ത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സംഘങ്ങൾ കഴിഞ്ഞ വർഷം മാർച്ച് 22നും ഡിസംബർ 15നുമിടയിൽ 21,37,520 പേരെ പെൺകുട്ടികളോടൊപ്പം പുറത്തുകണ്ടതിന് ചോദ്യം ചെയ്തെന്ന വാർത്തകണ്ടു. ഇന്ത്യയിൽ സദാചാര പോലീസിങ് എത്രത്തോളം വളർന്നുവെന്നതിന്റെ ദുഃഖകകരമായ ഓർമപ്പെടുത്തലാണത്‌. ഇതിലും സങ്കടകരമായ കാര്യം ചോദ്യം ചെയ്യപ്പെട്ടവരിൽ 9,33,099 പേർക്ക് ഔദ്യോഗികമായി മുന്നറിയിപ്പ് നിൽകിയെന്നും 3003 പേർക്കെതിരേ എഫ്.ഐ.ആർ. പുറപ്പെടുവിച്ചു എന്നതുമാണ്. ഇതൊക്കെ കേവലം ഒമ്പതു മാസത്തിനിടെ നടന്ന കാര്യങ്ങളാണ്. 

ഒരിക്കൽ സ്വതന്ത്രമായിരുന്ന ഒരു സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ ഇങ്ങനെയാണ് ചുരുക്കപ്പെട്ടിരിക്കുന്നത്. ഒരു സബ് ഇൻസ്പെക്ടറും രണ്ട് കോൺസ്റ്റബിൾമാരും ഉള്ള പോലീസ് സംഘങ്ങൾ ഉത്തർപ്രദേശിലെ സർവകലാശാലാ കാമ്പസുകളിലും കോളേജ് അങ്കണങ്ങളിലും സിനിമാ തിയേറ്ററുകളിലും പാർക്കുകളിലും പൊതുസ്ഥലങ്ങളിലും 'റോമിയോ'മാരെ തേടി നടക്കുകയാണ്. 

ഹിന്ദുത്വവാദിയായ എം.പി.യും ഗോഡ്‌സേ ആരാധകനുമായ സാക്ഷി മഹാരാജിന് ഒരവസരം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി, അഞ്ചെട്ട് കുട്ടികളെ ജനിപ്പിക്കുന്നതിന്റെ മാഹാത്മ്യത്തെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്യുമായിരിക്കും

കൃത്യമായ പദവ്യാഖ്യാനം നൽകാത്തതിനാൽ തന്നെ പോലീസുകാർക്ക് ഏത് ചെറുപ്പക്കാരായ പങ്കാളികളെയും ചോദ്യം ചെയ്യാവുന്ന സാഹചര്യമാണ്. ഒരിക്കൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ തടയാനായാണ് ഈ സംഘങ്ങളെ ഉപയോഗിച്ചിരുന്നതെങ്കിൽ, പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്, പീഡനം അധികൃതരുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നത്, മറിച്ചല്ല എന്ന കാര്യമാണ്. 'ആന്റി റോമിയോ സ്ക്വാഡ്' എന്ന പേരു തന്നെ ദുസ്സൂചകമാണ്. എന്റെ ചെറുപ്പകാലത്ത് കാണപ്പെട്ടിരുന്ന 'റോഡ്‌സൈഡ് റോമിയോ'മാരിൽ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. നിരുപദ്രവകാരികളായ ഇത്തരക്കാരെ അവഗണിച്ചുവിടാറാണ് പതിവ്.

എന്നാൽ ഇന്നത്തെ യു.പി. പോലീസ് വളരെ വിശാലമായ സംഘത്തെയാണ് ലക്ഷ്യം വെക്കുന്നത്, തന്റെ 'ജൂലിയറ്റി'നെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഏത് ചെറുപ്പക്കാരനും അവർക്ക് 'റോമിയോ' ആണ്. അല്ലെങ്കിലും ഷേക്‌സ്പിയറുടെ റോമിയോ സ്വന്തം രക്ഷിതാക്കളുടെ എതിർപ്പ് അവഗണിച്ച് ചട്ടങ്ങൾ മറികടന്ന് തെറ്റായ കുടുംബത്തിൽ നിന്നുള്ള സ്ത്രീയെ സ്വന്തമാക്കാൻ ശ്രമിച്ചയാളാണല്ലോ. ഇതുതന്നെയാണ് 21-ാം നൂറ്റാണ്ടിലെ റോമിയോയുടെ അനുകർത്താക്കളിൽ നിന്നും യോഗി ആദിത്യനാഥ് തടയാൻ ആഗ്രഹിക്കുന്നതും. 

