വേദനകളെല്ലാം ഒറ്റപ്പെടലുകളാണ്, എന്നാല്‍ ലൈംഗികാതിക്രമത്തില്‍ നിന്നുമുള്ള മുറിവ് പ്രത്യേകിച്ചും മറ്റെല്ലാത്തിലും തീവ്രമായ ഒറ്റപ്പെടലാണ്. അത് എപ്പോഴും ഒറ്റയ്ക്കു മാത്രം അനുഭവിക്കേണ്ടി വരുന്ന ഒന്നാണ്. സ്ത്രീയെ തന്റെ ഉള്ളിലേക്ക് ഒതുങ്ങിക്കൂടാന്‍ പ്രേരിപ്പിക്കുന്നതാണത്. സമൂഹവും ചുറ്റിലുമുള്ളവരും വേദന മനസ്സിലാക്കി ഒപ്പം നില്‍ക്കുമ്പോഴും ആ വേദന കുറയുന്നില്ല, അത് അവളെ കൂടുതല്‍ ഒറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതേ അവസ്ഥയിലൂടെ കടന്നുപോയ ഒരു സ്ത്രീയുടെ അനുഭവം അവള്‍ക്ക് കരുത്തേകുന്നതാണ്. ഇവിടെയാണ് #MeTooവിന്റെ പ്രസക്തി. 
 
2017, ഒക്ടോബര്‍ 15-നാണ് അമേരിക്കന്‍ നടി അലീസ്സ മിലാനോ തന്റെ ട്വിറ്റര്‍ പേജില്‍ ആ പോസ്റ്റിട്ടത്. 'ലൈംഗികപീഡനങ്ങള്‍ക്കോ അതിക്രമത്തിനോ ഇരയായിട്ടുള്ള സ്ത്രീകള്‍ #MeToo എന്ന സ്റ്റാറ്റസ് ഇടുക. ഇതിലൂടെ ഒരുപക്ഷേ ഈ പ്രശ്നത്തിന്റെ വ്യാപ്തി എത്രയുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ സാധിക്കും.' ഉച്ചയോടെ മിലാനോ ഇട്ട പോസ്റ്റ് വൈകുന്നേരം ആയപ്പോഴേക്കും ട്വീറ്റുകളും റീട്വീറ്റുകളുമായി ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ ഏറ്റെടുത്തു. അവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരെയുള്ള ലൈംഗികാരോപണ കൊടുങ്കാറ്റായാണ് #MeToo തുടങ്ങിയതെങ്കിലും ഒറ്റ ദിവസം കൊണ്ട് തന്നെ അത് മറ്റിടങ്ങളിലും മേഖലകളിലും വലിയ തരംഗമായി. ട്വിറ്റര്‍ കണക്കുകള്‍ പ്രകാരം ഒറ്റ ദിവസം കൊണ്ട് രണ്ടു ലക്ഷം പേരാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ചത്, അടുത്ത ദിവസത്തോടെ അത് അഞ്ച് ലക്ഷം പിന്നിട്ടു. ഇതേ ഹാഷ്ടാഗില്‍ ഫെയ്സ്ബുക്കും തുറന്നുപറച്ചിലുകള്‍ കൊണ്ട് സജീവമായി. ഇവിടെ, ആദ്യ ഇരുപത്തിനാലു മണിക്കൂറില്‍ ഈ ഹാഷ്ടാഗ് ഉപയോഗിച്ചത് 4.7 ദശലക്ഷം ആളുകളാണ്. 
 
തുര്‍ന്നുള്ള ദിവസങ്ങളില്‍ ഹോളിവുഡിലെ മുന്‍നിര നടിമാരടക്കം അനവധി സ്ത്രീകള്‍ തങ്ങള്‍ക്കു നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളുടെ കഥകള്‍ തുറന്നു പറഞ്ഞു. വെയിന്‍സ്റ്റീനെതിരെ ബലാല്‍സംഗവും മറ്റ് ലൈംഗികാതിക്രമങ്ങളും ആരോപിച്ച ഇവര്‍, കഴിഞ്ഞ മുപ്പത് വര്‍ഷമായി വെയിന്‍സ്റ്റീന്‍ ഇതു തുടരുകയാണെന്ന് തങ്ങളുടെ അനുഭവങ്ങളിലൂടെ വ്യക്തമാക്കി. ആഷ്ലി ജൂഡ്, ടെയ്ലര്‍ സ്വിഫ്റ്റ്, ആന്‍ജലീന ജോളി, ലുപിത ന്യോന്‍ഗോ, സല്‍മാ ഹയെക്ക് എന്നീ മുന്‍നിര നടിമാര്‍ പ്രമുഖ അമേരിക്കന്‍ ദിനപത്രങ്ങളായ ദ ന്യൂയോര്‍ക്ക് ടൈംസിലൂടെയും ന്യൂയോര്‍ക്കറിലൂടെയും തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു. ഇവരുള്‍പ്പടെ 80 സ്ത്രീകള്‍ വെയിന്‍സ്റ്റീനെതിരെ ആരോപണവുമായി രംഗത്തുവന്നു. ഇത് വെയിന്‍സ്റ്റീന്റെ അറസ്റ്റില്‍ കലാശിച്ചു. അതേസമയം, ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും നിശബ്ദത ഭേദിച്ച് #MeToo പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു. അറബിക്, ഫാര്‍സി, ഫ്രഞ്ച്, ഹിന്ദി, സ്പാനിഷ് അങ്ങനെ വിവിധ ഭാഷകളില്‍ #MeToo പതിപ്പുകള്‍ പിറന്നു. 
me too
അലീസ്സ മിലാനോ, തരാനാ ബുര്‍ക്ക്‌
 
