ക്ഷിണേന്ത്യയില്‍ താമര ആഴത്തില്‍ വേരോടുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് നാടകാന്തം നിരാശ. കര്‍ണാടകയിലൂടെ ദക്ഷിണേന്ത്യയിലും വേരുറപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തടയിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും തന്ത്രം പാളി. 

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ബിജെപി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി കൂടിയാണ് കര്‍ണാടകത്തിലേത്. ബീഹാറിലെയും പഞ്ചാബിലെയും ഡല്‍ഹിയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞടുപ്പിലും ഗുജറാത്തില്‍ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലും  ബി.ജെ.പി. തന്ത്രങ്ങള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു. ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനവിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ഫലം കാണാതെ പോയതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതു തന്നെ.

DELHI ELECTION
Image:pti

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബിജെപിക്ക് ആദ്യ തിരിച്ചടി നേരിട്ടത്. 70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായത് വെറും 3 സീറ്റ് മാത്രം. 67 സീറ്റുകളും നേടി ആം ആദ്മി പാര്‍ട്ടി അവിടെ അധികാരത്തിലെത്തി. കേന്ദ്രത്തോട് ആഭിമുഖ്യമുള്ള ഗവര്‍ണര്‍ നജീബ് ജുങ്ങിനെ കൂട്ടുപിടിച്ച് ഡല്‍ഹി ഭരണത്തില്‍ കൈകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളെത്തുടര്‍ന്നുള്ള കെജ്രിവാള്‍ സര്‍ക്കാര്‍-കേന്ദ്രസര്‍ക്കാര്‍ നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്.

ഹിന്ദി ബെല്‍റ്റിലെ പ്രധാന സംസ്ഥാനമെന്ന നിലയില്‍ ബീഹാര്‍ ബിജെപിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. അതുകൊണ്ടു തന്നെയാണ് എല്‍ജെപിയെയും മുന്‍മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയെയും കൂട്ടുപിടിച്ച് ബീഹാര്‍ പിടിച്ചടക്കാന്‍ മോദി തന്നെ പ്രചരണതന്ത്രങ്ങളുമായി രംഗത്തിറങ്ങിയതും. എന്നാല്‍, 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍  മഹാഗഡ്ബന്ധന്‍ അവരെ തകര്‍ത്തു കളഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ജെഡിയു-ആര്‍ജെഡി സഖ്യം ബീഹാറില്‍ തരംഗമായി,ഭരണം നേടി. ആ തിരിച്ചടിക്ക് മറുപടി പറയാന്‍ ബിജെപിക്ക് രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2017ല്‍ ആര്‍ജെഡിയുമായി തെറ്റിപ്പിരിഞ്ഞ നിതീഷ്‌കുമാറും ജെഡിയുവും ബിജെപി പാളയത്തിലെത്തിയതോടെ ബീഹാറിലെ ഭരണം കൈക്കുള്ളിലാക്കാന്‍ ബിജെപിക്കായി. പക്ഷേ, ഈ വര്‍ഷം ആദ്യം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബീഹാറിലെ അറാറിയ ലോക്‌സഭാ മണ്ഡലവും ജെഹനാബാദ് നിയമസഭാ മണ്ഡലവും ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം നേടിയതോടെ വരുന്ന തിരഞ്ഞെടുപ്പിലെങ്കിലും ബീഹാര്‍ തൂത്തുവാരാമെന്ന ബിജെപി മോഹം അത്ര എളുപ്പത്തില്‍ നടക്കില്ലെന്ന് വ്യക്തമായി.

NITEESHKUMAR WITH MODI
image:asianage

2017ലായിരുന്നു പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്. ഇവിടെ 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. മാര്‍ച്ചിലായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. അതിനുശേഷം 9 മാസത്തിനുള്ളില്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ബിജെപിയെ തറപറ്റിച്ചു. ശേഷം, ഗുരുദാസ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും പച്ചതൊടാന്‍ ബിജെപിക്കായില്ല.

