തൂത്തുക്കുടി ഇനിയും ശാന്തമായിട്ടില്ല. സ്റ്റെർലൈറ്റ് ചെമ്പു നിർമാണ ഫാക്ടറിക്കെതിരേയുള്ള ജനരോഷം ആളിക്കത്തുകയാണ്. അനിഷ്ട സംഭവങ്ങൾ ചെറുക്കാൻ വൻ പോലീസ് സന്നാഹം തുടരുന്നുണ്ട്.  ബുധനാഴ്ചയും പോലീസ് വെടിവെപ്പിൽ ഒരാൾ മരിച്ചു. ഇതോടെ മരണം പന്ത്രണ്ടായി. സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചിട്ടുണ്ട്. മുഖം രക്ഷിക്കാൻ തൂത്തുക്കുടി  കളക്ടറെയും എസ്‌.പി.യെയും സർക്കാർ സ്ഥലം മാറ്റിയിട്ടുണ്ട്‌

 

തുറമുഖനഗരമായ തൂത്തുക്കുടി മേഖലയിലെ ജനങ്ങളിൽ രൂപപ്പെട്ട രോഷത്തിന്റെ സുനാമി അത്ര പെട്ടെന്ന് അടങ്ങാൻ സാധ്യതയില്ല. എന്തുചെയ്യണമെന്നറിയാതെ ഭരണകൂടം പകച്ചുനിൽക്കുന്നു.  ഒരു ജനകീയപ്രക്ഷോഭം കരുതിക്കളമാവുമെന്ന് ചൊവ്വാഴ്ച രാവിലെ വരെ ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റെർലൈറ്റ് ഫാക്ടറിക്ക് സമീപം പോലീസും സമരക്കാരും തമ്മിലുള്ള വാക്കേറ്റം പൊടുന്നനെ െെകയാങ്കളിയിലെത്തി. ഫാക്ടറിയിലേക്കുള്ള മാർച്ച് കളക്ടറേറ്റിലേക്ക് വഴിതിരിച്ചുവിട്ടതോടെ സമരക്കാരെ പോലീസ് തടഞ്ഞു.  പോലീസിനു നേരെ  കല്ലേറു തുടങ്ങി. വാഹനങ്ങളും കെട്ടിടങ്ങളും തീയിടാൻ ശ്രമിച്ചു. അക്രമം നിയന്ത്രണവിധേയമാക്കാൻ മുന്നിൽ വഴികളില്ലാത്തതിനാലാണ് വെടിവെച്ചതെന്നാണ് പോലീസിന്റെയും സർക്കാരിന്റെയും ഭാഷ്യം.
രണ്ടരപ്പതിറ്റാണ്ടോളം നീണ്ട പ്രക്ഷോഭം ഒടുവിൽ പതിനൊന്നു പേരുടെ ചോര കണ്ടതോടെ അവസാനിച്ചുവെന്നു കരുതിയെങ്കിൽ തെറ്റി. ബുധനാഴ്ചയും തൂത്തുക്കുടി അശാന്തിയുടെ നിഴലിലായി.  1996 മുതൽ സ്റ്റെർലൈറ്റിനെതിരേ തദ്ദേശവാസികൾ സമരപാതയിലാണ്. രൂക്ഷമായ പരിസ്ഥിതി മലിനീകരണവും ആരോഗ്യ ഭീഷണിയും തങ്ങളുടെയും ഭാവി തലമുറയുടെയും ജീവൻ അപകടത്തിലാക്കുമെന്ന ആശങ്കയാണ് അതിനുപിന്നിൽ. പ്ലാന്റ് അടച്ചു പൂട്ടണമെന്നതായിരുന്നു ആവശ്യം.  
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട സർക്കാരും  പോലീസും പരാജയപ്പെടുന്ന കാഴ്ചയാണ്  ഇവിടെ കണ്ടത്‌. സമരം നയിച്ചവർക്കെതിരേ പോലീസ് വെടിവെപ്പു നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നു. സാധാരണ വസ്ത്രം ധരിച്ച് പോലീസ് വാഹനത്തിന്റെ മുകളിൽ കയറിനിന്ന് സമരക്കാർക്കു നേരെ വെടിയുതിർക്കുന്ന രംഗങ്ങളാണിതിൽ. ദൃശ്യങ്ങളിൽ സമരക്കാരെ തൊട്ടടുത്ത് കാണാനില്ല. സമരക്കാരെ ഒതുക്കാൻ ഗത്യന്തരമില്ലാതെയാണ് വെടിവെച്ചതെന്ന സർക്കാരിന്റെ വാദം ഇവിടെ പൊളിയുന്നു. സമാധാനപരമായി പ്രതിഷേധിച്ച ജനങ്ങൾക്കെതിരേ പോലീസ് ലാത്തിച്ചാർജു നടത്തിയെന്നും അതേത്തുടർന്നാണ് അവർ അക്രമാസക്തരായതെന്നുമാണ് പീപ്പിൾസ് വാച്ച് എന്ന മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നത്. സംഭവ സമയത്ത് തൂത്തുക്കുടി ജില്ലാ കളക്ടർ സ്ഥലത്തുണ്ടായിരുന്നില്ല. പിന്നെ ആരാണ് വെടിവയ്ക്കാൻ ഉത്തരവിട്ടത് എന്ന ചോദ്യമുയരുന്നു.  സ്റ്റെർലൈറ്റിന്റെ വികസന പ്രവർത്തനങ്ങൾക്ക് മദ്രാസ് ഹൈക്കോടതി ബുധനാഴ്ച താത്‌കാലിക സ്റ്റേ നൽകി. 

