കോവിഡ് എന്ന മഹാമാരിയുടെ ഫലമായി വിശ്വമാനവ ചരിത്രത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക അസമത്വത്തെയാണ് ലോക സമ്പദ്വ്യവസ്ഥ ഇന്ന് അഭിമുഖീകരിക്കുന്നത്. 2020-ല്‍ മാത്രം ഏകദേശം ഇരുപതുമുതല്‍ അമ്പതു കോടിവരെ പട്ടിണിപ്പാവങ്ങള്‍ വര്‍ധിച്ചു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, 2020 മാര്‍ച്ച് 28 മുതല്‍ 2021 മാര്‍ച്ച് 28 വരെയുള്ള കാലത്ത് ലോകത്തെ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ 4.35 ട്രില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഭാരതത്തിന്റെ മൊത്ത ദേശീയവരുമാനം 2.5 ട്രില്യണ്‍ ഡോളറിനു തുല്യമാണ് എന്നറിയുക. ലോകത്തിലെ ഏറ്റവും സമ്പന്നനും ആമസോണ്‍ എന്ന ഇ-വ്യാപാര ശൃംഖലയുടെ സ്ഥാപകനുമായ ജെഫ് ബെസോസിന്, തന്റെ കമ്പനിയുടെ ഓഹരിമൂല്യം 87 ശതമാനം വര്‍ധിച്ച്, കോവിഡ് കാലത്ത് 86 ബില്യണ്‍ ഡോളര്‍ അധികമായി സമ്പാദിക്കാന്‍ കഴിഞ്ഞു. കോവിഡ് കാലം സാമ്പത്തികമായി ഏറ്റവും നേട്ടംനല്‍കിയത് ടെസ്ല, സ്‌പേസ് എക്‌സ് മുതലായ കമ്പനികളുടെ ഉടമസ്ഥനായ എലോണ്‍ മസ്‌കിനാണ്. അദ്ദേഹത്തിന്റെ സമ്പത്ത് 540 ശതമാനം വര്‍ധിച്ച് 170 ബില്യണ്‍ ഡോളറായി.

