അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞദിവസം നടന്ന സൈനികമേധാവിതല ചര്‍ച്ച പതിമൂന്ന് മണിക്കൂര്‍ നീണ്ടു. കിഴക്കന്‍ ലഡാക്കിലെ കടന്നുകയറ്റങ്ങളില്‍നിന്നും പിന്മാറാനും ഡെപ്സാങ്ങ് മുനമ്പിലെയും ദെംചോകിലെയും സംഘര്‍ഷം അവസാനിപ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. ചര്‍ച്ച പക്ഷേ, ലക്ഷ്യത്തിലെത്തിയില്ല. അയല്‍ക്കാരുടെ അതിര്‍ത്തികളില്‍ നിരന്തരമായ പ്രശ്‌നങ്ങളുണ്ടാക്കുക എന്നത് ചൈനയുടെ പ്രഖ്യാപിത നയമാണോ


ന്ത്യന്‍ നയതന്ത്രം ഏറ്റവും സജീവമായി നടന്ന ഒരു വര്‍ഷമായിരുന്നു 2021. മഹാമാരിയുടെ മധ്യത്തിലും ഇന്ത്യന്‍നേതാക്കള്‍ വിശേഷിച്ചും വിദേശമന്ത്രി ജയ്ശങ്കര്‍ ധാരാളം യാത്രചെയ്യുകയും വിവിധ കൂട്ടായ്മകളില്‍ പങ്കെടുക്കുകയും ചെയ്തു. പ്രത്യേകം തിരഞ്ഞെടുത്ത സുഹൃത്തുക്കളോടു മാത്രമല്ല ഇന്ത്യ സമ്പര്‍ക്കം പുലര്‍ത്തിയത്. അമേരിക്കയോടും ചൈനയോടും റഷ്യയോടും സംഭാഷണം നടത്തി. പാകിസ്താനോടും താലിബാനോടും ബന്ധം പുലര്‍ത്തി.

കോവിഡ് പ്രതിരോധമായാലും ലോകസമാധാനമായാലും ഇന്‍ഡോ പസഫിക്കിലെ സമാധാനപാലനമായാലും പുതിയ ശീതസമരമായാലും പരിസ്ഥിതിപ്രശ്‌നമായാലും ഇന്ത്യയുടെ ശബ്ദം ഉയര്‍ന്നുകേട്ടു. രക്ഷാസമിതി പ്രസിഡന്റെന്ന നിലയില്‍ ലോകകാര്യങ്ങളില്‍ ഇടപെട്ടു. എന്നാല്‍, ഏറ്റവും പ്രധാനമായ രണ്ടു പ്രശ്‌നങ്ങളില്‍ ഇന്ത്യക്ക് നിരാശയാണുണ്ടായത്. ചൈനയെ തര്‍ക്ക പ്രദേശങ്ങളില്‍നിന്ന് തുരത്താനും അഫ്ഗാനിസ്താനില്‍ പ്രാതിനിധ്യസ്വഭാവമുള്ള ഒരു സര്‍ക്കാര്‍ സ്ഥാപിക്കാനും ഇന്ത്യക്ക് കഴിഞ്ഞില്ല.

പുതുവത്സരത്തില്‍ ചൈനീസ് അതിര്‍ത്തിയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. സൈനികതലത്തില്‍ അതിര്‍ത്തിച്ചര്‍ച്ച നടന്നുവെങ്കിലും ചൈനയുടെ സൂചനകള്‍ വ്യക്തമാണ്. ഇവ പ്രകോപനപരമല്ല എന്നു കരുതാമെങ്കിലും അവയില്‍നിന്ന് മനസ്സിലാക്കേണ്ടത്, പിടിച്ചെടുത്തിരിക്കുന്ന പ്രദേശങ്ങള്‍ സംരക്ഷിക്കാനും അവരുടെ അവകാശവാദങ്ങള്‍ ശക്തിപ്പെടുത്താനും അവര്‍ക്ക് മടിയില്ല എന്നതാണ്.

ആദ്യത്തെ സംഭവം ചൈനീസ് സൈന്യം പുറത്തുവിട്ട ഒരു വീഡിയോ ആയിരുന്നു. ഗാല്‍വന്‍ താഴ്വരയില്‍ ചൈനീസ് സൈന്യം ഒത്തുചേര്‍ന്ന് നവവത്സരാഘോഷങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍. ഒരു വലിയ ചൈനീസ് പതാക പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് അവര്‍ ചൈനീസ് ഗാനങ്ങള്‍ പാടുകയും നൃത്തംചെയ്യുകയും ചെയ്തത്. ആ പതാക ചൈനീസ് തലസ്ഥാനത്ത് പാറിയിരുന്ന പതാകയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഗാല്‍വന്‍ താഴ്വരയുടെ എണ്‍പതുശതമാനവും ചൈനയുടെ അധീനത്തില്‍ത്തന്നെ ആയതിനാല്‍ ഈ ആഘോഷം ഒരു ഭീഷണിയായി കാണേണ്ടതില്ല. എന്നാല്‍, ചൈന സാധാരണയായി ചെയ്യുന്ന പലകാര്യങ്ങള്‍ക്കും എന്തെങ്കിലും പ്രത്യേക അര്‍ഥം ഉണ്ടാകാറുണ്ട്. ഗാല്‍വന്‍ താഴ്വര അവരുടെ കൈയിലാണെന്ന ഒരു യാഥാര്‍ഥ്യം ലോകത്തെ അറിയിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഇന്ത്യ ഇതിനോട് പ്രതികരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെങ്കിലും ചൈനയുടെ ഉദ്ദേശ്യം ശ്രദ്ധേയമായിരുന്നു. മനഃസംബന്ധമായ യുദ്ധത്തിന്റെ ഭാഗമായിവേണം ഇതിനെ കണക്കാക്കാന്‍. ഇതുസംഭവിച്ചത് ഇരുസൈന്യങ്ങളും പുതുവത്സരത്തിന്റെ ഭാഗമായി മധുരപലഹാരങ്ങള്‍ കൈമാറിയ അവസരത്തിലാണ് എന്നതും പ്രാധാന്യം അര്‍ഹിക്കുന്നു.

