ബംഗ്ലാദേശ് യുദ്ധത്തിന്റെ സുവര്‍ണജൂബിലി രാജ്യം ആഘോഷിക്കവേ ഓര്‍മയില്‍ നിറയുന്നത് പഴയൊരു യുദ്ധനായകനാണ്. സ്വതന്ത്ര ഇന്ത്യയുടെ ദേശീയഭാവന പിടിച്ചെടുത്ത പോരാളി. 1971-ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധകാലത്തെ ഇന്ത്യന്‍ കരസേനാ മേധാവിയായിരുന്ന മനേക് ഷാ. അഞ്ച് യുദ്ധങ്ങള്‍ കണ്ട, നാലുപതിറ്റാണ്ട് സൈനികസേവനം നടത്തിയ സാം ബഹാദൂര്‍ എന്ന് വിളിപ്പേരുള്ള ഫീല്‍ഡ് മാര്‍ഷല്‍ ഹോര്‍മുസ്ജി ഫ്രാമ്ജി ജംഷഡ്ജി മനേക് ഷാ. പട്ടാളക്കാരുടെ പട്ടാളക്കാരനും ബംഗ്ലാദേശ് വിമോചകനായകനുമായി അറിയപ്പെടുന്ന ഇന്ത്യയുടെ മുന്‍ സൈന്യാധിപന്‍. പതിമ്മൂന്നു ദിവസംകൊണ്ട് ലോകഭൂപടത്തില്‍ ബംഗ്ലാദേശ് എന്ന ഒരു പുതിയ രാജ്യമുണ്ടാക്കിയ ജേതാവ്.

നീലഗിരിക്കുന്നുകളെ അത്രമേല്‍ പ്രണയിച്ച സാം മനേക് ഷാ വിരമിച്ചശേഷം ഊട്ടിയിലാണ് സ്ഥിരവാസമാക്കിയത്. വെല്ലിങ്ടണിനടുത്തായുള്ള 'സ്റ്റാവ്ക' എന്ന ബംഗ്ലാവിലാണ് സാം മനേക് ഷാ തന്റെ വിശ്രമജീവിതം നയിച്ചുവന്നിരുന്നത്.

മുംബൈയിലെ പാഴ്സികുടുംബത്തിലാണ് വേരുകളെങ്കിലും അമൃത്സറില്‍ ജനിച്ച് നൈനിറ്റാളിലും അമൃത്സറിലും പഠിച്ച് ദെഹ്റാദൂണിലെ മിലിറ്ററി അക്കാദമിയിലൂടെയാണ് അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെത്തുന്നത്. നീലഗിരിക്കുന്നില്‍ അന്ത്യവിശ്രമം കൊള്ളുന്ന മനേക് ഷായുടെ ഊട്ടി ബന്ധം തുടങ്ങുന്നത് 1950-കളിലാണ്. വെല്ലിങ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജിലെ കമാന്‍ഡന്റ് ആയി വന്നതുമുതല്‍.

കശ്മീരിലെ ദൗത്യം

സ്വതന്ത്ര ഇന്ത്യ രൂപംകൊണ്ടതിനുശേഷം ബ്രിട്ടീഷ് ആര്‍മിയില്‍ ഡയറക്ടറേറ്റ് ഓഫ് മിലിറ്ററി ഓപ്പറേഷന്‍സില്‍ കേണലായിരുന്ന മനേക് ഷാ, വി.പി. മേനോനോടൊപ്പം കശ്മീരില്‍ നിയോഗിക്കപ്പെട്ടു. ഇന്ത്യയിലോ പാകിസ്താനിലോ ചേരാതിരുന്ന കശ്മീരില്‍ ഗോത്രപഠാന്‍വിഭാഗം പാക് സഹായത്തോടെ നടത്തിയ ആക്രമണം അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. കശ്മീര്‍ രാജാവ് മഹാരാജാ ഹരിസിങ്ങും ജമ്മുകശ്മീരിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിസ് മെഹര്‍ചന്ദ് മഹാജനും വി.പി. മേനോനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള ഉടമ്പടിയില്‍ മഹാരാജാവ് ഒപ്പിട്ടു.

