ഐ.എസ്.ആർ.ഒ.യിൽ നമ്പി നാരായണന്റെ സുഹൃത്തായിരുന്നു എ.പി.ജെ. അബ്ദുൽകലാം. അദ്ദേഹം രാഷ്ട്രപതിയായപ്പോൾ കാണാൻ ഡൽഹിയിൽ ചെന്നു. ഏറെനേരം കാത്തിരുന്നു. വന്നവരെയെല്ലാം കണ്ടിട്ടും നമ്പിയെ വിളിച്ചില്ല. മടങ്ങാനിറങ്ങിയപ്പോൾ കലാമിന്റെ പി.എ. വിളിപ്പിച്ചു. നിങ്ങളുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കാനാണ് ബാക്കിയെല്ലാവരെയും കണ്ട് വേഗം മടക്കിയതെന്നും അതാണ് വൈകിയതെന്നും പറഞ്ഞ് കലാം കെട്ടിപ്പിടിച്ചു. ഒരുപാടുനേരം സംസാരിച്ചിരുന്നു. കലാമിന്റെ മരണത്തിന് ഒരുകൊല്ലം മുമ്പ് തിരുവനന്തപുരത്ത് രാജ്ഭവനിലും ഇരുവരും ഓർമകൾ പങ്കിട്ടിരുന്നു.

ന്തയില്ലാത്തവൻ...   ചോദ്യംചെയ്യലിനിടെ   ഈ വിളി എത്രതവണ കേട്ടു നമ്പി നാരായണൻ. ആ വിളികൾക്കിടെ ഇരുന്ന കേസര തട്ടിത്തെറിപ്പിച്ച് ഒരുദ്യോഗസ്ഥൻ പറഞ്ഞു: ‘‘ഇന്ത്യയെ വിറ്റ ചാരന് ഈ രാജ്യത്ത് കസേരയില്ല, വെള്ളവുമില്ല.’’   ഐ.എസ്.ആർ.ഒ. ചാരക്കേസിന്റെ കുടുക്കിൽപ്പെട്ട് ഒരു മനുഷ്യൻ അനുഭവിച്ച ശാരീരിക, മാനസിക പീഡനങ്ങളിൽ ചിലതുമാത്രമാണിത്. ഈ മാനസികനൊമ്പരങ്ങൾക്കുള്ള നഷ്ടപരിഹാരം ഒരുകോടതിക്കും നൽകാനാവില്ലെന്ന് മറ്റാരെക്കാളും നന്നായറിയാവുന്നത് ഒരാൾക്കു  മാത്രമാണ് -നമ്പി നാരായണന്.

ഡി.ഐ.ജി. സിബിമാത്യൂസിന് എന്തോ ചോദിക്കാനുണ്ടെന്നു പറഞ്ഞാണ് 1994 നവംബർ മുപ്പതിന് പോലീസുകാരൻ നമ്പി നാരായണനെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത്. ജീപ്പിൽ നാലുപേരുണ്ടായിരുന്നു. വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടറും  എസ്.ഐ.യും രണ്ടു പോലീസുകാരും. അറസ്റ്റിലേക്കുള്ള യാത്രയാണെന്ന തോന്നൽ യാഥാർഥ്യമാകുന്നതാണ് പിന്നീടദ്ദേഹം കണ്ടത്. അങ്ങനെയായിരുന്നു പോലീസ് കഥകളിലെ നമ്പി നാരായണൻ എന്ന  ‘ചാരന്റെ’ ജനനം. ആ യാത്രയിൽ ഇരിപ്പിടം ജീപ്പിന് മുന്നിലായിരുന്നെങ്കിലും പിന്നീടങ്ങോട്ട് മണിക്കൂറുകൾ നിന്നും കസേര ചവിട്ടിത്തെറിപ്പിച്ചവർക്കുമുന്നിൽ നിസ്സഹായനെങ്കിലും പതറാതെയും അദ്ദേഹം ദിവസങ്ങൾ നീക്കി. പോലീസ് സ്റ്റേഷനിലെ തടിബെഞ്ചിലിരുന്ന് കൊതുകിന്റെ ആക്രമണത്തെ നേരിട്ടു. നിർത്തിയ പുകവലി വീണ്ടും തുടങ്ങി. പോലീസുകാരുടെ പുച്ഛം നിറഞ്ഞ നോട്ടത്തെ കണ്ടു, പുലഭ്യവാക്കുകൾ കേട്ടു. പത്രഫോട്ടോഗ്രാഫർമാർക്ക് ക്യാമറയ്ക്ക് തടസ്സമുണ്ടാകാതിരിക്കാനും നാട്ടുകാർക്ക് കൂകിവിളിക്കാനും മുഖം മറയ്ക്കാതെ 53-ാം വയസ്സിൽ വെറുമൊരു കാഴ്ചവസ്തുവായി. ഉറക്കമില്ലാത്ത രാത്രികൾ...

കുറ്റങ്ങൾ നിനക്കറിയില്ല, അല്ലേടാ?