രണ്ടാമത്തെ സംഭവം അരുണാചല്‍പ്രദേശിലാണ്. ചൈന അരുണാചല്‍പ്രദേശിനെ ദക്ഷിണ ടിബറ്റ് എന്നു വിളിക്കുകയും ആ സംസ്ഥാനം മുഴുവന്‍ ചൈനയുടേതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ലോകം മുഴുവന്‍ അരുണാചല്‍പ്രദേശിനെ ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും ചൈനയുടെ അവകാശം സ്ഥാപിക്കുന്നതിന്റെ ഭാഗമായി അരുണാചല്‍പ്രദേശിലെ 15 പ്രദേശങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ പ്രഖ്യാപിക്കുകയാണ് ചൈന പുതുവത്സരത്തില്‍ ചെയ്തത്. ചൈനീസ് ഭൂപടങ്ങളില്‍ ഈ പ്രദേശങ്ങളുടെ പുതിയ പേരുകള്‍ ഉണ്ടാകുമെന്നതില്‍ക്കവിഞ്ഞ് ഇതിന് വലിയ പ്രാധാന്യമില്ല. എന്നാല്‍, ചൈന ഈയിടെ പ്രഖ്യാപിച്ച പുതിയ അതിര്‍ത്തിനിയമങ്ങള്‍ ജനുവരിയില്‍ പ്രാബല്യത്തില്‍ വന്നതിന്റെ ഭാഗമായാണ് ചൈന പേരുമാറ്റം നടത്തിയതെന്നത് പ്രാധാന്യം അര്‍ഹിക്കുന്നു. ഇന്ത്യ ഇതിനെതിരേ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

ഇവയെക്കാള്‍ ഗുരുതരവും തന്ത്രപരവുമായ നീക്കമാണ് ചൈന പാംഗോങ് നദിയുടെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് ഒരു പാലംപണി ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ ഭാഗത്തുതന്നെയുള്ള കൈലാസ് കൊടുമുടിയില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചപ്പോള്‍ ചൈന വളരെയധികം പ്രതിഷേധിക്കുകയും ഇന്ത്യ അവിടെനിന്ന് പിന്മാറുകയും ചെയ്തു. എന്നാല്‍, ഇനിയും ഇന്ത്യ അവിടെ പ്രവേശിക്കുകയും ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ കാര്യമായി മനസ്സിലാക്കുകയും ചെയ്യുമെന്ന ഭയംകാരണമാണ് പുതിയപാലം പണിയാന്‍ ചൈന തീരുമാനിച്ചത്. 1958 മുതല്‍ ചൈനീസ് അധീനതയിലുള്ള ഘര്‍നാക്ക് കോട്ടയുടെ അടുത്താണ് ഈ പാലം. അതിനാല്‍ ഇന്ത്യക്ക് എതിര്‍ക്കാന്‍ കഴിയാത്ത ഒരു നടപടിയായിരുന്നു ഈ പാലംനിര്‍മാണം. അത് നിയന്ത്രണരേഖയില്‍നിന്ന് 18 മൈല്‍ അകലെ ചൈനീസ് ഭാഗത്താണുതാനും. എന്നാലും ഈ പാലം നിര്‍മിക്കുകവഴി ചൈനയ്ക്കുള്ള നേട്ടം അവരുടെ സൈനികനീക്കങ്ങള്‍ക്കുള്ള ദൂരം 150 കിലോമീറ്ററില്‍നിന്ന് 40 കിലോമീറ്ററായി കുറഞ്ഞു എന്നുള്ളതാണ്. ഇന്ത്യ വീണ്ടും കൈലാസ് കൊടുമുടിയില്‍ പ്രവേശിച്ചാല്‍ അതിനെതിരായുള്ള ഒരു തയ്യാറെടുപ്പ് എന്ന നിലയിലാണ് ഈ പാലം നിര്‍മിക്കപ്പെട്ടത്.

ചൈനീസ് അതിര്‍ത്തിയില്‍നിന്ന് വാര്‍ത്തകളൊന്നുമില്ല. അതിനാല്‍ ചൈനയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളായിവേണം ചൈനയുടെ പുതുവത്സരപരിപാടികള്‍ കാണേണ്ടത്. ചൈന പിന്മാറാതെതന്നെ മുന്നോട്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്ത്യ അടിസ്ഥാനസൗകര്യങ്ങളും സൈനികശക്തിയും വര്‍ധിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പരസ്യപ്പെടുത്തുന്നുമില്ല. ചൈനയുമായുള്ള സാമ്പത്തികബന്ധങ്ങള്‍ ശക്തിപ്പെട്ടുവരുകയുമാണ്. എന്നാലും ചൈനയുടെ പ്രവൃത്തി അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമാക്കുമെന്നും കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങുമെന്നുമുള്ള സൂചനകളായിവേണം കരുതാന്‍.


വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്നു ലേഖകന്‍

 

Content Highlights:India- China border dispute; T.P.Sreenivasan writes