ചോദ്യം: നിങ്ങളെ സ്വീകരിക്കാന്‍ വന്നതിന് ഒരു ഏരിയാ സെക്രട്ടറിയെ ഡിഎംകെ പുറത്താക്കിയല്ലൊ?

അഴഗിരി: അങ്ങനെയെങ്കില്‍ എന്നോടൊപ്പം റാലി നടത്തിയ ഒന്നരലക്ഷം പേരെയും അവര് പുറത്താക്കട്ടെ.

പത്തായിരത്തോളം പേരെയും നയിച്ച് ചെന്നൈ മറീന ബീച്ചിലെത്തിയ എം.കെ അഴഗിരി കരുണാനിധി സമാധിക്ക് സമീപത്തു നിന്നാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ഒന്നരലക്ഷം പേരെയും പുറത്താക്കട്ടെ എന്നും പറഞ്ഞ് അഴഗിരി തിരിച്ചുപോയി. മാധ്യമ പ്രവര്‍ത്തകരുടെ മറ്റ് ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞില്ല. റാലിക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനം അഴഗിരിയുടെ ഭാവി പരിപാടികളുടെ പ്രഖ്യാപനമായിരിക്കും എന്ന് വിലയിരുത്തപ്പെട്ടിരുന്നു. 

ഒന്നുമുണ്ടായില്ല. അത് തന്നെയാണ് പ്രയോഗിക്കേണ്ട വാക്ക്. നേതാക്കന്‍മാരും അണികളുമൊന്നും തനിക്കൊപ്പമില്ല എന്ന് വെളിപ്പെടുത്തുന്ന റാലിയാണ് നടന്നത് എന്ന് വേണം വിലയിരുത്താന്‍. 32 ജില്ലകളുള്ള തമിഴ്നാട്ടിലെ മധുര, വിരുത്നഗര്‍, രാമനാഥപുരം ശിവഗംഗ എന്നിവിടങ്ങളില്‍ നിന്ന് മാത്രമാണ് ആളുകള്‍ റാലിക്കെത്തിയത്. കുറച്ചുപേര്‍ ചെന്നൈയില്‍ നിന്നും. 

മകന്‍ ദയാനിധി അഴകഗിരിയും മധുരയിലെ മുന്‍ ഡെപ്യൂട്ടിമേയര്‍ മന്നനും മാത്രമാണ് അഴഗിരിക്കൊപ്പമുണ്ടായിരുന്ന നേതാക്കള്‍. ഡിഎംകെയിലെ യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ തന്നോടൊപ്പമാണ് എന്ന നിലപാടാണ് ആദ്യം മുതല്‍ അഴഗിരി സ്വീകരിച്ചത്. ആ വാദവും പൊളിഞ്ഞു. 

Azhagiri
Photo: V. Ramesh

ഡിഎംകെയെ സംബന്ധിച്ച് വലിയ ആശ്വാസമാണ് അഴഗിരിയുടെ റാലി നല്‍കുന്നത്. അഴഗിരിയുടെ ആള്‍ബലം കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നതാണ് പ്രധാന കാരണം. ഡിഎംകെയിലെ പ്രധാന നേതാക്കളാരും അഴഗിരിയുടെ റാലിയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയുമില്ല. മാറിനിന്ന് എല്ലാം നോക്കിക്കാണുന്ന രീതിയാണ് ഡിഎംകെ സ്വീകരിച്ചത്. അഴഗിരിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പോയ പ്രാദേശിക നേതാവിനെ പുറത്താക്കി മറ്റുള്ളവര്‍ക്ക് വ്യക്തമായ സന്ദേശവും പാര്‍ട്ടി നല്‍കി. 

2014ലാണ് അഴഗിരിയെ ഡിഎംകെ പുറത്താക്കുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കുറ്റമായി പറഞ്ഞത്. സഹോദരന്‍ സ്റ്റാലിനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും അധികാരത്തര്‍ക്കവുമായിരുന്നു പ്രധാന കാരണം. 

ഡിഎംകെയുടെ ദക്ഷിണ മേഖലാ ചുമതലയായിരുന്നു അഴഗിരിക്ക്. കേന്ദ്ര മന്ത്രി സ്ഥാനവും മറ്റ് അധികാര കേന്ദ്രങ്ങളിലുള്ള ബന്ധവുമെല്ലാം കാരണം അന്ന് ആ മേഖലയില്‍ ശക്തനായിരുന്നു അഴഗിരി. മധുര ഉള്‍പ്പെടുന്ന മേഖലയിലെ നേതാക്കളും അണികളും അഴഗിരിക്ക് കീഴില്‍ ഉറച്ചു നിന്നു. കരുണാനിധി തന്നെ അഴഗിരിയെ തിരിച്ചെടുക്കും എന്നതായിരുന്നു അണികള്‍ക്കുള്ള പ്രതീക്ഷ. പക്ഷേ അതുണ്ടായില്ല. 

