ധാറിന് സുപ്രീം കോടതിയില്‍ നിന്ന് ഉപാധികളോടെ അംഗീകാരം ലഭിച്ചിരിക്കുന്നു. ആധാറിനെച്ചൊല്ലി 2013ല്‍ ആരംഭിച്ച വാദപ്രതിവാദങ്ങള്‍ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. ആധാറിനു നിയമസാധുതയുണ്ടെന്നാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചില്‍ നിന്ന് ബുധനാഴ്ച്ചയുണ്ടായ ഭൂരിപക്ഷവിധി. സബ്സിഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും പാന്‍ കാര്‍ഡിനും ആദായനികുതി റിട്ടേണുകള്‍ക്കും ആധാര്‍ നിര്‍ബന്ധമായി തുടരും. എന്നാല്‍, ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ നമ്പറുമായും ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ല. സ്‌കൂള്‍പ്രവേശനം, വിവിധ പരീക്ഷകള്‍ എന്നിവയ്ക്കും ആധാര്‍ വേണ്ട. സ്വകാര്യ കമ്പനികള്‍ ആധാര്‍ ചോദിക്കാന്‍ പാടില്ല. ആധാര്‍ നിയമത്തിലെ വിവിധ വകുപ്പുകളും സുപ്രീംകോടതി റദ്ദാക്കി. 

ആധാര്‍ 'പുരോഗമിച്ചുകൊണ്ടിരിക്കുന്ന' പദ്ധതിയാണ്. അതില്‍ പിഴവുകളുണ്ടെങ്കില്‍ ഉപേക്ഷിക്കുകയല്ല, പരിഹരിക്കുകയാണു വേണ്ടതെന്ന് ഭൂരിപക്ഷവിധിയില്‍ പറയുന്നു. വിരലടയാളവും കൃഷ്ണമണിയും ഉപയോഗിച്ചുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉറപ്പാക്കല്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ അതിനുപകരം സംവിധാനമുണ്ടാക്കണം. അസ്തിത്വം തെളിയിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വകുപ്പുകളുണ്ടാക്കണമെന്നും സുപ്രീംകോടതി വിധിച്ചു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ഒരു വിധിയും ജസ്റ്റിസ് അശോക് ഭൂഷണ്‍ അതിനോടു യോജിച്ചുകൊണ്ടുതന്നെ മറ്റൊരു വിധിയുമെഴുതി. എന്നാല്‍, ഭൂരിപക്ഷവിധിയോട് കടുത്ത വിയോജിപ്പോടെ, ആധാര്‍ പദ്ധതിക്കുതന്നെ ഭരണഘടനാസാധുതയില്ലെന്നാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിധിയെഴുതിയത്. സാങ്കേതികവിദ്യയുടെ മാറ്റങ്ങളുടെ പേരില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ അടിയറവയ്ക്കരുതെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിലപാട്. 

സര്‍ക്കാരിന്റെ വിജയം - ബി.ജെ.പി.

arun jaytley"പാവപ്പെട്ട ജനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ നയങ്ങളുടെ വിജയം. വിധി പ്രതിപക്ഷത്തെ തുറന്നുകാട്ടി. നേരിട്ട് ഉപയോക്താക്കള്‍ക്ക് പദ്ധതികളുടെ ഗുണഫലം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് വിധി സഹായിക്കും."

Read More:വിധി ചരിത്രപരം, ആധാര്‍ ലാഭിക്കുന്നത് പ്രതിവര്‍ഷം 90,000 കോടി- അരുണ്‍ ജെയ്റ്റ്ലി

ഭൂരിപക്ഷ വിധി

 • ആധാര്‍കൊണ്ട് വ്യക്തികള്‍ക്കു ലഭിക്കുന്ന വലിയ ആനുകൂല്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം വളരെക്കുറവ്
 • ടെലികോം കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളെ ആധാര്‍ ചോദിക്കാന്‍ അനുവദിക്കുന്ന 57-ാം വകുപ്പും സുപ്രീംകോടതി റദ്ദാക്കി
 • ആധാര്‍ വിവരങ്ങള്‍ ആറു മാസത്തിലേറെ ശേഖരിച്ചുവെക്കരുത്
 • അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കരുത്. 

