തിരുവനന്തപുരം: കോവിഡ് മരണം സംബന്ധിച്ച പരാതിയുള്ളവര്‍ക്കും നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും ഞായറാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

ഐ.സി.എം.ആറിന്റെ നിര്‍ദേശപ്രകാരം കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ളവരുടെയും സംസ്ഥാനസര്‍ക്കാരിന്റെ കോവിഡ് മരണപ്പട്ടികയില്‍ ഇല്ലാത്തവരുടെയും ബന്ധുക്കള്‍ക്കും പരാതിയുള്ളവര്‍ക്കുമാണ് അപേക്ഷ നല്‍കാന്‍ അവസരം. https://covid19.kerala.gov.in/deathinfo എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.

മരണം സംബന്ധിച്ച പരാതി നല്‍കുന്നവര്‍ സര്‍ട്ടിഫിക്കറ്റിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. അവര്‍ക്ക് നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് പരിശോധനകള്‍ക്കു ശേഷം ലഭിക്കുക.

ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റര്‍ വഴിയോ അപേക്ഷിക്കാം. ഇവ പരിശോധിച്ച് ഔദ്യോഗിക മരണസര്‍ട്ടിഫിക്കറ്റ് നല്‍കും. ഓണ്‍ലൈനിലൂടെയാണ് അപേക്ഷയില്‍ തീരുമാനമെടുക്കുന്നതും. അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും.

അപേക്ഷിക്കേണ്ട വിധം

https://covid19.kerala.gov.in/deathinfo എന്ന പോര്‍ട്ടലില്‍ മരിച്ചവരുടെ പട്ടികയില്‍ നിങ്ങളുടെ ബന്ധുവിന്റെ പേര് ഉണ്ടോയെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കില്‍ മാത്രം അപേക്ഷിക്കുക.

അപ്പീല്‍ റിക്വസ്റ്റ്

• അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കാണുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഒ.ടി.പി. നമ്പര്‍ ആവശ്യപ്പെടാം. മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി. നമ്പര്‍ നല്‍കി 'വെരിഫൈ' ക്ലിക്ക് ചെയ്യണം.

• തുടര്‍ന്ന് വരുന്ന പേജില്‍ തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ്ലോഡ് ചെയ്യണം. മരണസര്‍ട്ടിഫിക്കറ്റിലെ ഇടതുവശത്ത് മുകളില്‍ ആദ്യം കാണുന്നതാണ് കീ നമ്പര്‍.

• തദ്ദേശ സ്ഥാപനത്തില്‍നിന്നു ലഭിച്ച മരണസര്‍ട്ടിഫിക്കറ്റിലെ പേര്, വയസ്സ്, ജെന്‍ഡര്‍, പിതാവിന്റെ/മാതാവിന്റെ/ഭര്‍ത്താവിന്റെ പേര്, ആശുപത്രി രേഖകളിലെ മൊബൈല്‍ നമ്പര്‍, തദ്ദേശസ്ഥാപനത്തിലെ മരണസര്‍ട്ടിഫിക്കറ്റിലെ വിലാസം, ജില്ല, തദ്ദേശസ്ഥാപനത്തിന്റെ പേര്, മരണദിവസം, മരണസ്ഥലം, മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല, സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രി എന്നിവ നല്‍കണം. ബന്ധപ്പെട്ട ആശുപത്രിയിലെ രേഖകളുടെ കോപ്പിയും അപ്ലോഡ് ചെയ്യണം. അവസാനമായി അപേക്ഷകന്റെ വിവരങ്ങളും നല്‍കണം.

സബ്മിറ്റ്

• നല്‍കിയ വിവരങ്ങള്‍ വീണ്ടും ഒത്തുനോക്കി 'സബ്മിറ്റ്' ചെയ്യണം. വിജയകരമായി അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ അപേക്ഷാ നമ്പര്‍ അപേക്ഷകന്റെ മൊബൈല്‍ നമ്പറില്‍ വരും. മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും ജില്ലാ കോവിഡ് മരണനിര്‍ണയ സമിതിക്കും (സി.ഡി.എ.സി.) അയച്ച ശേഷമാണ് അംഗീകരിക്കുക.

• 'അപ്പീല്‍ റിക്വസ്റ്റി'ല്‍ ക്ലിക്ക് ചെയ്ത് ചെക്ക് യുവര്‍ റിക്വസ്റ്റ് സ്റ്റാറ്റസ്സില്‍ കയറിയാല്‍ നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാം. മരണദിവസവും അപേക്ഷാ നമ്പര്‍/മുമ്പ് നല്‍കിയ അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം. ശരിയായ വിവരങ്ങള്‍ നല്‍കിയാല്‍ അപേക്ഷയുടെ സ്ഥിതി അറിയാം.

സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍

ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയവര്‍ക്കു മാത്രമേ ഐ.സി.എം.ആര്‍. മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനാവൂ. അതിനാല്‍, ആവശ്യമുള്ളവര്‍ മാത്രം മരണകാരണം രേഖപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാല്‍ മതി. നിലവില്‍ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ച കോവിഡ് മരണങ്ങള്‍ക്ക് ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. ആനുകൂല്യങ്ങള്‍ക്ക് ആ സര്‍ട്ടിഫിക്കറ്റ് മതി.

• സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ പോര്‍ട്ടലില്‍ കയറി ഐ.സി.എം.ആര്‍. സര്‍ട്ടിഫിക്കറ്റ് റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പറും ഒ.ടി.പി. നമ്പറും നല്‍കണം.

• തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണസര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ്ലോഡ് ചെയ്യണം. ഇതിനുമുമ്പ് ആരോഗ്യവകുപ്പില്‍നിന്നു കിട്ടിയ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് നമ്പറും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും നല്‍കണം.

• സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, തദ്ദേശ സ്ഥാപനത്തില്‍നിന്നു ലഭിച്ച മരണസര്‍ട്ടിഫിക്കറ്റിലെ പേര്, പിതാവിന്റെ/മാതാവിന്റെ/ഭര്‍ത്താവിന്റെ പേര്, വയസ്സ്, മരണദിവസം, മരണം റിപ്പോര്‍ട്ടുചെയ്ത ജില്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, അപേക്ഷകന്റെ വിവരം എന്നിവ നല്‍കണം. വേണ്ട തിരുത്തലുകള്‍ വരുത്തി 'സബ്മിറ്റ്' ചെയ്യാം.

• വിജയകരമായി സമര്‍പ്പിച്ചവരുടെ മൊബൈല്‍ നമ്പറില്‍ അപേക്ഷാ നമ്പര്‍ ലഭിക്കും. ഇത് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണനിര്‍ണയ സമിതിക്ക് അയച്ച ശേഷം ഐ.സി.എം.ആര്‍. മാര്‍ഗനിര്‍ദേശമനുസരിച്ച് പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും

Content Highlights: Covid death; how to apply for death certificate