരണം അവ എല്ലാ മേഖലകളിലും ഉപയോഗിക്കുന്നു. പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഒറ്റപെട്ടുപോയവരെ കണ്ടുപിടിക്കാനും, ദുരിതബാധിത പ്രദേശങ്ങളില്‍ ഭക്ഷണവും, മരുന്നും എത്തിക്കാനും ഡ്രോണുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉപയോഗിക്കുന്നു. ഇന്ത്യന്‍ റയില്‍വേയുടെ ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോര്‍ പദ്ധതിയുടെ ഭാഗമായുള്ള 3D മാപ്പിംഗിനും പരിശോധനയ്ക്ക് വേണ്ടിയും, ഹൈവേ അതോറിറ്റി റോഡ് വികസനത്തിനുള്ള മാപ്പിങ്ങിന് വേണ്ടിയും  ഡ്രോണുകള്‍  ഇന്ന് ഉപയോഗിക്കുന്നുണ്ട്. ഇതുകൂടാതെ കൃഷി, ലാന്‍ഡ് സര്‍വേ, സിനിമ ചിത്രീകരണം, ട്രാഫിക് നിയന്ത്രണം എന്നീ മേഖലകളിലും ഡ്രോണുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്നു.
  
കോവിഡ് കാലത്തെ ഡ്രോണ്‍ ഉപയോഗം 

കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തില്‍, പ്രോട്ടോക്കോള്‍ കൃത്യമായി നടപ്പാക്കാനും, കൂട്ടംകൂടുന്നത് ഒഴിവാക്കാനും കേരള പോലീസ് ഡ്രോണുകളെ ഉപയോഗിച്ചിരുന്നു. പ്രൊജക്റ്റ് ഈഗിള്‍ ഐ (Project eagle eye) എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് അന്ന് ഡ്രോണുകള്‍ ഉപയോഗിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 13ന്  കേരള സൈബര്‍ഡോമിന്റെ ഭാഗമായി സംസ്ഥാനത്താദ്യമായി ഒരു ഡ്രോണ്‍ ഫോറന്‍സിക് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ച് നടക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥകര്‍ക്ക് വേണ്ടുന്ന സാങ്കേതിക സഹായം നല്‍കുക എന്നതാണ് ഈ ലാബിന്റെ ലക്ഷ്യം. 

'കേരള മാതൃകയില്‍,' മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളും ഡ്രോണുകള്‍ ഉപയോഗിച്ച് കോവിഡ് കാലത്ത് നിരീക്ഷണം നടത്തിയിരുന്നു. ഈ സമയത്ത് പൂണെ ആസ്ഥാനമായ ഫ്ളൈറ് ബേസ്( Flyt base)  എന്ന സ്റ്റാര്‍ട്ടപ്പ്, ക്ളൗഡ് അടിസ്ഥാനമാക്കിയ വെബ് അപ്ലിക്കേഷന്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന, ഡ്രോണുകളുടെ ഇന്റര്‍നെറ്റ് (Internet of drones) എന്ന പ്ലാറ്റ്ഫോം  വികസിപ്പിച്ചിരുന്നു. കേന്ദ്രത്തിന്റെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഇത് വികസിപ്പിച്ചത്. 

ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങള്‍ പൊതു ഇടങ്ങള്‍ കോവിഡ് വിമുക്തമാക്കാന്‍ വേണ്ടി സാനിറ്റൈസര്‍ സ്പ്റേ ചെയ്യാന്‍ ഇക്കാലയളവില്‍ ഡ്രോണ്‍ ഉപയോഗിച്ചു. പല സംസ്ഥാനങ്ങളും ഇതിനു വേണ്ടി ഡ്രോണ്‍ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളെ സമീപിച്ചിരുന്നു. സംസ്ഥാനങ്ങള്‍ നടപ്പാക്കിയ ഡ്രോണ്‍ പദ്ധതികളുടെ വിജയം തിരിച്ചറിഞ്ഞ കേന്ദ്രം, പിന്നീട് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സാനിറ്റൈസേഷന്‍, സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തു.