ഈ ചോദ്യംചോദിച്ച ഐ.ബി.യിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ, മുഖം നിറയെ കുരുക്കളുടെ അടയാളമുള്ളയാളിൽ നിന്നുള്ള ‘ബാസ്റ്റഡ്‌’ (തന്തയില്ലാത്തവൻ)എന്ന  വിളി നമ്പിനാരായണൻ മറക്കില്ല. ചെയ്ത കുറ്റം എന്താണെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഇതെന്ന് ‘ഓർമകളുടെ ഭ്രമണപഥം’ എന്ന ആത്മകഥയിൽ അദ്ദേഹം എഴുതുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക്  പ്രതീക്ഷിക്കുന്ന ഉത്തരം കിട്ടാതായപ്പോഴൊക്കെ വാക്കുകൾകൊണ്ടായിരുന്നു ആദ്യമൊക്കെ മുറിവേൽപ്പിക്കൽ. ചോദ്യംചെയ്യലിന്റെ പതിവ് അടവുകളുടെ പകർപ്പാണ് ഈ ശാസ്ത്രജ്ഞനോടും പോലീസ് പരീക്ഷിച്ചത്. എല്ലാം ഞങ്ങൾ പറയിക്കുമെന്ന്  പറഞ്ഞ് കഴുത്തുഞെക്കി ശ്വാസംമുട്ടിച്ചു. ആക്ഷേപിച്ചു. അസഭ്യവർഷം തുടർന്നു.

സിബി മാത്യൂസിനെ കാണണം

ചോദ്യംചെയ്യലിനും പീഡനങ്ങൾക്കുമിടെ  നമ്പി നാരായണൻ പലതവണ ആവശ്യപ്പെട്ടത് അന്വേഷണസംഘത്തലവൻ സിബിമാത്യൂസിനെ കാണണമെന്നാണ്. എന്തിനെന്ന പോലീസുകാരുടെ ചോദ്യത്തിന്  സത്യസന്ധനും നീതിമാനുമായ ഉദ്യോഗസ്ഥനാണ് സിബിയെന്നും അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നുമായിരുന്നു മറുപടി. ചാരക്കേസിൽ തന്റെ പങ്കാളിത്തം ഉറപ്പാക്കിയത് സിബി മാത്യൂസാണെന്നായിരുന്നു പോലീസുകാരുടെ പ്രതികരണമെന്ന് ആത്മകഥ. സാങ്കേതികവിദ്യകൾ പാകിസ്താന് വിറ്റെന്നും പാകിസ്താനിയായ അബ്ദുൽകരീമുമായി ബന്ധമുണ്ടെന്നുമൊക്കെ പോലീസ് ആരോപിച്ചു. അബ്ദുൽകരീം ആരാണെന്നറിയില്ലെന്നു പറഞ്ഞപ്പോൾ ഷർട്ടിന് കുത്തിപ്പിടിച്ച് അഭിനയിക്കുകയാണെന്ന് കുറ്റപ്പെടുത്തി.  സിബി വന്നു. രണ്ടരമിനിറ്റുമാത്രം. ചോദ്യമിതായിരുന്നു: ‘‘നിങ്ങൾ എന്തിനാണീ കുറ്റം ചെയ്തത്.’’ അങ്ങനെ നമ്പി നാരായണൻ പ്രതിയായി.

സിബിമാത്യൂസ്  മടങ്ങിയശേഷം അടിയും ഇടിയും ചവിട്ടുമായി. മൂക്കിൽനിന്ന് ചോരയൊഴുകി തൊണ്ടയിലെത്തി. വെള്ളം ചോദിച്ചപ്പോൾ ഒരുഗ്ലാസ് വെള്ളവുമായി ഒരാൾ വന്നു. ഗ്ലാസിനടുത്തേക്ക്‌ കൈനീട്ടി എഴുന്നേറ്റപ്പോൾ ഇരുന്ന കസേര ഐ.ബി.യിലെ ഒരാൾ ചവിട്ടിത്തെറിപ്പിച്ചു. വെള്ളം മുഖത്തേക്കൊഴിച്ചു. അങ്ങനെ ‘ഇന്ത്യയെ വിറ്റ ചാരന്‌’ വെള്ളവും കസേരയും നിഷേധിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിക്കുപോലും കസേര ഒഴിഞ്ഞുകൊടുക്കേണ്ടിവന്നിട്ടില്ലാത്ത ശാസ്ത്രജ്ഞന് ഒന്നരദിവസത്തോളം നിൽക്കേണ്ടിവന്നിട്ടുണ്ട്. 36 മണിക്കൂർ വെള്ളംപോലും കിട്ടിയില്ല. മർദനത്തിൽ അവശനായി ഒടുവിൽ ആശുപത്രിയിലായി.

 പശ്ചാത്താപം ഉണ്ടോന്ന്‌ അന്നു കോടതി ചോദിച്ചപ്പോൾ  എന്താണ് ചെയ്തകുറ്റമെന്നു തിരിച്ചുചോദിച്ച നമ്പിനാരായണൻ  കോടതി വരാന്തയിലൂടെ തലകുനിക്കാതെ അന്നു നടന്നു. ഇനിയും തലഉയർത്തി നടക്കാം അദ്ദേഹത്തിന്.
 (പീഡനങ്ങളെപ്പറ്റി ആത്മകഥയായ ‘ഓർമകളുടെ ഭ്രമണപഥ’ത്തിൽ നമ്പി നാരായണൻ വിശദമാക്കുന്നുണ്ട്. അതിൽനിന്നുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.)

നമ്പി നാരായണന്റെ 'ഓര്‍മകളുടെ ഭ്രമണപഥം' വാങ്ങാം