നൊബേല്‍ സമ്മാനത്തിന്റെ കഥ ഒരു ശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തത്തിന്റെയും പിന്നീടുണ്ടായ പശ്ചാത്താപത്തിന്റെയും കഥയാണ്. ആല്‍ഫ്രഡ് നൊബേല്‍ എന്ന സ്വീഡിഷ് ശാസ്ത്രജ്ഞനാണ് നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയത്. ഒരു കെമിക്കല്‍ എന്‍ജിനിയറായിരുന്നു ആല്‍ഫ്രെഡ്. പാരീസില്‍വെച്ച് അദ്ദേഹം ഒരു ഇറ്റാലിയന്‍ രസതന്ത്രജ്ഞനെ പരിചയപ്പെട്ടു അസ്‌കനിയോ സൊബ്രറോ. അദ്ദേഹം വളരെ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന നൈട്രോഗ്ലിസറിന്‍ (ntiroglycerine) എന്ന ദ്രാവകം കണ്ടുപിടിച്ചിരുന്നു. സ്‌ഫോടകസ്വഭാവംമൂലം വളരെ അപകടകാരിയായിരുന്നു അത്. ഈ പദാര്‍ഥം ആല്‍ഫ്രഡില്‍ വലിയ താത്പര്യമുണര്‍ത്തി. ഒട്ടേറെ  ഗവേഷണങ്ങള്‍ക്കുശേഷം നൈട്രോഗ്ലിസറിന്‍ ഉപയോഗപ്പെടുത്തി ഡൈനാമിറ്റ് എന്ന സ്‌ഫോടകവസ്തു ആല്‍ഫ്രെഡ് കണ്ടെത്തി. നിര്‍മാണമേഖലയിലും മറ്റും ഒരുപാട് ഉപകാരപ്രദമായ ഡൈനാമിറ്റ് ആല്‍ഫ്രെഡിന് ഒരുപാട് പണം നേടിക്കൊടുത്തു(അദ്ദേഹം മരിക്കുന്നതിനുമുമ്പ് 355 പേറ്റന്റുകള്‍ കരസ്ഥമാക്കിയിരുന്നു). 

ആല്‍ഫ്രെഡിന്റെ ഡൈനാമിറ്റ് എന്ന കണ്ടുപിടിത്തം  യുദ്ധങ്ങളില്‍ വ്യാപകമായി പ്രയോജനപ്പെടുത്തി. ഇത് ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിനുകാരണമായി. ഇതുമൂലമുണ്ടായ പശ്ചാത്താപം കാരണം തന്റെ സമ്പാദ്യം മനുഷ്യരാശിക്ക് നന്മചെയ്യുന്നവരെ  പ്രോത്സാഹിപ്പിക്കാന്‍വേണ്ടി പ്രയോജനപ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചു. ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളില്‍ മനുഷ്യരാശിക്ക് ഏറ്റവുംമികച്ച സംഭാവന നല്‍കുന്നവര്‍ക്ക് സമ്മാനം നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വില്‍പ്പത്രത്തിലുള്ളത്.

ഭൗതികശാസ്ത്രം, രസതന്ത്രം, ഫിസിയോളജി/ വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിലാണ് നൊബേല്‍ സമ്മാനം നല്‍കുന്നത്. 1901 മുതലാണ് നല്‍കിത്തുടങ്ങിയത്. 1901 മുതല്‍ 2020 വരെ 605 നൊബേല്‍ സമ്മാനം നേടി. ജെ.ബാര്‍ഡീന്‍സ മേരി ക്യൂറി, ലീനസ് പോളിങ്, ഫ്രെഡറിക് സാംഗര്‍ എന്നിവര്‍ രണ്ടുതവണവീതം നൊബേല്‍ സമമാനം ഐസിആര്‍സി,യുഎന്‍എച്ച്‌സിആര്‍ എന്നീ സംഘടനകളും ഒന്നിലധികം തവണ നൊബേല്‍ നേടി.ഒക്ടോബര്‍ മാസത്തില്‍ നൊബേല്‍ പ്രഖ്യാപിക്കും. ഡിസംബര്‍ 10ന് സമ്മാനിക്കും. മൂന്നിലധികം പേര്‍ക്ക് ഒരു നൊബേല്‍ സമ്മാനം വീതംവെക്കാറില്ല. 

തിരഞ്ഞെടുക്കുന്നതെങ്ങനെ?

