
മക്ക ഹറം
ജിദ്ദ: മക്കയിലെ ഹറമില്‍ തിരക്ക് കുറക്കാന്‍ ഹറമിനു പകരം അവരുടെ വസതികള്‍ക്ക് സമീപമുള്ള പള്ളികള്‍ പ്രാര്‍ഥനക്കായി ഉപയോഗിക്കണമെന്ന് സൗദി പൗരന്മാരോടും പ്രവാസികളോടും സൗദി അധികൃതര്‍ അഭ്യര്‍ഥിച്ചു. വിശുദ്ധ റംസാന് അവസാനിക്കാറായതോടെ അടുത്ത ദിവസങ്ങളിലായി ആരാധകരുടെ പ്രവാഹം കൂടിയിരിക്കയാണ്. ഇതാണ് അധികൃതര്‍ ഇത്തരമൊരു അഭ്യര്‍ഥന നടത്തുവാന്‍ കാരണം.
മക്കയിലെ ഹറമില്‍ ഉംറ നിര്വഹിക്കുന്നവരുടേയും തീര്‍ഥാടകരുടെയും ഉയര്‍ന്ന ഒഴുക്കാണ് കാണുന്നതെന്നും അടുത്തുള്ള പള്ളികളില്‍ പ്രാര്‍ഥിക്കുന്നത് തിരക്ക് കുറയ്ക്കുമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.
സൗദി മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്ത ഫൂട്ടേജുകളില്‍ തറാവീഹ്, തഹജജുദ് പ്രാര്‍ഥനകള്‍ നടത്താന്‍ വലിയ ജനക്കൂട്ടം ഹറമിലും മുറ്റത്തും ഒത്തുകൂടിയതായി കാണാവുന്നതാണ്.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹറമില്‍ കഴിഞ്ഞ രാത്രി രണ്ട് ദശലക്ഷത്തോളം വിശ്വാസികള്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തിരുന്നു. ഉംറ തീര്‍ഥാടകര്‍ക്ക് പുണ്യസ്ഥലത്തേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനായി ഇരു ഹറം കാര്യാലയവും നാല് ട്രാക്കുകളാണ് അനുവദിച്ചത്.
സാധാരണയായി വിശുദ്ധ റംസാന് മാസമാണ് ഉംറയുടെ പ്രധാന സീസണ് എന്നത്. അതും വിശുദ്ധ റംസാന് മാസത്തിലെ അവസാന പത്ത് ദിനങ്ങളില്‍. കൊറോണ വൈറസ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചതോടെ രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഉംറ നിര്‍വഹിക്കുന്നതിന് വീണ്ടും അനുമതി നല്‍കിയിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..