ന്ത്യ സ്വാതന്ത്ര്യസമരത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍, രാജ്യത്ത് ദേശീയതയും ഐക്യവുമെല്ലാം ശക്തിപ്പെടുന്നതിനുമുമ്പ് വൈദേശികശക്തികള്‍ക്ക് എതിരേനടന്ന ധീരമായ ഒട്ടേറെ പോരാട്ടചരിത്രം കേരളത്തിനുണ്ട്.

കേരളത്തിലെത്തിയ ആദ്യത്തെ വൈദേശിക ശക്തിയായ പോര്‍ച്ചുഗീസുകാര്‍ക്കെതിരേ പോരാടിയ കുഞ്ഞാലിമരക്കാര്‍, ഇംഗ്ലീഷുകാര്‍ക്കെ തിരേ പടനയിച്ച മലബാറിലെ കേരളവര്‍മ പഴശ്ശിരാജ, കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ചന്‍, തിരുവിതാംകൂര്‍ പ്രധാനമന്ത്രി അഥവാ ദളവ വേലുത്തമ്പി ഇവരുടെ ധീരോദാത്തമായ പ്രവര്‍ത്തനങ്ങള്‍ കേരളചരിത്രത്തില്‍ തിളങ്ങുന്ന അധ്യായങ്ങളാണ്. ഇതില്‍ 1805 നവംബര്‍ 30-ന് വയനാട്ടിലെ പുല്പള്ളിയിലുള്ള മാവിലാംതോട്ടിന്റെ കരയിലാണ് കേരളവര്‍മ പഴശ്ശിരാജ വീരമൃത്യുവരിച്ചത്. അദ്ദേഹം ശത്രുക്കളുടെ കൈയില്‍പ്പെടാതിരിക്കാന്‍ ആത്മഹത്യ ചെയ്തതാണോ, അതോ വെടിയേറ്റു മരിച്ചതാണോ എന്ന തര്‍ക്കം ഇന്നും തുടരുന്നു.

തോമസ് ബാബറുടെ വിശേഷണം

കലാപം അടിച്ചമര്‍ത്താന്‍ നിയുക്തനായ തലശ്ശേരി സബ്കളക്ടര്‍ തോമസ് ഹാര്‍വേ ബാബര്‍തന്നെയാണ് തന്റെ സ്വന്തം പല്ലക്കില്‍ പഴശ്ശിയുടെ മൃതദേഹം പുല്പള്ളിയില്‍നിന്നു മാനന്തവാടിയില്‍ കൊണ്ടുവന്ന് ബഹുമതിയോടെ സംസ്‌കരിച്ചത്. തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ടും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടും ബാബര്‍ മേലുദ്യോഗസ്ഥനായ കളക്ടര്‍ക്ക് എഴുതിയ കത്തില്‍, ഒരു പ്രഖ്യാപിത ലഹളത്തലവനാണെങ്കിലും രാജ്യത്തിലെ യഥാര്‍ഥ നാടുവാഴികളില്‍ ഒരാളെന്ന നിലയ്ക്ക് ഇങ്ങനെയൊരു ഒരു ബഹുമതിക്ക് അദ്ദേഹം സര്‍വഥാ അര്‍ഹനാണെന്ന് തനിക്കു തോന്നിയതായി പറഞ്ഞിരുന്നു. മരണത്തെ അഭിമുഖീകരിക്കേണ്ടിവന്നപ്പോഴും അന്തസ്സും അഭിമാനവും കൈവിടാതെ പെരുമാറിയതായും പഴശ്ശിരാജയ്ക്കുനേരെ ഉദാരവും വിട്ടുവീഴ്ചാപരവുമായ സമീപനം കമ്പനി സ്വീകരിച്ചിട്ടുകൂടി അദ്ദേഹത്തിന്റെ നൈസര്‍ഗികമായ അക്ഷമതയ്ക്കും ശൗര്യവീരപരാക്രമങ്ങള്‍ക്കും ഒരു ശമനവും ഉണ്ടായിട്ടില്ലെന്നും ആ കത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പഴശ്ശിയുടെ വീരമൃത്യുവിന് അഞ്ചുവര്‍ഷം മുമ്പാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി മലബാര്‍, കാനറ, മൈസൂരു പ്രദേശങ്ങളെപ്പറ്റി ഫ്രാന്‍സിസ് ബുക്കാനന്‍ സമഗ്രമായി അന്വേഷണം നടത്തിയത്. അന്നും ഇംഗ്ലീഷുകാര്‍ക്കെതിരേ പോരാട്ടം നടത്തുകയായിരുന്നു പഴശ്ശിരാജ. കമ്പനിയുടെ ശത്രുവാണെങ്കിലും അദ്ദേഹത്തില്‍ കുടികൊണ്ടിരിക്കുന്ന സ്വാതന്ത്ര്യമോഹവും അഭിവാഞ്ഛയും ബുക്കാനനും പ്രകീര്‍ത്തിച്ചിട്ടുണ്ട്. പഴശ്ശിയുടെ മരണത്തിനുശേഷം നാലുവര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു 1809-ല്‍ തിരുവിതാംകൂറിലെ വേലുത്തമ്പിയും കൊച്ചിയിലെ പാലിയത്തച്ചനും ഇംഗ്ലീഷുകാര്‍ക്ക് എതിരേ കലാപത്തിനിറങ്ങിയത്. വേലുത്തമ്പി ഇംഗ്ലീഷുകാര്‍ക്ക് എതിരേ നടത്തിയ 'കുണ്ടറ വിളംബരം' പ്രസിദ്ധമാണ്. ആ വര്‍ഷംതന്നെയാണ് ശത്രുക്കളുടെ കൈയില്‍ പെടാതിരിക്കാന്‍ മണ്ണടിയില്‍വെച്ച് അദ്ദഹം ആത്മഹത്യ ചെയ്തത്. ആ മൃതദേഹത്തോട് കാട്ടിയ ക്രൂരത വിവരണാതീതമായിരുന്നു. മണ്ണടിയില്‍നിന്നു തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മൃതദേഹം നാടുനീളെ പ്രദര്‍ശിപ്പിച്ചശേഷം 'തൂക്കിലിട്ട്' ആണ് ആളുകളെ ഭയപ്പെടുത്തിയത്. പഴശ്ശിരാജയോടും വേലുത്തമ്പിയോടും അങ്ങനെ രണ്ട് സമീപനമായിരുന്നു ഇംഗ്ലീഷുകാര്‍ സ്വീകരിച്ചത്.