സ്വയം അപേക്ഷ കൊടുത്ത് വാങ്ങാന്‍ കഴിയുന്ന ഒന്നല്ല നൊബേല്‍ സമ്മാനം. സെപ്റ്റംബര്‍ മാസത്തില്‍ തുടങ്ങി അടുത്ത ഡിസംബറില്‍ സമ്മാനദാനത്തോടെ അവസാനിക്കുന്ന ഒരു പ്രക്രിയയാണത്. ലോകത്തിലെ വിവിധ സര്‍വകലാശാലാ പ്രൊഫസര്‍മാര്‍ക്കും സ്വീഡിഷ് അക്കാദമിയിലെ ശാസ്ത്രജ്ഞന്മാര്‍ക്കും മുന്‍ നൊബേല്‍ ജേതാക്കള്‍ക്കുമൊക്കെ നൊബേല്‍ സമ്മാനത്തിനായി വ്യക്തികളുടെ നാമനിര്‍ദേശം നടത്താം. ഏറ്റവുംകൂടുതല്‍പേര്‍ നിര്‍ദേശിച്ചവരില്‍നിന്ന് ഒടുവില്‍ സ്വീഡിഷ് അക്കാദമിയാണ് നൊബേല്‍ ജേതാവിനെ തിരഞ്ഞെടുക്കുക. ഒക്ടോബര്‍ മാസത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ പേരുകള്‍ പ്രഖ്യാപിക്കും. ആല്‍ഫ്രെഡ് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ 10ന് അവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

സമാധാനം ഒഴികെയുള്ള മേഖലകളിലെ നൊബേല്‍ സമ്മാനം സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ വെച്ച് നല്‍കും. സ്വീഡനിലെ രാജാവാണ് സമ്മാനിക്കുക. സമാധാന നൊബേല്‍ സമ്മാനം നല്‍കുന്നത് നോര്‍വേയിലെ ഓസ്‌ലോയില്‍ വെച്ചാണ്. നോര്‍വേ രാജാവിന്റെ സാന്നിധ്യത്തില്‍ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാനാണ് നല്‍കുക. മനുഷ്യരാശിയുടെ പുരോഗതിക്കായി, സമാധാനത്തിനായി, മികച്ച സംഭാവനകള്‍ അര്‍പ്പിക്കുക. നാളെ നിങ്ങളും ഒരു നൊബേല്‍ ജേതാവ് ആയേക്കും.

എന്തെല്ലാമാണ് ലഭിക്കുക ?

  1. നൊബേല്‍ പ്രൈസ് ഡിപ്ലോമ
  2. നൊബേല്‍ പ്രൈസ് മെഡല്‍
  3. സമ്മാനത്തുക

നൊബേല്‍ പ്രൈസ് മെഡലുകള്‍ നിര്‍മിക്കുന്നത് 18 കാരറ്റ് റീസൈക്കിള്‍ഡ് സ്വര്‍ണത്തിലാണ്. 175 ഗ്രാം ആണ് ഈ മെഡലുകളുടെ ഭാരം. സാമ്പത്തിക നൊബേല്‍ സമ്മാനമെഡലിന്റെ ഭാരം 185 ഗ്രാമാണ്.
2021ല്‍ നൊബേല്‍ സമ്മാനം പങ്കുവെക്കാതെ ഒറ്റയ്ക്കുനേടുന്ന ഒരാള്‍ക്ക് 10 മില്യണ്‍ സ്വീഡിഷ് ക്രോണര്‍ ആണ് സമ്മാനത്തുക ലഭിക്കുക. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം എട്ടുകോടി 53 ലക്ഷത്തിനടുത്ത് വരും !

ആദ്യ നൊബേല്‍ സമ്മാനം

1901ലാണ് ആദ്യ നൊബേല്‍ സമ്മാനങ്ങള്‍ നല്‍കിയത്. ഫിസിക്‌സ്, രസതന്ത്രം, സാഹിത്യം എന്നീ മേഖലകളിലെ സമ്മാനം സ്റ്റോക്ക്‌ഹോമില്‍ വെച്ചും സമാധാന നൊബേല്‍ സമ്മാനം ഓസ്‌ലോ(നോര്‍വേ)യില്‍ വെച്ചുമാണ് നല്‍കിയത്.