ഇന്ത്യൻ സംസ്കാരത്തിന്റെ സ്വപ്രഖ്യാപിത രക്ഷാകർത്താക്കൾ ഹിന്ദു സംസ്കാരത്തിന് അനുയോജ്യമല്ല എന്നും പറഞ്ഞ് തങ്ങൾക്ക് ഹിതകരമല്ലാത്ത സാംസ്കാരിക ധാരകൾക്കുനേരേ നടത്തുന്ന അക്രമപരമ്പരകളുടെ ഏറ്റവും പുതിയ സൂചകം മാത്രമാണ് ആന്റി റോമിയോ സ്ക്വാഡുകൾ. വാലന്റൈൻസ് ദിനത്തിൽ ഇവരുടെ ആക്രമണം ഇരട്ടിയാണ്.
Valantine
യോഗിയുടെ അധികാരത്തിലേക്കുള്ള ആരോഹണം വരെ വാലന്റൈൻ ദിനത്തിലെ പോലീസിങ് ചില 'സേന'കളുടെയും 'ദളു'കളുടെയും പ്രവർത്തകർ ഏറ്റെടുത്തിരുന്ന കാര്യമായിരുന്നു. ഇന്ന് ഇക്കാര്യം, ഒരു തരത്തിലുള്ള വിപരീത സ്വകാര്യവത്കരണത്തിലൂടെ ബി.ജെ.പി. ഭരണകർത്താക്കൾ ഏറ്റെടുത്തിരിക്കുകയാണ്.

ഈ ഫ്രീലാൻസ് ആന്റി റോമിയോ പ്രശ്നക്കാരാണെങ്കിലോ? വർഷങ്ങളായി വാലന്റൈൻ ദിനത്തിൽ കൈകോർത്തിരിക്കുന്ന പങ്കാളികളെ ആക്രമിച്ചും ആശംസാകാർഡുകൾ വിൽക്കുന്ന കടകൾ തല്ലിപ്പൊളിച്ചും കോഫീ ഷോപ്പുകൾ അലങ്കോലമാക്കിയും അവർ നടത്തിവന്നിരുന്ന ആക്രമണങ്ങൾ കഴിഞ്ഞ വർഷത്തോടെ പുതിയ രൂപമാർജിച്ചു.

വാലന്റൈൻ ദിനത്തിൽ ഒന്നിച്ച് സമയം പങ്കിടുന്ന അവിവാഹിതരെ അമ്പലങ്ങളിൽ കൊണ്ടുപോയി കല്യാണം കഴിപ്പിക്കുമെന്ന് ഹിന്ദുമഹാസഭ പ്രഖ്യാപിച്ചു. (ഹിന്ദുത്വവാദിയായ എം.പി.യും ഗോഡ്‌സേ ആരാധകനുമായ സാക്ഷി മഹാരാജിന് ഒരവസരം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി, അഞ്ചെട്ട് കുട്ടികളെ ജനിപ്പിക്കുന്നതിന്റെ മാഹാത്മ്യത്തെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്യുമായിരിക്കും). 

അസഹിഷ്ണുതയുടെ ഈ യൂണിഫോമിട്ട മുഖം കൗതുകകരമാകുമായിരുന്നു, ഇതിലുൾപ്പെടുന്നവർ തങ്ങളുടെ ലക്ഷ്യത്തെ ഇത്ര ഗൗരവത്തോടെയല്ല കണ്ടിരുന്നതെങ്കിൽ മാത്രം. വാലന്റൈൻ ദിനാഘോഷം ഇറക്കുമതി ചെയ്യപ്പെട്ടതാണെന്നാണ് ഈ പ്രാദേശികവാദികളുടെ വാദം. (അങ്ങനെ നോക്കുകയാണെങ്കിൽ ക്രിസ്മസും ഈദും അന്താരാഷ്ട്ര വനിതാദിനം വരെയും ഇറക്കുമതി ചെയ്യപ്പെട്ടതാണെന്ന് പറയേണ്ടിവരും. പക്ഷേ, ഇവയെ ആക്രമിക്കാൻ അവർക്ക് ധൈര്യം പോരാ). പ്രണയത്തെ ആഘോഷിക്കുന്നത് ഇത് തികച്ചും ഇന്ത്യനല്ലാത്ത കാര്യമാണെന്നും അവർ പറയുന്നു.

