അടവിന്റെയും തന്ത്രത്തിന്റെയും പേരിൽ മൂന്നായ കമ്യൂണിസ്റ്റ് പാർട്ടികൾ കടുംപിടിത്തംവിട്ട് ഐക്യത്തിലെത്തുകയും മറ്റ് ജനാധിപത്യപാർട്ടികളുമായി ചേർന്ന് പൊതുലക്ഷ്യത്തിനായി നിലകൊള്ളുകയും ചെയ്യുന്നത് ഈ പ്രതിസന്ധിവേളയിൽ സഹായകമാകാം. മാർഗത്തെക്കുറിച്ചുള്ള തർക്കം ഇനി അപ്രസക്തമാണെന്നും നേരത്തേ പിളർന്ന കാരണങ്ങൾ കാലഹരണപ്പെട്ടുവെന്നുകണ്ട് യോജിപ്പിലെത്താനാവുമോ എന്ന ചോദ്യം നൂറാം വാർഷികവേളയിൽ ഉയരുന്നുണ്ട് 


17-ാം ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്തുകൊണ്ട് സി.പി.എം. കേന്ദ്രകമ്മിറ്റി ജനങ്ങളോട് തുറന്നുപറഞ്ഞത് തങ്ങളുടെ സ്വതന്ത്രമായ ശക്തിയും രാഷ്ട്രീയ ഇടപെടൽശേഷിയും വലിയ തോതിൽ തകർന്നിരിക്കുന്നുവെന്നാണ്. ജനങ്ങൾക്കിടയിലേക്കു പോയി പഠിക്കുകയും അവരുമായി ഗാഢബന്ധമുണ്ടാക്കുകയും അവരുടെ താത്‌പര്യം ഉയർത്തിപ്പിടിക്കയും അതിലൂടെ, വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരുകയും ചെയ്യൽ മാത്രമാണ് രക്ഷയെന്നും പ്രവർത്തകരോട് പറഞ്ഞു.

1989-ലെ തിരഞ്ഞെടുപ്പിൽ 6.6 ശതമാനം വോട്ടു കിട്ടിയത് 2014-ൽ 3.2 ശതമാനമായതും 2019-ൽ കഷ്ടിച്ച് രണ്ട് ശതമാനമായതും എടുത്തുകാട്ടിക്കൊണ്ടാണ് കേന്ദ്രകമ്മിറ്റി പാർട്ടി ദുർബലമായതായി സമ്മതിച്ചത്. സി.പി.ഐ.ക്കാകട്ടെ മുക്കാൽ ശതമാനത്തിൽ താഴെ വോട്ടാണ് കിട്ടിയത്. 1952-ലെ ഒന്നാം പൊതുതിരഞ്ഞെടുപ്പിൽ സി.പി.ഐ.ക്ക് ലഭിച്ച വോട്ട് ശതമാനത്തിന്റെ നാലിലൊന്നോളമായി ഇരു കമ്യൂണിസ്റ്റ് പാർട്ടിയും ചേർന്നുള്ള വോട്ടോഹരി കുറഞ്ഞു. താഷ്‌കെന്റിൽ വെച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്‌കരിച്ചതിന്റെ നൂറാം വാർഷികാഘോഷം കഴിഞ്ഞവർഷം ഒക്ടോബർ 17-ന് തുടങ്ങുന്നതിന് കുറെനാൾ മുമ്പായിരുന്നു സി.പി.എം. കേന്ദ്ര കമ്മിറ്റിയുടെ ആത്മപരിശോധന. 

