90 വര്‍ഷത്തെ പാരമ്പര്യമുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വ്യാഴാഴ്ച മുതല്‍ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള അദാനി ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് ലിമിറ്റഡ് (എടിയാല്‍) ഏറ്റെടുക്കും. അടുത്ത 50 വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും അദാനി ഗ്രൂപ്പ് നിര്‍വഹിക്കുക. രാജ്യത്തെ ആറുവിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണിത്. സ്വകാര്യവത്കരണത്തിനെതിരേ സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് ജീവനക്കാരും നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ബുധനാഴ്ച അര്‍ധരാത്രി വിമാനത്താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ക്ക് രേഖകള്‍ കൈമാറി സ്വകാര്യവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കും. പാട്ടക്കരാര്‍ പ്രകാരം വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും 168 രൂപ വീതം അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കും.

സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കിയത്. വിമാനത്താവളം സംസ്ഥാനത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും സ്വകാര്യവത്കരണത്തിനെതിരേ ജീവനക്കാരും രംഗത്തുവന്നിരുന്നു. വിമാനത്താവളം സംസ്ഥാനത്തിന് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് നിയമസഭയും പ്രമേയം പാസാക്കിയിരുന്നു. കൈമാറ്റ നടപടികളുടെ ഭാഗമായി അദാനി ഗ്രൂപ്പിന്റെ 45 ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഓഗസ്റ്റ് 16 മുതല്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍, കസ്റ്റംസ്, എമിഗ്രേഷന്‍ എന്നിവയ്ക്ക് പുറമേ പ്ലാന്റ് ആന്‍ഡ് അനിമല്‍ ക്വാറന്റീന്‍ സര്‍വീസ്, ആരോഗ്യവിഭാഗം, കാലാവസ്ഥാ വിഭാഗം, സുരക്ഷാ ഏജന്‍സികളുടെയും പ്രവര്‍ത്തനം തുടങ്ങിയവ വ്യോമയാന മന്ത്രാലയം ഉറപ്പാക്കും. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം ഉറപ്പാക്കുന്ന സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്റ് ഒപ്പുവെച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനത്തിന് അത് തടസ്സമാകില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തല്‍.

വിമാനത്താവള സ്വകാര്യവത്കരണം പൂര്‍ത്തിയാകുന്നതോടെ, തലസ്ഥാനനഗരത്തിന്റെ വികസനത്തിന്റെ പ്രധാനപ്പെട്ട സംരംഭങ്ങള്‍ അദാനി ഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തുകയാണ്.

ഏറ്റവും വലിയ കൈമാറ്റം

അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് വിട്ടുകൊടുക്കുന്നതിലൂടെ സ്വകാര്യ മേഖലയിലേക്കുള്ള ഏറ്റവും വലിയ കൈമാറ്റത്തിനു സംസ്ഥാനം സാക്ഷിയാകും. സംസ്ഥാനത്തെ ആദ്യ വിമാനത്താവളമാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.

ധനസമാഹരണ പാക്കേജിന്റെ ഭാഗമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്(ബി.ഇ.എം.എല്‍.), ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ്(എച്ച്.എല്‍.എല്‍.) എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ.

സ്വകാര്യവഴിയേ ബി.ഇ.എം.എല്‍.

ആദ്യഘട്ടത്തില്‍ ബി.ഇ.എം.എല്‍. സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനാണ് സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുക. നിലവില്‍ 54 ശതമാനം ഓഹരിയാണ് കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍. ഇതില്‍ 26 ശതമാനം ഓഹരി വിറ്റഴിക്കാനാണ് നീക്കം. 26 ശതമാനമാണെങ്കിലും ബി.ഇ.എം.എല്ലിന്റെ നിയന്ത്രണം പൂര്‍ണമായും വിട്ടുകൊടുത്തുകൊണ്ടാണ് ഓഹരിവില്‍പ്പനയെന്ന് തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ബെംഗളൂരു, മൈസൂരു, കോളാര്‍ഖനി, പാലക്കാട് യൂണിറ്റുകളാണ് ബി.ഇ.എം.എല്ലിനുള്ളത്. വിറ്റഴിക്കലിനായി താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ ആറ് കമ്പനികളാണ് മുന്നോട്ടുവന്നത്. ഇതില്‍ നാലെണ്ണം ഇന്ത്യന്‍ കമ്പനികളും രണ്ടെണ്ണം വിദേശ കമ്പനികളുമാണ്. റെയില്‍വേ കോച്ചുകള്‍, മെട്രോ കോച്ചുകള്‍, പ്രതിരോധവിഭാഗത്തിനു വേണ്ടിയുള്ള ഉപകരണങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇവിടെ നിര്‍മിക്കുന്നത്. കാര്യക്ഷമത കുറഞ്ഞതും ഈ മേഖലയില്‍ പരിചയമില്ലാത്തതുമായ കമ്പനികളാണ് ഇപ്പോള്‍ താത്പര്യം അറിയിച്ചുവന്നതെന്ന് ബി.ഇ.എം.എല്‍. എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഗിരീഷ് പറഞ്ഞു.

