വി.മുരളീധരൻ |ഫോട്ടോ:മാതൃഭൂമി
കുറവിലങ്ങാട്: മരുന്നും പ്രാര്‍ഥനകളുമായി കാത്തിരുന്നത് നാല് മാസം. ഗര്‍ഭിണിക്ക് സൗദിയില്‍ അനുഭവിക്കേണ്ടി വന്നത് വിവരിക്കാനാവാത്ത ദുരിതം. ഭക്ഷണവും ചികിത്സയും ലഭിക്കാതെ ഏജന്‍സിയുടെ കെണിയില്‍ കുടുങ്ങിയ മലയാളി യുവതിക്ക് നാട്ടിലേക്കെത്താന്‍ ഒടുവില്‍ വഴി തുറക്കുന്നു.
വെമ്പള്ളി തോട്ടികുളങ്ങര ടി.എം.നീനോയുടെ ഭാര്യ ടിന്‍സിയാണ് സൗദിയില്‍ ദുരിതം അനുഭവിച്ച് കഴിയുന്നത്. അടുത്താഴ്ച നാട്ടിലെത്തുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനത്തിന് വഴി തുറന്നത്. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ ജോലി നഷ്ടമായ ടിന്‍സിയോട് നാട്ടിലേക്ക് മടങ്ങാന്‍ രേഖകള്‍ തിരിച്ച് നല്‍കുന്നതിന് ഏജന്‍സി 4.80 ലക്ഷം ആവശ്യപ്പെട്ടതോടെയാണ് ദുരിതം തുടങ്ങുന്നത്. മൂന്നുവര്‍ഷം മുമ്പാണ് നീനോ പട്ടിത്താനം സ്വദേശിനിയായ ടിന്‍സിയേ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് മക്കളുണ്ടാവാത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. ഇതിനിടയില്‍ സൗദിയിലെ ആശുപത്രിയില്‍ ഏജന്‍സി വഴി ജോലി ലഭിച്ചു. സൗദിക്ക് പോകുന്നതിന് മുന്നോടിയായും സൗദിയില്‍ എത്തിയശേഷവും വൈദ്യപരിശോധന പൂര്‍ത്തിയാക്കി. പരിശോധനഫലം തൃപ്തികരമായിരുന്നതിനാല്‍ ജോലിയില്‍ പ്രവേശിച്ചു. ഒരാഴ്ച കഴിഞ്ഞ് ജോലിക്കിടെ തലകറക്കം അനുഭവപ്പെട്ടു. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്തയായിരുന്നു.
ഇതോടെ ടിന്‍സിയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. നാട്ടിലേക്ക് മടങ്ങാന്‍ ആശുപത്രി അധികൃതരെ സമീപിച്ചുവെങ്കിലും അനുമതി ലഭിച്ചില്ല. മടങ്ങണമെങ്കില്‍ നാല് ലക്ഷത്തി എണ്‍പതിനായിരം രൂപാ വേണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള രേഖകള്‍ നല്കാന് സൗദിയിലെ ഏജന്‍സിയും കൂട്ടാക്കിയില്ല. ഭര്‍ത്താവ് തിരുവല്ലയിലുള്ള ഏജന്‍സിയുമായി ബന്ധപ്പെട്ടപ്പോള്‍ നാല് ലക്ഷത്തി എണ്‍പതിനായിരം രൂപ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. കൈയിലുണ്ടായിരുന്ന സ്വര്‍ണം പണയും െവച്ചും ബന്ധുക്കളില്‍ നിന്ന് വായ്പ വാങ്ങിയുമാണ് ടിന്‍സിക്ക് സൗദിക്ക് വിസ തരപ്പെടുത്താന്‍ മൂന്നരലക്ഷം രൂപാ കണ്ടെത്തിയത്.
ഇതോടെയാണ് നീനോയും ടിന്സിയും ബി.ജെ.പി. നേതാക്കള്‍ വഴി കേന്ദ്രമന്ത്രിയെ സമീപിച്ചത്. വിവരം അറിഞ്ഞ ബി.ജെ.പി. പ്രാദേശിക നേതാവ് എസ്.ആര്.ഷിജോ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിനെ സമീപിച്ചു. ഇരുവരും നീനോയുടെ വെമ്പള്ളിയിലെ വസതിയിലെത്തി വിവരങ്ങള്‍ കൂടുതല്‍ മനസ്സിലാക്കി കേന്ദ്ര സഹമന്ത്രി വി. മുരളീധരനുമായി സംസാരിച്ചു. സൗദി എംബസിയുമായി മന്ത്രി വി.മുരളീധരന് ബന്ധപ്പെട്ടതോടെ ടിന്‍സിക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള അനുമതിയായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..