ആര്‍തര്‍ വെല്ലസ്ലിയുടെ വരവും പോക്കും

കോട്ടയം രാജകുടുംബത്തിലെ ഒരു ശാഖയായ പടിഞ്ഞാറേ കോവിലകത്തെ ഇളംമുറ തമ്പുരാനായിരുന്നു കേരളവര്‍മ. ഈ ശാഖ പഴശ്ശിയില്‍ താമസിച്ചതിനാലാണ് 'പഴശ്ശിരാജ' എന്ന് അറിയപ്പെട്ടിരുന്നത്. 1793-1797 വരെയും 1800-1805 വരെയും ഏകദേശം ഒന്‍പതുവര്‍ഷം ആയിരുന്നു പഴശ്ശിരാജ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി യുദ്ധം ചെയ്തത്. ഇതിനിടയില്‍ ചില കരാറുകളിലും സന്ധികളിലും ഏര്‍പ്പെട്ട് യുദ്ധം നിര്‍ത്തിവെച്ചിട്ടുണ്ട്. തെറ്റായ നികുതി നയത്തിനെതിരേയാണ് ആദ്യത്തെ യുദ്ധം. ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെ ടിപ്പുസുല്‍ത്താന്‍ വിട്ടുകൊടുത്ത വയനാട് കൈക്കലാക്കാനും അത് രണ്ടായി ഭാഗിച്ച് രണ്ടു ഭരണകേന്ദ്രങ്ങളുടെ കീഴിലാക്കാനും കമ്പനി നടത്തിയ ശ്രമം കാരണമാണ് രണ്ടാംപ്രാവശ്യവും പഴശ്ശി ഇംഗ്ലീഷുകാര്‍ക്കെതിരേ യുദ്ധത്തിലേര്‍പ്പെട്ടത്.

പഴശ്ശിയുടെ യുദ്ധത്തെ നേരിടാന്‍ അന്നത്തെ ഏറ്റവും വലിയ യുദ്ധതന്ത്രജ്ഞനും പില്‍ക്കാലത്ത് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ തോല്‍പ്പിക്കുകയും ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുകയും ചെയ്ത സര്‍ ആര്‍തര്‍ വെല്ലസ്‌ളി (വെല്ലിങ്ടണ്‍ പ്രഭു) നിയമിതനായി. എന്നാല്‍, പഴശ്ശിയുടെ യുദ്ധതന്ത്രങ്ങള്‍ക്കു മുമ്പില്‍ വെല്ലസ്‌ളിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. എടച്ചെന കുങ്കന്‍നായര്‍, തലയ്ക്കല്‍ ചന്തു എന്നിവര്‍ സൈന്യാധിപന്മാരായുള്ള പഴശ്ശിപ്പടയെ അമര്‍ച്ചചെയ്യാന്‍ കഴിയാത്ത ദുഃഖത്തോടെയാണ് പിന്നീട് ആര്‍തര്‍ വെല്ലസ്‌ളിക്ക് ഇവിടെനിന്നു കപ്പല്‍ കയറേണ്ടിവന്നത്.