എച്ച്.എല്‍.എല്ലും പട്ടികയില്‍

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ് സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി താത്പര്യപത്രം ക്ഷണിച്ചുകഴിഞ്ഞു. എന്നാല്‍, നിലവില്‍ ഒരു കമ്പനിയും മുന്നോട്ടുവന്നില്ലെന്നാണ് സൂചന. കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള നൂറുശതമാനം ഓഹരികളും കൈമാറാനാണ് നീക്കം. 1440 ജീവനക്കാരാണ് എച്ച്.എല്‍.എല്ലില്‍ പ്രവര്‍ത്തിക്കുന്നത്.

എച്ച്.എന്‍.എല്‍. അല്ല പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ്

സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കോട്ടയം ജില്ലയിലെ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ്, കേരള പേപ്പര്‍ േപ്രാഡക്ട്‌സ് ലിമിറ്റഡ് എന്നപേരിലാണ് പ്രവര്‍ത്തനം പുനരാരംഭിക്കുക. ഇതിനായി സ്‌പെഷ്യല്‍ ഓഫീസറെയും നിയമിച്ചുകഴിഞ്ഞു. ആകെയുള്ള 700 ഏക്കറില്‍ മുന്നൂറ് ഏക്കറില്‍ കേരള പേപ്പര്‍ േപ്രാഡക്ട്‌സും 400 ഏക്കറില്‍ കിന്‍ഫ്രയുടെ റബ്ബര്‍പാര്‍ക്കുമാണ് ആരംഭിക്കുക.

തലസ്ഥാനത്തെത്തുന്നത് ആയിരക്കണക്കിന് കോടിയുടെ നിക്ഷേപങ്ങള്‍

അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം രാജ്യത്തെ പ്രധാനപ്പെട്ട ട്രാന്‍സ്ഷിപ്മെന്റ് മേഖലയായി മാറും. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഈ രണ്ടു സംരംഭങ്ങളിലുമായി ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപമാണ് വരുംവര്‍ഷങ്ങളില്‍ തലസ്ഥാനത്തേയ്ക്ക് എത്തുക.

തലസ്ഥാനത്ത് വ്യോമയാനമേഖലയില്‍ കൂടുതല്‍ വികസനമുണ്ടാകുമെന്നാണ് വ്യവസായലോകം കണക്കാക്കുന്നത്. സ്വകാര്യമേഖലയില്‍ കൊച്ചി വിമാനത്താവളത്തിന്റെ വളര്‍ച്ച ഇതിനുദാഹരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യ സംരംഭകര്‍ മത്സരക്ഷമതയോടെ ഇടപെടുമ്പോള്‍ നിരക്ക് കുറയും. കൂടുതല്‍ സര്‍വീസുകള്‍ എത്തിക്കും - ഇങ്ങനെ നീളുന്നു പ്രതീക്ഷകള്‍ .

ടെക്നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ വിദേശ കമ്പനികള്‍ ഇവിടേയ്ക്ക് എത്തും. ഇവരെല്ലാം ആവശ്യപ്പെടുന്നത് തലസ്ഥാനത്ത് എത്തിച്ചേരാനുള്ള മികച്ച വ്യോമയാനശൃംഖലയാണ്.