കരുണാനിധി വിളിച്ചാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരും എന്ന് പല തവണ പ്രഖ്യാപിച്ചു നോക്കി. ഫലമുണ്ടായില്ല. അപ്പോഴൊക്കെയും അധികാരമില്ലാത്ത നേതാവിനെ വിട്ട് അണികളും നേതാക്കളും ഔദ്യോഗിക പാര്‍ട്ടിക്കൊപ്പം അണിനിരന്നുകൊണ്ടിരിന്നു. കരുണാനിധിയുടെ മരണശേഷം സ്റ്റാലിനെ കുറ്റപ്പെടുത്തിയും പാര്‍ട്ടിയെ രക്ഷിക്കാന്‍ തനിക്ക് മാത്രമേ കഴിയു എന്നും പറഞ്ഞ് രംഗത്തു വന്നു. 

തിരിച്ചെടുത്താല്‍ സ്റ്റാലിനെ നേതാവായി അംഗീകരിക്കാം എന്നുവരെ പറഞ്ഞു നോക്കി. കരുണാനിധി പുറത്താക്കിയ ആരെയും തിരിച്ചെടുക്കില്ല  എന്നാണ് സ്റ്റാലിന്‍ നല്‍കിയ മറുപടി. എങ്കില്‍ താന്‍ ചെന്നൈയില്‍ ശക്തിപ്രകടനം നടത്തുമെന്ന് അഴഗിരി പ്രഖ്യാപിച്ചു. അന്നുമുതല്‍ കാത്തിരിക്കുകയാണ് ഡിഎംകെ. ആ ശക്തിപ്രകടനത്തില്‍ എത്രയാളുണ്ടാവും എന്നറിയാന്‍. 

Azhagiri
Photo: V. Ramesh

അതിനിടെ സ്റ്റാലിന്‍ പാര്‍ട്ടി പ്രസിഡണ്ടായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അതി ശക്തമായ നിലപാട് പ്രഖ്യാപനമായിരുന്നു സ്റ്റാലിന്‍ പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ നടത്തിയ പ്രസംഗം. തമിഴ്നാട്ടിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് ഇവിടെയിപ്പോള്‍ നേതൃത്വപാടവമുള്ള രണ്ട് പേരെയുള്ളു എന്നാണ്. ഒന്ന് സ്റ്റാലിന്‍. രണ്ട് ടി.ടി.വി ദിനകരന്‍. ദിനകരന്‍ അയാളുടെ പാര്‍ട്ടിയെ കെട്ടിപ്പടുക്കുയാണ്. ഇരുപത്തൊന്നോളം എംഎല്‍എമാരും ലക്ഷക്കണക്കിന് അണികളും അയാള്‍ക്കൊപ്പമുണ്ട്. സ്റ്റാലിന്‍ മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കിയുള്ള യാത്രയിലുമാണ്. 

ഡിഎംകെയ്ക്കുള്ളില്‍ ഇപ്പോള്‍ കാര്യമായ പ്രശ്നങ്ങള്‍ ഒന്നുമില്ല. നേതാക്കളും അണികളുമെല്ലാം സ്റ്റാലിനെ നേതാവായി അംഗീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. കനിമൊഴിയും അന്‍പഴകനും ദുരെമുരുകനും എ രാജയും ഉള്‍പ്പെടെ സ്റ്റാലിന്‍ ഒപ്പം തന്നെയുണ്ട്. മുന്നണി സംവിധാനവും ശക്തമാണ്. 

നിലവിലെ മുന്നണി സംവിധാനത്തില്‍ മത്സരിച്ചാല്‍ ലോക്സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടാമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കണക്കു കൂട്ടല്‍. കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും മുസ്ലിംലീഗും വൈക്കോയും തിരുമാവളവനും എല്ലാം ഡിഎംകെയ്ക്കൊപ്പമാണ്. ബിജെപി വിരുദ്ധ വികാരം നേരത്തേ തന്നെ പ്രകടമായുള്ള തമിഴ്നാട്ടില്‍ അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ സ്റ്റാലിന്‍ തുടര്‍ച്ചയായി നടന്നുമുണ്ട്. 

കേന്ദ്ര സര്‍ക്കാരിനും അവരെ പല ഘട്ടങ്ങളിലും പിന്തുണയ്ക്കുന്ന അണ്ണാ ഡിഎംകെ സര്‍ക്കാരിനുമെതിരായ വികാരം ആളിക്കത്തിക്കാനുള്ള സ്റ്റാലിന്റെ ശ്രമത്തിന് എല്ലാ പിന്തുണയുമായി വലിയ വിഭാഗം ജനമുണ്ടെന്ന് ചുരുക്കം. രജനീകാന്തിന്റെ രാഷ്ട്രീയ നീക്കം എന്ത് എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. ആ ഘട്ടത്തില്‍ ഡിഎംകെയ്ക്കുള്ളില്‍ വീണ്ടും പ്രശ്നങ്ങള്‍ക്ക് തുടക്കമിടാന്‍ നേതാക്കളും സ്റ്റാലിനും ആഗ്രഹിക്കുന്നില്ല എന്നതാണ് അഴഗിരിക്കു മുന്നിലെ ഏറ്റവും പ്രധാന വെല്ലുവിളി. 