ആദ്യ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം നേടിയത് എക്‌സ്‌റേ കണ്ടുപിടിച്ച വില്യം കോണ്‍റാഡ് റോണ്‍ജന്‍ ആണ്. ആദ്യ രസതന്ത്ര നൊബേല്‍ സമ്മാനം നേടിയത് ജാക്കോബസ് ഹെന്റികസ് വാന്റ് ഹോഫ് ആണ്. ആദ്യ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം ലഭിച്ചത് എമില്‍ അഡോള്‍ഫ് വോണ്‍ ബെ റിംഗിനാണ്. ഡിഫ്തീരിയക്കെതിരേയുള്ള സെറം തെറാപ്പി ആവിഷ്‌കരിച്ചതിനായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം.

ആദ്യ സാഹിത്യ നൊബേല്‍ സമ്മാനം ലഭിച്ചത് ഫ്രഞ്ച് സാഹിത്യകാരനായ സള്ളി പ്രൂഥോമിനാണ്. ആദ്യ സമാധാന നൊബേല്‍ സമ്മാനം ലഭിച്ചത് റെഡ്‌ക്രോസ് സ്ഥാപകനായ ജീന്‍ ഹെന്റി ഡുനാന്റിനാണ്. സാമ്പത്തികശാസ്ത്രത്തിനുള്ള ആദ്യത്തെ നൊബേല്‍ സമ്മാനം നല്‍കിയത് 1969ലാണ്. ആല്‍ഫ്രഡ് നൊബേലിന്റെ  ഓര്‍മയ്ക്കായി സ്വറിഗ്‌സ് റിക്‌സ്ബാങ്ക് (സ്വീഡന്റെ കേന്ദ്രബാങ്ക്) ആണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. റഗ്‌നാര്‍ ഫ്രിഷ്, ജാന്‍ ടിന്‍ബെര്‍ജന്‍ എന്നിവര്‍ക്കായിരുന്നു ആദ്യ പുരസ്‌കാരം.

നൊബേല്‍ സമ്മാനം നിരസിച്ചവര്‍

ലോകത്തിലെ ഏറ്റവുംവലിയ പുരസ്‌കാരം ലഭിച്ചിട്ടും നിരസിച്ചവരുണ്ട്. 1964ലെ സാഹിത്യ നൊബേല്‍ സമ്മാനം ലഭിച്ച ജീന്‍പോള്‍ സാര്‍ത്ര് പുരസ്‌കാരം നിരസിച്ചു. എല്ലാ ഔദ്യോഗിക ബഹുമതികളും നിരസിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 1973ലെ സമാധാന നൊബേല്‍ സമ്മാനം ഹെന്റി കിസിഞ്ജറിനൊപ്പം പ്രഖ്യാപിക്കപ്പെട്ട ലീ ഡക് ദോ പുരസ്‌കാരം നിരസിച്ചു.

നൊബേല്‍: ഒരു കുടുംബകാര്യം

Marie Curie
മേരി ക്യൂറിയും പിയറി ക്യൂറിയും

അച്ഛനും അമ്മയ്ക്കും മകള്‍ക്കും മകളുടെ ഭര്‍ത്താവിനും നൊബേല്‍ സമ്മാനം ലഭിക്കുക എന്നുള്ളത് ഒരു അപൂര്‍വതയാണ്. മേരി ക്യൂറിയുടെ കുടുംബത്തിനാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്.
1903ലെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പങ്കിട്ടെടുത്തത് പിയറി ക്യൂറിയും മേരി ക്യൂറിയും ഹെന്‍ട്രി ബെ ക്വറേലുമാണ്. പിയറിയുടെയും മേരിയുടെയും മകളായ ഐറിന്‍ ജൂലിയറ്റ് ക്യൂറിയും ഭര്‍ത്താവ് ഫ്രെഡറിക് ജൂലിയറ്റും 1935ലെ രസതന്ത്ര നൊബേല്‍ സമ്മാനം പങ്കുവെച്ചു. നൊബേല്‍ സമ്മാനം നേടുന്ന ആദ്യ അമ്മയും മകളും മേരി ക്യൂറിയും ഐറിന്‍ ക്യൂറിയും ആണ്.