 

Shashi Tharoor
ശശി തരൂര്‍

പുരോഗതിക്ക് വഴിയൊരുങ്ങുമെന്ന് പ്രതീക്ഷ -ശശി തരൂര്‍

left quotes iconപരിഗണിക്കാന്‍ ആരുമില്ലാതിരുന്ന തിരുവനന്തപുരം വിമാനത്താവളത്തിനു പുരോഗതിയുണ്ടാകാന്‍ വഴിയൊരുങ്ങുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിലൂടെ പ്രതീക്ഷിക്കുന്നതെന്ന് ശശി തരൂര്‍ എം.പി. പറഞ്ഞു.

ഗതാഗതസൗകര്യത്തിന്റെ അഭാവംകൊണ്ടാണ് തിരുവനന്തപുരത്ത് വന്‍കിട കമ്പനികളൊന്നും നിക്ഷേപത്തിനു തയ്യാറാകാത്തത്. അദാനിക്കു പകരം സംസ്ഥാന സര്‍ക്കാരാണ് വിമാനത്താവളം ഏറ്റെടുത്തതെങ്കില്‍ അതിയായി സന്തോഷിച്ചേനേ. ആരുവന്നാലും ഈ നാട്ടിലെ ജനങ്ങള്‍ക്ക് നന്മയുണ്ടാകണമെന്നാണ് ആഗ്രഹം. പായസം രുചിച്ച്right quotes icon നോക്കിയാലേ മധുരം അറിയാനാകൂ. വിമാനത്താവള കൈമാറ്റത്തിന്റെ രുചി അറിയാന്‍ തുടങ്ങുന്നതേയുള്ളൂ. അതില്‍ തൃപ്തിയില്ലെങ്കില്‍ വിമര്‍ശിക്കുകയും പരാതി ഉയര്‍ത്തുകയും ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞു.   


വിമാനത്താവളത്തിന്റെ നിലവിലെ അവസ്ഥ

നിലവില്‍ തിരുവനന്തപുരത്ത് നിന്ന് ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞുവരികയാണ്. അദാനി ഗ്രൂപ്പിന് കൂടുതല്‍ വിമാനക്കമ്പനികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയും. രാജ്യത്തെ പ്രധാനപ്പെട്ട ആറു വിമാനത്താവളങ്ങള്‍ അദാനിയുടെ നിയന്ത്രണത്തിലായതിനാല്‍ അവിടങ്ങളുമായി ബന്ധിപ്പിച്ച് സര്‍വീസുകള്‍ നടത്താന്‍ വഴിയൊരുക്കും.

നിലവില്‍ തിരുവനന്തപുരത്തെത്തേണ്ട 40 ശതമാനം ആളുകളും കൊച്ചിയെ ആണ് ആശ്രയിക്കുന്നത്. നിരക്കിളവും കൂടുതല്‍ സര്‍വീസുകളും ഉണ്ടെന്ന കാരണത്താലാണിത്. ഇവരെ തിരികെ കൊണ്ടുവരാന്‍ അദാനി ഗ്രൂപ്പിന്റെ ഇടപെടലിന് കഴിയുമെന്നാണ് തലസ്ഥാനത്തെ വ്യവസായലോകത്തിന്റെ പ്രതീക്ഷ.

തിരുവനന്തപുരത്തെ കൂടാതെ കൊല്ലം, പത്തനംതിട്ട, തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി, മധുര ജില്ലകളിലെ യാത്രക്കാര്‍ക്കും വിമാനത്താവളത്തിന്റെ വികസനം ഗുണം ചെയ്യും.

നേരത്തെ കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് ഏറ്റവും കൂടുതല്‍ ചരക്ക് കയറ്റുമതി ചെയ്തിരുന്നത് തിരുവനന്തപുരം വഴിയാണ്.

തമിഴ്നാട്ടില്‍ നിന്നുള്ള പഴം, പച്ചക്കറി, പൂക്കള്‍, മുട്ട, മാംസം എന്നിവയെല്ലാം ഇവിടെ നിന്ന് കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ കാര്‍ഗോ വിമാനങ്ങളുടെ എണ്ണം കുറഞ്ഞതോടെ ഇവയെല്ലാം കൊച്ചിവഴിയായി. കൂടുതല്‍ കാര്‍ഗോ വിമാനങ്ങള്‍ ഇവിടെ നിന്ന് സര്‍വീസ് തുടങ്ങിയാല്‍ ഈ മേഖലയില്‍ തലസ്ഥാനത്ത് വലിയ ബിസിനസ് സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.


M Vijayakumar
എം.വിജയകുമാര്‍

നിയമവിരുദ്ധം -എം.വിജയകുമാര്‍, ചെയര്‍മാന്‍, വിമാനത്താവള ആക്ഷന്‍ കമ്മിറ്റി

left quotes iconതിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്കു കൈമാറുന്നത് നിയമവിരുദ്ധമാണ്. ഈ കൈമാറ്റത്തിനെതിരേ കേരള സര്‍ക്കാരും വിമാനത്താവള കര്‍മസമിതിയും നല്‍കിയ കേസ് സുപ്രീംകോടതിയില്‍ നിലനില്‍ക്കുകയാണ്. ഇതില്‍ വിധി വരുന്നതിനു മുമ്പ് വിമാനത്താവളം കൈമാറുന്നതു ശരിയല്ല.right quotes icon വിമാനത്താവളത്തിനായി 625 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. ഇത് സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് അംഗീകരിക്കാനാവില്ല. 


ആദ്യ സര്‍വീസ് 1935-ല്‍, ഫ്‌ളൈയിങ് ക്ലബ്ബായി തുടക്കം 

ശ്രീചിത്തിര തിരുനാൾ മഹാരാജാവും കൊച്ചിയിലെ പരീക്ഷിത്ത് തമ്പുരാനും പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനൊപ്
ശ്രീചിത്തിര തിരുനാൾ മഹാരാജാവും കൊച്ചിയിലെ
പരീക്ഷിത്ത് തമ്പുരാനും പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനൊപ്പം
തിരുവനന്തപുരം വിമാനത്താവളത്തിൽ. (1949ലെ ചിത്രം)

ശംഖുംമുഖത്ത് ഇന്നത്തെ വിമാനത്താവളത്തില്‍ ആദ്യമുണ്ടായിരുന്നത് ഫ്‌ളൈയിങ് ക്ലബ്ബായിരുന്നു. 1932ല്‍ ജി.വി.രാജായുടെ നേതൃത്വത്തില്‍ കേരള ഫ്‌ളൈയിങ് ക്ലബ്ബിനായി ശംഖുംമുഖം വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 1935 ഒക്ടോബര്‍ 29ന് മുംബൈയില്‍ നിന്നുള്ള ആദ്യ വിമാനം നിലംതൊട്ടു.

ബ്രിട്ടീഷുകാരുടെ സൗകര്യാര്‍ഥം കൊല്ലം ആശ്രാമത്താണ് ആദ്യം വിമാനത്താവളമുണ്ടായിരുന്നത്. തിരുവനന്തപുരത്ത് വിമാനത്താവളം വേണമെന്ന് ശ്രീചിത്തിര തിരുനാള്‍ മഹാരാജാവും ദിവാന്‍ സര്‍. സി.പി.രാമസ്വാമി അയ്യരും ആഗ്രഹിച്ചിരുന്നു. കഴക്കൂട്ടത്താണ് ഇതിനായി സ്ഥലം കണ്ടത്. നഗരത്തില്‍നിന്നുള്ള ദൂരക്കൂടുതല്‍ കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പകരം ഫ്‌ളൈയിങ് ക്ലബ്ബിനെ നവീകരിച്ച് വിമാനത്താവളമാക്കി. ഇവിടെയുണ്ടായിരുന്ന നിരവധി കല്‍മണ്ഡപങ്ങളും രാജകുടുംബങ്ങളുടെ കൊട്ടാരങ്ങളും നിര്‍മാണത്തിനായി പൊളിച്ചുമാറ്റി.

ടാറ്റാ സണ്‍സ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് ആദ്യത്തെ എയര്‍ മെയില്‍ സര്‍വീസ് ആരംഭിച്ചത്. എല്ലാ ബുധനാഴ്ചയും മുംബൈയില്‍നിന്നും തിരിച്ച് ഗോവ, കണ്ണൂര്‍ വിമാനത്താവളം താണ്ടിയാണ് തിരുവനന്തപുരത്ത് വിമാനമെത്തിയിരുന്നത്. എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരത്തുനിന്ന് ഇതേ മാര്‍ഗത്തിലൂടെയാണ് മുംബൈയിലേക്കുള്ള മടക്കയാത്ര. തിരുവനന്തപുരത്തുനിന്നും ട്രെയിന്‍ മാര്‍ഗം മുംബൈയ്ക്കുള്ള 48 മണിക്കൂര്‍ യാത്ര വിമാനംകൊണ്ട് ലാഭിച്ചു. 75 രൂപയായിരുന്നു അന്നത്തെ യാത്രാനിരക്ക്.

