2015 ഓഗസ്റ്റ് 23; ജീവിതം കീഴ്‌മേല്‍ മറിഞ്ഞ രാത്രി, ജാതകത്തിലെ ജയില്‍വാസം, 300 പേജില്‍ മുറിഞ്ഞ ആത്മകഥ


അറ്റ്ലസ് രാമചന്ദ്രൻ | Photo: Mathrubhumi

'ധര്‍മാധര്‍മ പരീക്ഷണങ്ങള്‍ മുറപോലെ നടക്കും. പക്ഷേ അപ്പോഴും ആദ്യത്തെ ആഗ്രഹം എല്ലാ ബാധ്യതകളും തീര്‍ക്കുക എന്നതാണ്. അല്ലെങ്കില്‍ ദൈവത്തിന്റെ കോടതിയില്‍ ഉത്തരം പറയേണ്ടിവരും. അതിനുശേഷം രണ്ടേമുക്കാല്‍ വര്‍ഷംകൊണ്ട് എഴുതിത്തീര്‍ത്ത ഓര്‍മക്കുറിപ്പുകള്‍ പുസ്തകമാക്കുക. പറ്റുമെങ്കില്‍ കുറച്ചുകാലം കൂടി പ്രിയപത്‌നി ഇന്ദുവിനോടൊപ്പം ജീവിക്കുക.' മലയാളികള്‍ ഏറ്റവുംഅധികം സ്‌നേഹിച്ച, അടുത്തറിഞ്ഞ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍മോചിതനായശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ഇത്രയും പറയുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരമിടറിയിരുന്നു.

രണ്ടേമുക്കാല്‍ വര്‍ഷത്തെ ജയിലിലെ ഏകാന്തത സമ്മാനിച്ചത് കോട്ടത്തേക്കാള്‍ നേട്ടമാണെന്ന് മലയാളികളുടെ രാമചന്ദ്രേട്ടന്‍ നിരന്തരം പറയുമായിരുന്നു. കാരണം പ്രിയപത്നി വളരെയധികം ശക്തയായ സ്ത്രീയായി. നേരത്തെ ഇന്ദുവിന് ബിസിനസ് എന്താണെന്നുപോലും അറിഞ്ഞിരുന്നില്ല. ഒരുബാങ്ക് ചെക്ക് എവിടെ ഒപ്പിടണമെന്നോ, അല്ലെങ്കില്‍ ബാങ്ക് ഇടപാടുകളോ ഒന്നുമറിയില്ല. അതില്‍നിന്നെല്ലാം അവര്‍ ഒരുപാട് മാറി ഇപ്പോള്‍ കരുത്തുള്ള സ്ത്രീയായി. കാരണം ജയിലിലായിരുന്ന സമയം ഇത്രയധികം ബാങ്കുകളില്‍നിന്നും റിലീസ് ലെറ്റര്‍ വാങ്ങാന്‍ പലരും ശ്രമിച്ചിട്ടും നടന്നിരുന്നില്ല. ഇന്ദുവാണ് അതെല്ലാം നടത്തിയത്. ജനങ്ങളുടെ പ്രാര്‍ഥന, ഇന്ദുവിന്റെ പരിശ്രമം. അതുകൊണ്ട് ഇനിയുള്ള യാത്രയില്‍ പഴയപോലെ വീട്ടമ്മയായി ഇരിക്കാതെ ബിസിനസില്‍ക്കൂടി ഇന്ദുവിന്റെ സാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം ഉറച്ചുവിശ്വസിക്കുകയും ചെയ്തിരുന്നു.

2015 ഓഗസ്റ്റ് 23: ആ രാത്രിയില്‍ സംഭവിച്ചത്

'കലശലായ പുറംവേദനമൂലം വിശ്രമിക്കുമ്പോഴാണ് അറബി വേഷധാരികളായ രണ്ടുപേര്‍ രാമചന്ദ്രനെ തിരക്കി വീട്ടിലെത്തുന്നത്. തിരിച്ചറിയല്‍ രേഖയുമായി ഉടനെ പോലീസ് സ്റ്റേഷനിലെത്തണം. കുറച്ച് പേപ്പേഴ്‌സ് ഒപ്പിടണം. സുഖമില്ലെന്ന് പറഞ്ഞപ്പോള്‍ ഇന്ദുവിനെയും കൂടെ കൂട്ടിക്കോളാന്‍ നിര്‍ദേശം. സ്റ്റേഷനിലെത്തി ഏറെ നേരം കാത്തിരുന്നശേഷമാണ് കാര്യങ്ങളുടെ നിജസ്ഥിതി അറിയുന്നത്. അപ്പോഴേക്കും നേരമിരുട്ടി. ഇന്ദുവിനെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. ജീവനക്കാരില്‍ ഒരാള്‍ പ്രധാനവാതില്‍ തുറന്നിട്ടുകൊണ്ട് അകത്തേക്ക് പൊയ്‌ക്കോളാന്‍ നിര്‍ദേശിച്ചു. അവിടെ പത്ത് മുറികളുണ്ട്. അതില്‍ ഏതെങ്കിലും ഒന്നിലേയ്ക്ക്. ഇതാ എല്ലാം ഇവിടെ അവസാനിക്കുന്നുവെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞ നിമിഷം.

2015 നവംബര്‍ 12: ജീവിതം കീഴ്മേല്‍ മറിഞ്ഞത്

രണ്ടുമാസത്തെ കസ്റ്റഡിക്കുശേഷമാണ് 2015 നവംബര്‍ 12- ന് ആദ്യവിധി വരുന്നത്. പിന്നീട് അവീറിലെ ജയിലിലേക്ക്. പിന്നീടങ്ങോട്ട് ജീവിതം കീഴ്‌മേല്‍ മറിയുകയായിരുന്നു. ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് തികച്ചും ഏകാന്തതയിലേയ്ക്കുള്ള മാറ്റം അസഹനീയമായിരുന്നു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഏറെ സമയമെടുത്തു. ഭാര്യ ഇന്ദുവിനെ ഓര്‍ത്തായിരുന്നു വേദനയേറെ. അപ്പോഴേക്കും കമ്പനിയിലെ ആളുകള്‍ ഓരോരുത്തരായി പോയിത്തുടങ്ങിയിരുന്നു. അങ്ങിനെയിരിക്കെ ആദ്യത്തെ കേസിന് അപ്പീല്‍ കൊടുത്തു. കുറച്ച് സമയമെടുത്തെങ്കിലും കേസ് അങ്ങിനെതന്നെ ഡിസ്മിസ് ചെയ്ത് പിഴ മാത്രം അടയ്ക്കാന്‍ ഉത്തരവായി. പക്ഷേ ഈ സമയം കൊണ്ട് സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. ജയില്‍ശിക്ഷയെന്ന വിധി വന്നതോടെ മറ്റ് ആറോളം ബാങ്കുകളും ഒന്നുരണ്ട് പ്രൈവറ്റ് പാര്‍ട്ടികളും കൂടി കേസുകൊടുത്തു. അതിനിടയില്‍ യു.എ.ഇ. യിലെ 19 ഷോറൂമുകള്‍ ഓരോന്നായി പൂട്ടേണ്ടിയും വന്നു. തുറക്കുന്നതിന്റെ ഇരട്ടി വിഷമമായിരുന്നു അടയ്ക്കാന്‍. ഇലക്ട്രിസിറ്റി, വാട്ടര്‍, ടെലിഫോണ്‍ ബില്‍ എല്ലാം ക്ലിയര്‍ ചെയ്യണം. വാടക സെറ്റില്‍ ചെയ്യണം, ജീവനക്കാര്‍ക്ക് കൊടുത്തുതീര്‍ക്കേണ്ടതും പിന്നെ ലേബര്‍ ഡിപ്പാര്‍ട്‌മെന്റിലെ ക്ലിയറന്‌സ് അങ്ങിനെ പലതും. അതുവരെ കൂടെ നിന്നിരുന്ന മാനേജേഴ്‌സ് എല്ലാം അവരവരുടെ സെറ്റില്‍മെന്റും വാങ്ങിച്ച് പോയിരുന്നു. അതെല്ലാം അതത് സമയത്ത് കൊടുത്തുതീര്‍ക്കാന്‍ സാധിച്ചത് ഇന്ദു ഉണ്ടായിരുന്നതു കൊണ്ടുമാത്രമാണ്.

സന്ദര്‍ശകരെ കാത്ത്

ജയിലില്‍ ആരെങ്കിലും സന്ദര്‍ശകരായി വന്നിരുന്നെങ്കില്‍ എന്ന് അതിയായി അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഒരുപക്ഷേ തന്നെക്കുറിച്ച് പരന്നിരുന്ന തെറ്റായ വാര്‍ത്തകളുടെ സത്യാവസ്ഥ ജനങ്ങള്‍ക്കറിയാന്‍ അത് ഉപകരിക്കുമായിരുന്നുവെന്നും അദ്ദേഹമൊരിക്കല്‍ പറഞ്ഞു. റേഡിയോയും പത്രങ്ങളും ആശ്വാസമായിരുന്നു. ഒരുപാട് തെറ്റായ വാര്‍ത്തകള്‍ ജയിലില്‍ ഇരുന്നുതന്നെ കേട്ടിരുന്നു. അഭ്യൂഹങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ, സത്യാവസ്ഥ അറിയണമെന്നുള്ളവര്‍ക്ക് ഒരിക്കലെങ്കിലും അവിടെവന്നു കാണാമായിരുന്നു. അല്ലെങ്കില്‍ പത്‌നിയോട് ചോദിക്കാമായിരുന്നു.

ജയിലില്‍നിന്ന് ദിവസവും ആറോ ഏഴോ തവണ വിളിക്കും. ഒരാശ്വാസത്തിനായി വിളിക്കുമ്പോഴും കേള്‍ക്കുന്നതെല്ലാം ബാങ്കുകളുടെ പരാതികളും പലയിടത്തും കൊടുത്തത് പോരാ എന്നുള്ള വേവലാതികളും തെറ്റായ വാര്‍ത്തകളുമാണ്. ശരിക്കുള്ള ബാധ്യത ബാങ്കുകള്‍ക്കും എനിക്കും രാമചന്ദ്രനും ഇന്ദുവിനും മാത്രമറിയാം. ബാധ്യതകളെക്കുറിച്ച് ഒരു മാധ്യമത്തോടും വെളിപ്പെടുത്തിയിട്ടില്ല. ബാങ്കുകളുമായുള്ള ക്രയവിക്രയങ്ങളില്‍ ചെറിയൊരു വ്യതിയാനം സംഭവിച്ചു. അതിന് ജയില്‍ശിക്ഷ തന്നെയാണോ വേണ്ടിയിരുന്നത് എന്നത് കാലം തെളിയിക്കുമെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു.

റിവേഴ്‌സ് ഗിയറില്‍നിന്ന് മുന്നോട്ട് നീങ്ങാന്‍ കൊതിച്ചു

രണ്ടുദിവസംമുമ്പാണ് അറ്റ്ലസ് രാമചന്ദ്രനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച സ്റ്റേജ് യു.എ.ഇ. എന്ന കലാസംഘടനയുടെ ആദരിക്കല്‍ച്ചടങ്ങില്‍ ദുബായ് കരാമയില്‍ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നുവെന്ന് സംഘാടകന്‍ എന്‍.എം.പണിക്കര്‍ പറഞ്ഞു. അവസാനകാലത്ത് അറ്റ്ലസ് എന്ന ബ്രാന്‍ഡിന്റെ കീഴില്‍ ഒരു ജൂവലറിയെങ്കിലും തുറന്നുകാണണമെന്ന് രാമചന്ദ്രന്‍ വല്ലാതെ ആഗ്രഹിക്കുകയും നിക്ഷേപകരെ തേടുകയും ചെയ്തിരുന്നു. പക്ഷേ വിധി അദ്ദേഹത്തിന് വീണ്ടുമൊരവസരം നല്‍കിയില്ല. 'ഏഴുവര്‍ഷമായി റിവേഴ്‌സ് ഗിയറിലാണ് യാത്ര, പതുക്കെ മുന്നോട്ടേക്ക് നീങ്ങണം' രാമചന്ദ്രന്റെ ആഗ്രഹമായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍നിന്നും വേണ്ടത്ര പിന്തുണ കിട്ടിയപ്പോഴും 'സാമ്പത്തിക വഞ്ചകന്‍' എന്നപേരുദോഷവും ചിലയിടങ്ങളില്‍നിന്നും നേരിടേണ്ടിവന്നത് അദ്ദേഹത്തിന് തീരാദുഃഖവുമായിരുന്നു.

