സെക്രട്ടേറിയറ്റിന്റെ വടക്കുഭാഗത്ത്, പിന്നിലായി തിരുവിതാംകൂര്‍ നിയമസഭയ്ക്കു വേണ്ടി ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ വെല്ലിങ്ടണ്‍ പ്രഭു 1933 ഡിസംബര്‍ 12-നു തറക്കല്ലിട്ട അസംബ്ലി മന്ദിരം ഇന്ന് കേരള രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമാണ്. പാളയത്ത് ഇന്നത്തെ നിയമസഭാമന്ദിരം പണിയുന്നതുവരെ ഇവിടെയാണ് തിരുവിതാംകൂറിലെയും തിരു-കൊച്ചിയിലെയും കേരളത്തിലെയും നിയമസഭ കൂടിയിരുന്നത്. ഈ കെട്ടിടത്തില്‍ ഐക്യകേരളത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനത്തിനു തുടക്കംകുറിച്ച ആ ദിനം നഗരത്തിലെ പഴമക്കാരില്‍ പലരും ഇന്നും ഓര്‍ക്കുന്നു.

1957 ഏപ്രില്‍ 27-നായിരുന്നു ആ ദിനം.

കാസര്‍കോടു മുതല്‍ ഇങ്ങോട്ടുള്ള 127 ജനപ്രതിനിധികളും അവരില്‍നിന്നു സത്യപ്രതിജ്ഞ ചെയ്ത ഇ.എം.എസ്. നമ്പൂതിരിപ്പാട് അടക്കം 11 മന്ത്രിമാരുമായിരുന്നു ആദ്യനിയമസഭയില്‍. ജനപ്രതിനിധികളില്‍ പലരും ദിവസങ്ങള്‍ക്കുമുമ്പേ നഗരത്തിലെത്തിയവരായിരുന്നു. ഒരേപാര്‍ട്ടിയില്‍പ്പെട്ട എം.എല്‍.എ.മാര്‍ക്കുപോലും പരസ്പരം അറിയാത്ത അവസ്ഥയായിരുന്നു അന്ന്.

നിയമസഭകൂടിയ ദിവസം അവര്‍ സ്വയംപരിചയപ്പെട്ടും കുശലാന്വേഷണം നടത്തിക്കൊണ്ടുമിരിക്കുന്നതിനിടയില്‍ അംബാസഡര്‍ കാറുകളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്താന്‍ തുടങ്ങി. ദേശീയപതാക പാറിപ്പറക്കുന്ന കാറില്‍ ഒരു വനിത എത്തിയപ്പോള്‍ നിയമസഭയ്ക്കു മുമ്പിലുണ്ടായിരുന്ന പോലീസ് അവരെ സല്യൂട്ട് ചെയ്ത് അകത്തേക്കുള്ള വഴിയൊരുക്കി. അത് റോസമ്മ പുന്നൂസ് ആയിരുന്നു. അവരാണ് നിയമസഭയിലെ പ്രൊടെം സ്പീക്കര്‍. അവര്‍ ഗവര്‍ണറുടെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റിരുന്നു.

ഇതിനിടയില്‍ നിയമസഭയിലെ ബെല്‍ മുഴങ്ങി. പുറത്ത് കുശലപ്രശ്നങ്ങളിലേര്‍പ്പെട്ടിരുന്ന സാമാജികര്‍ എല്ലാം അകത്തേക്കു കയറി അവരുടെ സീറ്റുകളിലിരുന്നു. ആദ്യമായി അങ്ങനെ കേരളത്തിന്റെ ജനകീയ ഭരണത്തിന്റെ സുവര്‍ണയുഗം തുടങ്ങുകയാണ്. പെട്ടെന്ന്‌ െപ്രാെടം സ്പീക്കര്‍ എത്തി സത്യപ്രതിജ്ഞാ ചടങ്ങുകളാരംഭിച്ചു. ഉച്ചയോടെയാണ് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ പൂര്‍ത്തിയായത്.

പിന്നീട് സ്പീക്കര്‍ തിരഞ്ഞെടുപ്പായി. ആര്‍.ശങ്കരനാരായണന്‍ തമ്പിയെ എതിരില്ലാതെ സ്പീക്കറായി തിരഞ്ഞെടുത്തു. ഈ വിവരം പ്രൊടെം സ്പീക്കര്‍ പ്രഖ്യാപിച്ചപ്പോള്‍ നിയമസഭാ ഹാള്‍ കരഘോഷത്തില്‍ മുഖരിതമായി. ഉടന്‍ മുഖ്യമന്ത്രി ഇ.എം.എസും പ്രതിപക്ഷനേതാവ് പി.ടി.ചാക്കോയും ചേര്‍ന്ന് ശങ്കരനാരായണന്‍ തമ്പിയെ സ്പീക്കറുടെ ചേംബറിലേക്ക് ആനയിച്ചു. അപ്പോള്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും എണീറ്റുനിന്ന് കരഘോഷം മുഴക്കി.

കേരളത്തിന്റെ ആദ്യത്തെ സ്പീക്കര്‍ക്ക് ഭരണപക്ഷവും പ്രതിപക്ഷവും അനുമോദനം അര്‍പ്പിക്കുന്ന ചടങ്ങായിരുന്നു അടുത്തത്. അന്നു വൈകുന്നേരം അഞ്ചുമണിക്കായിരുന്നു ഗവര്‍ണര്‍ ഡോ. ബി.രാമകൃഷ്ണറാവുവിന്റെ നയപ്രസംഗം.

ചില പത്രങ്ങള്‍ വിശേഷിപ്പിച്ചതുപോലെ വിനയത്തോടെ ഒരു മുഖ്യമന്ത്രിയും പ്രഗത്ഭരും പരിണിതപ്രജ്ഞരുമായ മന്ത്രിമാരും ഇച്ഛാശക്തിയും ജനബന്ധവുമുള്ള അംഗങ്ങളും കര്‍ക്കശക്കാരനായ സ്പീക്കറും കരുത്തനായ പ്രതിപക്ഷനേതാവും ഉള്‍ക്കൊണ്ടതായിരുന്നു ആദ്യത്തെ നിയമസഭ.