തിരുവിതാംകൂറിന്റെ കച്ചവട ഏജന്റുമാരായിരുന്ന ജെ.ഡി.നവറോജി, കാഞ്ചി ദ്വാരകാനാഥ് എന്നിവരെ കയറ്റിയാണ് മുംബൈയില്‍ നിന്നുള്ള ആദ്യ വിമാനം പറന്നത്. രാവിലെ 6.30-നു പുറപ്പെട്ട വിമാനം വൈകീട്ട് ശംഖുംമുഖത്തെത്തി. നവംബര്‍ ഒന്നിന് രാവിലെ മടക്കയാത്രയിലും ഇവരായിരുന്നു യാത്രക്കാര്‍. 14 കിലോയുടെ തപാല്‍ ഉരുപ്പടികളും വിമാനത്തില്‍ കൊണ്ടുപോയി. വൈസ്രോയി വെല്ലിങ്ടണ്‍ പ്രഭുവിനും മുംബൈ ഗവര്‍ണര്‍ക്കും മഹാരാജാവ് അയച്ച കത്തുകള്‍ ഇവയിലുണ്ടായിരുന്നു.

ആഴ്ചയിലൊരിക്കലായിരുന്ന മുംബൈ സര്‍വീസ് പിന്നീട് സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര സര്‍വീസായി മാറ്റി. 1947 ജനുവരി 15-ന് അന്നത്തെ തിരുവിതാംകൂര്‍ ചീഫ് ജസ്റ്റിസ് ടി.എന്‍.കൃഷ്ണസ്വാമി അയ്യരാണ് ഉദ്ഘാടനം ചെയ്തത്.

തിരുവനന്തപുരത്തുനിന്നും കൊളംബോയിലേക്ക് സര്‍വീസ് നടത്തിക്കൊണ്ടായിരുന്നു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം. ഇന്ത്യയിലെ ഫ്‌ളൈയിങ് ക്ലബ്ബുകളില്‍ ആദ്യമായി ഇന്ത്യന്‍ നിര്‍മിത 'പുഷ്പക്' വിമാനം ഉപയോഗിച്ചത് തിരുവനന്തപുരത്തായിരുന്നു.


V V Rajesh
വി.വി.രാജേഷ്

വികസനക്കുതിപ്പിനു സഹായിക്കും -വി.വി.രാജേഷ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് 

left quotes iconവിമാനത്താവളത്തിന്റെ വികസനക്കുതിപ്പിന് ഈ കൈമാറ്റം സഹായിക്കും. വലിയright quotes icon വികസനവും തൊഴിലവസരവുമാണ് വിമാനത്താവള വികസനത്തോടെ തലസ്ഥാനത്തെ കാത്തിരിക്കുന്നത്.


സൈനിക നീക്കങ്ങള്‍, അടിയന്തര വിമാനമിറക്കലുകള്‍, വന്‍ ആയുധക്കടത്ത് 

അന്താരാഷ്ട്ര വിമാനത്താവളമായി മാറുംമുന്‍പുതന്നെ തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്രതലത്തില്‍ പലതവണ ശ്രദ്ധ പിടിച്ചുപറ്റി. ശ്രീലങ്കന്‍, മാലദ്വീപ് ആഭ്യന്തര പ്രശ്‌നങ്ങളുടെ കാലത്ത് ഇന്ത്യയുടെ ഇടപെടലുകളുടെ 'ആങ്കറിങ്' കേന്ദ്രം തിരുവനന്തപുരം വിമാനത്താവളമായിരുന്നു. ശ്രീലങ്കയിലേക്കുള്ള വന്‍ ആയുധക്കടത്ത് പിടികൂടിയതുള്‍പ്പെടെയുള്ള സംഭവബഹുലമായ ഒട്ടേറെക്കാര്യങ്ങള്‍ക്ക് ഈ റണ്‍വേ സാക്ഷ്യംവഹിച്ചു.