ഊബര്‍ എഞ്ചിനിയര്‍ സൂസന്‍ ഫ്ളവര്‍ ഊബര്‍ സി.ഇ.ഒ ട്രാവിസ് കലാനിക്കിനെതിരെ പീഡനാരോപണവുമായി മുന്നോട്ടുവന്നതും അമേരിക്കയിലെ ഹോട്ടല്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങള്‍ ദിവസവും നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറഞ്ഞതും തൊഴിലിടങ്ങളിലെ പീഡനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായി. ജോലിയ്ക്കായുള്ള അഭിമുഖത്തില്‍ തങ്ങള്‍ക്കു നേരിടേണ്ടി വന്ന ലൈംഗികച്ചുവയുള്ള ചോദ്യങ്ങളായിരുന്നു മറ്റു ചില സ്ത്രീകള്‍ക്ക് പറയാനുണ്ടായിരുന്നത്. ഹോളിവുഡ് കടന്ന് മാധ്യമ, രാഷ്ടീയ, അക്കാദമിക, വ്യാവസായിക രംഗങ്ങളിലേക്ക് #MeToo പെട്ടന്നുതന്നെ പടര്‍ന്നു പിടിച്ചു.
 
ഇന്ത്യയിലും #MeToo ചലനങ്ങള്‍ സൃഷ്ടിച്ചു. അക്കാദമിക മേഖലയിലെ ലൈംഗികാതിക്രമക്കാരായ അധ്യാപകരുടെ പേരുകള്‍ അടങ്ങുന്ന ലിസ്റ്റ് ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് അമേരിക്കയില്‍ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരി റയ ശങ്കര്‍ രംഗത്തുവന്നു. ഇന്ത്യയിലെ പ്രമുഖ കോളേജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമായി 75ല്‍ പരം പേരുകള്‍ അടങ്ങുന്ന പട്ടികയാണ് ഇവര്‍ പ്രസിദ്ധീകരിച്ചത്. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും ഒരുപാട് പേര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതി. സ്ത്രീകള്‍ നിത്യവും നേരിടേണ്ടി വരുന്ന അതിക്രമങ്ങളിലേക്കും പീഡനങ്ങളിലേക്കും ശ്രദ്ധ കൊണ്ടുവരുവാനും ആ സ്ഥിതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാനുമായി 85 രാജ്യങ്ങളിലെ സ്ത്രീകളാണ് ഇന്ന് #MeToo ഹാഷ്ടാഗ് ഉപയോഗിക്കുന്നത്. 
 
വിമതസ്വരങ്ങള്‍ ഉയരുന്നു
 
me too
വോട്ടവകാശത്തിനായി ബ്രിട്ടനിലെ സഫ്രാജെറ്റുകള്‍ നടത്തിയ പ്രക്ഷോഭം
ബ്രിട്ടനിലെ ആദ്യകാല ഫെമിനിസ്റ്റ് നേതാവും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്ന എമ്മലൈന്‍ പാങ്ക്ഹര്‍സ്റ്റ് 1914-ല്‍ തന്റെ ആത്മകഥയില്‍ പറയുന്നതിങ്ങനെയാണ്, 'സദാചാരനിയമങ്ങള്‍ ഉണ്ടാക്കുന്നത് പുരുഷന്‍മാരാണ്, എന്നിട്ടവ സ്ത്രീകള്‍ സ്വീകരിക്കണമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പുരുഷന്‍മാര്‍ അവരുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നത് തീര്‍ത്തും ശരിയാണെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു, എന്നാല്‍ അവരെ സംബന്ധിച്ച് സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടാനായി പ്രവര്‍ത്തിക്കുന്നത് ശരിയായ കാര്യമല്ല.' സമൂഹത്തിലെ ഇത്തരം അലിഖിത നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ബ്രിട്ടനില്‍ പാങ്ക്ഹര്‍സ്റ്റ് ഉള്‍പ്പടെയുള്ള സമ്മതിദാനാവകാശപ്രവര്‍ത്തകര്‍ (സഫ്രാജറ്റുകള്‍) സ്ത്രീകളുടെ വോട്ടവകാശത്തിനായി തെരുവിലിറങ്ങിയത്.
 
