വെട്ടൂർ ജി ശ്രീധരൻ
ഷാര്‍ജ: ഒരു കാലത്ത് പ്രവാസി മലയാളി ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തിയ റേഡിയോ കലാകാരനായിരുന്നു വിട പറഞ്ഞ വെട്ടൂര്‍ ജി ശ്രീധരന് (74). ഗള്‍ഫിലെ മലയാള റേഡിയോ പ്രക്ഷേപണത്തില്‍ വലിയ സംഭാവനയാണ് 'വെട്ടൂര്‍ജി' നല്‍കിയത്. പ്രവാസ നാടകരംഗത്ത് നിറഞ്ഞുനില്‍ക്കുമ്പോഴാണ് അദ്ദേഹം റേഡിയോ പ്രക്ഷേപണത്തിലേക്ക് കടന്നത്. 20 വര്‍ഷത്തോളം യു.എ.ഇയില്‍ റേഡിയോ കലാകാരനായി നിറഞ്ഞുനിന്നു. പുതിയ നിരവധി കലാകാരന്മാര്ക്കും വെട്ടൂര്‍ ജി. ശ്രീധരന് റേഡിയോ രംഗത്ത് അവസരം നല്‍കുകയും ചെയ്തു. രണ്ടു വര്‍ഷം മുന്‍പാണ് വെട്ടൂര്‍ നാട്ടിലേക്ക് പോയത്. വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബെംഗളൂരുവില്‍ വെച്ച് അന്തരിച്ചത്. വര്‍ക്കല വെട്ടൂര്‍ സ്വദേശിയാണ്.
1992 മേയ് ഒമ്പതിനാണ് ഗള്‍ഫിലെ ആദ്യ മലയാള റേഡിയോ പ്രക്ഷേപണം കെ.പി.കെ. വെങ്ങരയുടെ നേതൃത്വത്തില്‍ റാസല്‍ഖൈമ റേഡിയോയിലൂടെ (1152 എ.എം.) ആരംഭിച്ചത്. അബ്ദുറബ്, ബഷീര്‍ അബ്ദുല്ല, ഇ.എം. ഹാഷിം എന്നിവരും ആദ്യ മലയാള പ്രക്ഷേപണത്തിന്റെ സംഘാടകരായി. സതീഷ് മേനോന്, ബാബു ചിറയിന്‍കീഴ്, വിജയമ്മ തുടങ്ങിയ നാടകരംഗത്തുള്ളവരായിരുന്നു റാസല്‍ഖൈമ റേഡിയോയില്‍ തുടക്കത്തില്‍ പ്രവര്‍ത്തിച്ചത്. അക്കാലത്ത് കേരളത്തിലെ പ്രമുഖനായ റേഡിയോ വാര്ത്താവതാരകന് രാമചന്ദ്രനും റാസല്‍ഖൈമ റേഡിയോയില്‍ വാര്‍ത്ത വായിച്ചു. പിന്നീട് ഉമ്മുല്‍ഖുവൈന്‍ റേഡിയോയിലേക്ക് കെ.പി.കെ.വെങ്ങര മാറിയപ്പോഴാണ് പകരം 1996 - ല്‍ വെട്ടൂര്‍ ജി ശ്രീധരന് റാസല്‍ഖൈമ റേഡിയോയിലെത്തിയത്.
അന്ന് മറ്റൊരു പേരില്‍ റാസല്‍ഖൈമ റേഡിയോ രൂപാന്തരം പ്രാപിച്ചിരുന്നു. 1980 - ല്‍ യു.എ.ഇയിലെത്തിയ അദ്ദേഹം ഷാര്‍ജയിലെ ഫെഡറല്‍, പാലസ് ഹോട്ടലുകളിലെ ജീവനക്കാരനായാണ് പ്രവാസത്തിനു തുടക്കമിട്ടത്. ഷാര്‍ജയിലെ സലിം പൊന്നമ്പത്ത്, കെ.എസ്. യൂസുഫ് സഗീര്‍ എന്നിവരാണ് വെട്ടൂരിനെ ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. അക്കാലത്ത് 'വിളംബരം' അടക്കമുള്ള നാടകങ്ങളെഴുതി വെട്ടൂര്‍ ശ്രദ്ധ നേടിയിരുന്നു. കൂടാതെ കഴിമ്പ്രം വിജയനെഴുതിയ 'അമ്പറ' എന്ന നാടകം സംവിധാനം ചെയ്ത് യു.എ.ഇയിലെ നിരവധി വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തു. പിന്നീടുള്ള 20 വര്‍ഷം ഈ രംഗത്ത് വെട്ടൂര്‍ നിറ സാന്നിധ്യമായി. നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഇക്കഴിഞ്ഞ ലോക കേരളസഭയുടെ ഭാഗമായി പ്രവാസലോകത്തെ റേഡിയോ കലാകാരന്മാരെ സര്‍ക്കാര്‍ ആദരിച്ചിരുന്നു. ക്ഷണം ലഭിച്ചെങ്കിലും വെട്ടൂരിന് പങ്കെടുക്കാന്‍ സാധിച്ചില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..