അവിടെ അവർക്ക് തെറ്റി. പ്രണയത്തിന്റെ ദേവനായ കാമദേവനെ ആരാധിക്കുന്ന ഹിന്ദു സമ്പ്രദായം ഇവിടെ ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. മധ്യകാലഘട്ടത്തിലെ മുസ്‌ലിം അധിനിവേശത്തിനു ശേഷമാണ് ഇത് ഉപേക്ഷിക്കപ്പെട്ടത്. പക്ഷേ, ഹിന്ദുമഹാസഭയിലുള്ളവർക്ക് യഥാർഥ ഹിന്ദു സമ്പ്രദായത്തെക്കുറിച്ച് ഒന്നുമറിയില്ല. ഇന്ത്യൻ മൂല്യങ്ങളെക്കുറിച്ചുള്ള അവരുടെ ആശയങ്ങൾ പ്രാകൃതവും സങ്കുചിതവുമെന്നതിലുപരി, ചരിത്രത്തെ നിരാകരിക്കുന്നതുമാണ്. 

ഇന്ന് ചെറുപ്പക്കാർ പി.ഡി.എ. (പബ്ലിക് ഡിസ്‌പ്ലേ ഓഫ് അഫെക്‌ഷൻ) എന്ന് വിളിക്കുന്ന പൊതുസ്ഥലത്തെ സ്നേഹപ്രകടനങ്ങൾ പുരാതന ഇന്ത്യയിൽ വ്യാപകമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടുവരെ ഹിന്ദുക്കളുടെ ലൈംഗിക സ്വാതന്ത്ര്യത്തെക്കുറിച്ച് ഇത് കണ്ട് ഞെട്ടിയ മുസ്‌ലിം ലോകത്ത് നിന്നുള്ള സഞ്ചാരികൾ പരാമർശിക്കുന്നുണ്ട്. യഥാർഥത്തിൽ ഇന്നത്തെ വാലന്റൈൻ ആഘോഷിക്കുന്ന ചെറുപ്പക്കാർ മുസ്‌ലിം അധിനിവേശത്തിനു മുമ്പുള്ള പുരാതന ഇന്ത്യൻ ചരിത്രത്തെ ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്.

എന്നാലും ഇവ ഖജുരാഹോയിലൊക്കെ കാണിച്ചിരിക്കുന്നതിൽ നിന്നും എത്രയോ തീവ്രത കുറഞ്ഞവയാണ്. ഒരുതരത്തിൽ പറഞ്ഞാൽ ഫെബ്രുവരി 14, കാമദേവ ദിവസം ആഘോഷിക്കാനുള്ള അവരുടെ ശ്രമമാണ്. ഇതിന് ഹിന്ദു സംസ്കാരത്തിന്റെ സ്വപ്രഖ്യാപിത സംരക്ഷകരുടെ എതിർപ്പ് ഏറ്റുവാങ്ങേണ്ടി വരിക എന്നത്‌ എത്രമാത്രം വിരോധാഭാസകരമായ കാര്യമാണ്. 

ഇത് കൗമാരക്കാരുടെ പ്രണയത്തേക്കാൾ മതേതരമായ ഇന്ത്യയെ അവരുടെ സങ്കല്പപ്രകാരമുള്ള ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ഭരണകക്ഷിയുടെ രാഷ്ട്രീയ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയമാണ്. സംസ്കാരത്തെ മുൻനിർത്തി പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നത് സാമൂഹിക ക്രമം നിലനിർത്താനും അച്ചടക്കവും അനുസരണയും നടപ്പാക്കാനും വിപ്ലവകരമായ മാറ്റങ്ങൾ തടയാനും ആഗ്രഹിക്കുന്നവരെയാണ് സഹായിക്കുക.