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള സ്ത്രീപ്രസ്ഥാനങ്ങള്‍ ചരിത്രപ്രധാനമായ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. അവരുടെ പ്രയത്നത്തിന്റെ ഭാഗമായി സമ്മതിദാനാവകാശം, ലൈംഗിക-പ്രത്യുത്പാദന ആരോഗ്യം, പ്രസവാവധി, നിയമസമത്വം എന്നിങ്ങനെ പല കാര്യങ്ങളിലും നീതിപൂര്‍വ്വകമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ഒരുപാട് ആവശ്യങ്ങള്‍ നേടിയെടുക്കുമ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ഇനിയും ഒട്ടനവധി വിഷയങ്ങളില്‍ മാറ്റം വരാനുണ്ട്. ഉദാഹരണത്തിന്, സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് രക്ഷാകര്‍ത്താവായി പുരുഷന്‍ വേണമെന്നാണു നിയമം. ലോകത്തിലെ സ്ത്രീ-പുരുഷ സമത്വം ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ഇറാനില്‍ അവിവാഹിതരായ സ്ത്രീകള്‍ക്ക് പ്രത്യുത്പാദന ആരോഗ്യസേവനങ്ങള്‍ ലഭിക്കുന്നതില്‍ വിലക്കുകളുണ്ട്. അതുപോലെ ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ ഇന്നും തുല്യവേതനത്തിനായി പോരാടുന്നവരാണ്. 
 
'പ്രവൃത്തികളാണ് വേണ്ടത്, വാക്കുകളല്ല!' എന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ദൃഢചിത്തരായ സഫ്രാജറ്റുകള്‍(Suffragettes) ബ്രിട്ടനില്‍ സമ്മതിദാനാവകാശത്തിനായി പോരാടിയത്. സ്ത്രീകളുടെ അവകാശപോരാട്ടങ്ങളുടെ ചരിത്രത്തില്‍ ആദ്യ സമരമായിരുന്നു ഇത്, ലോക ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കമായും ഇതു കണക്കാക്കപ്പെടുന്നു. സഫ്രാജറ്റുകളുടെ ഉശിരുറ്റ പ്രക്ഷോഭങ്ങള്‍ സ്ത്രീകളെക്കുറിച്ച് നിലവിലുണ്ടായിരുന്ന സാമൂഹിക, രാഷ്ട്രീയ മാതൃകകള്‍ തകര്‍ത്തു. 1905-ല്‍ അവര്‍ വിമന്‍സ് സോഷ്യല്‍ ആന്റ് പൊളിറ്റിക്കല്‍ യൂണിയന്‍ എന്ന സംഘടന രൂപീകരിച്ച് അതിശക്തമായ സമരങ്ങള്‍ അഴിച്ചുവിട്ടു. 
 