aadhar

 • ആധാര്‍ ബില്ലിനെ ലോക്സഭയില്‍ പണബില്ലായി അവതരിപ്പിച്ചത് ശരിവെച്ചു. 
 • വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്ന ഒന്നും ആധാര്‍ നിയമത്തിലില്ലെന്നു ഭൂരിപക്ഷവിധിയെഴുതിയ ജസ്റ്റിസ് എ.കെ. സിക്രി 
 • വിവര സംരക്ഷണത്തിനുള്ള ആധുനികസംവിധാനങ്ങള്‍ എത്രയും വേഗം നടപ്പാക്കണം.
 • വ്യക്തിഗതവിവരങ്ങള്‍ ആധാറിനായി നല്‍കുന്നത് സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണെന്ന വാദം ജസ്റ്റിസ് അശോക് ഭൂഷണും തള്ളി. മറ്റു തിരിച്ചറിയല്‍രേഖകള്‍ ലഭിക്കുന്നതിനും വ്യക്തികള്‍ക്കു വിവരങ്ങള്‍ നല്‍കേണ്ടിവരുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വിധിയില്‍ ചൂണ്ടിക്കാട്ടി.  

ബി.ജെ.പി.ക്കേറ്റ അടി - കോണ്‍ഗ്രസ്

rahul gandhi"വിധി സ്വാഗതം ചെയ്യുന്നു. ബി.ജെ.പി.യുടെ മുഖത്തേറ്റ അടിയാണിത്.  57-ാം വകുപ്പ് ബി.ജെ.പി.ക്ക് നിരീക്ഷണത്തിനുള്ള ഉപകരണമായിരുന്നു. വിധി മോദിസര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിന് തടയിടും."

Read More: ആധാര്‍; കോണ്‍ഗ്രസ് നിലപാട് ശരിവച്ച സുപ്രീംകോടതിക്ക് നന്ദി പറഞ്ഞ് രാഹുല്‍

കോടതി റദ്ദാക്കിയ  വകുപ്പുകള്‍   

ആധാര്‍ നിയമത്തിന്റെ ഭരണഘടനാസാധുത ശരിവെക്കുമ്പോള്‍ത്തന്നെ അതിലെ 33(2), 47 വകുപ്പുകളും 57-ാം വകുപ്പിന്റെ ഒരുഭാഗവും സുപ്രീംകോടതി റദ്ദാക്കി.  

 • രാജ്യസുരക്ഷ സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിലെ ജോയന്റ് സെക്രട്ടറിയില്‍ കുറയാത്ത പദവിയുള്ള ഉദ്യോഗസ്ഥന്റെ നിര്‍ദേശാനുസരണം വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നതാണ് 33(2) വകുപ്പില്‍ പറയുന്നത്.
 • വിവരങ്ങള്‍ ചോര്‍ന്നാല്‍ പരാതിപ്പെടാനുള്ള അവകാശം ആധാര്‍ അതോറിറ്റിക്കു മാത്രമാണെന്നു പറയുന്നതാണ് 47-ാം വകുപ്പ്. വ്യക്തികള്‍ക്കും പരാതി നല്‍കാനാവുംവിധം വകുപ്പില്‍ ഭേദഗതി വരുത്തണമെന്നു കോടതി നിര്‍ദേശിച്ചു.
 • സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ അനുമതി നല്‍കുന്ന 57-ാം വകുപ്പിനു കീഴിലെ ഭാഗവും ഭരണഘടനാവിരുദ്ധമാണ്.  കൂടാതെ, അഞ്ചുവര്‍ഷംവരെ ആധാര്‍ വിവരം ശേഖരിച്ചുവെക്കാന്‍ അനുമതി നല്‍കുന്ന  27-ാം ചട്ടവും റദ്ദാക്കി. ആറുമാസത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കരുതെന്ന് കോടതി വ്യക്തമാക്കി. 