പൂര്‍ത്തിയാകാത്ത ആത്മകഥയെന്ന സ്വപ്നം

ജയിലിനകത്ത് അറ്റ്ലസ് രാമചന്ദ്രനെ അടുത്തുകണ്ട മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദ്യം ഞെട്ടലായിരുന്നു. പിന്നീട് ശാരീരികമായ അസ്വസ്ഥതകള്‍ക്കിടയിലും അവരുടെ സ്‌നേഹവും ഈ മനുഷ്യസ്‌നേഹിയെ പൊതിഞ്ഞു. ജയിലില്‍ ആയിരുന്ന കാലത്തും അതിനുമുന്‍പും ഷുഗറും പ്രഷറുമെല്ലാം രാമചന്ദ്രനെ അലട്ടിയിരുന്നു. പക്ഷേ അതിനെല്ലാം ജയിലില്‍ കൃത്യമായി മരുന്ന് കിട്ടിയിരുന്നു. സസ്യാഹാരത്തിനോടായിരുന്നു എന്നും പ്രിയം. അവിടെ ചോറ് ലഭിച്ചിരുന്നു എന്നത് വലിയ ആശ്വാസമായിരുന്നു. പിന്നെ വൈകീട്ടത്തെ ചായയും. മനസ്സൊരിക്കലും തളര്‍ന്നിട്ടില്ല. അതിനൊരുകാരണം തന്നെ സ്‌നേഹിക്കുന്ന ജനങ്ങളുടെ പിന്തുണയും പ്രാര്‍ഥനയുമാണെന്ന് അദ്ദേഹം ഇടക്കിടെ പറയുമായിരുന്നു.

കൂടുതല്‍പേര്‍ ഒരുമിച്ചു കഴിയുന്നതിനാല്‍ ജയിലില്‍ എസിയുടെ തണുപ്പ് അസഹനീയമാകുംവിധം കൂട്ടിവെക്കും. അസുഖം വരാതിരിക്കാനാണത്രേ. അത്തരം പ്രയാസങ്ങളെ അതിജീവിക്കാന്‍ അദ്ദേഹം വളരെ പെട്ടെന്ന് പഠിച്ചു. വെറുതെ ഇരിക്കുക എന്നത് രാമചന്ദ്രനെ സംബന്ധിച്ച് അസാധ്യമായ കാര്യമാണ്. അതുകൊണ്ട് ജയിലിലും അദ്ദേഹം പതിവുകള്‍ തെറ്റിച്ചില്ല.

അതികഠിനമായ തണുപ്പിലും രാവിലെ 8.30- ന് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞാല്‍ എഴുത്തും വായനയുമായിരിക്കും. ലൈബ്രറിയില്‍നിന്നും പുസ്തകങ്ങളെടുത്ത് വായിക്കും. ഭക്ഷണമുറിയിലെ മേശയും കസേരയും എഴുത്തിനായി ഉപകരിച്ചു. അക്കാലത്ത് ആത്മകഥ പകുതിയോളം പൂര്‍ത്തിയാക്കി. ഓര്‍മക്കുറിപ്പുകള്‍ 300 പേജോളം എഴുതിത്തീര്‍ത്തതാണ്. ജനനം മുതലുള്ളവ, അച്ഛനും അമ്മയും പറഞ്ഞുതന്ന സംഭവങ്ങള്‍. അച്ഛന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ജോലി. അറ്റ്ലസ് രാമചന്ദ്രനെന്ന വ്യക്തിയുടെ ജാതകത്തില്‍ ജയില്‍വാസമുണ്ടെന്ന് അച്ഛനൊരിക്കല്‍ പറഞ്ഞതായി അദ്ദേഹം ഓര്‍ത്തിരുന്നു. അത് സംഭവിച്ചു. ജയില്‍മോചിതനാകുന്ന കാലത്ത് എഴുത്ത് എത്തിനിന്നത് കല്യാണം കഴിഞ്ഞുള്ള എസ്.ബി.ടി. യിലെ ജീവിതത്തിലാണ്. ഓര്‍മക്കുറിപ്പുകള്‍ അന്താരാഷ്ട്രതലത്തില്‍ പ്രസിദ്ധീകരിച്ച് ഓഡിയോ ബുക്കാക്കി മാറ്റണം. പല ഭാഷകളില്‍ പ്രസിദ്ധീകരിക്കണം. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സ്വന്തം നാടിനെ, തൃശ്ശൂരിനെ വര്‍ണിച്ചുകൊണ്ടാണ് പുസ്തകത്തിന്റെ തുടക്കം..

Content Highlights: atlas ramachandran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented