വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കാനുള്ള തീരുമാനം മോദിസര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍രാഷ്ട്രീയം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. നിയമനിര്‍മാണത്തിന് പാര്‍ലമെന്റില്‍ അനാവശ്യ ധൃതികൂട്ടുകയും മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് വിയോജിപ്പുകളെ അടിച്ചമര്‍ത്തുകയുമാണ് അവര്‍ ചെയ്തത്. കര്‍ഷകപ്രക്ഷോഭം രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ചപ്പോള്‍പ്പോലും വിമര്‍ശനങ്ങളോട് മുഖംതിരിച്ച ഭരണകൂടം വളരെ പെട്ടെന്നാണ് അവരുടെ നിലപാടില്‍നിന്ന് കരണംമറിഞ്ഞത്. അങ്ങനെ ആദ്യമായി ഒരു പൊതുവിഷയത്തില്‍ വീണ്ടുവിചാരത്തിന് സര്‍ക്കാര്‍ തയ്യാറായി.

കാര്യകാരണങ്ങള്‍

സര്‍ക്കാരിന്റെ ഈ പിന്‍വാങ്ങലിന് പ്രധാന പ്രേരണ രാഷ്ട്രീയ സ്ഥിതിവിശേഷമാണെന്ന് സ്പഷ്ടം. കര്‍ഷകസമരം ആഴത്തില്‍ സ്വാധീനിച്ച അഞ്ചുസംസ്ഥാനങ്ങളില്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഈ ഘട്ടത്തില്‍ കര്‍ഷകരും പൊതുസമൂഹവും ഒന്നിച്ച് അണിനിരന്നാലുണ്ടാകുന്ന വെല്ലുവിളികള്‍ ചെറുതല്ലെന്ന് ഭരണകക്ഷി തിരിച്ചറിഞ്ഞിരിക്കുന്നു. വോട്ടുബാങ്കില്‍നിന്നുള്ള ചോര്‍ച്ച തടയാന്‍ വലിയ രാഷ്ട്രീയനീക്കം ബി.ജെ.പി.ക്ക് അനിവാര്യമായി. നിയമം പിന്‍വലിക്കാനുള്ള തീരുമാനംകൊണ്ട്, ഭരണവിരുദ്ധവികാരം ശക്തമായ മറ്റുരണ്ട് സംസ്ഥാനങ്ങളിലും താത്കാലികാശ്വാസം ലഭിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പഞ്ചാബിലെ സിഖ് കര്‍ഷകരെ കൈയിലെടുക്കാനുദ്ദേശിച്ചുള്ള തന്ത്രവും തീരുമാനത്തിന് പിന്നിലുണ്ടാകാം. സിഖ് കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട, ഗുരു നാനാക്കിന്റെ ജന്മവാര്‍ഷികദിനമായ ഗുര്‍പരാബിന്റെ അന്നാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. സിഖ് സമൂഹത്തെ ഒറ്റപ്പെടുത്താനും അവരെ ഖലിസ്താനികളെന്ന് മുദ്രകുത്താനും ബി.ജെ.പി. വക്താക്കള്‍ മുമ്പ് നടത്തിയ ശ്രമങ്ങള്‍ അങ്ങേയറ്റം പ്രകോപനപരമായിരുന്നു. ഭരണകക്ഷിയുടെ സിഖ്വിരുദ്ധ മനോഭാവം പഴയ വിഘടനവാദികള്‍ക്ക് തിരിച്ചുവരവിനുള്ള കച്ചിത്തുരുമ്പാകുമോ എന്നുപോലും ഒരുഘട്ടത്തില്‍ ആശങ്കപ്പെടേണ്ടിവന്നു. പാകിസ്താന്‍ ഉള്‍പ്പെടെ അങ്ങനെയൊരു അവസരത്തിനായി കാത്തിരിക്കയാണ്. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനുള്ള നീക്കം സിഖുകാരുടെ ഹൃദയത്തിലെ മുറിവുണക്കാന്‍ സഹായിക്കുമെന്ന് ബി.ജെ.പി. കരുതുന്നു; പ്രത്യേകിച്ച് പഞ്ചാബ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കാലത്ത്.

അഹങ്കാരത്തിനുള്ള പിഴയൊടുക്കല്‍

പ്രധാനമന്ത്രിയുടെ പ്രസ്താവന വളരെ വൈകിയുള്ള കുറ്റസമ്മതമാണെന്ന് കരുതുന്നവര്‍ കുറവല്ല. എന്നാല്‍, കര്‍ഷകരെ ആക്രമിക്കാനും അറസ്റ്റുചെയ്യാനും അധിക്ഷേപിക്കാനും വഴിതടയാനും തെമ്മാടികളെന്നും ദേശദ്രോഹികളെന്നും മുദ്രകുത്താനും ഒട്ടും മടിക്കാണിക്കാത്ത ഒരു ഭരണകൂടത്തെ സംബന്ധിച്ച് ഇതുതന്നെ വലിയ ഉദാരതയാണ്. സമരംചെയ്ത കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റി നാലുപേരുടെ ജീവനെടുത്തതിന്റെ ഞെട്ടലില്‍നിന്ന് രാജ്യം ഇനിയും മോചിതമായിട്ടില്ലെന്നുകൂടി ഓര്‍ക്കണം.

