യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
ദുബായ്: ഇന്ത്യയില്‍ ആരംഭിക്കാനിരിക്കുന്ന ഫുഡ് പാര്‍ക്കുകളില്‍ 200 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് യു.എ.ഇ. വ്യാഴാഴ്ച യു.എ.ഇ.ക്ക് പുറമെ ഇന്ത്യ, യു.എസ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ഉച്ചകോടിക്കുശേഷമാണ് പ്രഖ്യാപനം.
തെക്കുകിഴക്കന്‍ ഏഷ്യയിലും മിഡിലീസ്റ്റിലും ഉടനീളം ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ കാര്‍ഷിക ഭക്ഷ്യ പാര്‍ക്കുകളില്‍ നിക്ഷേപമിറക്കുന്നത്. ഇതോടൊപ്പം ശുദ്ധ ഊര്‍ജ്ജ പദ്ധതികള്‍ പര്യവേഷണം ചെയ്യുമെന്നും യു.എ.ഇ.അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായിരുന്നു ഓണ്‍ലൈന്‍ കൂടികാഴ്ച. യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ഇസ്രായേല്‍ പ്രധാനമന്ത്രി യാര് ലാപിഡ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരും കൂടികാഴ്ചയിലുണ്ടായിരുന്നു.
ഫുഡ് പാര്‍ക്കുകള്‍ക്കുള്ള 200 കോടി ഡോളറിന് പുറമെ ഗുജറാത്തില്‍ 300 മെഗാവാട്ട് ശേഷിയുള്ള വിന്‍ഡ് ആന്‍ഡ് സോളാര്‍ ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജ്ജ പദ്ധതിയും പ്രഖ്യാപിച്ചു. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി യു.എസ് ഇതിനകം 33 കോടി ഡോളര്‍ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. യു.എ.ഇയുടെയും പിന്തുണയുണ്ട്. 2030 ഓടെ 500 ജിഗാവാട്ട് ഫോസില്‍ ഇതര ഇന്ധന ഉല്‍പ്പാദനം എന്ന ഇന്ത്യയുടെ ലക്ഷ്യത്തില്‍ നിക്ഷേപിക്കാന്‍ ഇസ്രായേല്‍, യു.എസ് ആസ്ഥാനമായുള്ള കമ്പനികളും യോഗത്തില്‍ താല്പര്യം പ്രകടിപ്പിച്ചു. നാല് രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുടെ ആദ്യ ഓണ്‍ലൈന്‍ യോഗമായിരുന്നു വ്യാഴാഴ്ച ചേര്‍ന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..