നാധിപത്യം ഒരു വലിയ വാഗ്ദാനമാണെന്നാണ് ഫ്രഞ്ച് ദാര്‍ശനികന്‍ ഴാക് ദെറിദ പറയുന്നത്. ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ പ്രൊഫസര്‍ ഗോപാല്‍ ഗുരു, രാഷ്ട്രത്തെ വിഭാവനംചെയ്യേണ്ടത് അതുനല്‍കുന്ന വാഗ്ദാനങ്ങളുടെ പേരിലാണെന്നും പറയുന്നു. ജനാധിപത്യമായാലും രാഷ്ട്രമായാലും കേന്ദ്രബിന്ദു വാഗ്ദാനങ്ങളാണ്. ഇതിന്റെ വെളിച്ചത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും രാഷ്ട്രത്തെയും എങ്ങനെയാണ് വിലയിരുത്തുക? എന്തുവാഗ്ദാനങ്ങളാണ് അവ നല്‍കുന്നത്?

വാഗ്ദാനങ്ങള്‍

സ്വതന്ത്രഭാരതത്തിന്റെ വാഗ്ദാനങ്ങള്‍ നെഹ്രുവിന്റെ ഐതിഹാസികമായ 1947 ഓഗസ്റ്റ് 15-ലെ പ്രസംഗത്തില്‍ തുടങ്ങി ഭരണഘടനയില്‍ അവസാനിക്കുന്നു. പഴയകാലം പോയി പുതുകാലം വരുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെങ്കില്‍, പുതുയുഗത്തിന്റെ വാഗ്ദാനങ്ങളാണ് ഭരണഘടനയില്‍ അടങ്ങിയിരിക്കുന്നത്.

'ഞാനും' 'നിങ്ങളും' ചേര്‍ന്ന് 'നമ്മള്‍' ആകുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് വാഗ്ദാനങ്ങള്‍ ആരംഭിക്കുന്നത്. ഭരണഘടനയുടെ ആദ്യവാക്ക് 'നാം' എന്നാണല്ലോ -'നാം ഇന്ത്യയിലെ ജനങ്ങള്‍'. 'സര്‍വശക്തനായ ദൈവം' 'ജഗദീശ്വരനായ പരമശിവന്‍' ഇതില്‍ ഏതെങ്കിലുമാകണം ഭരണഘടനയുടെ ആദ്യവാക്കുകള്‍ എന്ന്, യഥാക്രമം ഷിബന്‍ലാല്‍ സക്‌സേനയും പണ്ഡിറ്റ് ഗോവിന്ദ് മാളവ്യയും അവതരിപ്പിച്ച ഭേദഗതികള്‍ തള്ളിക്കൊണ്ടാണ് ഭരണഘടനാനിര്‍മാണസമിതി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ജനങ്ങളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ 'ദൈവം' എന്നാണ് ഭരണഘടന ഇതിലൂടെ പറഞ്ഞുവെക്കുന്നത്.

ജനാധിപത്യം നീതിയുടെ ഉറവിടവും വിയോജിപ്പിന്റെ കലയുമാണെന്നും അതില്‍ സമത്വത്തിന് സുപ്രധാന സ്ഥാനമുണ്ടെന്നും അത് ധ്വനിപ്പിക്കുന്നു. ഇതാണ് വാഗ്ദാനങ്ങളുടെ അടിത്തറ. ഭരണഘടന ആശിക്കുന്നത്, നീതി സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയിരിക്കുമെന്നാണ്. അത് ഒരേസമയം സാമൂഹികബന്ധങ്ങളെ നിര്‍വചിക്കുന്നതും സാമ്പത്തികരംഗത്തെ ജനാധിപത്യവത്കരിക്കുന്നതും രാഷ്ട്രീയത്തെ വിമലീകരിക്കുന്നതുമാണെന്ന് അര്‍ഥം. നീതിയെക്കുറിച്ചുള്ള ഏതുസങ്കല്പവും നീതിനിഷ്ഠമായ അധികാരത്തെ സ്പര്‍ശിക്കുന്നതാണല്ലോ.