ഇന്ത്യന്‍ കോടീശ്വരന്മാര്‍

ഇന്ത്യന്‍ ശതകോടീശ്വരന്മാരും ഒട്ടും പിന്നിലല്ല. 2020 മാര്‍ച്ചിലെ ലോക്ഡൗണിനുശേഷമുള്ള കാലയളവില്‍ ഇന്ത്യയില്‍ നാല്പത് പുതിയ ശതകോടീശ്വരന്മാര്‍ ഉണ്ടാകുകയും ഉയര്‍ന്ന നൂറു ശതകോടീശ്വരന്മാരുടെ സമ്പത്ത് പതിമ്മൂന്നുലക്ഷം കോടി രൂപ അധികമായി വര്‍ധിക്കുകയും ചെയ്തു എന്ന് ഓസ്ഫാം എന്ന സ്ഥാപനം കണക്കാക്കിയിരുന്നു. ഈ അധികവരുമാനം സര്‍ക്കാരിനാണ് ലഭിച്ചതെങ്കില്‍ ഏതാണ്ട് പത്തുവര്‍ഷത്തോളം ദേശീയ തൊഴിലുറപ്പുപദ്ധതി വളരെ സുഗമമായി നടത്തിക്കൊണ്ടുപോകാമായിരുന്നു എന്നും ഓസ്ഫാം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ സമ്പത്ത് കോവിഡ് കാലഘട്ടത്തില്‍ ഇരട്ടിയില്‍ക്കൂടുതല്‍ വര്‍ധിച്ച് 93 ബില്യണ്‍ ഡോളറിനു തുല്യമായി എന്നു മാത്രമല്ല, അദ്ദേഹം ലോകത്തെ ആറാമത്തെ ഏറ്റവും വലിയ ശതകോടീശ്വരനായി മാറി. രാജ്യത്തെ രണ്ടാമത്തെ വലിയ ശതകോടീശ്വരനായ ഗൗതം അദാനിയുടെ സമ്പത്ത് ഇതേകാലയളവില്‍ അറുപതുശതമാനം വര്‍ധിച്ച് മൊത്തം ആസ്തി 54 ബില്യണ്‍ ഡോളറിനു തുല്യമായി. ഭാരതത്തിന്റെ മൊത്തം സര്‍ക്കാര്‍ ബജറ്റ് വെറും 469 ബില്യണ്‍ ഡോളറിനു തുല്യമാണ് എന്നു മനസ്സിലാക്കുമ്പോഴാണ് ശതകോടീശ്വരന്മാരുടെ സാമ്പത്തികശക്തി നമുക്ക് മനസ്സിലാകുന്നത്. കോവിഡ് കാലത്ത് കൂടുതല്‍ ശക്തിപ്രാപിച്ച മെഡിക്കല്‍ ഫാര്‍മസ്യൂട്ടിക്കല്‍, ഇ-കൊമേഴ്സ്, ഓണ്‍ലൈന്‍ മീറ്റിങ്, ടെലികോം മുതലായ കമ്പനികള്‍ക്കു മാത്രമാണ് സമ്പത്ത് വര്‍ധിച്ചത് എന്നു നാം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അതു ശരിയല്ല. മറിച്ച്, വിരലിലെണ്ണാവുന്ന ചില കമ്പനികളൊഴിച്ച്, ലോകത്തെയും ഇന്ത്യയിലെയും മിക്ക കമ്പനികള്‍ക്കും വിപണിമൂല്യവും സമ്പത്തും ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലാത്ത തരത്തില്‍ വര്‍ധിക്കുകയും അവയുടെ സ്ഥാപകരും ഷെയര്‍ ഹോള്‍ഡേഴ്സും അതിസമ്പന്നരാകുകയും ചെയ്യുന്ന കാഴ്ചയാണ് കോവിഡ് കാലത്ത് കാണുന്നത്.

Covid 19

ഓഹരി കുതിച്ചപ്പോള്‍

കോവിഡ് കാലത്ത് ശതകോടീശ്വരന്മാരുടെ സമ്പത്ത് ഗണ്യമായി വര്‍ധിക്കാനുള്ള ഒരു പ്രധാനകാരണം ഓഹരിക്കമ്പോളത്തില്‍ ഓഹരിമൂല്യം വളരെയേറെ വര്‍ധിച്ചു എന്നുള്ളതാണ്. ഇതിനുള്ള പ്രധാനകാരണം, ലോക്ഡൗണില്‍ സാമൂഹിക അകലം പാലിക്കുന്നതിനും മറ്റുമായി സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചപ്പോള്‍ ജനങ്ങളുടെ ഉപഭോഗം കുറച്ചപ്പോള്‍ ഉണ്ടായ 'നിര്‍ബന്ധിത മിച്ച തുകകള്‍' ഓഹരിക്കമ്പോളത്തിലേക്കു ഒഴുകിയെത്തി. അത് കമ്പനികളുടെ ഓഹരിവില വര്‍ധിപ്പിച്ച് ആസ്തിമൂല്യവും സമ്പത്തും വര്‍ധിപ്പിച്ചു. കോവിഡ് വരുത്തിവെച്ച സാമ്പത്തികമാന്ദ്യം പരിഹരിക്കുന്നതിനായി കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് കുറച്ചതും ഡിജിറ്റല്‍ ടെക്‌നോളജിയുടെയും സ്മാര്‍ട്ട് ഫോണുകളുടെയും വ്യാപനവും കോവിഡിനു ശേഷമുള്ള സാമ്പത്തിക ഭദ്രതയെപ്പറ്റിയുള്ള ഭയാശങ്കകളും സാധാരണക്കാരെപ്പോലും കൂടുതല്‍ വരുമാനം ഏറ്റവുംവേഗം ലഭിക്കുന്ന ഓഹരിക്കമ്പോളങ്ങളിലേക്കു അടുപ്പിച്ചു. പലിശനിരക്ക് കുറവായിരുന്നിട്ടുപോലും ധനകാര്യസ്ഥാപനങ്ങളില്‍ കുമിഞ്ഞുകൂടിയ നിക്ഷേപങ്ങള്‍ ഓഹരിക്കമ്പോളങ്ങളില്‍ എത്തിപ്പെട്ടതും ഷെയറുകളുടെയും സെക്യൂരിറ്റികളുടെയും ബോണ്ടുകളുടെയും മറ്റും ചോദനം ഗണ്യമായി വര്‍ധിപ്പിച്ചതും കമ്പനികള്‍ക്ക് ഗുണമായി മാറി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റിയല്‍ ഇക്കോണമിയും മോണിറ്ററി ഇക്കോണമിയും തമ്മിലുള്ള അന്തരം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നു കാണാം. കോവിഡനന്തര ലോക സമ്പദ്വ്യവസ്ഥയില്‍ ഈ അന്തരം കുറയ്ക്കുന്നതിനായി രാജ്യങ്ങള്‍ ഏതു രീതിയില്‍ നയരൂപവത്കരണം നടത്തുന്നു എന്നതിനനുസരിച്ചിരിക്കും ഓഹരിക്കമ്പോളങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ്.

നികുതി പിരിക്കുമോ?

'വര്‍ക്ക് ഫ്രം ഹോം' മുതലായ നയങ്ങളൊക്കെ മിക്ക രാജ്യങ്ങളിലും ഉയര്‍ന്ന ശമ്പളക്കാര്‍ക്കുമാത്രമേ പ്രയോജനപ്പെട്ടിട്ടുള്ളൂ എന്നത് വാസ്തവമാണ്. ബഹുഭൂരിപക്ഷം സാധാരണ തൊഴിലാളികള്‍ക്കും അവരുടെ ജോലി നഷ്ടപ്പെടുകയോ വേതനം വലിയതോതില്‍ കുറയുകയോ ചെയ്തിട്ടുണ്ട്. ഇതും അതിസമ്പന്നര്‍ക്കു സമ്പത്ത് ആര്‍ജിക്കാന്‍ സഹായിച്ചു. ഇന്ത്യ നിര്‍ത്തലാക്കിയ അതിസമ്പന്നര്‍ക്കുള്ള നികുതി തിരിച്ചുകൊണ്ടുവന്നാല്‍ ചുരുങ്ങിയത് അന്‍പതിനായിരം കോടി രൂപ സര്‍ക്കാരിന് വരുമാനമായി വര്‍ഷംതോറും ലഭിക്കുകയും അത് കോവിഡ് കാലത്ത് ജോലിനഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും തൊഴില്‍നല്‍കാനും സഹായിക്കും.

ശതകോടീശ്വരന്മാരും സമ്പന്നരും ഒരു സമ്പദ്വ്യവസ്ഥയ്ക്കു കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും തൊഴില്‍ നല്‍കുന്നതിനും ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും അത്യാവശ്യമാണ്. എന്നാല്‍, ഓഹരിക്കമ്പോളത്തിലൂടെ വലിയതോതില്‍ വരുമാനവും സമ്പത്തും വര്‍ധിക്കുകയും അവ അതതു രാജ്യങ്ങളില്‍ നിക്ഷേപിക്കാതിരിക്കുകയും ചെയ്യാല്‍, രാജ്യത്തിന്റെ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് തടസ്സമാവുകയും അസമത്വം വര്‍ധിപ്പിക്കുകയും ചെയ്യും. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാലികമായതും ശരിയായതുമായ നയരൂപവത്കരണം നടത്തുകയും അവ ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്നതിലൂടെ വിഭവങ്ങള്‍ പുനര്‍വിതരണം നടത്തി ഒരു വലിയവിഭാഗം ജനങ്ങളെ കോവിഡ് കാരണമുണ്ടായ പട്ടിണിയില്‍നിന്നു കരകയറ്റാന്‍ സാധിക്കും.


ഭാരതീയ ബഹിരാകാശ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രം അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍

Content Highlights: Economic impact of Covid 19,Dr. Shaijumon C.S. writes