വിമാനയാത്രക്കാരുടെ വിപണിക്കായുള്ള മത്സരത്തിന് കേരളത്തിലും അരങ്ങൊരുങ്ങുകയാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിലൂടെ. ഏറെ തര്‍ക്കങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കുംശേഷമാണ് സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്രവിമാനത്താവളം സ്വകാര്യമേഖലയിലേക്ക് എത്തുന്നത്.

അടുത്ത 50 വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. രാജ്യത്തെ ആറുവിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. പാട്ടക്കരാര്‍പ്രകാരം വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും 168 രൂപവീതം അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കണം.

എതിര്‍ത്ത് സംസ്ഥാനം

വിമാനത്താവളം സ്ഥിതിചെയ്യുന്ന ഭൂമി സംസ്ഥാനത്തിന്റേതായതിനാല്‍ അതിന്‍മേലുള്ള അവകാശം സംസ്ഥാനത്തിനുണ്ടെന്ന വാദം സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ട്. സ്വകാര്യവത്കരണത്തിലൂടെ സര്‍ക്കാരിന്റെ 628 ഏക്കര്‍ പൊതുസ്വത്ത് കോര്‍പ്പറേറ്റ് കമ്പനിക്ക് കൈമാറുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപണം. കൊച്ചി എയര്‍പോര്‍ട്ട് ഉള്‍പ്പെടെ വിജയകരമായി നടത്തുന്ന സര്‍ക്കാര്‍-സ്വകാര്യ മാതൃക തിരുവനന്തപുരത്തും പരീക്ഷിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.

1932-ല്‍ കേണല്‍ ജി.വി. രാജ തിരുവനന്തപുരം ശംഖുംമുഖത്ത് സ്ഥാപിച്ച ഫ്‌ളയിങ് ക്ലബ്ബ് നിലനിന്ന സ്ഥലത്ത് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവാണ് വിമാനത്താവളം നിര്‍മിച്ചത്. സ്വാതന്ത്ര്യത്തിനുശേഷം വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാരിന്റെ കൈയിലെത്തി

 

അനുകൂലിച്ച് വ്യവസായസമൂഹം

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനനടപടികള്‍ ഏറെക്കാലമായി മരവിച്ച രീതിയിലായിരുന്നു. ആയിരത്തിലധികം സര്‍വീസുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇവിടെനിന്ന് അപ്രത്യക്ഷമായി. രണ്ടാമത്തെ ടെര്‍മിനല്‍ എന്നതും പ്രാവര്‍ത്തികമായിട്ടില്ല. ഇക്കാലയളവില്‍ കൊച്ചി വിമാനത്താവളം വന്‍കുതിപ്പ് നടത്തിയപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിഷേധാത്മകനിലപാട് തിരുവനന്തപുരത്തിന്റെ വികസനത്തെ പിന്നോട്ടടിച്ചു. തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിച്ചിരുന്ന 40 ശതമാനംപേര്‍ ഇക്കാലയളവില്‍ കൊച്ചിയിലേക്ക് മാറിയതായി തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് നടത്തിയ പഠനത്തില്‍ പറയുന്നു.

നടപടികള്‍ തുടങ്ങിയത് 2019-ല്‍

2019-ലാണ് സ്വകാര്യവത്കരണനടപടികള്‍ തുടങ്ങിയത്. കെ.എസ്.ഐ.ഡി.സി.യുടെ നേതൃത്വത്തില്‍ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ടിയാല്‍) എന്ന കമ്പനിയുണ്ടാക്കി സംസ്ഥാനസര്‍ക്കാരും ടെന്‍ഡറില്‍ പങ്കെടുത്തു. ടെന്‍ഡറില്‍ ഒന്നാമതെത്തുന്ന കമ്പനിയെക്കാള്‍ 10 ശതമാനം കുറവാണ് സംസ്ഥാനം ക്വാട്ട് ചെയ്യുന്നതെങ്കിലും നടത്തിപ്പവകാശം ലഭിക്കുന്ന റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസല്‍ ഇളവ് കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിരുന്നു. അദാനി ഗ്രൂപ്പ് 168 രൂപ ക്വാട്ട് ചെയ്തപ്പോള്‍ സംസ്ഥാനം 137 രൂപയാണ് ടെന്‍ഡറില്‍ വാഗ്ദാനം ചെയ്തത്. ഇതോടെ അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു.

ഉയര്‍ന്ന യൂസര്‍ഫീയാണ് തിരുവനന്തപുത്തുനിന്നുള്ള ടിക്കറ്റ് നിരക്ക് ഉയരാനുള്ള പ്രധാനകാരണം. സ്വകാര്യസംരംഭകര്‍ എത്തുമ്പോള്‍ യൂസര്‍ഫീയില്‍ കുറവുവരുത്തി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്നാണ് പ്രതീക്ഷ. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പ്രവര്‍ത്തിപ്പിച്ച് ലാഭം കണ്ടെത്താനും പുതിയ കമ്പനിക്ക് കഴിയും. കൂടുതല്‍ എയര്‍ കണക്ടിവിറ്റി ഉണ്ടായാല്‍മാത്രമേ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം സാധ്യമാകൂ.

സ്ഥലം കിട്ടുമോ

വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കണമെങ്കില്‍ 18 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. അദാനി ഗ്രൂപ്പ് എത്തുമ്പോള്‍ സ്ഥലം ഏറ്റെടുക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകും. 262 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിന് വേണ്ടിവരുന്നത്. സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍മാത്രമേ അദാനിക്ക് തിരുവനന്തപുരത്ത് പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനാകൂ.