1921 നവംബര്‍ 19ന് വൈകുന്നേരം ഏഴുമണിയോടെ എം.എസ്.എം.എല്‍.വി 1711 എന്ന് മുദ്രണം ചെയ്ത ചരക്കു വാഗണ്‍ പടിഞ്ഞാറു നിന്ന് നിരങ്ങി വന്നു തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു. കണ്ണില്‍ ചോരയില്ലാത്ത ആരാച്ചാർമാരെ പോലെ വാതില്‍ തുറന്നുപിടിച്ച് തടവുകാരായ ആളുകളെ കുത്തിനിറക്കാന്‍ തുടങ്ങി. വാഗണ്‍ തിങ്ങിനിറഞ്ഞ് ആളുകളുടെ കൈകാലുകള്‍ പുറത്തേക്ക് തള്ളിനിന്നു. ബ്രിട്ടീഷ് കിരാതന്‍മാര്‍ നിര്‍ത്തിയില്ല. വീണ്ടും ആളുകളെ കുത്തിനിറച്ചുകയറ്റി വാഗണിന് പൂട്ടിട്ടു. വായുവോ വെളിച്ചമോ കടക്കാത്ത നിലയിലായിരുന്നു വാഗണ്‍. കോയമ്പത്തൂര്‍ ലക്ഷ്യമാക്കി തീവണ്ടി നീങ്ങി.

