
-
കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് -19 വൈറസ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെല്‍ത്ത് അണ്ടര്‍സെക്രെട്ടറി ബുതൈന അല്‍ മുദഫ്. ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ചു രാജ്യത്ത് 45 പേര്‍ക്ക് കോവിഡ് 19 കൊറോണ വൈറസ് രോഗ ബാധ സ്ഥിതീകരിച്ചതായും അവര്‍ വ്യക്തമാക്കി.
ഇതുവരെ രോഗ ബാധ കണ്ടെത്തിയ 45 പേരും ഇറാനില്‍ നിന്നെത്തിയവരാണ്. രോഗ ബാധ കണ്ടെത്തിയ എല്ലാപേരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ചികില്സിക്കുന്നത് എന്നും അണ്ടര്‍സെക്രെട്ടറി ബുതൈന അറിയിച്ചു.
അതേസമയം ഫെബ്രുവരി 22 നാണു ഇറാനില്‍ കുടുങ്ങിയ സ്വദേശികളെ തിരിച്ചെത്തിക്കുന്നതിനു കുവൈത്ത് എയര്വ്വെയ്സിന്റെ ആറു വിമാനങ്ങള്‍ അയക്കുകയും 700 ഓളം പേരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുകയും ചെയ്തത് . ഇവരെ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കിയിട്ട്ണ്ടെന്നും, ഇക്കാര്യത്തില്‍ വേണ്ടത്ര കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ട്ണ്ടെന്നും അറിയിച്ചു. എന്നാല്‍ അവസാന വിമാനത്തില്‍ എത്തിയവരാണു , ഇത് വരെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 45 രോഗ ബാധിതരും.
അതേസമയം ഇറാനില്‍ നിന്നും എത്തിയ എല്ലാപേരെയും വൈറസ് ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനാണു അധികൃതരുടെ തീരുമാനം. ഇവരെ കണ്ടെത്തി കൂടുതല്‍ പരിശോധനക്ക് വിധേയമാക്കുവാനും ഈ ദിവസങ്ങളില്‍ ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും നിരീക്ഷിക്കുന്നതിനാണ് തീരുമാനം. കൂടാതെ വ്യോമ ഗതാഗതം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഇറ്റലിയില്‍ കുടുങ്ങിയ സ്വദേശികളെ രാജ്യത്ത് തിരിച്ചിത്തിക്കുവാന് കുവൈത്ത് എയര്‍ വെയ്സിന്റെ പ്രത്യേക വിമാനം മിലാനിലേക്ക് പുറപ്പെട്ടു.ഇവരെ സ അദ് അബ്ദുല്ല വിമാന താവളത്തില്‍ വെച്ച് പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും.
കൂടാതെ അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ കഴിയുന്നതും വിദേശ യാത്ര ഒഴിവാക്കുവാനും സ്വദേശികളോട് ആവശ്യപ്പെട്ടു. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി മറ്റു രാജ്യങ്ങള്‍ കുവൈത്തിലേക്കുള്ള വ്യോമ ഗതാഗതം നിര്‍ത്തലാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടു കൊണ്ടാണു സര്‍ക്കാറിന്റ നിര്‍ദ്ദേശം.
രോഗം പടരുന്നതിനുള്ള സാധ്യത മുന്‍ നിര്‍ത്തി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിരലടയാള ഹാജര്‍ സംവിധാനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.
അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 14 വരെ അവധി നല്കിയ സാഹചര്യത്തില്‍ ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സാദ് അല്‍ ഹര്‍ബി അറിയിച്ചു. റമദാന് വരെയും റെഗുലര്‍ ക്ലാസ്സ് ഉണ്ടാകും. കൂടാതെ പെരുന്നാള്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളില്‍ പരീക്ഷയും നടത്താനാണ് തീരുമാനം. സര്‍ക്കാര്‍ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റുകള്‍ സഹകരിക്കാനും ആവശ്യപ്പെട്ടു.
Content Highligt:The number of coronavirus cases in Kuwait has risen to 45
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..