ഈ സാമൂഹികക്രമം തെറ്റിക്കാൻ സാധ്യത ഉള്ളതുകൊണ്ടാണ്, ജാതിമത ഭേദങ്ങളെ മറികടക്കാൻ പ്രാപ്തിയുള്ള പ്രണയബന്ധങ്ങളെ എതിർക്കുന്നതും. പോരാത്തതിന് അവ വ്യക്തികളുടെ സ്വാശ്രയത്വത്തെയും അവരുടെ തിരഞ്ഞെടുപ്പിനുള്ള അവകാശത്തെയും പ്രതിഫലിപ്പിക്കുന്നു. ഇത് നമ്മളെയൊക്കെയും വെറും പശുക്കളുടെ ആരാധകരാക്കാൻ ശ്രമിക്കുന്നവർക്ക് അഹിതകരമായ കാര്യങ്ങളാണ്. 

അവിടെ അവർക്ക് തെറ്റി. പ്രണയത്തിന്റെ ദേവനായ കാമദേവനെ ആരാധിക്കുന്ന ഹിന്ദു സമ്പ്രദായം ഇവിടെ ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ പറയുന്നു

ഇതൊക്കെയും നടപ്പാക്കുന്നത് ഇന്ത്യയുടെ യഥാർഥ ചരിത്രത്തെ പിന്തള്ളി വെറും ഭാവനാസൃഷ്ടിയായ ഒന്നിന്റെ അടിസ്ഥാനത്തിലുണ്ടെന്ന് വാദിക്കുന്ന ഇന്ത്യൻ സംസ്കാരത്തിന്റെ പേരിലാണ്. ഇന്ത്യൻ സംസ്കാരം എന്നും പുതിയ ധാരകളെ ഉൾക്കൊള്ളുന്നവയായിരുന്നു. അതിൽ ഹിന്ദുക്കളെ ദൈവങ്ങളെ ആരാധിക്കാനായി അമ്പലം സൃഷ്ടിക്കാൻ പഠിപ്പിച്ച ഗ്രീക്ക് അധിനിവേശം മുതൽ നമ്മുടെ നൂറ്റാണ്ട് പഴക്കമുള്ള പീനൽകോഡ് നിർമിച്ച ബ്രിട്ടീഷുകാരുടെ സ്വാധീനം വരെയുണ്ട്.

സമകാലിക ഇന്ത്യൻ സംസ്കാരത്തിലെ പ്രധാന പോരാട്ടം, വാൾട്ട് വിറ്റ്മാൻ പറഞ്ഞത് കടമെടുക്കുകയാണെങ്കിൽ, നമ്മുടെ ചരിത്രപരമായ അനുഭവങ്ങളിൽ നിന്ന് ഉൾക്കൊണ്ട് നമ്മൾ വൈവിധ്യമുള്ളവരാണെന്ന് അംഗീകരിക്കുന്നവരും വളരെ സങ്കുചിതമായി 'യഥാർഥ' ഇന്ത്യൻ സംസ്കാരത്തെ നിർവചിക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്തവരും തമ്മിലാണ്. 

യഥാർഥ ഇന്ത്യത്വത്തിന്റെ ആണിക്കല്ല് ഭരണഘടനയാണ്. ഭരണഘടനയിൽ കൊത്തിവെക്കപ്പെട്ട സ്വാതന്ത്ര്യങ്ങളെ വിലമതിക്കുന്ന ആരും വിനാശകരമായ ആന്റി റോമിയോ സ്ക്വാഡുകളുടെ ശല്യത്തെ പ്രതിരോധിക്കേണ്ടതാണ്. 'നീ എന്തിന് റോമിയോ ആയി' എന്ന് ഷേക്‌സ്പിയറുടെ നായിക ചോദിച്ചു. നമ്മളെന്തുകൊണ്ട് നമ്മളായി? നാം ജൂലിയറ്റിനു വേണ്ടി നിലകൊണ്ടേ പറ്റൂ. 

പ്രണയത്തെ ആഘോഷിക്കുന്നത് 
ഇന്ത്യനല്ലാത്ത കാര്യമാണെന്ന്‌ അവർ പറയുന്നു. അവിടെ അവർക്ക് തെറ്റി. 
പ്രണയത്തിന്റെ ദേവനായ കാമദേവനെ ആരാധിക്കുന്ന ഹിന്ദു സമ്പ്രദായം ഇവിടെ ഉണ്ടായിരുന്നതായി 
ചരിത്രകാരന്മാർ പറയുന്നു.