കര്‍ഷകരോട് കൂടിയാലോചിക്കാതെ നിയമം പാസാക്കിയതിന്റെ ദോഷം മറയ്ക്കാന്‍ ഇതിനിടയില്‍ ഒട്ടേറെ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി. സബ്സിഡികളും താങ്ങുവിലയും ഉയര്‍ത്തി. പാകിസ്താനിലെ സിഖ് ക്ഷേത്രത്തിലേക്ക് കര്‍ത്താപ്പുര്‍ ഇടനാഴി തുറന്നുകൊടുത്തു. എന്നാല്‍, അതുകൊണ്ടൊന്നും പാര്‍ലമെന്റിലെ അഹങ്കാരത്തിന് പിഴയൊടുക്കാനായില്ല. ആസന്നമായ രാഷ്ട്രീയദുരന്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റുവഴിയില്ലെന്ന് ബി.ജെ.പി. മനസ്സിലാക്കി.

സര്‍ക്കാര്‍ എല്ലാതലത്തിലും പരാജയപ്പെട്ട് നില്‍ക്കുമ്പോഴാണ് കര്‍ഷകരെ വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് സമ്മതിക്കേണ്ടിവരുന്നത്. അമിതമായ ഇന്ധനനികുതിമൂലം രാജ്യത്ത് വിലക്കയറ്റം രൂക്ഷമായിരിക്കയാണ്. തൊഴിലില്ലായ്മയുടെ കണക്കുകളാകട്ടെ റെക്കോഡുകള്‍ ഭേദിച്ചിരിക്കുന്നു. സാമ്പത്തികവളര്‍ച്ചയിലുണ്ടായിട്ടുള്ള ഇടിവ് വാചാടോപങ്ങള്‍കൊണ്ട് മറച്ചുപിടിക്കാവുന്നതിലും അപ്പുറമാണ്. ഇതിനിടയില്‍ കാര്‍ഷികനിയമങ്ങളുടെ കാര്യത്തിലെ നിലപാടുമാറ്റം മോദിയുടെ സ്തുതിപാഠകര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന കപടപ്രതിച്ഛായക്കേറ്റ കനത്ത തിരിച്ചടിയാകും.

പരാജയപ്പെടുന്ന പരിഷ്‌കാരങ്ങള്‍

വലിയ മാറ്റങ്ങളെന്ന് അവകാശപ്പെടുന്ന പല പരിഷ്‌കാരങ്ങളും രാജ്യത്തെ ബോധിപ്പിക്കുന്നതിലോ പ്രതിപക്ഷത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിലോ ബി.ജെ.പി. തുടരെ പരാജയപ്പെടുന്നുവെന്നതിന്റെ തെളിവാണ് പുതിയ സംഭവവികാസങ്ങള്‍. ഗുണഭോക്താക്കള്‍ എന്ന് പറയുന്നവരെപ്പോലും വിശ്വാസത്തിലെടുക്കാതെയും വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയും പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റികളെ നോക്കുകുത്തികളാക്കിക്കൊണ്ടും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഭരണകൂടരീതിയുടെ മുനയൊടിഞ്ഞിരിക്കുന്നു.

സാമ്പത്തികപരിഷ്‌കരണവാദികളെന്ന് അവകാശപ്പെടുന്നവര്‍ പറയുന്നു, കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നത് തെറ്റായ സൂചനയാണെന്ന്. നിശ്ചയദാര്‍ഢ്യമില്ലായ്മ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖമുദ്രയാകുന്നുവെന്നാണ് അവരുടെ പരാതി. കുറച്ചാളുകള്‍ അവരുടെ നിക്ഷിപ്തതാത്പര്യത്താല്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ മൊത്തം രാജ്യത്തിന് ലഭിക്കേണ്ട ഗുണങ്ങള്‍പോലും നഷ്ടമാകുമെന്നതാണ് അവസ്ഥ. ഒരു നാഷണല്‍ ഹൈവേ ഉപരോധിക്കാന്‍ ആയിരംപേരെ സംഘടിപ്പിക്കാന്‍ കഴിയുന്ന ആര്‍ക്കും ഭൂരിപക്ഷസര്‍ക്കാരിന്റെപോലും തീരുമാനം അട്ടിമറിക്കാന്‍ കഴിയുമെന്ന് അവര്‍ പരിതപിക്കുന്നു.

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പല വികസനപദ്ധതികളും പ്രതിഷേധങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവരുകയോ അനിശ്ചിതമായി നീണ്ടുപോവുകയോ ചെയ്തിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഫോസില്‍ ഇന്ധനങ്ങള്‍ക്കുപകരമായി ആണവോര്‍ജം ഉപയോഗിക്കുന്നതിന് എവിടെയൊക്കെ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടോ അവിടെയൊക്കെ ജനങ്ങളുടെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. പാറപൊട്ടിക്കലിനോടും മണല്‍ഖനനത്തിനോടും വിയോജിപ്പുള്ളവരുടെ വെറുപ്പ് സമ്പാദിച്ചുകൊണ്ടാണ് നിര്‍മാണപ്രവൃത്തികള്‍ എക്കാലത്തും മുന്നോട്ടുപോയിട്ടുള്ളത്. വന്‍കിട പദ്ധതികള്‍ക്കെതിരേ പരിസ്ഥിതിപ്രവര്‍ത്തകര്‍ കോടതിയെയും ഹരിതട്രിബ്യൂണലിനെയും സമീപിക്കുന്നത് അസാധാരണമല്ല. എന്നാല്‍, ബഹുസ്വരരാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്ന സജീവ ജനാധിപത്യത്തില്‍ ഇത്തരം എതിര്‍പ്പുകള്‍ ഒഴിച്ചുകൂടാനാവാത്തതാണ്.

അര്‍ഥവത്തായ ഏതൊരു പദ്ധതി നടപ്പാക്കുമ്പോഴും എതിര്‍ശബ്ദമുയര്‍ത്തുന്നവരെ ചര്‍ച്ചകളിലൂടെയും മറ്റും കാര്യങ്ങള്‍ ബോധിപ്പിക്കാനുള്ള ശ്രമമുണ്ടാകണം. ജനാധിപത്യമെന്നാല്‍ കേവലം തിരഞ്ഞെടുപ്പു വിജയമല്ലെന്നും തിരഞ്ഞെടുപ്പിലെ ജയം എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്നും മോദി സര്‍ക്കാര്‍ ഇനിയെങ്കിലും പഠിക്കുമെന്ന് കരുതാം. ജനാധിപത്യമെന്നാല്‍ തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ എന്തുസംഭവിക്കുന്നു എന്നതാണ്. നിരന്തരമായ ആശയവിനിമയത്തിലൂടെയും ചര്‍ച്ചകളിലൂടെയും പരസ്പര ധാരണയിലൂടെയുംമാത്രമേ ജനാധിപത്യപരമായ മാറ്റങ്ങള്‍ സാധ്യമാകൂ.

തിരുത്താനാവാത്ത തെറ്റുകള്‍

ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മോദിസര്‍ക്കാരിന് ഏഴുവര്‍ഷം വേണ്ടിവന്നുവെന്നത് പരിതാപകരം. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചു, എന്നാല്‍, വര്‍ഷംനീണ്ട സത്യാഗ്രഹത്തില്‍ നഷ്ടപ്പെട്ട 700 ജീവനുകള്‍ക്ക് ആരാണ് ഉത്തരംപറയുക. ഇതുപോലെ തിരുത്താനാവാത്ത തെറ്റുകള്‍ വേറെയുമുണ്ട്. വന്‍ദുരന്തത്തില്‍ കലാശിച്ച നോട്ടുനിരോധനം, ചരക്ക്-സേവന നികുതിയുടെ വികലമായ നടപ്പാക്കല്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നതുകൊണ്ടുമാത്രം കര്‍ഷകരുടെ വിശ്വാസം വീണ്ടെടുക്കാനോ സിഖ് ജനതയുടെ വികാരം തണുപ്പിക്കാനോ മോദി സര്‍ക്കാരിന് കഴിയുമോ എന്നത് വ്യക്തമല്ല. 2024-ലെ പൊതുതിരഞ്ഞെടുപ്പിന് രണ്ടരവര്‍ഷം ശേഷിക്കേ, ജനപ്രീതിയിലുണ്ടാകുന്ന ഇടിവിന്റെ തോത് കുറയ്ക്കാന്‍ ഈ തീരുമാനം ചിലപ്പോള്‍ അവരെ സഹായിച്ചേക്കാം.

തെളിവുസഹിതം വീഴ്ചകള്‍ നിരത്തിയിട്ടും അത് അംഗീകരിക്കാനോ തെറ്റുതിരുത്താനോ തയ്യാറാകാതിരുന്ന സര്‍ക്കാരിന് ഒടുവില്‍ മുട്ടുവളയ്‌ക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളെ അശാക്തീകരിക്കുന്ന പൗരത്വനിയമഭേദഗതി ഉള്‍പ്പെടെ ജനാധിപത്യ വിരുദ്ധമായ തീരുമാനങ്ങള്‍ക്കെതിരേ പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ക്ക് ഇത് ആവേശംപകരും. അടുത്ത രണ്ടരവര്‍ഷം മോദിസര്‍ക്കാരിന് കടുത്ത വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പ്.

Content Highlights: Farm laws and PM Modi Govt -Shashi Tharoor