ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറുവര്‍ഷത്തെ ചരിത്രത്തില്‍ നാഴികക്കല്ലുകളായ മൂന്നു പ്രമേയങ്ങളാണുള്ളത്. അതില്‍ ആദ്യത്തെ രണ്ടെണ്ണവും ഭൂതകാലത്തില്‍നിന്നുള്ള വിടുതിയായിരുന്നു. എന്നാല്‍, മൂന്നാമത്തേത് പിന്‍നടത്തമാണെന്ന് വിമര്‍ശകര്‍ പറയുന്നു.

1945-ലാണ് ചരിത്രപരമായ ആദ്യത്തെ പ്രമേയം. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ആശയപരമായി ജോസഫ് സ്റ്റാലിനുണ്ടായിരുന്ന ആധിപത്യത്തെ ധിക്കരിച്ച് 'മാവോ സേ തുങ് ചിന്തകള്‍' പ്രത്യയശാസ്ത്രമായി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചു. മാവോ അനിഷേധ്യ നേതാവായി മാറി. 1949-ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം അധികാരത്തിന്റെ ഒരേയൊരു കേന്ദ്രബിന്ദുവായിരുന്നു.

1981-ലാണ് ചൈന ചരിത്രത്തിന്റെ കണ്ണി വീണ്ടും പൊട്ടിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത നേതാവായിരുന്ന ഡെങ് സിയാവോ പിങ്ങിന്റേതാണ് രണ്ടാമത്തെ പ്രമേയം. മാവോവാദത്തിനെതിരേ അന്നേവരെ അസാധ്യമായിരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറായി എന്നതാണ് ചരിത്രപരമായ രണ്ടാം പ്രമേയത്തിന്റെ പ്രത്യേകത. ഡെങ് സിയാവോ പിങ്ങിന്റെ അഭിപ്രായത്തില്‍ 'മാവോ 70 ശതമാനം ശരിയായിരുന്നു. 30 ശതമാനം ശരികേടുകളും'. ഏകാധിപത്യ പ്രവണതയില്‍നിന്ന് കൂട്ടായ നേതൃത്വത്തിലേക്ക് മാറാനായിരുന്നു ഡെങ് സിയാവോ പിങ്ങിന്റെ ആഹ്വാനം. 1982-മുതല്‍ പ്രസിഡന്റുമാര്‍ക്ക് തുടര്‍ച്ചയായി രണ്ട് ടേം മാത്രം എന്ന നിബന്ധന നിലവില്‍വരുകയും ചെയ്തു.

മൂന്നാമത്തെ പ്രമേയം ഏറക്കുറെ നിലവിലെ പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനുള്ള പ്രശസ്തിപത്രമാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം കേന്ദ്ര കമ്മിറ്റിയുടെ ആറാം പ്ലീനത്തില്‍ അംഗീകരിക്കപ്പെട്ട പ്രമേയത്തില്‍ മാവോ സേ തുങ്ങിനുശേഷം രാജ്യംകണ്ട ഏറ്റവും ശക്തനായ നേതാവായി ഷിയെ പ്രതിഷ്ഠിക്കുന്നുണ്ട്. പ്രസിഡന്റ് പദവിയില്‍ ഷിയുടെ കാലാവധി അടുത്തവര്‍ഷം അവസാനിക്കും. അതിനെത്രയോ മുമ്പുതന്നെ ഷി അധികാരത്തിന്റെ മൂന്നാം ഊഴം ഉറപ്പിച്ചുകഴിഞ്ഞു. അദ്ദേഹത്തിന് അധികാരത്തില്‍ തുടരാനുള്ള സമ്മതപത്രമായി പാര്‍ട്ടിയുടെ പുതിയ പ്രമേയത്തെ കാണാം. അതുകൊണ്ടാണ് കൂട്ടായ നേതൃത്വം എന്ന ഡെങ് ആശയത്തില്‍നിന്ന് വ്യക്തികേന്ദ്രിത അധികാരത്തിന്റെ മാവോ യുഗത്തിലേക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തിരിച്ചുനടക്കുന്നുവെന്ന വിമര്‍ശനം ഉയരുന്നത്.