മെഡിസിന്‍ ഫ്രം ദി സ്‌കൈ

ഈ മഹാമാരികാലത്ത്, രാജ്യത്തിനാകെ മാതൃകയായി, തെലങ്കാന സര്‍ക്കാര്‍ ഒറ്റപ്പെട്ട ഇടങ്ങളിലെ  ജനങ്ങള്‍ക്ക് മരുന്നും വാക്സിനും എത്തിക്കുവനായി ഡ്രോണുകള്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. 'മെഡിസിന്‍ ഫ്രം ദി സ്‌കൈ' (Medicine from the sky) എന്ന പദ്ധതിയുടെ ഭാഗമായാണ് ഡ്രോണ്‍ ഉപയോഗിച്ചത്. 

സെപ്റ്റംബര്‍ 11ന് ആരംഭിച്ച  ഈ പദ്ധതി, നീതി ആയോഗ്, വേള്‍ഡ് ഇക്കണോമിക് ഫോറം, ഹെല്‍ത്ത് നെറ് ഗ്ലോബല്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് നടപ്പിലാക്കിയത്.  ഇന്ത്യയില്‍  ആദ്യമായി, കാഴ്ചയുടെ പരിധിക്കുമപ്പുറം (Beyond Visual Line of Sigh)  ഡ്രോണുകള്‍ പറത്താവുന്ന ഏക പദ്ധതിയാണിത്. 16 സോണുകള്‍ ഉള്‍പ്പെടുന്ന പദ്ധതിയില്‍, ഓരോ സോണിലും 500 മുതല്‍ 700 മീറ്റര്‍വരെ ആകും ഡ്രോണുകളുടെ ദൂരപരിധി. 

Drone

ഡ്രോണ്‍ റൂള്‍സ് 2021 

ഡ്രോണ്‍ വ്യവസായത്തിന് കൂടുതല്‍ കരുത്തു നല്‍കാനും, അതിന്റെ സമഗ്ര വികസനത്തിനുമായി ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് കേന്ദ്രം ഡ്രാഫ്റ്റ് ഡ്രോണ്‍ റൂള്‍സിന്റെ കരട് പുറത്തിറക്കിയിരുന്നു. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഡ്രോണ്‍ വാങ്ങാനുള്ള പല നിബന്ധനകളും കരട് നയം കൂടുതല്‍ ലഘൂകരിച്ചു. ഡ്രോണ്‍ ടാക്‌സി പ്രോത്സാഹിപ്പിക്കാന്‍ പേലോഡ് കപ്പാസിറ്റി മുന്‍പുണ്ടായിരുന്ന 300 കിലോയില്‍ നിന്ന് 500 ആക്കി ഉയര്‍ത്തുകയും, ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റഫോം എന്ന പേരില്‍ ഒരു ഇന്ററാക്ടീവ് എയര്‍സ്‌പേസ് മാപ് നിര്‍മ്മിക്കാനും കരട് നിയമം ശുപാര്‍ശ ചെയ്തു.  

അംഗീകൃത ഡ്രോണ്‍ സ്‌കൂളുകള്‍ക്ക് മാത്രമേ ഡ്രോണ്‍ ട്രെയിനിങ്  നല്‍കാനും,  ബന്ധപ്പെട്ട പരീക്ഷകള്‍ നടത്താനും കഴിയുകയെന്ന്  കരട് നിയമം അനുശാസിക്കുന്നു. ലൈസന്‍സ്, ട്രെയിനിങ്  സംബന്ധിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ നല്‍കുന്നത് ഇനിമുതല്‍ ഡിജിസിഎ യുടെ ചുമതലയായിരിക്കും. മറ്റു സേഫ്റ്റി ഫീച്ചറുകളായ, 'അനുവാദമില്ലെങ്കില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതില്‍ നിരോധനം'(No permission, no take off), 'ട്രാക്കിംഗ് ബീക്കണ്‍', 'ജിയോ ഫെന്‍സിങ്' എന്നിവയെ പറ്റി പിന്നീട് നോട്ടിഫൈ ചെയ്യുമെന്നും ഡ്രാഫ്റ്റ് നിയമത്തില്‍ പറയുന്നു.

ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ 

ഡ്രോണുകളുടെ  വ്യാവസായിക ഉപയോഗവും, നിര്‍മാണവും കൂടിയതോടെ അവയുടെ ദുരുപയോഗവും കൂടി. ഇന്ത്യയില്‍ ഏറ്റവും അവസാനം നടന്ന ഡ്രോണ്‍ ആക്രമണം ഒരു മാസം മുന്‍പ് പഞ്ചാബിലാണ് (2021, August 8). സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങള്‍ ശേഷിക്കെ ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടവസ്തുക്കള്‍ നിറച്ച ഒരു ചോറ്റുപാത്രം അമൃതസറിലെ ഒരു ഗ്രാമത്തില്‍ പാക് തീവ്രവാദികള്‍ നിക്ഷേപിച്ചു. 

രണ്ടു മാസം മുന്‍പ് സമാനമായ ആക്രമണം ജമ്മുവിലും സംഭവിച്ചു (2021,July 27). അന്ന് സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ടു ഡ്രോണുകള്‍ ജമ്മുവിലെ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ സ്റ്റേഷനില്‍ ആക്രമണം നടത്തി. ലഷ്‌കര്‍ ഭീകരര്‍ ഇന്ത്യയില്‍ ഡ്രോണ്‍ ഉപയോഗിച്ച് കൂടുതല്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായും ആക്രമണത്തിന്  ശേഷം ഐ ബി  റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യയില്‍ നടന്ന മറ്റ് ഡ്രോണ്‍ ആക്രമണങ്ങള്‍ 

മെയ് 14, 2021: ജമ്മുവില്‍ പാക് ഡ്രോണുകള്‍ നിക്ഷേപിച്ചു എന്ന് കരുതപ്പെടുന്ന ആയുധങ്ങള്‍ ബി എസ് എഫ് കണ്ടെത്തി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 250 മീറ്റര്‍ ഉള്ളില്‍ കണ്ടെത്തിയ ആയുധങ്ങളില്‍, ഒരു എ.കെ.47 റൈഫിള്‍, ഒരു പിസ്റ്റള്‍, 15റൗണ്ട് വെടിവയ്ക്കാന്‍ വേണ്ടുന്ന ബുള്ളറ്റുകള്‍ എന്നിവയാണ് ഉണ്ടായിരുന്നത്.  

ജനുവരി 18, 2021:  പാക് ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയ തീവ്രവാദികളെ ജമ്മു പോലീസ് അറസ്റ്റ് ചെയ്തു. 

ജൂണ്‍ 20, 2020: ബി എസ് എഫ് ജമ്മുവിലെ ഹിരാനഗറില്‍ പാകിസ്താനില്‍ നിന്നുള്ള ഒരു ഡ്രോണിന്നെ വെടിവച്ചിട്ടു. അതില്‍ യു എസ് നിര്‍മിത യന്ത്രത്തോക്കും, ഏഴ് ചൈനീസ് ഗ്രനേഡുകളും ഉണ്ടായിരുന്നു. 

ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ചില വര്‍ഷങ്ങളിലായി 100  മുതല്‍ 150 തവണ വരെ പാക് ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതായി ബി എസ് എഫിലെ വൃത്തങ്ങള്‍ പറയുന്നു. 

ഡ്രോണ്‍ റൂള്‍സ്-സാധ്യതകളും ആശങ്കകളും 

''ഡ്രോണ്‍ റൂള്‍സ് 2021''നു മുന്‍പ്  ഡ്രോണ്‍ മേഖലയെ നിയന്ത്രിക്കാന്‍ പല നിയമങ്ങളും നിര്‍മിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയല്ലാതെ, കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പുറത്തിറക്കിയ ഗവേഷണ പ്രബന്ധത്തില്‍,(Drone rules: Guidelines, regulations, policy gaps in India)ഡി.ജി.സി.എ.2016ലും, 2017ലും പുറത്തിറക്കിയ കരട് നിയന്ത്രണങ്ങളിലെ പോരായ്മകളെ പറ്റി പറയുന്നു. ഡ്രോണ്‍ നിരോധന മേഖലകളില്‍ പോലും അപകടകരമായ നിലയില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് തടയാന്‍ കഴിയാത്തതും, അവ്യക്തമായ നിയന്ത്രണങ്ങളും, ഈ നിയമങ്ങളുടെ പോരായ്മയാണെന്ന് പ്രബന്ധം ചൂണ്ടികാണിക്കുന്നു. അതോടൊപ്പം ഡ്രോണുകളുടെ ഇറക്കുമതി സംബന്ധിച്ച വ്യവസ്ഥകളിലെ പോരായ്മകളും, ജനങ്ങളുടെ സുരക്ഷയും സ്വകാര്യതയും തമ്മിലുള്ള പ്രശ്‌നങ്ങളും, പരിഹരിക്കാന്‍ ഈ നിയമങ്ങള്‍ പര്യാപ്തമല്ലെന്നും ലേഖനം പറയുന്നു. 