ആന്‍ഡ്രൂസ്, ഒ. ഗോപാലന്‍ നായര്‍ എന്നിവര്‍ കൂടാതെ അഞ്ചു പോലീസുകാരായിരുന്നു കാവല്‍ക്കാര്‍. സര്‍ജന്റ് ആന്‍ഡ്രൂസ് 2-ാം ക്ലാസ് കംപാര്‍ട്ടുമെന്റിലും ബാക്കിയുള്ളവര്‍ തടവുകാരെ കയറ്റിയ വാഗന്റെയടുത്തുള്ള കംപാര്‍ട്ടുമെന്റിലുമായിരുന്നു യാത്ര ചെയ്തിരുന്നത്. സ്റ്റേഷന്‍ വിട്ടപ്പോള്‍ത്തന്നെ തടവുകാര്‍ ദാഹിച്ചുവരണ്ടും പ്രാണവായു കിട്ടാതെയും മരണവെപ്രാളം കാണിച്ചിരുന്നു. അവരുടെ നിലവിളി കാവല്‍പ്പോലീസുകാര്‍ ശ്രദ്ധിച്ചില്ല. വണ്ടി 15 മിനിട്ട് വീതം ഷൊര്‍ണൂരും ഒലവക്കോട്ടും നിര്‍ത്തിയിട്ടിരുന്നു. അപ്പോഴും തടവുകാരുടെ ദീനരോദനം അവര്‍ ശ്രദ്ധിച്ചില്ല. ദയനീയമായ നിലവിളി കേട്ടിട്ടും ഹതഭാഗ്യരോട് മനുഷ്യത്വം കാണിക്കാന്‍ ബ്രിട്ടീഷ് പട്ടാളക്കാരോ അവരുടെ കൂട്ടാളികളോ തയ്യാറായില്ല. 180 കിലോമീറ്റര്‍ ദൂരത്തുള്ള പോത്തന്നൂര്‍ സ്റ്റേഷനിലെത്താതെ കംപാര്‍ട്ട്‌മെന്റ് തുറക്കില്ലെന്ന വാശിയിലായിരുന്നു പട്ടാളക്കാര്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വാഗണ്‍ ട്രാജഡിക്ക് സമാനമായ സംഭവം വേറെയില്ല. ഈ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും പിന്നീട് ജീവിക്കാനവസരമുണ്ടാവുകയും ചെയ്ത മലപ്പുറം മേല്‍മുറിയിലെ കൊന്നോല അഹമ്മദ് ഹാജിയുടെ വാക്കുകള്‍ ഇത് സാക്ഷ്യപ്പെടുത്തും. 'അകത്ത് കടന്നവരുടെ (വാഗണില്‍)കാലുകള്‍ നിലത്തമര്‍ന്നില്ല. ഇരുന്നൂറ് പാദങ്ങള്‍ ഒന്നിച്ചമരാനുള്ള വിസ്തീര്‍ണ്ണം ആ സാമാനവണ്ടിക്കില്ലായിരുന്നു. ഒറ്റക്കാലില്‍ മേല്‍ക്കുമേല്‍ നിലംതൊടാതെ ആ ഹതഭാഗ്യരുടെ യാത്ര ആരംഭിച്ചു. ദാഹം സഹിക്കവയ്യാതെ തൊണ്ടപൊട്ടുമാര്‍ ഞങ്ങള്‍ ആര്‍ത്തു വിളിച്ചു. കൈപൊന്തിയവരൊക്കെ വാഗണ്‍ ഭിത്തികളില്‍ ആഞ്ഞടിച്ച് ശബ്ദമുണ്ടാക്കി. ആര് കേള്‍ക്കാന്‍. മുറിക്കകത്ത് കൂരാകൂരിരുട്ട്. വണ്ടി ഏതൊ സ്റ്റേഷനില്‍ (ഷൊര്‍ണ്ണൂര്‍) നില്‍ക്കാന്‍ പോവുന്നതായി തോന്നി. ഞങ്ങള്‍ ശേഷിപ്പുള്ള ശക്തിയെല്ലാം സംഭരിച്ച് ആര്‍ത്തു വിളിച്ചു. എല്ലാം വനരോദനം മാത്രം. അപ്പോഴേക്കും പലരും മേല്‍ക്കുമേല്‍ മലര്‍ന്നു വീണു തുടങ്ങിയിരുന്നു. അറിയാതെ കുമ്മി കുമ്മിയായി മലം വിസര്‍ജിച്ചു. കൈക്കുമ്പിളില്‍ മൂത്രം വലിച്ചു കുടിച്ചു ദാഹം തീര്‍ക്കാന്‍ വിഫല ശ്രമം നടത്തി. ആണാടിനെ പോലെ സഹോദരന്റെ ശരീരത്തില്‍ പൊടിഞ്ഞ വിയര്‍പ്പുകള്‍ നക്കിതുവര്‍ത്തി നോക്കി. ദാഹം ശമിക്കുന്നില്ല. ശ്വാസം കിട്ടുന്നില്ല. അന്യോന്യം മാന്തിപ്പറിക്കാനും കടിച്ചുമുറിക്കാനും തുടങ്ങി. പൊട്ടിയൊലിച്ച രക്തം വലിച്ചു കുടിച്ചു. മരണ വെപ്രാളത്തില്‍ സഹോദര മിത്ര ബന്ധം മറന്നു. ശരിയും തെറ്റും തിരിച്ചറിയുന്ന മനസ്സ് നഷ്ടപ്പെട്ടു. എങ്ങനെയോ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ദ്വരത്തിനടുത്താണ് ഞാന്‍ വീണു പോയത്. മറ്റുള്ളവര്‍ മരിച്ചുകഴിഞ്ഞതോടുകൂടി ശ്വാസം കഴിക്കാനുള്ള വായു അതില്‍നിന്ന് ലഭിച്ചു. അങ്ങനെയാണ് ഞാന്‍ ജീവിച്ചത്. എങ്കിലും കുറെ കഴിഞ്ഞപ്പോള്‍ ബോധം നഷ്ടപ്പെട്ടു. ബോധം തെളിഞ്ഞു നോക്കുമ്പോള്‍ നാലഞ്ചു പേര്‍ മയ്യത്തായി എനിക്ക് മേല്‍ കിടക്കുന്നു. പുലര്‍ച്ചെ 4 മണിക്ക് വണ്ടി പോത്തന്നൂരിലെത്തി. ആ പാപികള്‍ വാതില്‍ തുറന്നു. മുറിക്കുള്ളില്‍ കണ്ട ഭീകരദൃശ്യം ആ പിശാചുകളെ തന്നെ ഞെട്ടിത്തരിപ്പിച്ചു. 64 പേരാണ് കണ്ണു തുറിച്ച് ഒരു മുഴം നാക്കു നീട്ടി മരിച്ചു കിടക്കുന്നത്. 60 മാപ്പിളമാരും 4 തിയ്യന്‍മാരും.' ബാക്കി 6 പേര്‍ ആശുപത്രിയില്‍ വെച്ചാണ്‌ മരിച്ചത് ((1981-ല്‍ പ്രസിദ്ധീകരിച്ച വാഗണ്‍ ട്രാജഡി സ്മരണികയില്‍ നിന്ന്)