sam''കരാര്‍ ഒപ്പിടല്‍ ചര്‍ച്ചകള്‍ക്ക് ഞാന്‍ സാക്ഷിയായിരുന്നില്ല. പക്ഷേ, പുറത്തേക്കു വന്ന വി.പി. മേനോന്‍ എന്നോടു പറഞ്ഞു, സാം നമുക്ക് അക്സഷന്‍ (കൂട്ടിച്ചേര്‍ക്കല്‍ ഉടമ്പടി) കിട്ടിയിരിക്കുന്നു'' -ചരിത്രം ഓര്‍ത്തെടുക്കുകയായിരുന്നു മനേക് ഷാ. കരാറില്‍ ഒപ്പിട്ടശേഷം അന്നത്തെ വ്യോമസേനയുടെ ഡക്കോട്ട വിമാനത്തില്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയ മനേക് ഷായെ അന്നത്തെ കാബിനറ്റ് സബ്കമ്മിറ്റി യോഗത്തിലേക്ക് ബ്രിട്ടീഷുകാരനായ അവസാനത്തെ സൈനികമേധാവി സര്‍ റോയ് ബുച്ചറിനൊപ്പം പ്രധാനമന്ത്രി നെഹ്രു വിളിപ്പിച്ചു. മൗണ്ട് ബാറ്റനായിരുന്നു അധ്യക്ഷത വഹിച്ചത്. നെഹ്രു, പട്ടേല്‍, പ്രതിരോധമന്ത്രി ബല്‍ദേവ്‌സിങ് എന്നിവരുണ്ടായിരുന്നു. വ്യോമമാര്‍ഗം അടിയന്തരമായി ഇന്ത്യന്‍ പട്ടാളം കശ്മീരില്‍ എത്തേണ്ട സാഹചര്യം മനേക് ഷാ വിശദീകരിച്ചു. അന്നുച്ചയ്ക്കുതന്നെ ലെഫ്റ്റനന്റ് കേണല്‍ ഡെവാന്‍ രഞ്ജിത് റേയുടെ നേതൃത്വത്തില്‍ സിഖ് റെജിമെന്റ് ശ്രീനഗറിലേക്ക് നീങ്ങി. ആദ്യ ഇന്ത്യാ-പാക് യുദ്ധം എന്നറിയപ്പെടുന്ന ഈ സൈനിക നീക്കത്തില്‍ ആക്രമണകാരികളെ തുരത്തിയെങ്കിലും ദെഹ്റാദൂണ്‍ മിലിറ്ററി അക്കാദമിയില്‍ മനേക് ഷായ്‌ക്കൊപ്പമുണ്ടായിരുന്ന രഞ്ജിത് റേ യുദ്ധത്തില്‍ കൊല്ലപ്പെട്ടു.

ചൈനീസ് അതിര്‍ത്തിയിലേക്ക്

1962-ല്‍ ചൈനീസ് യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോല്‍ മനേക് ഷാ ഊട്ടി വെല്ലിങ്ടണിലായിരുന്നു, ഡിഫന്‍സ് സര്‍വീസസ് കോളേജില്‍. 1962 അവസാനം നെഹ്രു നിര്‍ദേശിച്ചതനുസരിച്ച് നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ ഏജന്‍സി (ഇപ്പോഴത്തെ അരുണാചല്‍പ്രദേശ്)യില്‍ നാലാം കോറിന്റെ കമാന്‍ഡ് ഏറ്റെടുക്കാനെത്തി. പിന്‍വാങ്ങിയ സേനയുടെ ആത്മവീര്യം വീണ്ടെടുക്കുകയായിരുന്നു പിന്നീട് മനേക് ഷായുടെ ദൗത്യം. 1967-ല്‍ സിക്കിമിലെ നാഥുലാചുരത്തില്‍ ചൈനീസ് സംഘര്‍ഷമുണ്ടായപ്പോള്‍ 1962-ലെ ആവര്‍ത്തനമായിരുന്നില്ല സംഭവിച്ചത്. 1969-ല്‍ രാജ്യത്തിന്റെ എട്ടാമത്തെ കരസേനാ മേധാവിയായി മനേക് ഷാ നിയമിക്കപ്പെട്ടു. കശ്മീരിലെ വെടിനിര്‍ത്തല്‍രേഖാ ചര്‍ച്ചകളില്‍ പങ്കാളിയായതുപോലെ സീസ് ഫയര്‍ ലൈന്‍ സിംലാ കരാറിനെത്തുടര്‍ന്ന് നിയന്ത്രണരേഖ(ഘീഇ)യായി നിശ്ചയിക്കപ്പെട്ടത് മനേക് ഷാ സൈനികമേധാവിയായിരിക്കുമ്പോഴാണ്.

