Photo: https://twitter.com/khaleejtimes
ദുബായ്: മസ്തിഷ്കാഘാതം സംഭവിച്ച 27കാരന് അപൂർവ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. പാകിസ്താൻ സ്വദേശി നദീം ഖാനാണ് ആസ്റ്റർ ആശുപത്രിയിലെ ചികിത്സയിൽ കൂടി പുതുജീവൻ ലഭിച്ചത്. തലച്ചോറിന് ക്ഷതമേറ്റ നദീമിന്റെ തലയോട്ടിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് വയറ്റിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു.
2021 നവംബറിലായിരുന്നു നിർമാണ തൊഴിലാളിയായ നദീമിനെ സുഹൃത്തുക്കൾ അൽ ഖുസൈസിലെ ആസ്റ്റർ ആശുപത്രിയിലെത്തിക്കുന്നത്. ശൗചാലയത്തിൽ ബോധരഹിതനായിക്കിടക്കുകയായിരുന്നു നദീം. മസ്തിഷ്കാഘാതം സംഭവിച്ചതായിരുന്നുവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. തുടർന്ന് അപൂർവ ശസ്ത്രക്രിയയ്ക്കും നീണ്ട ഏഴ് മാസത്തെ ചികിത്സയ്ക്കും ശേഷമാണ് നദീം ആശുപത്രി വിട്ടത്.
ആസ്റ്റർ ആശുപത്രിയിലെ ന്യൂറോസർജറി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. ചെല്ലദുരൈ ഹരിഹരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മുറിച്ചെടുത്ത തലയോട്ടിയുടെ ഭാഗം പുറത്ത് സുക്ഷിക്കാൻ സാധിക്കില്ല. വേറെ വഴിയില്ലാത്തത് കൊണ്ട് വയറിനുള്ളിൽ മുറിച്ചെടുത്ത തലയോട്ടി സൂക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് തലയോട്ടി വയറ്റിനുള്ളിൽ നിന്ന് എടുത്ത് വെച്ചുപിടിപ്പിക്കുമെന്ന് ചെല്ലദുരൈ പറഞ്ഞു.
മസ്തിഷ്കാഘാതത്തെത്തുടർന്ന് നദീമിന്റെ വലതു ഭാഗം തളർന്നുവെങ്കിലും ചികിത്സയെത്തുടർന്ന് ഓർമ്മ ശക്തിയും സംസാര ശേഷിയും തിരികെ ലഭിച്ചുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. നദീമിനെ കോൺസുലേറ്റിന്റെ സഹായത്തോടെ നാട്ടിലേക്ക് തിരികെ അയച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..