ചരിത്രമായ പോരാട്ടങ്ങള്‍
 
ഫ്രഞ്ച് വിപ്ലവ ചരിത്രത്തിലും സ്ത്രീകളുടെ നിര്‍ണ്ണായകമായ ഇടപെടലുകള്‍ കാണാം. 1789 ഒക്ടോബറില്‍ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും സഹിച്ചുമടുത്ത പാരീസിലെ സ്ത്രീകള്‍ രാജാവിനോട് കണക്കുചോദിക്കാനായി രാജസന്നിധിയായിരുന്ന വെഴ്സായിയിലേക്ക് ഇരമ്പിയെത്തിയത് ഫ്രഞ്ചുവിപ്ലവത്തിന്റെ ഗതി തിരിച്ചു വിട്ട സംഭവങ്ങളിലൊന്നാണ്. അതിനുശേഷം നടന്ന പൊതുപ്രക്ഷോഭങ്ങളിലെല്ലാം സ്ത്രീകള്‍ ശക്തമായ സാന്നിദ്ധ്യവുമായിരുന്നു. മരീ ഗൂസെ, മാഡം റൊണാല്‍ഡ് എന്നിവര്‍ ഫ്രഞ്ച് വിപ്ലവചരിത്രത്തിലെ ശക്തമായ സ്ത്രീസാന്നിദ്ധ്യങ്ങളായിരുന്നു. എന്നിരുന്നാലും, ഇത്രയേറെ ധീരപോരാട്ടങ്ങളിലൂടെ കടന്നുപോയിട്ടും, റൂസ്സോ അടക്കമുള്ള സമത്വവാദികളുടെ സ്വാധീനമുണ്ടായിരുന്നിട്ടും ഫ്രാന്‍സിലെ സ്ത്രീകള്‍ക്ക് വോട്ടവകാശത്തിനായി 1944 വരെ കാത്തിരിക്കേണ്ടി വന്നു എന്നത് വൈരുദ്ധ്യമാണ്. വിവിധ കാലങ്ങളിലായി സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും സ്വേച്ഛാധിപത്യത്തിനും ജനാധിപത്യഹിംസകള്‍ക്കും എതിരായ സമരങ്ങളില്‍ ശക്തമായി നിലകൊണ്ടവരാണ് സ്ത്രീകള്‍. എന്നാല്‍ ഇതിന്റെ ഫലമായി അവര്‍ക്ക് കനത്ത തിരിച്ചടികളാണ് നേരിടേണ്ടി വന്നിട്ടുള്ളത്. 1793-ല്‍ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ മരീ ഗൂസെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള പതിനേഴ് വകുപ്പുകള്‍ അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചത് ഇവിടെ പ്രസക്തമാണ്: 'ഗില്ലറ്റിനുകളില്‍ പിടഞ്ഞ് മരിക്കാന്‍ സ്ത്രീകള്‍ക്കാവുമെങ്കില്‍ ജനസഭയില്‍ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കാനും അവര്‍ക്ക് അവകാശമുണ്ട്.'
stealthy freedom
My Stealthy Freedom/DeviantArt
രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വന്‍മാറ്റങ്ങള്‍ക്കാണ് കാരണമായിട്ടുള്ളത്. ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെയുള്ള പ്രതിഷേധസ്വരങ്ങള്‍ക്ക് വിലക്കുകല്‍പ്പിക്കപ്പെട്ട അവസരങ്ങളിലെല്ലാം സമൂഹമാധ്യമങ്ങളാണ് തുറന്നുപറച്ചിലുകളുടേയും പ്രതിഷേധപ്രകടനങ്ങള്‍ക്കും വേദിയായത്. 2009-ല്‍ ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദിനെതിരെയുള്ള ഗ്രീന്‍ മൂവ്‌മെന്റ്, 2010-ലെ അറബ് വസന്തം തുടങ്ങി നിരവധി പ്രക്ഷോഭങ്ങളില്‍ സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. അതുപോലെ, 2014-ല്‍ 'My Stealthy Freedom' എന്ന പേരില്‍ ഇറാനിലെ സ്ത്രീകള്‍ പൊതുവിടങ്ങളില്‍ പര്‍ദ ധരിക്കാതെ അവരുടെ പടങ്ങള്‍ പകര്‍ത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തുകൊണ്ട് സമൂഹത്തിലെ സദാചാരചട്ടക്കൂടുകളെ വെല്ലുവിളിച്ചു. എന്നാല്‍, ഈ സമരങ്ങളിലെല്ലാം പങ്കുകൊണ്ടതിന്റെ പേരില്‍ ശാരീരിക, ലൈംഗിക പീഡനങ്ങള്‍ക്കും രാജ്യഭ്രഷ്ട്രിനും വരെ സ്ത്രീകള്‍ ഇരയാക്കപ്പെട്ടു. എങ്കിലും തോറ്റു പിന്‍മാറാതെ തങ്ങള്‍ക്കു നേരിടേണ്ടിവന്ന ക്രൂരതകള്‍ ടെലിവിഷനിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും ഇപ്പോഴും അവര്‍ സധൈര്യം ലോകത്തെ അറിയിക്കുന്നു.
 
ബോകോ ഹറം എന്ന തീവ്രവാദസംഘടനയ്ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് പ്രശ്നത്തിന്റെ ഗൗരവത്തിലേക്ക് ലോകശ്രദ്ധ കൊണ്ടുവന്നവരാണ് നൈജീരിയയിലെ സ്ത്രീകള്‍. സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിനെ എതിര്‍ക്കുകയും പെണ്‍കുട്ടികളെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയി തടവിലാക്കുകയും ചെയ്ത ബോകോ ഹറമിനെതിരെ #BringBackOurGirls എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയും തട്ടിക്കൊണ്ടുപോയ കുട്ടികളുടെ വീണ്ടെടുക്കലിന് കാരണമാകുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീസമരങ്ങള്‍ കത്തിപ്പടരുന്നതിന്റെ ഉദാഹരണം കൂടിയാണ് നൈജീരിയന്‍ സ്ത്രീകളുടെ പോരാട്ടം. 1929-ല്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കുമേല്‍ കരം ചുമത്താന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നതോടെ സ്ത്രീകള്‍ കലാപത്തിനിറങ്ങുകയും ഒടുവില്‍ ഭരണരീതികള്‍ തന്നെ മാറ്റാന്‍ ഇതു കാരണമാകുകയും ചെയ്ത ചരിത്രവുമുണ്ട് നൈജീരിയന്‍ സ്ത്രീകള്‍ക്ക്. ''വിമന്‍സ് വാര്‍' എന്നറിയപ്പെടുന്ന ഈ സമരം കോളനി ഭരണത്തിനെതിരെ സ്ത്രീകള്‍ നടത്തിയ വന്‍ചെറുത്തുനില്‍പ്പായാണ് ചരിത്രം വിലയിരുത്തുന്നത്. 
 
