കാര്‍ഗിലും അതിര്‍ത്തികടന്നുള്ള ഭീകരവാദവുമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മറ്റ് മൂന്നുയുദ്ധങ്ങള്‍ക്കും കാരണമായതെങ്കില്‍ 1971-ല്‍ ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ വന്നതിനുപിന്നിലെ കാരണം വ്യത്യസ്തമായിരുന്നു; പടിഞ്ഞാറന്‍ പാകിസ്താനും കിഴക്കന്‍ പാകിസ്താനും തമ്മില്‍ രണ്ടുപതിറ്റാണ്ടിലേറെ നീണ്ട സംഘര്‍ഷങ്ങള്‍. കിഴക്കന്‍-പടിഞ്ഞാറന്‍ പാകിസ്താനുകള്‍ തമ്മിലുള്ള സംഘര്‍ഷം ഇന്ത്യ-പാക് യുദ്ധത്തിലേക്കും ബംഗ്ലാദേശ് രൂപവത്കരണത്തിലേക്കും നയിച്ചതിന്റെ നാള്‍വഴി....


1947 ഇന്ത്യ-പാക് വിഭജനസമയത്ത് ഭൂമിശാസ്ത്രപരമായി ബന്ധമില്ലാതിരുന്നിട്ടുകൂടി മുസ്ലിം ഭൂരിപക്ഷമേഖലയായ കിഴക്കന്‍ ബംഗാളിനെക്കൂടി പാകിസ്താന്റെ ഭാഗമാക്കി. 1600-ലേറെ കിലോമീറ്ററായിരുന്നു കിഴക്കന്‍ പാകിസ്താനും പടിഞ്ഞാറന്‍ പാകിസ്താനും തമ്മിലുള്ള ദൂരം.

ഉറുദുവും പഞ്ചാബിയും സംസാരിക്കുന്ന പടിഞ്ഞാറന്‍ പാകിസ്താനും ബംഗാളി സംസാരിക്കുന്ന കിഴക്കന്‍ പാകിസ്താനും തമ്മില്‍ അന്നുമുതല്‍ക്കേ അസ്വാരസ്യങ്ങള്‍ തുടങ്ങിയിരുന്നു. അവിഭക്ത പാകിസ്താന്റെ 60 ശതമാനം ജനസംഖ്യയും കിഴക്കന്‍ പാകിസ്താനിലായിരുന്നു. കയറ്റുമതിവരുമാനത്തിന്റെ 70 ശതമാനവും സംഭാവനചെയ്തിട്ടും ബജറ്റ് വിഹിതത്തിന്റെ 30 ശതമാനം മാത്രമായിരുന്നു കിഴക്കന്‍ മേഖലയ്ക്കായി അനുവദിച്ചിരുന്നത്. ഭരണത്തലപ്പത്തും മറ്റു പ്രധാനമേഖലകളിലും പടിഞ്ഞാറന്‍ പാകിസ്താന്‍ ആധിപത്യം സ്ഥാപിച്ചതോടെ കിഴക്കന്‍ പാകിസ്താനില്‍ പ്രക്ഷോഭം പ്രത്യക്ഷമായിത്തുടങ്ങി.

1948 -കറാച്ചിയില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ ഉച്ചകോടിയില്‍വെച്ച് ഉറുദു ഔദ്യോഗികഭാഷയായി പടിഞ്ഞാറന്‍ പാകിസ്താന്‍ പ്രഖ്യാപിച്ചു. ബംഗാളിഭാഷയെ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ തയ്യാറായില്ലെന്നുമാത്രമല്ല, കറന്‍സിനോട്ടുകളില്‍നിന്നും സ്റ്റാമ്പുകളില്‍നിന്നുംവരെ ബംഗാളിയെ പടിഞ്ഞാറന്‍ പാക് നേതൃത്വം ഒഴിവാക്കി. ഇതേത്തുടര്‍ന്ന് കിഴക്കന്‍ പാകിസ്താനില്‍ 'ബംഗാളിഭാഷാപ്രസ്ഥാനം' എന്നപേരില്‍ പ്രക്ഷോഭമാരംഭിച്ചു.

1956 -വര്‍ഷങ്ങള്‍നീണ്ട സമരങ്ങള്‍ക്കൊടുവില്‍ ബംഗാളിഭാഷയെയും പാകിസ്താന്‍ ഔദ്യോഗികഭാഷയായി അംഗീകരിച്ചു.

1966 -മുജീബുര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ അവാമി ലീഗ് പാര്‍ട്ടി ആറിനമുന്നേറ്റത്തിന് തുടക്കംകുറിച്ചു. കിഴക്കന്‍ പാകിസ്താനെ ഫെഡറല്‍ സ്റ്റേറ്റായി പ്രഖ്യാപിക്കുക, പ്രത്യേക കറന്‍സിയും സാമ്പത്തികനയങ്ങളും അനുവദിക്കുക, പ്രത്യേക സൈന്യവും നാവികസേനയും അനുവദിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. സമരത്തിന് നേതൃത്വം നല്‍കിയ മുജീബുര്‍ റഹ്‌മാനെ പാക് പ്രസിഡന്റ് അയൂബ് ഖാന്‍ ജയിലിലടച്ചു.

1969 -യഹ്യഖാന്‍ പാകിസ്താന്‍ പ്രസിഡന്റായി.

1970 -നവംബറില്‍ കിഴക്കന്‍ പാകിസ്താനിലുണ്ടായ 'ഭോല' ചുഴലിക്കാറ്റില്‍ മൂന്നുമുതല്‍ അഞ്ചുലക്ഷത്തിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍, ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ പടിഞ്ഞാറന്‍ നേതൃത്വം സഹകരിച്ചതേയില്ല. ഒരു ഹെലികോപ്റ്റര്‍ മാത്രമാണ് യഹ്യഖാന്‍ അനുവദിച്ചത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സഹായം വാഗ്ദാനംചെയ്‌തെങ്കിലും സ്വീകരിക്കാന്‍ യഹ്യഖാന്‍ തയ്യാറായില്ല.

1970 -ഡിസംബറില്‍നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് അവാമി ലീഗ് വന്‍ഭൂരിപക്ഷം നേടി. കിഴക്കന്‍ പാകിസ്താനിലെ 160 സീറ്റില്‍ 160-ലും അവാമി പാര്‍ട്ടി ജയിച്ചു. പടിഞ്ഞാറന്‍ പാകിസ്താനിലെ 138 സീറ്റില്‍ 81 ഇടത്ത് സുള്‍ഫിക്കര്‍ അലിഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി വിജയിച്ചു. കേവലഭൂരിപക്ഷമായ 150 സീറ്റിലേറെ നേടിയതോടെ മുജീബുര്‍ റഹ്‌മാന്‍ പാക് പ്രധാനമന്ത്രിയാകുമെന്ന സ്ഥിതിവന്നു. എന്നാല്‍, പുതിയ പാര്‍ലമെന്റ് അധികാരത്തിലേറുന്നത് യഹ്യഖാന്‍ നീട്ടിവെച്ചു. സമവായചര്‍ച്ചയില്‍ ഫലം കാണാതായതോടെ മുജീബുര്‍ റഹ്‌മാനെയും സുള്‍ഫിക്കര്‍ അലി ഭൂട്ടോയെയും യഹ്യഖാന്‍ ജയിലിലടച്ചു.

1971 മാര്‍ച്ച്-ഡിസംബര്‍ -മുജീബുര്‍ റഹ്‌മാനെ ജയിലിലടച്ചതില്‍ കിഴക്കന്‍ പാകിസ്താനില്‍ വലിയ പ്രക്ഷോഭങ്ങളാരംഭിച്ചു. പാകിസ്താനില്‍നിന്ന് കിഴക്കന്‍ പാകിസ്താന്‍ സ്വതന്ത്രരാകുകയാണെന്ന് അവാമി ലീഗ് പ്രഖ്യാപിച്ചു. സമരങ്ങളെ നേരിടാന്‍ യഹ്യഖാന്‍ കിഴക്കന്‍ പാകിസ്താനിലേക്ക് പാക് പട്ടാളത്തെ അയച്ചു. 'ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റ് ' എന്നപേരില്‍ നടന്ന സൈനികനടപടിയില്‍ അഞ്ചുലക്ഷത്തിനടുത്ത് ആളുകള്‍ കൊല്ലപ്പെട്ടു. ബുദ്ധിജീവികള്‍, വിദ്യാര്‍ഥികള്‍, സമരനേതാക്കള്‍ തുടങ്ങിയവരെയും ഹിന്ദുക്കളെയും സൈന്യം തിരഞ്ഞുപിടിച്ചു വകവരുത്തി. നാലുലക്ഷത്തോളം ബംഗാളിസ്ത്രീകള്‍ ബലാത്സംഗത്തിനിരയായി.

കിഴക്കന്‍ പാകിസ്താനില്‍നിന്ന് വലിയതോതിലുള്ള അഭയാര്‍ഥിപ്രവാഹത്തിന് ഇന്ത്യ സാക്ഷ്യംവഹിച്ചു. ഒരുകോടിയിലേറെ ബംഗാളികളാണ് ഇന്ത്യയില്‍ അഭയം തേടിയത്. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ ഇന്ത്യ പ്രത്യക്ഷത്തില്‍ ഇടപെടലാരംഭിച്ചത്. അതുവരെ നിഷ്പക്ഷനിലപാടായിരുന്നു സ്വീകരിച്ചത്. നയതന്ത്രതലത്തിലും സാമ്പത്തികമായും പാകിസ്താനുമേല്‍ സമ്മര്‍ദം ചെലുത്തുക എന്ന നയമായിരുന്നു ആദ്യം ഇന്ത്യ സ്വീകരിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യു.എന്നിലടക്കം വിഷയമുന്നയിച്ചു. ഇവയൊന്നും ഫലംകാണാതായതോടെ ഇന്ത്യ കിഴക്കന്‍ പാകിസ്താനൊപ്പമാണെന്ന് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു. പാകിസ്താനെതിരേ കിഴക്കന്‍ മേഖലയില്‍ രൂപംകൊണ്ട വിമതസംഘടനയായ 'മുക്തിബാഹിനി'ക്ക് ഇന്ത്യ പരിശീലനം നല്‍കാനാരംഭിച്ചു.

1971 -ഡിസംബര്‍ മൂന്നിന് പാകിസ്താന്‍, ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലകളിലെ വ്യോമതാവളങ്ങളില്‍ വ്യോമാക്രമണം നടത്തി. 'ഓപ്പറേഷന്‍ ചെങ്കിസ് ഖാന്‍' എന്നപേരില്‍ നടത്തിയ ആക്രമണത്തില്‍ പഠാന്‍കോട്ട്, അമൃത്സര്‍ എന്നീ വ്യോമ ആസ്ഥാനങ്ങളുടെ റണ്‍വേകളിലും അമൃത്സറിലെ റഡാര്‍ സംവിധാനത്തിനും കേടുപാടുണ്ടായി. കേടുപാടു പരിഹരിച്ചശേഷം ഇവിടെനിന്നുതന്നെ പാക് താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചു. ശ്രീനഗര്‍, അവന്തിപ്പോര്‍ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിലായിരുന്നു പാകിസ്താന്റെ അടുത്ത ആക്രമണം. പിന്നീട് ഫരീദാകോട്ട് റഡാര്‍ സ്റ്റേഷനിലും ആഗ്രയിലും ലുധിയാനയ്ക്കടുത്തുള്ള ഹല്‍വാരയിലും പാകിസ്താന്റെ ബി-57 വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. ഇതുകൂടാതെ ഉത്തര്‍ലേ, ജോധ്പുര്‍, ജയ്സാല്‍മേര്‍, ഭുജ്, ജാംനഗര്‍ എന്നിവിടങ്ങളിലും പാകിസ്താന്‍ വ്യോമാക്രമണം നടത്തുകയും ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണരേഖയില്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പാകിസ്താന്റെ വ്യോമകേന്ദ്രങ്ങളും റഡാര്‍ സ്റ്റേഷനുകളും ആക്രമിച്ച് ഇന്ത്യ അതേനാണയത്തില്‍ തിരിച്ചടിച്ചു. പാകിസ്താനെ എല്ലാ അര്‍ഥത്തിലും വളയാന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കരസേനാ മേധാവിയായിരുന്ന സാം മനേക് ഷായ്ക്ക് ഉത്തരവുനല്‍കിയതോടെ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന് ഔദ്യോഗിക തുടക്കമായി.

1971 ഡിസംബര്‍ 16 -13 ദിവസം മാത്രം നീണ്ട യുദ്ധത്തിനൊടുവില്‍ പാകിസ്താന്‍ പരാജയപ്പെട്ടു. അന്നത്തെ പാക് സൈനികമേധാവി ജനറല്‍ നിയാസിയും 93,000 പാക് സൈനികരും ഇന്ത്യയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് ചീഫ് ?െലഫ്. ജനറല്‍ ജെ.എസ്. അറോറയ്ക്കുമുന്നില്‍ കീഴടങ്ങി. രണ്ടാംലോകയുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്രയേറെപ്പേര്‍ കീഴടങ്ങുന്ന മറ്റൊരു യുദ്ധമുണ്ടായത്. ഇന്ത്യയുടെ മൂന്നുസേനകളും ഒന്നിച്ചുപങ്കെടുത്ത ആദ്യത്തെ യുദ്ധംകൂടിയായിരുന്നു അത്. പാകിസ്താന്‍ കീഴടങ്ങിയതോടെ കിഴക്കന്‍ പാകിസ്താനെ ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു.