ഹജജ് കർമ്മങ്ങൾക്കായി തീർത്ഥാടകർ കൂടുതൽ ദിവസം കഴിച്ചുകൂട്ടുന്ന മിനയുടെ ദൃശ്യം.
മക്ക: വരാനിരിക്കുന്ന ഹജജ് തീര്‍ഥാടന വേളയില്‍ ആഭ്യന്തര തീര്‍ഥാടകരില്‍ പകുതിയിലധികം പേര്‍ക്ക് പുണ്യസ്ഥലങ്ങളായ മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളില്‍ മശാഇര്‍ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ ഹജജ് സീസണില്‍ മൊത്തം 1,50,000 ആഭ്യന്തര തീര്‍ഥാടകരില്‍ 80,000 തീര്‍ഥാടകരെയും ട്രെയിനില്‍ എത്തിക്കുമെന്ന് ആഭ്യന്തര തീര്‍ഥാടകര്‍ക്കായുള്ള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഏകോപന കൗണ്‍സില്‍ മേധാവി ഡോ. സഈദ് അല്‍ ജോഹാനി പറഞ്ഞു. പുണ്യ സ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിപുലമായ ക്രമീകരണങ്ങളെക്കുറിച്ചും അല്‍ ജോഹാനി സംസാരിച്ചു.
ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച തീര്‍ഥാടകരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന് പുറമെ മിനായിലെ തീര്‍ഥാടക ക്യാമ്പുകളില്‍ തുറന്ന ബുഫെ സൗകര്യങ്ങള്‍ പുനരാരംഭിക്കും. ഈ വര്‍ഷത്തെ ഹജജ് സീസണില്‍ കിദാന കമ്പനി സ്ഥാപിച്ച സെന്‍ട്രല്‍ കിച്ചണുകള്‍ തീര്‍ഥാടകര്‍ക്ക് പ്രയോജനം ചെയ്യും.
കോവിഡ് രോഗം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് 2019 ലെ ഹജജ് സമയത്ത് അനുവദിച്ചതുപോലെ മക്കയിലെ ലൈസന്‍സുള്ള അടുക്കളകളില്‍ പുതിയ ഭക്ഷണം തയ്യാറാക്കാമെന്നും തുടര്‍ന്ന് വിശുദ്ധ സ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്കിടയില്‍ വിളമ്പാന്‍ കൊണ്ടുവരാമെന്നും അല്‍ ജോഹാനി കൂട്ടിച്ചേര്‍ത്തു. മിനയില്‍ തീര്‍ഥാടകരുടെ താമസ സൗകര്യങ്ങളിലെ കുതിച്ചുചാട്ടമാണ് വിപുലമായ ടെന്റ് പദ്ധതിയെന്ന് ആഭ്യന്തര തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ചുമതലപ്പെടുത്തിയ കമ്പനികള്‍ക്കായി അറഫാത്തില്‍ നടന്ന സമ്മേളനത്തില്‍ അല്‍ ജോഹാനി പറഞ്ഞു.
ക്രമീകരിച്ച സൗകര്യങ്ങളും സേവനങ്ങളും കണക്കിലെടുത്താല്‍ ഈ ടെന്റുകളെ ഹോട്ടല്‍ മുറികളായി കണക്കാക്കാവുന്നതാണ്. വിശുദ്ധ അറഫാത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലും വൈദ്യുതി വിതരണം ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
ദുല്‍ഹിജജ 6, 7, 8 ദിവസങ്ങളിലായിരിക്കും ഹാജിമാര്‍ പുണ്യ നഗരമായ മിനയില്‍ എത്തിതുടങ്ങുക. ഹജജ് കര്മ്മത്തിന് വിരാമം കുറിച്ച് ദുല്‍ഹിജജ 13 ന് കുദായ്, പ്രിന്‍സ് മിതേബ് എന്നിവിടങ്ങളിലെ പാര്‍ക്കിംഗ് ഏരിയകളില്‍ നിന്നായിരിക്കും ഹാജിമാര്‍ മക്കയിലേക്ക് മടങ്ങുകയെന്നും അല്‍ ജോഹാനി പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ ഹജജ് റൂട്ടുകളില്‍ നിന്ന് വ്യത്യസ്തമായി ഹജജ് കര്‍മ്മത്തിനായി പുണ്യ സ്ഥലങ്ങളില്‍ എത്തിച്ചേരുന്നതും തിരിച്ച്പോകുന്നതുമായ യാത്രാ റൂട്ടുകളില്‍ മാറ്റങ്ങളുണ്ടാകും.
ഹജജ് സ്തംഭങ്ങളിലൊന്നായ 'ത്വവാഫുല്‍-ഇഫാദ' കര്‍മ്മം സംഘടിതമായും ചിട്ടയായും ദുല്‍ഹിജജ 10, 11 തീയതികളില്‍ നടത്തുവാനായി ഹറമിലേക്കുള്ള ഹജജ് യാത്ര സുഗമമാക്കുന്നതിന് തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കും.
'തവാഫുല്‍ ഇഫാദ മാറ്റിവയ്ക്കാനും വിടവാങ്ങല്‍ പ്രദക്ഷിണമായ തവാഫത്തുല് വിദ ഒരുമിച്ച് നിര്‍വ്വഹിക്കാനും ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും'' അല്‍ ജോഹാനി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..