സമൂഹമാധ്യമങ്ങളുടെ വരവിനുശേഷം ലോകത്ത് ചര്‍ച്ചയായ സ്ത്രീസ്വാതന്ത്ര്യം, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും ശക്തമായി ചര്‍ച്ച തുടങ്ങുന്നത് 2012 അവസാനത്തോടെയാണ്. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗത്തെയും കൊലപാതകത്തെയും തുടര്‍ന്ന് ആയിരക്കണക്കിന് സ്ത്രീകള്‍ സ്ത്രീസുരക്ഷ, സ്ത്രീസ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. ബലാല്‍സംഗം പോലുള്ള അതിഹീനമായ ആക്രമണങ്ങളെ ഭയപ്പാടുകൂടാതെ നേരിടുവാനും ആത്മവിശ്വാസത്തോടെ ജീവിക്കാനും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ആവശ്യമാണ് എന്ന് വാദം ഈ സംഭവത്തോടെ ഉയര്‍ന്നുവന്നു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍ പുനഃപരിശോധിക്കുന്നതിന് ജസ്റ്റിസ് ജെ.എസ്.വര്‍മ്മയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചത് പ്രതിഷേധങ്ങളുടെ പരിണിതഫലമായാണ്. ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് ക്രിമിനല്‍ (ഭേദഗതി) നിയമം, 2013 നിലവില്‍ വന്നത്. 
 

ഫെമിനിസം;
ചില ചിന്താധാരകള്‍


me tooലിബറല്‍ ഫെമിനിസ്റ്റുകള്‍: സമൂഹത്തിന്റെ അടിസ്ഥാന സ്വഭാവത്തില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താതെ പൊതുവായ ചില അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയവരാണ് ഇവര്‍. മേരി മോണ്‍സ്റ്റോണ്‍ക്രോഫ്റ്റ്, ഹാരിയറ്റ് ടെയ്ലര്‍മില്‍, എലിസബത്ത് കേഡിസ്റ്റന്‍ടണ്‍ തുടങ്ങിയവര്‍ ഈ ധാരയുടെ പ്രതിനിധികളാണ്. 
റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍: എല്ലാ ആധിപത്യങ്ങളുടെയും അധീശത്വങ്ങളുടെയും അടിസ്ഥാനം, പുരുഷന്‍മാര്‍ സ്ത്രീകള്‍ക്കുമേല്‍ ചെലുത്തുന്ന ലിംഗാധിപത്യമാണ് എന്ന് വിശ്വസിക്കുന്നവരാണ് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍. 

ഇക്കോഫെമിനിസം: പാരിസ്ഥിതിക നീതിയ്ക്കും ഭക്ഷണ-ജല-ജനാധിപത്യത്തിനും തദ്ദേശവിഭവസുരക്ഷയ്ക്കും ഊന്നല്‍ നല്‍കുന്നതാണ് ഇക്കോഫെമിനിസം. പ്രകൃതിയെ മുതലാളിത്തചൂഷണത്തിന് വിധേയമാക്കുന്നതും സ്ത്രീശരീരത്തെ പിതൃമേധാവിത്വം കീഴ്‌പ്പെടുത്തുന്നതും ഒരുപോലെയാണ് എന്നാണ് അവരുടെ വാദം. 

മാര്‍ക്സിസ്റ്റ് ഫെമിനിസം: മുതലാളിത്തത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ഉല്‍പന്നം എന്ന രീതിയില്‍ പുരുഷാധിപത്യം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് വിശ്വസിക്കുന്നു ഇവര്‍, മുതലാളിത്ത വ്യവസ്ഥ തകര്‍ത്ത് സ്ത്രീ വിമോചനം സാധ്യമാക്കണം എന്ന ചിന്തക്കാരാണ്.

സോഷ്യലിസ്റ്റ് ഫെമിനിസം: സ്ത്രീവിമോചനത്തിന്റെ വര്‍ഗപരമായ ഉറവിടം തേടുന്നവരാണ് ഇവര്‍. ആണ്‍കോയ്മയും, മുതലാളിത്തവും തമ്മില്‍ പരസ്പര ബന്ധമുണ്ടെന്നും ഇവര്‍ വാദിക്കുന്നു. സ്ത്രീകളുടെ അടിച്ചമര്‍ത്തലിന് കാരണമായ സാമ്പത്തിക, സാംസ്‌കാരിക ഉറവിടങ്ങളെ ഇല്ലാതാക്കിയാല്‍ മാത്രമേ സ്ത്രീവിമോചനം സാധ്യമാകൂ എന്ന് ഇവര്‍ വിശ്വസിക്കുന്നു. 

ജെന്‍ഡര്‍ പൊളിറ്റിക്സ്: ഫെമിനിസത്തിന്റെ ഏറ്റവും പുതിയ ധാരയാണ് ജെന്‍ഡര്‍ പൊളിറ്റിക്സ്. തേഡ് വേവ് ഫെമിനിസത്തിന്റെ സൈദ്ധാന്തിക അടിത്തറ രൂപംകൊള്ളുന്നത് ജെന്‍ഡര്‍ സിദ്ധാന്തങ്ങളില്‍നിന്നാണ്. ആണും, പെണ്ണും എന്നത് ബയോളജിക്കല്‍ ശരീരങ്ങള്‍ ആണെങ്കിലും അവരുടെ പ്രകടനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാമൂഹികമായി അടിച്ചേല്‍പ്പിക്കപ്പെടുന്നതാണെന്നാണ് ഇവരുടെ വാദം.

 

പ്രസ്ഥാനങ്ങളുടെ പരിണാമം

എക്കാലത്തും ഏറെ ചലനങ്ങള്‍ സൃഷ്ടിച്ച പ്രത്യയശാസ്ത്രമാണ് ഫെമിനിസം അഥവാ സ്ത്രീവാദം. അതുപോലെ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പ്രസ്ഥാനം കൂടിയാണിത്. തുല്യനീതിയ്ക്കുവേണ്ടി സ്ത്രീകള്‍ നിലകൊള്ളുന്നതിനെയാണ് ഫെമിനിസം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ വലിയ രീതിയിലുള്ള വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും അനുഭവിക്കുന്നുണ്ടെന്നുള്ള കണ്ടെത്തലിന്റെ ഭാഗമായി രൂപപ്പെട്ട വിമോചന ആശയമായാണ് ഫെമിനിസത്തിന്റെ അടിത്തറ. പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ക്കും സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും സമത്വം വേണമെന്നുള്ള വിശ്വാസ പ്രമാണമാണ് ഫെമിനിസം. 
 
  • ഒന്നാം ഘട്ടം: പാശ്ചാത്യ സമൂഹങ്ങളില്‍ 1800-കളില്‍ തന്നെ സ്ത്രീവിമോചനം എന്ന ആശയം രൂപപ്പെട്ടിരുന്നു. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നതും ഇതില്‍ നിന്നാണ്. അക്കാലങ്ങളില്‍ നിയമപരമായ ആവശ്യങ്ങള്‍ നേടിയെടുക്കാനായിരുന്നു സ്ത്രീ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചത്. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് സമ്മതിദാനാവകാശം നേടിയെടുക്കുക എന്ന ആവശ്യവുമായി സ്ത്രീകള്‍ സമരരംഗത്തിറങ്ങി. ഇതിന്റെ ഫലമായി, ലോകത്തിലാദ്യമായി 1893-ല്‍ ന്യൂസിലാന്റില്‍ സ്ത്രീകള്‍ വോട്ടവകാശം നേടിയെടുത്തു. അതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും, 1900-കളില്‍ അമേരിക്കയിലും സ്ത്രീകള്‍ വോട്ടവകാശം നേടി. പിന്നീട് വ്യാവസായിക വിപ്ലവത്തോടെ കണ്ട വലിയ മാറ്റം, പുരുഷന്‍മാര്‍ കൈയ്യടക്കി വച്ചിരുന്ന തൊഴിലുകളിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവായിരുന്നു. ഇത് സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഉന്നമനത്തിന് കാരണമായി. സ്ത്രീകള്‍ക്ക് സംഘടിക്കുവാനും സംവദിക്കുവാനുമുള്ള വേദികള്‍ ഇതിലൂടെ തുറന്നുവന്നു. 
 