RAHUL
image:pti

രാജ്യമൊന്നാകെ ആകാംക്ഷയോടെ ഉറ്റുനോക്കിയ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും മോദി തന്ത്രം പൂര്‍ണമായും ഫലം കണ്ടില്ല. 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താനായെങ്കിലും കുറഞ്ഞ ഭൂരിപക്ഷമേ ബിജെപിക്ക് നേടാനായുള്ളു. കേവലഭൂരിപക്ഷത്തിനും 7 സീറ്റുകള്‍ അധികം. മോദിയും രാഹുലും നേരിട്ടിറങ്ങിയ പ്രചാരണയുദ്ധത്തില്‍ വന്‍ ഭൂരിപക്ഷം നേടാന്‍ വിജയ് രൂപാണിയ്ക്കും കൂട്ടര്‍ക്കുമാകുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമായി അവശേഷിച്ചപ്പോള്‍ ഗുജറാത്ത് മാറുകയാണെന്ന തിരിച്ചറിവും ബിജെപിക്ക് അംഗീകരിക്കേണ്ടി വന്നു.

ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ടത് കനത്ത തിരിച്ചടി തന്നെയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിഎസ്പി പിന്തുണയോടെ സമാജ് വാദി പാര്‍ട്ടി വിജയം കണ്ടു. 30 വര്‍ഷത്തിനു ശേഷം ആ സീറ്റ് ബിജെപിയെ കൈവിട്ടു. ഫൂല്‍പൂരിലും സമാനമായിരുന്നു സ്ഥിതി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ നേടിയ ഭൂരിപക്ഷം ഞെട്ടിപ്പിക്കുന്നതായിരുന്നു.

ഈ വര്‍ഷമാദ്യം 16 സംസ്ഥാനങ്ങളിലെ 59 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായത് 28 എണ്ണം മാത്രമാണ്.  ഇതില്‍ 33 സീറ്റുകളില്‍ മത്സരമുണ്ടായിരുന്നില്ല. 

JUSTICE KM JOSEPH

ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്യാനുള്ള കൊളീജിയം തീരുമാനവും മോദി സര്‍ക്കാരിന് തിരിച്ചടിയായി. മറ്റ് മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ക്കൊപ്പം കെ.എം.ജോസഫിന്റെ പേരും കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. സീനിയോറിറ്റി, സംസ്ഥാനത്തിന്റെ പ്രാതിനിധ്യം, ജാതിമതപ്രാതിനിധ്യം എന്നീ മുടന്തന്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം ശുപാര്‍ശ മടക്കിഅയച്ചു.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രതീരുമാനം 2016ല്‍ റദ്ദാക്കിയ ഹൈക്കോടതി ബഞ്ചില്‍ ജസ്റ്റിസ് കെ.എം.ജോസഫുമുണ്ടായിരുന്നു എന്നതാണ് കേന്ദ്രത്തിന് അദ്ദേഹം അനഭിമതനാവാനുള്ള കാരണമെന്നും ആക്ഷേപമുയര്‍ന്നു. എന്തായാലും കെ.എം.ജോസഫിനെ സുപ്രീം കോടതിയില്‍ നിയമിക്കാമെന്ന് കൊളീജിയം വീണ്ടും തീരുമാനമെടുത്തതോടെ വീണ്ടും തിരിച്ചടിയായി.

2019ല്‍ പാര്‍ലമെന്റിലേക്കുള്ള വഴി നരേന്ദ്ര മോദിക്ക് പൂവും പരവതാനിയും നിറഞ്ഞതല്ല, കല്ലും മുള്ളും നിറഞ്ഞതായിരിക്കുമെന്ന സൂചന കൂടിയാണ് ഇവയൊക്കെയും നല്‍കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. വിശാല പ്രതിപക്ഷ സഖ്യം ശക്തിപ്പെടുന്നതിനെ ബിജെപി വില കുറച്ചു കാണേണ്ടതില്ല എന്ന് സാരം.

content highlights: Karnataka Election 2018, Karnataka Election Results, BJP Government, PM Narendra Modi, InDepth