കഴിഞ്ഞ നൂറുവര്‍ഷത്തെ ചരിത്രവും അനുഭവങ്ങളും വിലയിരുത്തുന്നത് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കിന് അത്യന്താപേക്ഷിതമാണെന്ന് പ്ലീനത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഡെങ് സിയാവോ പിങ്ങിന്റെ പ്രമേയത്തില്‍നിന്ന് വ്യത്യസ്തമായി വിമര്‍ശനങ്ങളെ പടിക്കുപുറത്തുനിര്‍ത്തി, വീഴ്ചകള്‍ക്കുമേല്‍ ചായം പൂശിക്കൊണ്ടാണ് മൂന്നാംപ്രമേയം നൂറുവര്‍ഷത്തെ ചരിത്രം സംഗ്രഹിച്ചിട്ടുള്ളത്. പുതുയുഗത്തില്‍ സോഷ്യലിസത്തിന്റെ ചൈനീസ് മാതൃകയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കുന്നതിന് കേന്ദ്രകമ്മിറ്റിയില്‍ ഷി ജിന്‍പിങ്ങിന്റെ താക്കോല്‍സ്ഥാനം ഉറപ്പിക്കണമെന്ന സന്ദേശവും പാര്‍ട്ടി നല്‍കുന്നു.

''ഇത് കാലത്തിന്റെ ആവശ്യമാണ്. ചരിത്രത്തിന്റെ തിരഞ്ഞെടുപ്പ്. സാധാരണക്കാരന്റെ വികാരം. ഷി ജിന്‍ പിങ്ങിന്റെ പദവി സംരക്ഷിക്കുന്നതിലൂടെ ചൈനയുടെ 'പുനരുജ്ജീവന' കപ്പലിന് അതിന്റെ കപ്പിത്താനെ നഷ്ടമാകാതിരിക്കുന്നു'' -സി.പി.സി. കേന്ദ്രകമ്മിറ്റിയുടെ പോളിസി റിസര്‍ച്ച് ഓഫീസ് തലവനായ ജിയാങ് ജിന്‍ക്വാന്‍ പറഞ്ഞ വാക്കുകളാണിത്. ചുരുക്കത്തില്‍, നിലവിലെ ആഗോള സാഹചര്യത്തില്‍ ചൈനയ്ക്ക് ആശ്രയിക്കാന്‍ ഷി ജിന്‍പിങ്ങിനെക്കാള്‍ കരുത്തനായ നേതാവില്ലെന്ന് പറഞ്ഞുവെക്കുന്നു.

അതേസമയം, അധികാരത്തില്‍ തുടരാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ഷി ആരംഭിച്ച നീക്കങ്ങള്‍ക്കുള്ള ഉപസംഹാരം മാത്രമാണ് ഇതെന്ന് വിമര്‍ശകര്‍. 2018-ല്‍ത്തന്നെ പ്രസിഡന്റ് പദത്തില്‍ ഒരാള്‍ രണ്ടുവട്ടം മാത്രമെന്ന വ്യവസ്ഥ ഭേദഗതിചെയ്യാന്‍ ഷി ജിന്‍പിങ്ങിന് സാധിച്ചു. 2013-ലാണ് ഷി ജിന്‍പിങ് ചൈനീസ് പ്രസിഡന്റായി അധികാരമേറ്റത്. 2016-ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമാധികാരിയായി. 2017-ല്‍ ചൈനീസ് മാതൃകയിലുള്ള സോഷ്യലിസം സംബന്ധിച്ച് ഷിയുടെ തത്ത്വങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തു. ഇതോടെ പാര്‍ട്ടിസ്ഥാപകന്‍ മാവോ സേ തുങ്ങിന്റെ തലത്തിലേക്ക് ഷി ഉയര്‍ന്നു. ഇപ്പോള്‍ 'ചരിത്രം തിരുത്തി' ചരിത്രപുരുഷനായി അവരോധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, കൈകാര്യംചെയ്യാന്‍ എളുപ്പമുള്ള ഒരു സാഹചര്യമല്ല, അധികാരകാലാവധി നീട്ടിവാങ്ങിയ ഷി ജിന്‍ പിങ്ങിനു മുന്നിലുള്ളത്. ചൈനയുടെ സാമ്പത്തികവളര്‍ച്ച അസാധാരണമായ വെല്ലുവിളി നേരിടുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യു.എസുമായുള്ള വ്യാപാരയുദ്ധത്തിന് കാര്യമായ അയവൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യയുള്‍പ്പെടെ ഏഷ്യ പസഫിക്കിലെ പല അയല്‍രാജ്യങ്ങളുമായും ബന്ധം മോശമാണ്. മാത്രമല്ല, ചൈനയ്‌ക്കെതിരായ അന്താരാഷ്ട്ര സഖ്യങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നു.

ഷി ജിന്‍പിങ്ങിന്റെ മൂന്നാം ഊഴം ഒന്നാംലോകശക്തി പദത്തിലേക്കുള്ള ചൈനയുടെ നിശ്ചയദാര്‍ഢ്യമാണോ അതോ അനിശ്ചിതമായ ഏകാധിപത്യത്തിലേക്കുള്ള സൂചനയാണോ എന്നു കാത്തിരുന്നറിയാം

Content Highlights:Chinese communist party