കുലുങ്ങാതെ സ്റ്റെർലൈറ്റ് 

തൂത്തുക്കുടി ടൗണിെല തേർക്കു വീരപാണ്ഡ്യപുരത്താണ് സ്റ്റെർലൈറ്റ് ഫാക്ടറി.  1995-ൽ തമിഴ്‌നാട്ടിൽ കമ്പനി വേരുറപ്പിക്കാൻ ലക്ഷ്യമിട്ടപ്പോൾ പ്രതിഷേധവും തലപൊക്കി. പരിസ്ഥിതിക്കും ഭൂഗർഭജലത്തിനും ജനങ്ങളുടെ ആരോഗ്യത്തിനും ഒരുപോലെ ഹാനിയുണ്ടാക്കുന്ന പദ്ധതിയെന്നു ചൂണ്ടിക്കാട്ടിയാണ് തുടക്കം മുതൽ തദ്ദേശവാസികൾ സംഘടിച്ചത്. 1996 മുതൽ സ്ത്രീകളും കൊച്ചുകുട്ടികളുമടക്കമുള്ള ബഹുജന പ്രക്ഷോഭങ്ങൾ ഇവിടെ അരങ്ങേറി. കേസും കോടതിയും ഉന്നത ഇടപെടലുകളുടെയും കാലങ്ങൾ. ഇതിനിടയിൽ കേന്ദ്രത്തിലും സംസ്ഥാനത്തും സർക്കാരുകൾ മാറിമാറി അധികാരത്തിൽ വന്നു. സുപ്രീംകോടതിയിലും ഹരിതട്രിബ്യൂണലിലും ചൂടുള്ള വാദപ്രതിവാദങ്ങൾ പ്രതിധ്വനിച്ചു. എന്നാൽ, സ്റ്റെർലൈറ്റിന് മാത്രം ഒന്നും സംഭവിച്ചില്ല. രണ്ടാംഘട്ട വിപുലീകരണത്തിന്‌ അനുമതി ലഭിക്കുകയും ചെയ്തു. ഇതാണ് ജനങ്ങളെ കൂടുതൽ രോഷാകുലരാക്കിയത്. അതോടെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വീണ്ടും പ്രക്ഷോഭം ശക്തിപ്പെടുത്തി. സമരം നൂറാംദിവസം മനുഷ്യക്കുരുതിയുമായി. 
ചൊവ്വാഴ്ച പ്ലാന്റിലേക്കു സമാധാനപരമായ മാർച്ച് നടത്തുക മാത്രമായിരുന്നു സമരക്കാരുടെ ലക്ഷ്യം. മുൻകൂട്ടി അനുവാദം തേടുകയും ചെയ്തു. എന്നാൽ, ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. അങ്ങനെ മാർച്ച് കളക്ടറേറ്റിലേക്കു വഴിതിരിച്ചു വിട്ടു. അതും പോലീസ് തടയാൻ ശ്രമിച്ചു. രണ്ടരപ്പതിറ്റാണ്ടു കാലം മനസ്സിൽ സൂക്ഷിച്ച അമർഷം ആളിക്കത്തി. അതോടെ പരിസരം യുദ്ധക്കളമായി മാറി. 
ഭരണകൂടവും മലിനീകരണ നിയന്ത്രണ ബോർഡും ഹരിത ട്രിബ്യൂണലുമൊക്കെ സ്റ്റെർലൈറ്റിന്റെ പ്രവർത്തനത്തിനു പച്ചക്കൊടി വീശുന്ന നടപടികളാണ്‌ ആദ്യഘട്ടങ്ങളിൽ സ്വീകരിച്ചത്. പ്ലാന്റിൽനിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്കും ചർമരോഗങ്ങൾക്കും കാരണമാകുന്നതായി പ്രദേശവാസികൾ നിരന്തരം പരാതിപ്പെട്ടിരുന്നു. അവരുടെ രോദനം ആരും കേട്ടില്ല. നീതിയും ന്യായവും ഭരണകൂടവും മലിനീകരണ നിയന്ത്രണബോർഡും പരിസ്ഥിതി മന്ത്രാലയവുമൊക്കെ സ്റ്റെർലൈറ്റിനൊപ്പമായിരുന്നു.  
2013 മാർച്ച്  23-ന്‌ രാവിലെ തൂത്തുക്കുടി നിവാസികൾ അസ്വസ്ഥതയോടെയാണ് ഉണർന്നത്. അവർക്കു തൊണ്ടവരണ്ടു. കണ്ണുകളും ശരീരഭാഗങ്ങളും ചൊറിഞ്ഞു വീർത്തു. പലർക്കും ശ്വാസതടസ്സമുണ്ടായി.  അന്ന് സ്റ്റെർലൈറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. സ്ഥലത്ത് പാഞ്ഞെത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ഫാക്ടറിയിൽനിന്ന്‌ അനുവദനീയമായ അളവിൽക്കൂടുതൽ സൾഫർ ഡയോക്സൈഡ് പുറന്തള്ളുന്നതായി വിവരം നൽകി. ഇതാണ് ജനങ്ങളുടെ ആരോഗ്യത്തെ ബാധിച്ചിരുന്നത്. മുൻപും പല പ്രാവശ്യം ഫാാക്ടറിയിൽ നിന്നു വിഷപ്പുക പുറന്തള്ളിയതായി ജനങ്ങൾ പരാതിപ്പെട്ടു. എന്നാൽ, ആരും നടപടിയെടുത്തില്ല. ഖനനം ചെയ്ത ചെമ്പ് ശുദ്ധീകരിച്ച് ഇലക്‌ട്രോണിക് സർക്യൂട്ട് ഘടകങ്ങൾ, ഇലക്‌ട്രിക്‌ വയറുകളിൽ ഉപയോഗിക്കുന്ന ചെമ്പ് നാരുകൾ, ട്രാൻസ്ഫോർമറുകളിൽ ഉപയോഗിക്കുന്ന ചെമ്പു ഘടകങ്ങൾ എന്നിവയാണു കമ്പനി പ്രധാനമായും ഉത്‌പാദിപ്പിക്കുന്നത്.  

നിയമലംഘനങ്ങളുടെ പെരുമഴ

ലണ്ടൻ ആസ്ഥാനമായ വേദാന്ത റിസോഴ്‌സസിന്റെ കീഴിലുള്ള സ്ഥാപനമാണ് സ്റ്റെർലൈറ്റ്. 1994 ഓഗസ്റ്റ് ഒന്നിന് തമിഴ്‌നാട് മലിനീകരണ നിയന്ത്രണബോർഡ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന നിബന്ധനയോടെ സ്റ്റെർലൈറ്റിനു അനുമതി നൽകി. എന്നാൽ, പഠനത്തിനു കാത്തിരിക്കാതെ 1995 ജനുവരി 16-ന്‌ പരിസ്ഥിതി മന്ത്രാലയം കമ്പനിക്കു അനുമതി നൽകി. തുടർന്നങ്ങോട്ടു നടന്നത് നിയമ ലംഘനങ്ങളുടെ പരമ്പരയായിരുന്നു. അതോടെ ജനങ്ങളുടെ പ്രതിഷേധവും കനത്തു. ചട്ടങ്ങൾ ലംഘിച്ചാണെങ്കിലും 40,000 ടൺ വാർഷിക ഉത്‌പാദന ശേഷിയുള്ള പ്ലാന്റിനായിരുന്നു മലിനീകരണ നിയന്ത്രണബോർഡ് അനുമതി നൽകിയത്. പക്ഷേ, അതു പാലിക്കാൻ തയ്യാറായില്ല. അനുമതി കൂടാതെ തന്നെ വളരെ വേഗം ഉത്‌പാദനശേഷി 70,000 ടൺ ആക്കി ഉയർത്തി.  