നെഹ്രുവിനുശേഷം ഇന്ദിരാഗാന്ധിയുമായി മികച്ച വ്യക്തിബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ''അവര്‍ എന്നെ വിശ്വസിച്ചിരുന്നു. താനവരെയും. വിമര്‍ശനങ്ങള്‍പോലും തുറന്നുപറയാവുന്ന ബന്ധം... ഞാന്‍ അവരെ കാണുമ്പോള്‍ സ്വീറ്റി എന്നുവിളിക്കും. അവര്‍ എന്നെ സാം എന്നും''.

.സാമിന്റെ യുദ്ധങ്ങള്‍

1971-ലെ ബംഗ്ലാദേശ് യുദ്ധത്തിന് സൈന്യം സജ്ജമാണോയെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആരാഞ്ഞപ്പോള്‍, അനവസരത്തില്‍ ആക്രമിച്ചാല്‍ പരാജയമായിരിക്കും ഫലമെന്ന് ചൂണ്ടിക്കാട്ടി തയ്യാറെടുപ്പിന് സമയം ചോദിക്കുകയായിരുന്നു മനേക് ഷാ. കിഴക്കന്‍ പാകിസ്താനിലെ ആഭ്യന്തരകലാപങ്ങള്‍കാരണം ബംഗാളിലേക്കും അസമിലേക്കും ത്രിപുരയിലേക്കും അഭയാര്‍ഥികളുടെ പ്രവാഹമായിരുന്നു. അവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ടെലിഗ്രാം സന്ദേശങ്ങള്‍ മുന്നില്‍വെച്ചാണ് ഇന്ത്യന്‍സൈന്യം കിഴക്കന്‍ പാകിസ്താനിലേക്ക് കടക്കണമെന്ന് ഇന്ദിരാഗാന്ധി മനേക് ഷായോട് നിര്‍ദേശിച്ചത്. പ്രധാനമന്ത്രി ഉദ്ദേശിച്ചത് യുദ്ധമാണോ? മനേക് ഷായുടെ ചോദ്യത്തിന്, 'യുദ്ധമെങ്കില്‍ യുദ്ധം' എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മറുപടി.

കാബിനറ്റ് മീറ്റിങ്ങിനുശേഷം ഇന്ദിരാഗാന്ധിയോട് സാം മനേക് ഷാ പറഞ്ഞു: ''യുദ്ധം ചെയ്യുക എന്റെ ജോലിയാണ്. പക്ഷേ, യുദ്ധത്തിനുപോയാല്‍ വിജയിക്കണം''. ചിരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ''എനിക്കുവേണ്ടത് തനിക്കറിയാമല്ലോ?''. ''അറിയാം, പ്രധാനമന്ത്രിക്ക് വേണ്ടതെന്താണെന്ന് എനിക്കറിയാം. പക്ഷേ, ഏപ്രില്‍ മാസങ്ങളില്‍ ഹിമാലയന്‍ചുരങ്ങള്‍ തുറക്കുന്ന സമയം ചൈനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ ശ്രദ്ധവേണം. മാത്രമല്ല, അക്കാലം കിഴക്കന്‍ ബംഗാളില്‍ മഴക്കാലമാണ്. സൈനികനീക്കത്തിന് അനുയോജ്യമായ സമയമല്ലിത്''. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ വ്യോമസേനയ്ക്കും സഹായമെത്തിക്കാന്‍ തടസ്സം നേരിടും. കാത്തിരിക്കണം -ഇതാണ് സാം മനേക് ഷാ പ്രധാനമന്ത്രിയോട് സമയമാവശ്യപ്പെടാനുള്ള കാരണം.