അകൽച്ചയും അടുപ്പവും
മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂവെന്നത് മാർക്സിസത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലൊന്നാണെങ്കിലും മറ്റെല്ലാവരെയുംപോലെത്തന്നെ മാറ്റം ഉൾക്കൊള്ളാൻ വൈകുന്നത് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒഴിയാബാധയാകുകയാണെന്നാണ് അകത്തുനിന്നുതന്നെ ഉയരുന്ന വിമർശനം. ബംഗാളിൽ ഉരുൾപൊട്ടലിന് സമാനമാണ് പാർട്ടിയിലെ കൊഴിഞ്ഞുപോക്കെന്നത് തിരിച്ചറിഞ്ഞ് അവിടത്തെ നേതാക്കളും പ്രവർത്തകരും അതിജീവനമാർഗമായി നിർദേശിച്ചത് കോൺഗ്രസുമായുള്ള ബന്ധമാണ്.

1964-ൽ സി.പി.ഐ. പിളർന്ന് സി.പി.എം. ഉണ്ടായത് കോൺഗ്രസ് ബന്ധത്തെക്കുറിച്ചുള്ള തർക്കം വളർന്നാണ്. പത്തു വർഷത്തോളം കോൺഗ്രസുമായി ചേർന്നുനിന്ന സി.പി.ഐ. കടുംപിടിത്തം ഉപേക്ഷിച്ച് സി.പി.എമ്മിനൊപ്പംതന്നെ എത്തിയത് 1980-ലാണ്. പക്ഷേ, സി.പി.എമ്മിനെപ്പോലെ മുഖ്യശത്രു കോൺഗ്രസ് എന്ന നിലപാട് ഒരിക്കലും സ്വീകരിച്ചില്ല. 

എന്നാൽ, കോൺഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന നിലപാടിൽ സി.പി.എമ്മിലെ ഒരുവിഭാഗം മാറ്റം വരുത്താനേ തയ്യാറായില്ല. ഹൈദരാബാദിൽ നടന്ന ഒടുവിലത്തെ പാർട്ടി കോൺഗ്രസിനെ ശബ്ദമുഖരിതമാക്കിയത് കോൺഗ്രസ്‌ ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ്. പൊട്ടിത്തെറിയിലെത്താതെ രാഷ്ട്രീയപ്രമേയം പാസാക്കാനായത് ഒരു വാക്ക് മാറ്റിയും ഒരു വാക്ക് ചേർത്തുമാണ്. കോൺഗ്രസുമായി ഒരുതരത്തിലുമുള്ള ബന്ധമുണ്ടാകില്ലെന്നത് രാഷ്ട്രീയ സഖ്യമുണ്ടാകില്ലെന്നാക്കി. യോജിക്കാവുന്ന പൊതുവിഷയങ്ങളിൽ പാർലമെന്റിൽ കോൺഗ്രസടക്കമുള്ള കക്ഷികളുമായി സഹകരിക്കുമെന്നും. 

ബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സീറ്റു ധാരണയുണ്ടാക്കിയതിന് സംസ്ഥാനനേതൃത്വത്തെ പരസ്യമായി ശാസിച്ച പാർട്ടി കേന്ദ്രനേതൃത്വത്തിന് ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ഇടത് സഖ്യമുണ്ടാക്കിയത് കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫലപ്രദമായ തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാൻ കഴിയാഞ്ഞതുൾപ്പെടെയുള്ള കാരണങ്ങളാൽ ആകെ ഏഴു ശതമാനത്തോളം വോട്ട് മാത്രമാണ് കിട്ടിയത്. 2014-ലെ 29.61 ശതമാനത്തിൽനിന്നുള്ള തകർച്ച. 

തിരുത്തലുകളിലെ വൈകലുകൾ
കൊൽക്കത്തയിൽ 1948-ൽ രണ്ടാം കോൺഗ്രസിൽ പാസാക്കിയ തീവ്രനയം തിരുത്തി 1951-ൽ പാർലമെന്ററി ജനാധിപത്യം ഒരു മാർഗമായി തിരഞ്ഞെടുത്തെങ്കിലും അതിലെ നീക്കുപോക്കുകൾ സംബന്ധിച്ച് കാലാനുസൃതമായ അടവുകൾ കൈക്കൊള്ളുന്നതിൽ പരാജയപ്പെടുന്നത് മൗലികവാദം കാരണമാണെന്നാണ് പല കോണിൽനിന്നും ഉയരുന്ന വിമർശനം. തിരുത്തും പക്ഷേ, വൈകും എന്നതാണ് പ്രശ്നം. സ്റ്റാലിന് തെറ്റുപറ്റി, വ്യക്തിപ്രഭാവം വളർത്തി, സ്വേച്ഛാധിപത്യപ്രവണതയുണ്ടായി എന്നെല്ലാം സ്റ്റാലിൻ മരിച്ചശേഷം സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കോൺഗ്രസ് വിലയിരുത്തിയിട്ടും ഇവിടെ വലിയവിഭാഗം അതുൾക്കൊണ്ടത് പെരിസ്‌ട്രോയ്‌ക്കയ്ക്ക് ശേഷം. അതായത്, 35 വർഷം കഴിഞ്ഞാണെന്നുവരെ വിമർശനമുണ്ടായി. 

സ്റ്റാലിനെ വിമർശിച്ച ക്രൂഷ്‌ചേവിനെ റിവിഷനിസ്റ്റായി മുദ്രകുത്തുകയായിരുന്നു ആദ്യകാലത്ത്. 1996-ൽ ജ്യോതിബസുവിന് പ്രധാനമന്ത്രിയാവാൻ അവസരംവന്നെങ്കിലും സി.പി.എമ്മിലെ ഒരുവിഭാഗത്തിന്റെ കടുംപിടിത്തംമൂലം അത് നടന്നില്ല. അതിന്റെ നഷ്ടം ഇടതുപക്ഷത്തിനാകെയാണുണ്ടായത്. ചരിത്രപരമായ വിഡ്ഢിത്തം എന്ന് ജ്യോതിബസു പാർട്ടിനേതൃത്വത്തെ പരസ്യമായി അപലപിക്കുന്നതിലേക്കുവരെ അതെത്തി. അത് യാദൃച്ഛികമായുണ്ടായ അബദ്ധമല്ല, സുചിന്തിതമായ മൗലികവാദത്തിന്റെ ഭാഗമായിരുന്നുവെന്ന് പിന്നീടുള്ള നടപടികളും തെളിയിച്ചു. 

പ്രത്യയശാസ്ത്ര കടുംപിടിത്തങ്ങൾ
ഒന്നാം യു.പി.എ. സർക്കാർ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ തൊഴിലുറപ്പ് പദ്ധതിയടക്കം കൊണ്ടുവന്ന് മുന്നോട്ടുപോകുമ്പോൾ അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ പൊടുന്നനെ പിന്തുണ പിൻവലിച്ചത് പിന്നീട് വലിയ തിരിച്ചടികൾക്ക് കാരണമായി. ബംഗാൾ ഘടകത്തിന്റെ ശക്തമായ എതിർപ്പവഗണിച്ച് പ്രകാശ് കാരാട്ട് പ്രത്യയശാസ്ത്രകടുംപിടിത്തവുമായി മുന്നോട്ടുപോയതാണ് പ്രശ്നമായതെന്ന് വിമർശനമുണ്ടായി. സോമനാഥ് ചാറ്റർജിയെപ്പോലെ ഉന്നതനായ നേതാവിനെ മറുകണ്ടം ചാടിക്കുന്നതിനും അതിടയാക്കി. 2008 ജൂലായ് എട്ടിന് പ്രകാശ് കാരാട്ട് പിന്തുണ പിൻവലിക്കൽ പ്രഖ്യാപനം നടത്തിയത് പരോക്ഷമായി ബംഗാളിലെ തകർച്ചയ്ക്ക് തുടക്കംകുറിച്ചെന്നാണ് ആരോപണമുയർന്നത്. 