അംബേദ്കറുടെ സംഭാവന

മേല്‍പ്പറഞ്ഞതൊക്കെ മറ്റുപല ജനാധിപത്യഭരണഘടനകളിലും കാണാനാകും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, 'സാഹോദര്യവും വ്യക്തിയുടെ അന്തസ്സും' വാഗ്ദാനങ്ങളുടെ ഭാഗമായതോടെ നമ്മുടെ ഭരണഘടന അവയില്‍നിന്ന് വ്യതിരിക്തമായി നില്‍ക്കുന്നു. ജാതിസമ്പ്രദായത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോഴാണ് ഇതിന്റെ പൊരുള്‍ ശരിക്കും ബോധ്യമാകുന്നത്.

സൂക്ഷ്മവിശകലനത്തില്‍, ഭരണഘടനാശില്പി ഡോ. ണ്ടബി.ആര്‍. അംബേദ്കറുടെ കൈയൊപ്പ് ഇതില്‍ തെളിഞ്ഞുകിടക്കുന്നതുകാണാം. നെഹ്രുവിന്റെ ലക്ഷ്യപ്രമേയവും (objectives resolution) ബി.എന്‍. റാവുവിന്റെ കരടുഭരണഘടനയും സാഹോദര്യത്തെയും വ്യക്തിയുടെ അന്തസ്സിനെയും കുറിച്ച് മൗനം ദീക്ഷിച്ചിരുന്നു എന്നത് ചരിത്രമാണ്. എം.എന്‍. റോയിയുടെ 'സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയിലും' സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ 'ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ കരട് ഭരണഘടനയിലും' ഇതായിരുന്നു അവസ്ഥ. ഇക്കാര്യത്തില്‍ വേറിട്ടുനിന്നത് നാരായണ്‍ അഗര്‍വാളിന്റെ 'സ്വതന്ത്ര ഇന്ത്യയുടെ ഗാന്ധിയന്‍ ഭരണഘടന' മാത്രമായിരുന്നു. അതില്‍ സാഹോദര്യത്തെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നെങ്കിലും വ്യക്തിയുടെ അന്തസ്സ് ഉള്‍പ്പെട്ടിരുന്നു.

അതേസമയം, മുകളില്‍ സൂചിപ്പിച്ച രണ്ടുവാഗ്ദാനങ്ങളും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതിനെ ഭരണഘടനാനിര്‍മാണസമിതിയിലെ മുഴുവന്‍ അംഗങ്ങളും സ്വാഗതംചെയ്തു എന്നത് വാസ്തവവുമാണ്. ഉദാഹരണമായി, സാഹോദര്യം എന്ന വാക്ക് ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ജെ.ബി. കൃപലാനി പറഞ്ഞത്, അത് 'ഭരണഘടനയുടെ ധാര്‍മിക തത്ത്വം' എന്നാണ്. സാഹോദര്യം ഉണ്ടെങ്കിലേ സമത്വവും സ്വാതന്ത്ര്യവും പുലരൂ എന്നായിരുന്നു അംബേദ്കര്‍ കരുതിയത്. സാഹോദര്യം എന്നതിനെക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത് 'മൈത്രി' എന്നവാക്കായിരുന്നു എന്നത് മറ്റൊരുകാര്യം. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക: ''സമത്വത്തെയും സ്വാതന്ത്ര്യത്തെയും നിലനിര്‍ത്തുന്നത് സഹജീവിസ്‌നേഹമാണ്, ഫ്രഞ്ചുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ സാഹോദര്യം. എന്നാല്‍, ശ്രീബുദ്ധന്‍ ഉപയോഗിച്ച മൈത്രി എന്ന പദമായിരുന്നു ഉചിതം. കാരണം, അത് മനുഷ്യനില്‍മാത്രം ഒതുങ്ങുന്നില്ല, സര്‍വ ചരാചരങ്ങളോടുമുള്ള സ്‌നേഹമായിനില്‍ക്കുന്നു''.

വ്യക്തിയുടെ അന്തസ്സ്

സാഹോദര്യത്തിനൊപ്പം അംബേദ്കര്‍ ഊന്നല്‍നല്‍കിയ മറ്റൊന്ന് വ്യക്തിയുടെ അന്തസ്സാണ്. ഭരണഘടനാനിര്‍മാണസമിതിയിലെ തന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലുമായി 150 പ്രാവശ്യമാണ് ഈ പദം അദ്ദേഹം ഉപയോഗിച്ചത്. വര്‍ണവിവേചനത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ സമൂഹത്തില്‍നിന്ന് അനുഭവിക്കേണ്ടിവന്ന ആത്മനിന്ദയാണ് ഇത്തരമൊരു കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ അംബേദ്കറെ പ്രേരിപ്പിച്ചത്. ആത്മകഥയില്‍-'വിസയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ്' (Waiting for Visa) തന്റെ ഈ ആത്മനൊമ്പരം അതിതീവ്രമായി അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്.

'വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും' എന്ന പ്രയോഗം ചര്‍ച്ചചെയ്യവേ പട്ടാഭി സീതാരാമയ്യ കൊണ്ടുവന്ന ഭേദഗതിയും അതില്‍ അംബേദ്കര്‍ സ്വീകരിച്ച നിലപാടും ഇതിനോട് ചേര്‍ത്തുവായിക്കുമ്പോഴാണ് വ്യക്തിയുടെ അന്തസ്സിന് അദ്ദേഹം എത്രത്തോളം വിലകല്പിച്ചിരുന്നുവെന്ന് നമുക്ക് മനസ്സിലാകുന്നത്. സീതാരാമയ്യയുടെ ഭേദഗതിയില്‍, രാജ്യത്തിന്റെ ഐക്യത്തിനുശേഷമാണ് വ്യക്തിയുടെ അന്തസ്സ് ഉള്‍പ്പെട്ടിരുന്നത് (രാഷ്ട്രത്തിന്റെ ഐക്യവും വ്യക്തിയുടെ അന്തസ്സും). ഈ ഭേദഗതിയെ തള്ളിക്കളഞ്ഞുകൊണ്ട് അംബേദ്കര്‍ പറഞ്ഞത്, 'അന്തസ്സുള്ള വ്യക്തികള്‍ക്കേ ഐക്യമുള്ള രാഷ്ട്രത്തെ സൃഷ്ടിക്കാനാവൂ, മറിച്ച് ഐക്യമുള്ള രാഷ്ട്രത്തിന് അന്തസ്സുള്ള വ്യക്തികളെ സൃഷ്ടിക്കാനാവില്ല' എന്നാണ്. കെ.എം. മുന്‍ഷിയും ബണ്ടി.എന്‍. റാവുവും ഇക്കാര്യത്തില്‍ അദ്ദേഹത്തെ പിന്തുണച്ചതോടെ സീതാരാമയ്യയ്ക്ക് ഭേദഗതി പിന്‍വലിക്കേണ്ടിവന്നു.

ആത്മാഭിമാനവും സഹജീവിസ്‌നേഹവുമുള്ളൊരു ജനതയെയും നീതിയും സ്വാതന്ത്ര്യവും സമത്വവും സ്ഫുരിക്കുന്നൊരു രാഷ്ട്രത്തെയും സൃഷ്ടിക്കുമെന്നാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വാഗ്ദാനം. ഭരണഘടനയെ അതിന്റെ സമഗ്രതയില്‍ നോക്കിയാല്‍, ഒരു ലിബറല്‍ ജനാധിപത്യരാഷ്ട്രത്തിന് ബീജാവാപം ചെയ്യുന്നതിനപ്പുറം അതിലൊന്നും അടങ്ങിയിട്ടില്ല. എന്നാല്‍, അത് കോറിയിടുന്ന കിനാവ് ക്ഷേമരാഷ്ട്രത്തിന്റേതാണ്, പ്രത്യേകിച്ച് മതനിരപേക്ഷതയും സോഷ്യലിസവും വാഗ്ദാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചതോടെ.


സാമൂഹിക നിരീക്ഷകനാണ് ലേഖകന്‍