പ്രധാനമന്ത്രിക്ക് ആദ്യം അതുള്‍ക്കൊള്ളാന്‍ ആയില്ലെന്നുതോന്നിയപ്പോള്‍ മനേക് ഷാ പറഞ്ഞു: ''പ്രധാനമന്ത്രി, താങ്കള്‍ സംസാരിക്കാന്‍ വാതുറക്കുന്നതിന് മുമ്പുതന്നെ ഞാന്‍ എന്റെ രാജിക്കത്ത് അയക്കട്ടെ. മാനസികമോ ശാരീരികമോ ആയ കാരണങ്ങളാല്‍''. ഇതേത്തുടര്‍ന്ന്, തന്റെ നിര്‍ദേശം ഇന്ദിരാഗാന്ധി അംഗീകരിച്ചെന്ന് സാം മനേക് ഷാ പറയുന്നു. ഒമ്പതുമാസം കഴിഞ്ഞ് പ്രധാനമന്ത്രി വീണ്ടും ചോദിച്ചപ്പോഴായിരുന്നു മനേക് ഷായുടെ പ്രശസ്തമായ ആ മറുപടി: ''ഐ ആം ആള്‍വേയ്സ് റെഡി സ്വീറ്റി''. യുദ്ധം ആരംഭിക്കേണ്ടത് എപ്പോഴെന്ന് രാഷ്ട്രീയനേതൃത്വത്തോട് നിര്‍ദേശിക്കാനുള്ള പ്രൊഫഷണല്‍ നേതൃത്വമികവ് സാം മനേക് ഷായ്ക്കുണ്ടായിരുന്നു. പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോനുമായി മനേക് ഷായ്ക്കുണ്ടായിരുന്ന അകല്‍ച്ചയും വിവാദങ്ങളുമെല്ലാം മനേക് ഷായുടെ ഈ തന്റേടത്തിന്റെ പ്രതിഫലനമായിരുന്നു.

മനേക് ഷായും വാക്കുപാലിച്ചു. 1971 ഡിസംബര്‍ നാലിന് ബംഗ്ലാദേശ് യുദ്ധം തുടങ്ങി. ഇന്ത്യയുടെ ധീരവും ചടുലവും അവിസ്മരണീയവുമായ യുദ്ധവിജയങ്ങളിലൊന്നായിരുന്നു അത്. യുദ്ധത്തിന്റെ പതിമ്മൂന്നാം നാള്‍ ധാക്കയില്‍ ഇന്ത്യന്‍പതാക പാറിപ്പറന്നു. പാകിസ്താനില്‍നിന്ന് വേറിട്ട് ബംഗ്ലാദേശ് എന്നൊരു പുതുരാഷ്ട്രം പിറന്നു. കീഴടങ്ങാന്‍ നിര്‍ദേശിച്ച്, പാകിസ്താന്‍ സൈനികരോടുള്ള മനേക് ഷായുടെ സന്ദേശവും ഇതായിരുന്നു, ''എന്തിന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുത്തണം. നിങ്ങള്‍ക്ക് വീടുകളില്‍ തിരികെപ്പോയി നിങ്ങളുടെ കുട്ടികളെ കാണണ്ടേ. ഒരു ഭടനുമുന്നില്‍ ആയുധംവെച്ച് കീഴടങ്ങുന്നതില്‍ ഒരഭിമാനപ്രശ്‌നവുമില്ല. ഒരു സൈനികന് യോജിച്ച എല്ലാ ആദരവും നിങ്ങള്‍ക്ക് ലഭിക്കും''.

വിഭജനസമയത്ത് മനേക് ഷാ അംഗമായിരുന്ന ബ്രിട്ടീഷ് ആര്‍മിയുടെ 12-ാം ഫ്രണ്ടിയര്‍ ഫോഴ്സ് റെജിമെന്റിന്റെ നാലാം ബറ്റാലിയന്‍ പൂര്‍ണമായും പാകിസ്താന്‍ പട്ടാളത്തിന്റെ ഭാഗമായിമാറി. പാകിസ്താന്‍ ആര്‍മിയില്‍ തുടരണമെന്ന് മുഹമ്മദലി ജിന്ന മനേക് ഷായോട് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയിലെത്തി ഗൂര്‍ഖാ റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫീസറാവുകയാണ് ചെയ്തത്. പാകിസ്താന്‍ ആര്‍മിയിലാണ് പോയിരുന്നതെങ്കില്‍ എന്തുസംഭവിക്കുമായിരുന്നുവെന്ന് ഒരിക്കല്‍ മനേക് ഷായോട് ആരോ ചോദിച്ചു. 'എന്നാല്‍, എല്ലാ യുദ്ധങ്ങളും പാകിസ്താന്‍ ജയിക്കുമായിരുന്നു' എന്നായിരുന്നു മനേക് ഷായുടെ മറുപടി. 1973-ല്‍ വിരമിച്ചതിനുശേഷമാണ് അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഫീല്‍ഡ് മാര്‍ഷലായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 27-ന് മനേക് ഷാ മരിച്ചിട്ട് 12 വര്‍ഷം ണ്ടതികഞ്ഞു.