1996 ഒക്ടോബർ 14-ന്‌ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് സ്റ്റെർലൈറ്റിനു  പ്രവർത്തനാനുമതി നൽകി. ഭൂഗർഭജലം മലിനമാക്കുകയാണെങ്കിൽ പൂട്ടും എന്നതുൾപ്പെടെയുള്ള നിബന്ധനകളോടെയായിരുന്നു ഇത്. പ്രവർത്തനം തുടങ്ങിയതോടെ ജനങ്ങളുടെ എതിർപ്പു വർധിച്ചു. എന്നാൽ, ജില്ലാ ഭരണകൂടവും മലിനീകരണനിയന്ത്രണ ബോർഡും കമ്പനിക്കൊപ്പം നിന്നുവെന്നാണ് ജനങ്ങളുടെ ആക്ഷേപം. 1997-ൽ മേയ് അഞ്ചിന് പ്ലാന്റിൽ നിന്നുള്ള വാതകചോർച്ചയെത്തുടർന്ന് ഒരാൾ മരിച്ചതായും ഒട്ടേറെ പേർക്ക് അസ്വാസ്ഥ്യമുണ്ടായതായും മറ്റുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 
1998 നവംബറിൽ മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം നാഷണൽ എൻവയൺമന്റൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റെർലൈറ്റ് മലിനീകരണത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ടു തയ്യാറാക്കി.  പരിസ്ഥിതിക്കും ഭൂഗർഭജലത്തിനും ഭീഷണിയെന്നു ഇതിൽ വ്യക്തമാക്കിയിരുന്നു. കേസും കോടതിയും നിയമലംഘനവും ജനങ്ങളുടെ പ്രതിഷേധവുമൊക്കെയായി നാളുകൾ കടന്നുപോയി. 2003-ൽ ഫാക്ടറിയിൽ നിന്ന് വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ജയലളിത പൂട്ടാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിനെതിരേ കമ്പനി ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന് സംസ്ഥാനസർക്കാർ തീരുമാനം ട്രിബ്യൂണൽ റദ്ദാക്കി. അതിനെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. 2010 െസപ്റ്റംബർ 28-ന്‌ ഫാക്ടറി പൂട്ടാൻ മ്രദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ, അനുമതി നേടി വീണ്ടും പ്രവർത്തനം തുടങ്ങി. 

സാംബിയ മുതൽ തൂത്തുക്കുടിവരെ

ബിഹാറിലെ ചെറുകിട ആക്രിക്കച്ചവടത്തിലൂടെ ധനികനായ അനിൽ അഗർവാളാണ് വേദാന്ത റിസോഴ്‌സസ് എന്ന കമ്പനിയുടെ ഉടമ. ഇന്ന് ലോകത്തിലെ വമ്പൻ കോടീശ്വരന്മാരിൽ ഒരാളാണ് അദ്ദേഹം.  മഹാരാഷ്ട്രയിൽ ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഒഴിവാക്കിയ സ്റ്റെർലൈറ്റ്‌ ഫാക്ടറി തൂത്തുക്കുടിയിൽ എത്തിക്കാൻ അനിൽ അഗർവാളിനു എളുപ്പത്തിൽ സാധിച്ചു. ഇന്നിപ്പോൾ ഈ മാതൃക ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ് അനിൽ അഗർവാൾ.  വേദാന്തയുടെ ചെമ്പു ഖനിയിൽനിന്നുള്ള മാരകമായ അവശിഷ്ടങ്ങൾ സാംബിയയിലെ കാഫു നദിയിൽ ഒഴുക്കിയതിനെത്തുടർന്ന് ജനങ്ങൾക്ക് വൻതോതിൽ രോഗങ്ങൾ പിടിപെടുകയും മത്സ്യങ്ങൾ ചത്തു പൊന്തുകയും ചെയ്തിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് തദ്ദേശീയർ കോടതിയെ സമീപിച്ചു. വിദശേത്തുനിന്നുപോലും എതിർപ്പുണ്ടായ സംരംഭത്തെയാണ് അദ്ദേഹം സ്വന്തം രാജ്യത്ത് വിപുലപ്പെടുത്താൻ ശ്രമിച്ചതെന്ന്‌ ആക്ഷേപമുണ്ട്.