-
മനാമ: കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട പ്രവാസി സഹോദരങ്ങള്‍ക്ക് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പെരുന്നാള്‍ ഭക്ഷണം ഒരുക്കുന്നു. പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന സഹോദരങ്ങള്‍ക്ക് പെരുന്നാള്‍ ഭക്ഷണം എത്തിച്ചു കൊടുത്തുകൊണ്ടാണ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ജനസേവന വിഭാഗമായ വെല്‍കെയര്‍ ഈദ് ദിനത്തെ വ്യത്യസ്തമാക്കാന്‍ ഉദ്ദേശിക്കുന്നത്.
ആഘോഷ ദിനങ്ങളോടനുബന്ധിച്ച് 'ആഘോഷങ്ങള്‍ എല്ലാവരുടേതുമാകട്ടെ' എന്ന തലക്കെട്ടില്‍ വെല്‍കെയര്‍ മുന്‍ വര്‍ഷവും നടത്തിയ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈദിന് പെരുന്നാള്‍ ഭക്ഷണം നല്‍കുന്നത്. പ്രവാസികള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്റെയും സൗഹൃദത്തിന്റെയും സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഒരുമ വളര്‍ത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ വെല്‍കെയര്‍ ലക്ഷ്യമിടുന്നത്.
കോവിഡ് തുടക്കം മുതല്‍ ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെട്ടവര്‍ക്ക്, 'അടുപ്പം കുറഞ്ഞാലും അടുപ്പുകള്‍ പുകയണ'മെന്ന വെല്‍കെയര്‍ പദ്ധതിയിലൂടെ ആയിരക്കണക്കിന് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കിയതിന്റെ തുടര്‍ച്ചയായാണ് പെരുന്നാള്‍ ഭക്ഷണവും വെല്‍കെയര്‍ ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍, ക്വാറന്റൈനിലുള്ളവര്‍ തുടങ്ങി 2000 പേര്‍ക്ക് പെരുന്നാള്‍ ഭക്ഷണമെത്തിച്ച് ആഘോഷങ്ങള്‍ എല്ലാവരുടേതും ആക്കുന്ന മഹാ പദ്ധതിയാണ് വെല്‍കെയര്‍ ലക്ഷ്യം വെക്കുന്നത് എന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് എറിയാട് അറിയിച്ചു.
പെരുന്നാള്‍ ഭക്ഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 39405069, 36249805, 36710698 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..