പാര്‍ട്ടിയില്‍ തിരിച്ചെത്തുന്ന അഴഗിരി ശക്തനായിരിക്കും. അധികാരം കയ്യിലുള്ള അഴഗിരിക്കൊപ്പം അനുയായികളും നേതാക്കളും ചേരും. അത് വീണ്ടും അവകാശവാദങ്ങള്‍ക്കും അധികാരത്തിര്‍ക്കത്തിനും കാരണമാകും എന്ന് അഴഗിരിയുടെ ചരിത്രം വച്ച് സ്റ്റാലിന് നന്നായറിയാം. ഇരുവരുടേയും സഹോദരി സെല്‍വി അനുനയ നീക്കങ്ങളുമായി രംഗത്തുണ്ട്. 

Azhagiri
Photo: V. Ramesh

അഴഗിരിയുടെ മകന്‍ ദയാനിധി അഴഗിരിക്ക് ഡിഎംകെയില്‍ സ്ഥാനം നല്‍കി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. എന്നാല്‍ അക്കാര്യത്തിലും സമവായത്തിന് സാധ്യത തീരെക്കുറവാണ്. നേരത്തെ പറഞ്ഞപോലെ മുഖ്യമന്ത്രിസ്ഥാനവും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാലിന്‍ വിലങ്ങു തടിയായേക്കാവുന്ന തീരുമാനത്തിന് മുതിരില്ല. 

അഴഗിരിയുടെ റാലിയില്‍ പങ്കെടുക്കാനായി ആളുകള്‍ രാവിലെ എട്ടുമണി മുതലാണ് ചെന്നൈ ട്രിപ്ലിക്കേനില്‍ എത്തിത്തുടങ്ങിയത്. പത്തു മണിക്ക് റാലി ആരംഭിക്കും എന്ന് നേരത്തെ പ്രഖ്യാപിച്ച അഴഗിരി എത്തിയത് 11.30 ന്. റാലിയില്‍ അന്‍പതിനായിരം പേര്‍ പങ്കെടുത്തുവെന്ന് പല തമിഴ്് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ട്രിപ്ലിക്കേനില്‍ നിന്ന് മറീനാ ബീച്ചിലേക്ക് കഷ്ടി രണ്ടര കിലോ മീറ്റര്‍ ദൂരമേയുള്ളു. അന്‍പതിനായിരം പേര്‍ റോഡിന്റെ ഒരു വശംനിന്ന് ജാഥയായി പോയാല്‍ ഇനിയും രണ്ട് കിലോമീറ്ററില്‍ അധികം ദൂരം ആളുകള്‍ക്ക് നില്‍ക്കാന്‍ കഴിയും. പക്ഷേ റാലി മറീനാ ബീച്ചില്‍ എത്തിയശേഷം അണ്ണാദുരെ സ്മാരകത്തിന്റെ കവാടത്തിനുപുറത്തു പോലും ആള്‍ത്തിരക്കില്ലായിരുന്നു എന്നതാണ് വാസ്തവം. 

ഇനിയുള്ള നീക്കങ്ങള്‍ പ്രഖ്യാപിക്കും എന്ന് നേരത്തെ പ്രഖ്യാപിച്ച അഴഗിരി മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ തിരിച്ചു നടന്നു. അഴഗിരിക്ക് മുന്നില്‍ ഇനിയെന്ത് എന്നതാണ് ചോദ്യം. സ്റ്റാലിന് അലിവ് തോന്നിയാല്‍ മാത്രം പാര്‍ട്ടിയില്‍ തിരിച്ചെത്താം എന്നതാണ് മറുപടി. പ്രതികാര നടപടിയെന്നോണം ഒരു നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ അഴഗിരിക്ക് ഡിഎംകെയെ തോല്‍പിക്കാന്‍ കഴിയും. 

അണ്ണാഡിഎംകെയുടെ സിറ്റിങ്ങ് സീറ്റായ മധുരയിലെ തിരുപ്പറകുന്‍ഡ്രത്ത് അടുത്തു തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കും. സിറ്റിങ്ങ് എംഎല്‍എ മരണപ്പെട്ടതാണ് കാരണം. പ്രതിപക്ഷ ഐക്യത്തോടെ സീറ്റ് പിടിച്ചെടുക്കാം എന്ന സ്റ്റാലിന്റെ മോഹത്തിന് താല്‍ക്കാലിക തിരിച്ചടി നല്‍കാന്‍ അഴഗിരി ശ്രമിച്ചേക്കാം. പക്ഷേ സ്റ്റാലിനും ഡിഎംകെയും അതും പരിഗണിക്കാന്‍ ഇടയില്ല.