Marie Curieനൊബേല്‍ സമ്മാനവും വനിതകളും (1901മുതല്‍ 2020വരെ)

57 വനിതകള്‍ക്കാണ് ഇതുവരെ നൊബേല്‍ സമ്മാനം ലഭിച്ചത്. ആദ്യമായി നൊബേല്‍ സമ്മാനം ലഭിച്ച വനിത മേരി ക്യൂറിയാണ്. 1903ലെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പിയറി ക്യൂറിക്കും ഹെന്‍ട്രി ബെക്കറിലിനുമൊപ്പം പങ്കുവെച്ചു. രണ്ടുതവണ നൊബേല്‍ സമ്മാനം നേടിയ ആദ്യ വ്യക്തിയും മേരി ക്യൂറിയാണ്. രണ്ടു വ്യത്യസ്തമേഖലകളില്‍ (ഭൗതികശാസ്ത്രം, രസതന്ത്രം) നൊബേല്‍ നേടിയ ആദ്യവ്യക്തിയും മേരി ക്യൂറിതന്നെ. സമാധാനത്തിനുള്ള ആദ്യ നൊബേല്‍ സമ്മാനം നേടിയ വനിത ബര്‍ത്ത വോണ്‍ സട്ട്‌നറാണ്.

ചില നൊബേല്‍ കൗതുകങ്ങള്‍

Malala
മലാല
യൂസുഫ് സായ് 

ഏറ്റവും പ്രായംകുറഞ്ഞ നൊബേല്‍ സമ്മാനജേതാവ് മലാല യൂസുഫ് സായ് ആണ്. 2014ലെ സമാധാന നൊബേല്‍  സമ്മാനം നേടിയ മലാലയ്ക്ക് അന്ന് 17 വയസ്സായിരുന്നു പ്രായം.

ശാസ്ത്രവിഷയങ്ങളില്‍ ഏറ്റവും പ്രായംകുറഞ്ഞ നൊബേല്‍ സമ്മാന ജേതാവ് 1915ലെ ഭൗതികശാസ്ത്ര നൊബേല്‍ ജേതാവായ ലോറന്‍സ് ബ്രാഗ് ആണ്. 25 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന് പ്രായം. 

ഏറ്റവും പ്രായംകൂടിയ നൊബേല്‍ സമ്മാനജേതാവ് 2019ലെ കെമിസ്ട്രി നൊബേല്‍ സമ്മാനം നേടിയ ജോണ്‍ ബി ഗുഡിനഫാണ്. 97 വയസ്സായിരുന്നു നൊബേല്‍ സമ്മാനം ലഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം.


 

Nobel Prize

നൊബേല്‍ ജേതാക്കളായ ഇന്ത്യക്കാര്‍

ഇതുവരെയായി അഞ്ച് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.

  • 1913 - രവീന്ദ്രനാഥ് ടാഗോര്‍(സാഹിത്യം)
  • 1930-സി.വി.രാമന്‍(ഭൗതികശാസ്ത്രം)
  • 1979-മദര്‍തെരേസ (സമാധാനം)
  • 1998- അമര്‍ത്യസെന്‍(സാമ്പത്തികശാസ്ത്രം)
  • 2014-കൈലാഷ് സത്യാര്‍ഥി(സമാധാനം) 

ഗാന്ധിജിയും നൊബേല്‍ പുരസ്‌കാരവും : സമാധാന നൊബേല്‍ പുരസ്‌കാരത്തിനായി ഗാന്ധിജി അഞ്ചുതവണ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. (1937, 1938, 1939, 1947, 1948)


ഒന്നിലേറെത്തവണ നൊബേല്‍  സമ്മാനം നേടിയവര്‍

ഫിസിക്‌സിനുമാത്രമായി രണ്ടുതവണ നൊബേല്‍ സമ്മാനം നേടിയ വ്യക്തിയാണ് ജെ. ബാര്‍ഡീന്‍ (1956, 1972). 

കെമിസ്ട്രിക്കും (1954) സമാധാനത്തിനും (1962) നൊബേല്‍ സമ്മാനം നേടിയ വ്യക്തിയാണ് ലീനസ് പോളിങ്. പങ്കുവെക്കപ്പെടാത്ത രണ്ട് നൊബേല്‍ പുരസ്‌കാരം നേടിയ ആദ്യ വ്യക്തിയാണ് അദ്ദേഹം.

രസതന്ത്രത്തില്‍ മാത്രമായി രണ്ടുതവണ നൊബേല്‍ സമ്മാനം നേടിയ വ്യക്തിയാണ് ഫ്രഡറിക് സാംഗര്‍.

ഏറ്റവും കൂടുതല്‍തവണ  നൊബേല്‍ സമ്മാനം നേടിയ സംഘടനയാണ് റെഡ് ക്രോസ്.  മൂന്നുതവണ റെഡ്‌ക്രോസ് സമാധാന നൊബേല്‍ സമ്മാനം നേടി  (1917, 1944, 1963). 

Content Highlights: all about Nobel prize