ശവശരീരങ്ങള്‍ പോത്തന്നൂര്‍ സ്റ്റേഷനില്‍ ഇറക്കുവാന്‍ അവിടത്തെ സ്റ്റേഷന്‍ മാസ്റ്റര്‍ തയ്യാറായില്ല. ശവങ്ങള്‍ തിരൂരിലേക്കുതന്നെ കൊണ്ടുവന്നു.. തിരൂരിലെ കൊരണ്ടത്തു ജുമാഅത്ത് പള്ളിയിലെ കബറിസ്ഥാനിലാണ് ഈ രക്തസാക്ഷികള്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. ഹൈന്ദവസഹോദരങ്ങള്‍ക്ക് മറ്റൊരിടത്തും... ഓര്‍മകളില്‍ പോലും നടക്കമുണ്ടാക്കുന്ന ആ സംഭവം നടന്നിട്ട് ഒരു നൂറ്റാണ്ട് പിന്നിടുകയാണ്.

അന്വേഷണം

സമ്മര്‍ദങ്ങള്‍ വന്നപ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് എ.എന്‍. നാപ്പ് ചെയര്‍മാനായി ഒരന്വേഷണക്കമ്മിറ്റിയെ നിയമിച്ചു. മലബാര്‍ സ്‌പെഷല്‍ കമ്മീഷണറായിരുന്നു എ.എന്‍.നാപ്പ്. അദ്ദേഹത്തെ സഹായിക്കുവാന്‍ മൂന്ന് ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു. അബ്ബാസ് അലി (റിട്ടയേര്‍ഡ് പ്രസിഡന്‍സി മജിസ്‌ട്രേട്ട്, മദിരാശി), മഞ്ചേരി എസ്.രാമയ്യര്‍ (അഡ്വക്കേറ്റ്, കോഴിക്കോട്), ഖാന്‍ ബഹദൂര്‍ കല്ലടി മൊയ്തൂട്ടി സാഹിബ് (ഒലവക്കോട്) എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍.

തിരൂരില്‍നിന്ന് പോത്തന്നൂര്‍ എത്തുന്നതുവരെ വാഗണ്‍ തുറന്നുനോക്കിയിട്ടില്ലെന്ന് വിചാരണവേളയില്‍ വെളിവാക്കപ്പെട്ടിരുന്നു. അടച്ചുപൂട്ടാവുന്ന വാഗനാണ് തടവുകാരെ കൊണ്ടുപോകാന്‍ റെയില്‍വേ അധികൃതര്‍ ആവശ്യപ്പെട്ടതെന്നും വ്യക്തമായി. ശ്വാസംമുട്ടിയല്ല തടവുകാര്‍ മരിച്ചതെന്ന് വരുത്താന്‍ പോലീസുകാര്‍ നടത്തിയ ശ്രമം കോയമ്പത്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: രാം പൊളിച്ചെഴുതി. വാഗണ്‍ ജീവനുള്ള ഒന്നിനേയും കൊണ്ടുവരാന്‍ പറ്റുന്നതല്ലെന്ന് മനുഷ്യസ്‌നേഹിയായ ആ മെഡിക്കല്‍ ഓഫീസര്‍ തെളിവ് കൊടുത്തു. വണ്ടി പുറപ്പെടാന്‍ നേരം തടവുകാര്‍ക്കു വെള്ളം കൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് സര്‍ജന്റ് ആന്‍ഡ്രൂസ് കള്ളത്തെളിവ് കൊടുക്കാന്‍ ശ്രമിച്ചിരുന്നു.