1908 മാര്‍ച്ച് 8-ന് ന്യൂയോര്‍ക്കിലെ തുന്നല്‍ സൂചി നിര്‍മാണശാലയിലെ സ്ത്രീതൊഴിലാളികള്‍ വോട്ടവകാശവും വേതന വര്‍ധനവും ആവശ്യപ്പെട്ടുകൊണ്ട് വലിയ റാലി നടത്തി. ഈ ദിവസത്തിന്റെ അനുസ്മരണാര്‍ത്ഥമാണ് മാര്‍ച്ച് 8 സാര്‍വദേശീയ വനിതാ ദിനമായി ആചരിക്കുന്നത്. 1910-ല്‍ കോപ്പന്‍ഹേഗനില്‍ ചേര്‍ന്ന സോഷ്യലിസ്റ്റ് വിമന്‍സ് കോണ്‍ഫറന്‍സ് ആണ് മാര്‍ച്ച് 8 വനിതാ ദിനമായി ആചരിക്കാന്‍ ആദ്യമായി ആഹ്വാനം ചെയ്തത്. 1893-ല്‍ മേരി വോള്‍സ്റ്റോണ്‍ ക്രാഫ്റ്റ് രചിച്ച A Vindication of the Right of woman(1792) എന്ന കൃതി സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും പുരുഷാധിപത്യത്തിന്റെ സൂക്ഷ്മസ്വഭാവത്തെക്കറിച്ചും പറയുന്നതാണ്. ആദ്യ ഫെമിനിസ്റ്റ് രചനയായി ഇനിനെ കാണുന്നവരുമുണ്ട്.me too
 
  • രണ്ടാം ഘട്ടം: 1960-കളില്‍ തുടങ്ങി 1980-കളുടെ അവസാനം വരെയുള്ള കാലഘട്ടമാണ് ഫെമിനിസത്തിന് രണ്ടാംഘട്ടം. അമേരിക്കന്‍ ഫെമിനിസ്റ്റുകളായ ബെറ്റി ഫ്രീഡന്‍, ആലിസ് പോള്‍ തുടങ്ങിയവര്‍ ഈ കാലഘട്ടത്തില്‍ എടുത്തുപറയേണ്ട പേരുകളാണെങ്കിലും രണ്ടാംഘട്ട ഫെമിനിസത്തിന് ആശയപരമായ അടിത്തറപാകുന്നതില്‍ ഏറെ സ്വാധീനിച്ച വ്യക്തിയാണ് സാമൂഹികശാസ്ത്രജ്ഞയും ഫ്രാന്‍സിലെ അറിയപ്പെടുന്ന ബുദ്ധിജീവിയുമായ സിമോണ്‍ ദബൊവ. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അടിച്ചമര്‍ത്തലുകള്‍ക്കുറിച്ച് ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ അടങ്ങുന്നതാണ് അവരുടെ ദ സെക്കന്റ് സെക്സ്(The Second Sex) എന്ന പുസ്തകം. പിതൃകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീ എപ്പോഴും രണ്ടാമതായാണ് കണക്കാക്കപ്പെടുന്നത് എന്ന് അവര്‍ നിരീക്ഷിക്കുന്നു. 'ഒരാള്‍ സ്ത്രീയായല്ല ജനിക്കുന്നത്, എന്നാല്‍ അങ്ങനെ ആയി മാറുകയാണ്' എന്നത് സെക്കന്‍ഡ് സെക്സിലെ പ്രശസ്തമായ വാചകമാണ്. ഫെമിനിസ്റ്റ് എക്‌സിസ്റ്റന്‍ഷ്യലിസം(Feminist Existentialism) എന്ന പേരിലാണ് സിമോണിന്റെ സിദ്ധാന്തങ്ങള്‍ അറിയപ്പെടുന്നത്. ലൈംഗിക വിഭജനം, ജീവശാസ്ത്രപരമാണെങ്കിലും അതിനെ സാമ്പത്തികവും, സാമൂഹികവും മനശാസ്ത്രപരവുമായ സന്ദര്‍ഭത്തില്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് സിമോണ്‍ വിശ്വസിച്ചു.
 
  • മൂന്നാം ഘട്ടം: 1990-കളിലാണ് ഫെമിനിസത്തിന്റെ മൂന്നാംഘട്ടം ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തിലെ ഫെമിനിസ്റ്റ് ആശയങ്ങളെ വിമര്‍ശിച്ചുകൊണ്ടും ചോദ്യം ചെയ്തുകൊണ്ടുമാണ് മൂന്നാംഘട്ടക്കാര്‍ രൂപപ്പെട്ടത്. വെളുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളുടെ പോരാട്ടങ്ങള്‍ മാത്രം കണ്ടും ഉള്‍ക്കൊള്ളിച്ചുമുള്ളതായിരുന്നു രണ്ടാംഘട്ട ഫെമിനിസമെന്നും കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളെയും വികസ്വര രാജ്യങ്ങളിലെ സ്ത്രീകളെയും അവര്‍ പരിഗണിച്ചില്ല എന്നും മൂന്നാംഘട്ടക്കാര്‍ ആരോപിച്ചു. 
 