Read More: ആധാര്‍;മോദി സര്‍ക്കാരിന് തിരിച്ചടിയും ആശ്വാസവും

ആധാര്‍ ഭരണഘടനാവിരുദ്ധം -ജസ്റ്റിസ് ചന്ദ്രചൂഡ് 

justivce chandrachudപണബില്ലായി അവതരിപ്പിച്ചതുള്‍പ്പെടെ ആധാര്‍ പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധി. ബില്‍ രാജ്യസഭയെ മറികടന്ന് പണബില്ലായി അവതരിപ്പിച്ചത് ഭരണഘടനാ ലംഘനമാണ്. മൊബൈലുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് സ്വകാര്യത, സ്വാതന്ത്ര്യം, പരമാധികാരം എന്നിവയ്ക്കു ഭീഷണിയാണ്.  വ്യക്തികളുടെ അനുമതിയില്ലാതെ വിവരങ്ങള്‍ മൂന്നാംകക്ഷി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. പൗരന്മാരുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ആധാര്‍ അതോറിറ്റിക്കു ബാധ്യതയില്ല. വിവര സംരക്ഷണത്തിനായി നിയന്ത്രണ സംവിധാനവുമില്ല. വ്യക്തികള്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നത് കള്ളപ്പണം വെളുപ്പിക്കാനാണ് എന്ന സങ്കല്പം ക്രൂരമാണ്. 

ആധാര്‍ വിധിയില്‍ അമര്‍ത്യ സെന്‍മുതല്‍ മണ്ടേലവരെ

manmohansingh

ആധാറിന്റെ ഭരണഘടനാസാധുത ശരിവെക്കാന്‍ സാമ്പത്തികശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ മുതല്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല വരെയുള്ളവരെ ഉദ്ധരിച്ചാണ് സുപ്രീംകോടതി വിധിയെഴുതിയത്. മഹാനായ സാമ്പത്തികവിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രിയുടെ (മന്‍മോഹന്‍ സിങ്) നേതൃത്വത്തിലാണ് നന്ദന്‍ നിലേക്കനി ആധാര്‍ പദ്ധതി ആവിഷ്‌കരിച്ചതെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.

ചെറിയ പിഴവുകളുടെ പേരില്‍ ആധാര്‍ ഉപേക്ഷിക്കുകയല്ല, പിഴവുകള്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന് വ്യക്തമാക്കിയ ഭൂരിപക്ഷ വിധിയില്‍, കുട്ടിയെ കുളിപ്പിച്ച വെള്ളം കുട്ടിയോടൊപ്പമല്ല കളയേണ്ടത് എന്നും നിരീക്ഷിച്ചു.

'ഏറ്റവും മികച്ചതാകുന്നതിനെക്കാള്‍ നല്ലത് അതുല്യമാകുന്നതാണ്. മികച്ചതായാല്‍ നിങ്ങള്‍ ഒന്നാമതാകും. എന്നാല്‍, അതുല്യമാകുന്നതോടെ അതു നിങ്ങള്‍ മാത്രമാകും' എന്നു പറഞ്ഞുകൊണ്ടാണ് ഭൂരിപക്ഷ വിധിന്യായം തുടങ്ങുന്നത്. ആധാറിന്റെ ഗുണങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ദോഷങ്ങള്‍ എത്രയോ ചെറുതാണെന്നും അവ പരിഹരിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കുന്നതാണ് ജസ്റ്റിസ് എ.കെ. സിക്രി എഴുതിയ വിധി.