ദേശീയ പ്രതിസന്ധികൾ
സി.പി.എം. നിലപാടനുസരിച്ച് കമ്യൂണിസ്റ്റ്‌ പാർട്ടി രൂപവത്‌കരണത്തിന്റെ നൂറുവർഷം പൂർത്തിയാകുമ്പോൾ (സി.പി.ഐ.യുടെ പക്ഷം 95 വർഷം എന്നതാണ്) ദേശീയതലത്തിൽ വലിയ പ്രതിസന്ധിയിലാണ് ഇരു പാർട്ടിയും. ബിഹാറിൽ ഏതാനും ദിവസത്തിനകം നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അടക്കമുള്ള വിശാല മുന്നണിയുടെ ഭാഗമായി 29 സീറ്റിലാണ് ഇടതുപക്ഷം മത്സരിക്കുന്നത്. അതിൽ 19-ഉം സി.പി.ഐ.എം.എൽ. (ലിബറേഷൻ) ആണ്. സി.പി.ഐ. ആറിലും സി.പി.എം. നാലുസീറ്റിലും മത്സരിക്കുന്നു. അടുത്തകാലംവരെ സി.പി.ഐ. നാല് ലോകസഭാ സീറ്റുവരെ നേടിയ സംസ്ഥാനമാണ് ബിഹാർ. ബിഹാർ തിരഞ്ഞെടുപ്പിൽ മൂന്ന് കമ്യൂണിസ്റ്റ് പാർട്ടിക്കുംകൂടി ഏതാനും സീറ്റ് നേടാനായാൽ നൂറാംവാർഷികത്തിന്റെ നേട്ടവും സന്ദേശവും അതാകും.

താഷ്‌കെന്റ് സമ്മേളനം 
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടന രൂപവത്‌വരിച്ചത് 1920 ഒക്ടോബർ 17-ന് ഇന്നത്തെ ഉസ്‌ബെക്കിസ്ഥാനിന്റെ തലസ്ഥാനമായ താഷ്‌കെന്റിൽ ചേർന്ന യോഗത്തിലാണെന്നാണ് സി.പി.എം. അംഗീകരിക്കുന്നത്. വിദേശത്ത് രൂപംകൊണ്ട ഇന്ത്യൻ കമ്യൂണിസ്റ്റ് ഗ്രൂപ്പ് എന്നനിലയിൽ അതിനെ അംഗീകരിക്കുമ്പോൾത്തന്നെ സി.പി.ഐ. രൂപവത്‌കരണമായി അതിനെ കണക്കാക്കാനാവില്ലെന്നതാണ് സി.പി.ഐ. നിലപാട്.

സോവിയറ്റ് വിപ്ലവത്തെത്തുടർന്ന് കുറേപ്പേർ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന്‌ സോവിയറ്റ് യൂണിയനിലേക്ക് കടക്കുകയുണ്ടായി. താഷ്‌കെന്റിൽ അവരെ സംഘടിപ്പിച്ചാണ് എം.എൻ. റോയിയുടെ നേതൃത്വത്തിൽ സി.പി.ഐ. രൂപവത്‌കരണയോഗം ചേർന്നത്. റോയിക്കുപുറമേ അബനി മുഖർജി, എം.പി.ബി.ടി. ആചാര്യ, മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. സെക്രട്ടറിയായി ഷഫീഖിനെ തിരഞ്ഞെടുത്തു. ഈ ഗ്രൂപ്പിനെ കമ്യൂണിസ്റ്റ് ഇന്റർനാഷണൽ അംഗീകരിക്കുകയും ചെയ്തു. 1925-ൽ കാൺപുരിൽ പരസ്യമായി ചേർന്ന സമ്മേളനമാണ് രൂപവത്‌കരണസമ്മേളനമെന്നതാണ് സി.പി.ഐ. നിലപാട്. 

 

Content Highlights:100th year of formation of The communist party of India at Tashkent