സംശയങ്ങള്‍ ദൂരീകരിക്കണം

1802-ല്‍ തലയ്ക്കല്‍ ചന്തുവിന്റെയും എടച്ചെന കുങ്കന്‍നായരുടെയും നേതൃത്വത്തില്‍ നടന്ന പനമരം കോട്ട ആക്രമണം ഇംഗ്ലീഷുകാരെ ഞെട്ടിച്ചു. അവിടെയുണ്ടായിരുന്ന എഴുപത് ഇംഗ്ലീഷ് സൈനികരാണ് മരിച്ചത്. ഇതിനുശേഷവും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. വയനാട്ടിലെ എല്ലാവിഭാഗം ആളുകളും യുദ്ധത്തില്‍ പഴശ്ശിയുടെ സഹായികളായിമാറി. ഈ ഐക്യത്തെ തകര്‍ക്കുന്ന തന്ത്രങ്ങളായിരുന്നു പഴശ്ശിയെ പിടികൂടാന്‍ ബാബര്‍ സ്വീകരിച്ചത്. അതില്‍ അദ്ദേഹം വിജയിച്ചു. ചതിയിലും തന്ത്രത്തിലുമുള്ള ബാബറുടെ ഈ നീക്കമായിരുന്നു പഴശ്ശിരാജയുടെ അന്ത്യംകുറിച്ചത്.

എഴുത്തുകാരനും ചരിത്രകാരനുമായ കെ.എം. പണിക്കര്‍ അഭിപ്രായപ്പെട്ടതുപോലെ തന്റെ സര്‍വസ്വവും സ്വന്തം ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തില്‍ സമര്‍പ്പണം ചെയ്ത്, അന്ത്യനിമിഷംവരെ വിദേശികളുടെ മുമ്പില്‍ മുട്ടുകുത്താതെ നിന്നു പോരാടിയ കേരള സിംഹമായിരുന്നു പഴശ്ശിരാജ. പഴശ്ശിയെ സംബന്ധിച്ച് ധാരാളം രേഖകള്‍ ഇപ്പോള്‍ ലഭ്യമാണ്. ചരിത്രകാരനായ കെ.കെ.എന്‍. കുറുപ്പ് ഇവയില്‍ കുറച്ച് രേഖകള്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോസഫ് സ്‌കറിയ എഡിറ്ററായി പ്രസിദ്ധീകരിച്ച 'പഴശ്ശി രേഖകള്‍' ഇപ്പോള്‍ ലഭ്യമാണ്. തമിഴ്നാട് പുരാരേഖാവകുപ്പില്‍നിന്നു കുറെ രേഖകള്‍ കേരളത്തിലേക്ക് ഇതിനകം കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ, ഇനിയും എത്രയോ പഴശ്ശിരേഖകള്‍ ഇന്ത്യക്കകത്തും പുറത്തുമുണ്ട്. പഴശ്ശിയുടെ പോരാട്ടം, കുടുംബം, ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉണ്ടാക്കിയ സന്ധിയുടെ കാരണങ്ങള്‍, മരണം എന്നിവ സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ദൂരീകരിക്കണമെങ്കില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. പഴശ്ശിയുടെ അന്ത്യം കണ്ടിട്ടുള്ളത്, ടി.എച്ച്. ബാബര്‍ മാത്രമല്ല വേറെയും ഉദ്യോഗസ്ഥര്‍ അന്ന് ഉണ്ടായിരുന്നതായും പഴശ്ശിയുടെ ചെറുമകള്‍ (1849ല്‍) ജീവിച്ചിരിക്കുന്നതായും പറയുന്ന 'പ്രോസീഡിങ് ഓഫ് ദി ഡയറക്ടര്‍ ഓഫ് റവന്യൂ സെറ്റില്‍മെന്റ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍' രേഖകള്‍ കോഴിക്കോട്ട് പുരാരേഖാ ഓഫീസില്‍ ഇപ്പോഴുമുണ്ട്.


ചരിത്രനിരീക്ഷകനും മുതിര്‍ന്നപത്രപ്രവര്‍ത്തകനുമാണ് ലേഖകന്‍

 

Content Highlights: Death anniversary of Kerala Varma Pazhassi Raja