ഫെമിനിസത്തിന്റെ പുതിയ ഘട്ടം
 

me too

ജന്‍ഡര്‍ പൊളിറ്റിക്‌സ് എന്ന വിശാലാധാരയിലേക്ക് ഫെമിനിസം മാറുന്നതിന്റെ ആദ്യ മുന്നേറ്റമായി #MeToo മുന്നേറ്റത്തെ കാണാം. 2017 അവസാനത്തോടെ അലീസ്സ മിലാനോവിലൂടെയാണ് MeTooഎന്ന പദം ട്രെന്‍ഡായി മാറിയതെങ്കിലും, അത് ഉണ്ടാക്കിയതും ആദ്യമായി ഉപയോഗിച്ചതും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ പൗരാവകാശ പ്രവര്‍ത്തക തരാന ബുര്‍ക്കയാണ്. ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്ന അവര്‍, തന്റെ അതേ അവസ്ഥയിലൂടെ കടന്നു പോയ കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകള്‍ക്ക് കരുത്തേകാനും അവരെ പിന്‍താങ്ങാനുമായി 2006-ല്‍ രൂപം നല്‍കിയ ഓണ്‍ലൈന്‍ ക്യാംപയിനായിരുന്നു #MeToo. 
 
ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നത് സ്ത്രീയുടെ കുറ്റം കൊണ്ടല്ല എന്നും അതു മറച്ചു വയ്ക്കേണ്ടതില്ല എന്നും ഇത്തരം പ്രവൃത്തികള്‍ തുടരുന്ന പുരുഷന്‍മാരെ സമൂഹത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും കൂടി അടിവരയിടുന്നതാണ് MeToo പ്രസ്ഥാനം. സ്ത്രീകള്‍ നേരിടുന്ന ഗുരുതര പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുവാനും ആഗോള തലത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകളിലേക്ക് വഴിവെക്കാനും #MeTooവിനായി എന്നതാണ്  പ്രധാനകാര്യം. സമ്മതം, ലിംഗസ്വത്വം, വംശീയത, കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍, തൊഴിലിടങ്ങളിലെ പീഡനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ പുറത്തു പറയുമ്പോള്‍ നേരിടേണ്ടി വരുന്ന തിരിച്ചടികളും പ്രത്യാഘാതങ്ങളും നിലവിലെ നിയമവ്യവസ്ഥയും നടപടിക്രമങ്ങളും എന്നിങ്ങനെ അനവധി വിഷയങ്ങള്‍ ലോകം #MeToo വിലൂടെ ചര്‍ച്ചചെയ്തു.
 
'ഫെമിനിസത്തിന്റെ മുഴുവന്‍ ലക്ഷ്യവും എതിര്‍ലിംഗത്തിന്റെ തനിയാവര്‍ത്തനമാകുക എന്നതാണ്. അതായത്, ആണും പെണ്ണും തുല്യരായതുകൊണ്ട് എനിക്ക് എന്നെത്തന്നെ ഒരു ഫെമിനിസ്റ്റ് എന്ന് വിളിക്കേണ്ടി വരാത്ത ഒരു ലോകമാണ് എന്റെ സ്വപ്‌നം. ജനകീയ പ്രസ്ഥാനങ്ങളിലൂടെ മാത്രമേ അവിടെ എത്താനാകൂ'-നൈജീരിയന്‍ എഴുത്തുകാരിയും ഫെമിനിസ്റ്റുമായ ഷിമാമന്‍ഡ എന്‍ഗോഡി അഡീച്ചേയുടെ വാക്കുകളില്‍ പറയുന്ന ഈ ലോകത്തിലെത്താന്‍ MeToo പോലുള്ള പ്രസ്ഥാനങ്ങള്‍ അനിവാര്യമാണ്. 
 
റഫറന്‍സ്
$ ജെ.ദേവിക(2017): പെണ്ണൊരുമ്പെട്ടാല്‍ ലോകം മാറുന്നു: ലിംഗനീതിയുടെ വിപ്ലവങ്ങള്‍, റീഡ്മിബുക്‌സ്.
$ സിമോണ്‍ ദ ബൊവ(ജൂണ്‍ 2014): ദ സെക്കന്റ് സെക്‌സ്, റാന്‍ഡം ഹൗസ്.
$ ടൈം(ഡിസംബര്‍ 2017):ദ സൈലന്‍സ് ബ്രേക്കേഴ്‌സ്. 
$ https://www.nytimes.com/series/metoo-moment
https://www.theguardian.com/world/2018/jan/15/me-too-founder-tarana-burke-women-sexual-assault
https://www.ted.com/talks/chimamanda_ngozi_adichie_we_should_all_be_feminists/transcript?language=en
 
ജി.കെ. ആന്‍റ് കറന്‍റ് അഫയേഴ്സില്‍ പ്രസിദ്ധീകരിച്ചത്.