ജൂലൈ 27 നു നടന്ന ജമ്മുവിലെ ഡ്രോണ്‍ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച മറ്റൊരു പ്രബന്ധത്തില്‍ (The road ahead for drone regulations in India) അഭിപ്രായപ്പെടുന്നതിങ്ങനെ: 

'ജമ്മു കശ്മീരിലെ ആക്രമണം നടന്നു മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡ്രോണ്‍ റൂള്‍സ് 2021 എന്ന പുതിയ നിയമം പ്രസിദ്ധീകരിച്ചിരിക്കുന്നു. ആക്രമണത്തിന് ശേഷം ഡ്രോണ്‍ വ്യവസായത്തില്‍ ഉണ്ടായ അനിശ്ചിതത്വത്തെ മാറ്റാന്‍ ഉതകുംവിധമാണ് ഈ നിയമം നിര്‍മിച്ചിരിക്കുന്നത്. ഈ നിയമത്തിലൂടെ ഡ്രോണുകള്‍ തുറന്നിടുന്ന വ്യാവസായിക അവസരങ്ങളെയും, അതിന്റെ സുരക്ഷാ സംബന്ധിച്ച പ്രശ്‌നങ്ങളെയും കൃത്യമായി ബാലന്‍സ് ചെയ്യുന്നുണ്ട്. എങ്കിലും ഇറക്കുമതി ചെയ്യുന്ന ഡ്രോണുകളുടെ ഗുണനിലവാരം, ടാറ്റ കമ്മ്യൂണിക്കേഷന്‍ അതിനുപയോഗിക്കുന്ന സാങ്കേതികവിദ്യ എന്നിവയെ പറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.'

ഡ്രോണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ആയ സ്മിത്ത് ഷാ ഡ്രോണ്‍ റൂള്‍സ് 2021 നെ വിലയിരുത്തിയതിങ്ങനെ: 

'അനേകം മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ നടന്ന ഉദാരീകരണം കൂടുതല്‍ മേഖലകളെ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപയുടെ  നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ശരാശരി അഞ്ചു ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് ഓരോ വര്‍ഷവും ഇതിലൂടെ ഡ്രോണ്‍ വ്യവസായത്തില്‍ ഉണ്ടാകാന്‍ പോകുന്നത്.'

ഡ്രോണ്‍ ഉപയോഗിച്ചുള്ള തീവ്രവാദി ആക്രമണങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍, പുതിയനിയമത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതീകരിച്ചതിങ്ങനെ: 

'ഇത്തരം തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡ്രോണുകള്‍ അംഗീകൃതമല്ല. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചു അവ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവില്ല. അവയുടെ ഡിസൈന്‍ രീതി രാജ്യത്തിനകത്ത് ഉപയോഗിക്കുന്ന ഡ്രോണുകളില്‍ നിന്ന് വ്യത്യസ്തമാണ്. അത് കൂടാതെ ഫ്‌ളയിങ് സോണ്‍ റെഗുലേഷന്‍സ് ഇന്ത്യയിലെ ഡ്രോണ്‍ കമ്പനികള്‍ പാലിക്കാന്‍ ബാധ്യസ്ഥമാണ്. നിലവിലെ നിയമം ചട്ടങ്ങളെ ലഘൂകരിക്കുക മാത്രമാണ് ചെയ്തത്. ലൈസന്‍സും, മറ്റു നിബന്ധനകളും നിലനില്‍ക്കുന്നുണ്ട്, അവയില്ലാതെ ഡ്രോണ്‍ ഓപ്പറേറ്റ് ചെയുന്നത് നിയമവിരുദ്ധമാണ്.'

Reference

https://www.orfonline.org/expert-speak/the-road-ahead-for-drone-regulations-in-india/

https://www.orfonline.org/research/drones-guidelines-regulations-and-policy-gaps-in-india/

https://www.civilaviation.gov.in/sites/default/files/Draft_Drones_Rules_14_Jul_2021.pdf