ശൈഖ് ഖലീഫ = വേറിട്ട ഭരണം, വികസനക്കുതിപ്പിന്റെ നീണ്ട കാലം


ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ| ഫയൽ ചിത്രം

സുസ്ഥിരവികസനമെന്ന വാക്ക് യു.എ.ഇ.യുമായി ചേര്‍ത്തുവായിക്കാന്‍ തുടങ്ങിയിട്ട് കുറഞ്ഞകാലം മാത്രമേ ആകുന്നുള്ളു. രാഷ്ട്രം വികസനപാതയില്‍ അതിവേഗം മുന്നോട്ടു കുതിക്കുമ്പോഴും അത് കാലത്തെ അതിജീവിക്കുന്നതും പരിസ്ഥിതിക്കും തലമുറകള്‍ക്കും ദോഷം ചെയ്യാത്ത തരത്തിലുമാകണമെന്ന ഈ ആശയധാര തന്നെയാണ് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഭരണത്തെ വേറിട്ടുനിര്‍ത്തുന്നത്.

കാലാവസ്ഥയും ശുദ്ധജലവുമെല്ലാം വെല്ലുവിളിയായിരിക്കുന്ന ഒരു രാജ്യത്തെ സുസ്ഥിരമായ അവസ്ഥയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന്റെ ഭരണകാലത്തിന് കഴിഞ്ഞു. പ്രകൃതിവിഭവശേഷിയും മാനവവിഭവശേഷിയും കുറഞ്ഞ ഒരിടത്തെ ലോകത്തിന് അസൂയയുണ്ടാക്കുംവിധം നേട്ടങ്ങളിലേക്ക് നയിക്കാനായത് തീര്‍ച്ചയായും ദീർഘവീക്ഷണം ഒന്നുകൊണ്ടു മാത്രമാണ്. ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, കാര്‍ഷിക രംഗങ്ങളില്‍ രാജ്യമിന്ന് സുസ്ഥിര വികസനപാതയില്‍ സഞ്ചരിക്കുമ്പോള്‍ അതിലെല്ലാം പ്രസിഡന്റ് ശൈഖ് ഖലീഫയുടെ കൈയൊപ്പ് കാണാനാകും.

പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാത പിന്തുടര്‍ന്നുകൊണ്ടാണ് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫയുടെ ഭരണരംഗങ്ങളിലേക്കുള്ള ചുവടുവെപ്പ്. മരുഭൂമിയില്‍ ശൈഖ് സായിദ് പാകിയ സ്വപ്നങ്ങളുടെ വിത്ത് വെള്ളവും വളവും നല്‍കി കായ്ഫലമുള്ള വടവൃക്ഷമായി മാറ്റുകയെന്നതായിരുന്നു ശൈഖ് ഖലീഫയുടെ നിയോഗം. ഒന്നുമല്ലാതിരുന്ന ഒരു പ്രദേശത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് അടിസ്ഥാനശിലകള്‍ പാകി ശൈഖ് സായിദ് വിടപറഞ്ഞപ്പോള്‍ രാഷ്ട്രം ഏറ്റവും ശക്തമായ കരങ്ങളില്‍ത്തന്നെയാണ് ഏല്പിക്കപ്പെട്ടതെന്ന് ശൈഖ് ഖലീഫയുടെ പ്രവര്‍ത്തനങ്ങള്‍ അടിവരയിടുന്നു. രാജ്യം സമാനതകളില്ലാത്ത വികസനക്കുതിപ്പ് നടത്തിയ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ ശൈഖ് ഖലീഫയുടെ ഭരണകാലഘട്ടം കൂടിയാണ് അടയാളപ്പെടുത്തുന്നത്.

1966 ഓഗസ്റ്റില്‍ അബുദാബിയുടെയും കിഴക്കന്‍ പ്രവിശ്യകളുടെയും ഭരണാധികാരിയുടെ പ്രതിനിധിയായാണ് ശൈഖ് ഖലീഫ ഔദ്യോഗിക രംഗത്തേക്ക് കടന്നുവരുന്നത്. 1969 ഫെബ്രുവരി ഒന്നിന് അദ്ദേഹം അബുദാബിയുടെ കിരീടാവകാശിയായി ചുമതലയേറ്റു. തുടര്‍ന്ന് അബുദാബി പ്രധാനമന്ത്രിയായും യു.എ.ഇ. പ്രതിരോധമന്ത്രിയായും യു.എ.ഇ. ഉപപ്രധാനമന്ത്രിയായും യു.എ.ഇ. സായുധസേനാ ഉപസര്‍വ സൈന്യാധിപനായും വിവിധ കാലയളവുകളില്‍ സേവനമനുഷ്ഠിച്ചു. രാഷ്ട്രപിതാവിന്റെ വിയോഗത്തിനുശേഷം 2004 നവംബര്‍ മൂന്നിനാണ് അദ്ദേഹം യു.എ.ഇയുടെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

1948-ല്‍ അല്‍ ഐനില്‍ ജനിച്ച അദ്ദേഹത്തിന് സ്‌കൂള്‍ വിദ്യാഭ്യാസകാലം തൊട്ടുതന്നെ പിതാവിനൊപ്പം അല്‍ ഐന്‍, അല്‍ ബുറൈമി ഭാഗങ്ങളിലെ ഭരണരീതികള്‍ നേരില്‍ക്കണ്ട് മനസ്സിലാക്കാനുള്ള അവസരമുണ്ടായി. രാജ്യത്തെ സുപ്രധാന കാര്‍ഷികമേഖലയായ ഇവിടത്തെ രീതികള്‍ നേരിട്ടറിയുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും അദ്ദേഹത്തിന് സാധിച്ചു. ഉത്തവാദിത്വം, വിശ്വാസ്യത, നീതി, അവകാശം തുടങ്ങിയ മൂല്യങ്ങള്‍ അദ്ദേഹമാര്‍ജിച്ചത് കര്‍ഷകസമൂഹവുമായുള്ള ഇത്തരം നിരന്തര ഇടപെടലുകളിലൂടെയായിരുന്നു. ഇതോടൊപ്പം തന്നെ പൊതു മജ്ലിസുകളില്‍നിന്നു രാഷ്ട്രീയപരവും നേതൃപരവുമായ വൈദഗ്ധ്യം അദ്ദേഹമാര്‍ജിച്ചു. ജനനന്മക്കായി ശൈഖ് സായിദ് നടത്തുന്ന ഇടപെടലുകള്‍ ശൈഖ് ഖലീഫയെ ഏറെ സ്വാധീനിക്കുകയും ഭാവി യു.എ.ഇ. വികസനങ്ങളില്‍ അത് പ്രതിഫലിക്കുകയും ചെയ്തു.

അന്താരാഷ്ട്ര സന്ദര്‍ശനങ്ങള്‍ നടത്തിയും ലോകനേതാക്കള്‍ക്ക് യു.എ.ഇ. യില്‍ ആതിഥ്യമരുളിയും രാഷ്ട്രവികസനത്തിന്റെ പുതിയ അധ്യായം തുറക്കുകയായിരുന്നു ശൈഖ് ഖലീഫ. ജി.സി.സി. രാജ്യങ്ങള്‍ക്ക് പുറമെ ഏഷ്യന്‍, യൂറോപ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളുമായും ഏറ്റവുമടുത്ത ബന്ധമുറപ്പാക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. ലോകത്തിന് ആവശ്യമായ സമയങ്ങളില്‍ സാമ്പത്തികവും സൈനികപരവുമായ സഹായങ്ങള്‍ ഉറപ്പാക്കുകവഴി ലോകരാജ്യങ്ങളുടെ ഏറ്റവുമടുത്ത സുഹൃത്തായി യു.എ.ഇ. മാറി. എഴുപതോളം രാജ്യങ്ങളിലെ കഷ്ടതയനുഭവിക്കുന്ന സമൂഹത്തിന് ഇന്ന് യു.എ.ഇ. കൈത്താങ്ങായി നിലകൊള്ളുന്നു.

വിവിധ മേഖലകളിലെ മികവിന് അംഗീകാരങ്ങള്‍ ലഭ്യമാക്കുകവഴി കൂടുതല്‍ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍ ആധുനിക യു.എ.ഇ. യുടെ വികസനക്കുതിപ്പില്‍ നിര്‍ണായകമായി. ശൈഖ് ഖലീഫ അവാര്‍ഡ് മുതല്‍ ഗോള്‍ഡന്‍ വിസയടക്കമുള്ള പദ്ധതികള്‍ ഇതേ ആശയത്തിന്റെ കരപറ്റിയുള്ളതാണ്. വ്യത്യസ്ത ആശയങ്ങളില്‍ ഓരോ വര്‍ഷാചരണം നടത്തുകയെന്നതും മറ്റെങ്ങും കേട്ടുകേള്‍വിയില്ലാത്ത പദ്ധതികളില്‍ ഒന്നായിരുന്നു. വായനാവര്‍ഷവും ദാനവര്‍ഷവും സഹിഷ്ണുതാവര്‍ഷവുമെല്ലാം സമൂഹത്തിലും ജനതയിലുമുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. ലോകം ഉറ്റുനോക്കിയിരുന്ന യു.എ.ഇയെ ഇന്നത്തെ യുഎഇ ആക്കിയ നായകനെയാണ് ശൈഖ് ഖലീഫയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്.

Content Highlights: sheikh khalifa bin zayed, uae president

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented