അമേരിക്കയിൽനിന്ന് ദുബായിൽ എത്തിച്ച മിസ്ബാറുൽ അമലിന്റെ പ്രധാന ഭാഗത്തിനരികിൽ അക്ബർ
എരുമപ്പെട്ടി : യു.എ.ഇ.യുടെ ആറുവർഷം നീണ്ടുനിന്ന ചൊവ്വാദൗത്യത്തിന് സാക്ഷ്യംവഹിച്ച് മലയാളിയായ ക്യാമറാമാൻ. തോന്നല്ലൂർ ആദൂർ ചുള്ളിയിൽ വീട്ടിൽ വീരാൻകുട്ടിയുടെയും സുഹറയുടെയും മകൻ അക്ബറിനാണ് ആ ഭാഗ്യം ലഭിച്ചത്.
ദൗത്യത്തിലെ ഓരോ ചുവടുകളും ക്യാമറാക്കണ്ണിലൂടെ ഒപ്പിയെടുക്കുക എന്ന ദൗത്യമായിരുന്നു അക്ബറിന്റേത്. മുപ്പത്തിരണ്ടുകാരനായ അക്ബർ 17 വർഷമായി സ്പേസ് സെന്ററിൽ ജോലി ചെയ്തു വരുന്നു. സെന്റർ ആരംഭിച്ച് തൊട്ടടുത്തവർഷം ഓഫീസ് ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ഇവന്റ് ഫോട്ടോഗ്രാഫറാണ്.
മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽനിന്ന് 2020 ജൂലൈ 19-ന് വിക്ഷേപിച്ച മിസ്ബാറുൽ അമലിന്റെ വളർച്ചയാണ് പകർത്തിയത്. 2021 ഫെബ്രുവരി ഒൻപതിനാണ് ചൊവ്വാഗ്രഹത്തെ തൊട്ട ആദ്യ അറബ് രാജ്യമായി യു.എ.ഇ. മാറിയത്. ചൊവ്വാ ദൗത്യത്തിനുപിന്നിൽ പ്രവർത്തിച്ചവരുടെ പേരുകൾക്കിടയിൽ ഇദ്ദേഹത്തിന്റെ പേരുകൂടി കൂട്ടിച്ചേർത്തത് അഭിമാനനിമിഷമായി.
ചൊവ്വയുടെ ഉപരിതലത്തിലുള്ള മിസ്ബാറുൽ അമലിൽ സൂക്ഷിച്ചിട്ടുള്ള ഫലകത്തിന്റെ കോപ്പി ഉപഹാരമായി ലഭിക്കുകയും ചെയ്തു. ചന്ദ്രനിലേക്കുള്ള മിഷന്റെ ഭാഗമായി പ്രവർത്തിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസമാണ് അക്ബർ നാട്ടിലെത്തിയത്. ആജിസയാണ് ഭാര്യ. മുഹമ്മദ് അമീൻ, ആയിഷ അക്ബർ എന്നിവരാണ് മക്കൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..