1985 ജനുവരി പത്തിനാണ് ആഫ്രിക്കന്‍ രാജ്യമായ സയറെയില്‍ നിന്നുള്ള കാര്‍ഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. ഇന്ധനം തീര്‍ന്നതായിരുന്നു കാരണം. നിലത്തിറക്കിയ ഉടനെ വിമാനത്താവള അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കാര്‍ഗോ എന്ന പേരില്‍ വിമാനത്തില്‍ നിറച്ചിരുന്ന ടണ്‍ കണക്കിന് ആയുധശേഖരം കണ്ടെത്തിയത്. അതോടെ 'തൊണ്ടിവിമാനം' പിടിച്ചിട്ടു. ചുറ്റും മറ്റ് വാഹനങ്ങള്‍ നിരത്തി തടഞ്ഞിടുകയായിരുന്നു. എന്നാല്‍ പൈലറ്റ് ഉള്‍പ്പെടെ ആരുംതന്നെ പുറത്തിറങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ പുറത്തുവരണമെന്ന് കണ്‍ട്രോള്‍ ടവറില്‍നിന്നു കര്‍ശന അറിയിപ്പു കിട്ടിയതോടെയാണ് അവര്‍ പുറത്തിറങ്ങാന്‍ തയ്യാറായത്. ശ്രീലങ്കയില്‍ മിലിട്ടറി ഹെഡ്ക്വര്‍ട്ടേഴ്സിനു കൈമാറാനുള്ള സാധനങ്ങള്‍ എന്നു മാത്രമേ അറിയൂ എന്നായിരുന്നു വിമാനജീവനക്കാരുടെ വെളിപ്പെടുത്തല്‍. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട വിഷയം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരുന്നു.

തിരുവനന്തപുരത്തുനിന്ന് 30 മിനിറ്റു മാത്രംമതി കൊളംബോയില്‍ എത്താന്‍.

1988-ല്‍ മാലദ്വീപില്‍ സായുധ കലാപമുണ്ടായപ്പോഴും ശ്രീലങ്കന്‍ ആഭ്യന്തര പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെട്ട സമയത്തും ഇന്ത്യന്‍ സൈന്യം ഈ വിമാനത്താവളത്തില്‍നിന്നായിരുന്നു അവിടേക്ക് പറന്നത്. ഇന്ധനം നിറയ്ക്കാന്‍ പട്ടാള വിമാനങ്ങളടക്കം ഇറക്കിയിരുന്നതും ഇവിടെയാണ്. 1988 നവംബര്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് അറുനൂറോളം കമാഡോകളാണ് മാലദ്വീപിലേക്ക് പറന്നത്.

നൂറുകണക്കിന് കമാന്‍ഡോകള്‍ ആയുധധാരികളായി ഉത്തരവും കാത്ത് വിമാനത്താവളത്തില്‍ തയ്യാറായി നിന്നു.

ഇടയ്ക്കിടെ 15 മിനിറ്റു കൊണ്ട് വ്യോമസേനയുടെ ഫൈറ്റര്‍ വിമാനങ്ങള്‍ മാലിക്കു മുകളില്‍ പോയി സ്ഥിതിഗതികളും വിലയിരുത്തിയിരുന്നു.

ആറാട്ടിനായി തുറന്നുകൊടുക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ രണ്ട് ഉത്സവങ്ങളുടെ ആറാട്ടിനായി ശംഖുംമുഖത്തെ വിമാനത്താവളം വര്‍ഷത്തില്‍ രണ്ടുതവണ തുറന്നുകൊടുക്കും. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത അപൂര്‍വതയാണിത്.

ക്ഷേത്രത്തിലെ പൈങ്കുനി, അല്‍പ്പശി ഉത്സവങ്ങളുടെ സമാപനത്തിനാണ് ആറാട്ട്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയില്‍നിന്ന് വള്ളക്കടവ് വഴിയാണ് ആറാട്ടെഴുന്നള്ളത്ത് ശംഖുംമുഖത്തേക്കു പോകുന്നത്. വഴിയില്‍ വിമാനത്താവളത്തിന് ഉള്ളിലൂടെയാണ് എഴുന്നള്ളത്ത് കടന്നുപോകുന്നത്. ആറാട്ട് ദിവസം ഉച്ചമുതല്‍ രാത്രി ആറാട്ട് കഴിഞ്ഞ് വിഗ്രഹങ്ങള്‍ മടങ്ങുന്നതുവരെ ഇവിടെ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കും. കഴിഞ്ഞ കൊല്ലം ലോക്ഡൗണിനെയും കോവിഡ് വ്യാപനത്തെയും തുടര്‍ന്ന് ക്ഷേത്രത്തിലെ രണ്ട് ആറാട്ടുകളും ചരിത്രത്തിലാദ്യമായി പദ്മതീര്‍ഥക്കുളത്തിലാണ് നടത്തിയത്. ശംഖുംമുഖത്തേക്കുള്ള എഴുന്നള്ളത്ത് ഇല്ലാത്തതിനാല്‍ വിമാനത്താവളം അടച്ചിടുന്ന പതിവ് കഴിഞ്ഞ കൊല്ലം ഇല്ലായിരുന്നു.

തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോഴുള്ള കവനന്റില്‍ ക്ഷേത്രത്തിനുള്ള ഈ പ്രത്യേക ആചാരം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവാണ് ഇഷ്ടദേവന്റെ എഴുന്നള്ളത്തിനുള്ള പാത നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടത്. രാജ്യം പിന്നീടും ഈ അപൂര്‍വതയ്ക്ക് കുടചൂടിനിന്നു. വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറിയാലും കവനന്റിലുള്ള ഈ ഉടമ്പടി പിന്തുടരേണ്ടിവരും.

 

സര്‍ക്കാരും കോണ്‍സുലേറ്റും ഉലഞ്ഞ 'ഡിപ്ലോമാറ്റിക്' സ്വര്‍ണക്കടത്ത്

ചെറുതും വലുതുമായ കള്ളക്കടത്ത് കഥകള്‍ തിരുവനന്തപുരം വിമാനത്താവളത്തിന് പറയാനുണ്ടെങ്കിലും ഭരണകൂടത്തെയും കേരള രാഷ്ട്രീയത്തെയാകെയും ഉലച്ച സ്വര്‍ണക്കടത്താണ് 2020 ജൂലായില്‍ നടന്നത്.

ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയെന്ന ഗൗരവം കൂടിയുണ്ടിതിന്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം പ്രധാന രാഷ്ട്രീയ ആയുധമായി ഈ സംഭവം മാറി.

സ്വര്‍ണം ഒളിപ്പിച്ചു കടത്തിയത് യു.എ.ഇ. കോണ്‍സുലേറ്റിലേക്കുള്ള പാഴ്സലില്‍ ആയിരുന്നു എന്നതാണ് സംഭവത്തിന് ഒടുങ്ങാത്ത ഞെട്ടല്‍ സമ്മാനിച്ചത്. സ്റ്റീല്‍ പൈപ്പുകള്‍ക്കുള്ളിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. പല ബോക്സുകളിലായി സ്വര്‍ണം എത്തിയത് ദുബായില്‍ നിന്നാണ്.

കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സ്വപ്നാ സുരേഷും സരിത്തുമുള്‍പ്പെടെ പ്രതികള്‍ ഒന്നൊന്നായി പിടിയിലായി. പ്രതികളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന പരാതിയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ ഇ.ഡി.യും കസ്റ്റംസും ചോദ്യം ചെയ്തു. ഒടുവില്‍ ഇദ്ദേഹം സസ്പെന്‍ഷനിലുമായി.

യു.എ.ഇ. കോണ്‍സുലേറ്റും മുഖ്യമന്ത്രിയുടെ ഓഫീസുമെല്ലാം സംശയത്തിന്റെ നിഴലിലായ സംഭവത്തില്‍ യു.എ.ഇ.യും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ വന്‍ സ്വര്‍ണക്കടത്ത് കണ്ണികളിലേക്ക് വിരല്‍ചൂണ്ടിയ ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.


തയ്യാറാക്കിയത് : ടി.രാമാനന്ദകുമാര്‍, സി.ആര്‍കൃഷ്ണകുമാര്‍, സി.ശ്രീകാന്ത്‌