നെല്‍സന്‍ മണ്ടേല ലണ്ടനില്‍ നടത്തിയ പ്രസംഗത്തിലെ 'ദാരിദ്ര്യം നിലനില്‍ക്കുന്നിടത്തോളംകാലം യഥാര്‍ഥ സ്വാതന്ത്ര്യമുണ്ടാകില്ലെ'ന്ന വരികള്‍ വിധിയില്‍ ഉദ്ധരിക്കുന്നുണ്ട്. ദാരിദ്ര്യമകറ്റാനും യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങളെത്തിക്കാനുമാണ് ആധാര്‍ എന്ന് ഊന്നിപ്പറയുകയാണ് കോടതി ചെയ്തത്.

അസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ വികസനം ആവശ്യമാണെന്ന് 'ഡെവലപ്മെന്റ് ആസ് ഫ്രീഡം' എന്ന പുസ്തകത്തില്‍ അമര്‍ത്യ സെന്‍ എഴുതിയതും വിധിയില്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നവരിലേക്കുമാത്രമേ ആനുകൂല്യങ്ങള്‍ എത്തുകയുള്ളൂ എന്ന് ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ആധാര്‍ ഉപയോഗപ്പെടുത്തുന്നത്.

റേഷന്‍ വിതരണത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ യഥാര്‍ഥ ഗുണഭോക്താക്കളിലെത്തുന്നില്ലെന്ന് പഠനങ്ങളുണ്ട്. ആധാറിന്റെ വിശാലമായ പൊതുതാത്പര്യം വെച്ചുനോക്കുമ്പോള്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം വളരെ നിസ്സാരമാണ്. ഒരു വ്യക്തിക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും അയാളുടെ സ്വകാര്യതയ്ക്കുള്ള അവകാശവും തമ്മില്‍ കൃത്യമായ തുലനം പാലിക്കാന്‍ ആധാര്‍ നിയമം ശ്രദ്ധിച്ചിട്ടുണ്ട്.

വിരലടയാളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉറപ്പുവരുത്താന്‍ സാധിച്ചില്ലെങ്കില്‍ ആധാര്‍ വഴിയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്ന് നിയമത്തില്‍ പറയുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ മറ്റു വഴികളിലൂടെ വ്യക്തികളുടെ അസ്തിത്വം തെളിയിക്കാന്‍ അവസരമൊരുക്കണം.

ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ക്ക് 99.76 ശതമാനം കൃത്യതയുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഇതിന്റെ ചുവടുപിടിച്ചുതന്നെയാണ് പരാതിക്കാര്‍ വാദിച്ചത്. ബാക്കിയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമെന്നായിരുന്നു വാദം. എന്നാല്‍, ഇക്കാരണത്താല്‍ 99.76 ശതമാനം പേരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാവരുത്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതിയെ, ചിലരെ ഒഴിവാക്കുന്നു എന്ന കാരണത്താല്‍ കുരിശിലേറ്റരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

Read More: ആധാര്‍; കൈയൊപ്പില്‍നിന്ന് ചൂണ്ടടയാളത്തിലേക്ക

വിധി സ്വാഗതംചെയ്ത് നന്ദന്‍ നിലേകനി 

nandan nilekaniആധാര്‍ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതംചെയ്ത് ആധാര്‍ അതോറിറ്റിയുടെ ആദ്യ ചെയര്‍മാനും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ നന്ദന്‍ നിലേകനി. ആധാര്‍ സവിശേഷ തിരിച്ചറിയല്‍ പദ്ധതിയാണെന്നും രാജ്യത്തിന്റെ വികസനലക്ഷ്യങ്ങള്‍ നേടാന്‍ അതു നിര്‍ണായകമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആധാര്‍ നിയമം പരമോന്നത കോടതിയുടെ അന്തിമ സൂക്ഷ്മപരിശോധനയ്ക്കു വിധേയമായിക്കഴിഞ്ഞു. ആധാറിന്റെ സ്ഥാപകതത്ത്വങ്ങള്‍ കോടതി അംഗീകരിച്ചു. ജനാധിപത്യപരമായ ചര്‍ച്ചയിലൂടെയാണു കൂടുതല്‍ മെച്ചപ്പെട്ടതും ശക്തവുമായ ആധാര്‍ തങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.