കമ്മീഷന്‍, ഗവണ്‍മെന്റ് ഹിതത്തിനെതിരായി പ്രവര്‍ത്തിക്കുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. അന്വേഷണം ഒരു പ്രഹസനമാക്കി. റെയില്‍വേ പോലീസോ പട്ടാളക്കാരോ കുറ്റക്കാരല്ലെന്ന നിഗമനത്തിലാണ് അന്വേഷണക്കമ്മീഷന്‍ എത്തിച്ചേര്‍ന്നത്. റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കേണല്‍ ഹംഫ്രിബോ, സ്‌പെഷല്‍ ഓഫീസര്‍ ഇവാന്‍സോ, ഡി.എസ്.പി ഹിച്ച്‌കോക്കോ കുറ്റക്കാരല്ലെന്നും ഇതൊരു യാദൃച്ഛികസംഭവമാണെന്നും അവര്‍ വിധിയെഴുതിയിരുന്നു. അലംഭാവം കാണിച്ചത് റെയില്‍വേ കമ്പനിക്കാരും ട്രാഫിക്ക് ഇന്‍സ്‌പെക്ടറും പോലീസ് സര്‍ജനുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി 1922 ആഗസ്ത് 30 ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവില്‍ ഇങ്ങനെ പറയുന്നു: 'അടിയന്തരഘട്ടങ്ങളില്‍ ചരക്ക് കയറ്റുന്ന വാനില്‍ തടവുകാരെ കൊണ്ടുപോകുന്നതില്‍ അസംഗത്വമോ മനുഷ്യരാഹിത്യമോ ഇല്ലെന്ന് കമ്മിറ്റിയുടെ അഭിപ്രായത്തോട് ഗവണ്‍മെന്റ് യോജിക്കുന്നു. തടവുകാര്‍ തങ്ങളുടെ ദുരിതങ്ങളറിയിക്കുന്ന വിധത്തില്‍ ശബ്ദങ്ങളുണ്ടാക്കിയിരുന്നില്ലെന്ന് സ്വതന്ത്രമായ തെളിവുകള്‍ കമ്മിറ്റിക്ക് ലഭിച്ചിരിക്കുന്നു. പരിപൂര്‍ണ ഉത്തരവാദിത്വം ആരുടെ മേല്‍ ചുമത്തണമെന്ന് ഖണ്ഡിതമായി പറയുവാന്‍ സാധ്യമല്ലെന്ന് കമ്മിറ്റി അഭിപ്രായപ്പെടുന്നു.'

സര്‍ജന്റ് ആന്‍ഡ്രൂസ് കുറ്റക്കാരനല്ലെന്ന് കമ്മിറ്റി പറഞ്ഞില്ല. പക്ഷേ ബോധപൂര്‍വം ചെയ്തതാണെന്നും കമ്മിറ്റി പറഞ്ഞില്ല. സര്‍ജന്റ് ഔദ്യോഗികമായി കൃത്യവിലോപം നടത്തിയെന്നും ഹെഡ്‌കോണ്‍സ്റ്റബിള്‍ സര്‍ജന്റിനെ വിവരം ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കമ്മിറ്റി രേഖപ്പെടുത്തി. സര്‍ജന്റിന്റെയും ഹെഡ്‌കോണ്‍സ്റ്റബിളിന്റെയും പേരില്‍ മദിരാശി ഗവണ്‍മെന്റ് കേസെടുത്തുവെങ്കിലും കോടതി അവര്‍ നിരപരാധികളാണെന്ന് പ്രഖ്യാപിച്ചു വിട്ടയയ്ക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 300 രൂപ വീതം നഷ്ടപരിഹാരം നല്കാന്‍ മദിരാശി ഗവണ്‍മെന്റ് ഉത്തരവിട്ടു. 

tirur wagon tragedy memorial muncippal townhall


സ്മാരകം

വാഗണ്‍ കൂട്ടക്കൊലയില്‍ രക്തസാക്ഷിത്വം വരിച്ചവരില്‍ തൃക്കലങ്ങോട്, മമ്പാട്, കുരുവമ്പലം, പേരൂര്‍, പയ്യനാട്, പുന്നപ്പാല, നീലാമ്പ്ര, ചെമ്മലശ്ശേരി തുടങ്ങിയ പ്രദേശത്തുകാരായിരുന്നു. രക്തസാക്ഷികളെ ആദരിച്ചും അനുസ്മരിച്ചുമാണ് തിരൂര്‍ മുനിസിപ്പാലിറ്റി 70 പേരുടെ നാമത്തില്‍ വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാള്‍ നിര്‍മിച്ചത്.

ശ്വാസംമുട്ടി മരിച്ച 70 പേരില്‍ 41 പേരും കുരുവമ്പലം, പുലാമന്തോള്‍ പ്രദേശത്തുകാരായിരുന്നു. വാഗണ്‍ ട്രാജഡി സ്മാരക സമിതിയുടെ ശ്രമഫലമായി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കുരുവമ്പലത്ത് സ്മാരകം നിര്‍മിച്ചിട്ടുണ്ട്.