സ്പീഡ് പ്രിന്റ് ലാന്റേൺ എഫ് സിക്കുള്ള വിന്നേഴ്സ് ട്രോഫി സതീഷ് കുമാർ കൈമാറുന്നു
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒന്നാമത് റെഡ്സ്റ്റാർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സ്പീഡ് പ്രിന്റ് ലാന്റേൺ എഫ് സി ജേതാക്കളായി. കോവിഡ് മഹാമാരി കാരണം ഒന്നര വർഷത്തോളമായി മുടങ്ങിക്കിടന്ന മത്സരങ്ങൾ പുനരാരംഭിച്ചത് റിയാദിലെ ഫുട്ബോൾ പ്രേമികളെ അക്ഷരാർത്ഥത്തിൽ ആവേശത്തിലാഴ്ത്തി. റിയാദിലെ ഇസ്കാൻ സ്റ്റേഡിയത്തിലാണ് ക്വാർട്ടർ, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടന്നത്.
റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ (RIFA) രജിസ്റ്റർ ചെയ്ത പ്രമുഖരായ 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു. വാസുവേട്ടൻ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മണിക്കും, കുഫി ബ്രോസ്റ്റഡ് റണ്ണേഴ്സ് പ്രൈസ് മണിക്കും, സഫാമക്ക വിന്നേഴ്സ്, റണ്ണേഴ്സ് കപ്പിനും വേണ്ടിയുള്ള ആവേശകരമായ ഫൈനൽ മത്സരത്തിൽ സ്പീഡ് പ്രിന്റ് ലാന്റേൺ എഫ് സി, അറേബ്യൻ ചലഞ്ചേഴ്സ് എഫ് സിയെ ഒരുഗോളിന് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. ഫൈനലിലെ മികച്ച കളിക്കാരനായി ലാലു (ലാന്റേൺ എഫ് സി), ടൂർണ്ണമെന്റിലെ മികച്ച കളിക്കാരൻ മുബാറക്ക് (ലാന്റേൺ എഫ് സി), മികച്ച ഗോളി നിസാർ (അറേബ്യൻ ചലഞ്ചേഴ്സ് എഫ് സി), മികച്ച ഡിഫന്റർ വഹാബുദ്ദീൻ (അറേബ്യൻ ചലഞ്ചേഴ്സ് എഫ് സി), ടോപ് സ്കോറർ ജോബി (അൽ സാദി ട്രേഡിംഗ് ബ്ലാസ്റ്റേഴ്സ് എഫ് സി വാഴക്കാട്) എന്നിവരെ തിരഞ്ഞെടുത്തു.
സമാപന ചടങ്ങിൽ കേളി കലാസാംസ്കാരിക വേദിയുടെ പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് അധ്യക്ഷനായി. കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കുട്ടായി സ്വാഗതം പറഞ്ഞു. കേളി ആക്ടിംഗ് സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ, ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ പ്രസാദ് വഞ്ചിപ്പുര, കേളി രക്ഷാധികാരി ആക്റ്റിംഗ് സെക്രട്ടറി സതീഷ് കുമാർ, റിഫ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഷക്കീൽ, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗോപിനാഥൻ വേങ്ങര, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ എന്നിവർ ചടങ്ങിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. കേളി ആക്ടിംഗ് സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ ജേതാക്കൾക്കുള്ള മെഡലുകളും, പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് റണ്ണേർസിനുള്ള മെഡലുകളും സമ്മാനിച്ചു.
വിജയികൾക്കുള്ള വാസുവേട്ടൻ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മണി സ്പോൺസർ പ്രസാദ് വഞ്ചിപ്പുരയും, കുഫി ബ്രോസ്റ്റഡ് സ്പോൺസർ ചെയ്ത റണ്ണേഴ്സ് പ്രൈസ് മണി കേളി വൈസ് പ്രസിഡന്റ് പ്രഭാകരൻ കണ്ടോന്താറും കൈമാറി. സഫാമക്ക പോളിക്ലിനിക് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി കേളി രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി സതീഷ് കുമാറും, റണ്ണേഴ്സ് ട്രോഫി കേളി വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കൂട്ടായിയും സമ്മാനിച്ചു. സഫാമക്ക പോളി ക്ലിനിക്കാണ് ആവശ്യമായ മെഡിക്കൽ ആംബുലൻസ് സൗകര്യങ്ങൾ ഒരുക്കിയത്. ടൂർണമെന്റ് വന്പിച്ച വിജയമാക്കാൻ എല്ലാവിധ സഹായവും സഹകരണവും നൽകിയ എല്ലാവർക്കും ടൂർണ്ണമെന്റ് കമ്മറ്റിക്ക് വേണ്ടി കൺവീനർ രാജേഷ് ചാലിയാർ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
Content Highlights: speed print lantern wins redstar sevens football tournament in riyadh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..