നന്മയുടെ പൂമരങ്ങള്‍


ഇ.ടി. പ്രകാശ്

.

സ്വപ്നതുല്യമായ സൗഭാഗ്യങ്ങള്‍ വാരിക്കോരി തന്ന നന്മയുടെയും സ്‌നേഹത്തിന്റെയും പൂമരമായ യു.എ.ഇ.യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ 2004-ല്‍ വിടപറഞ്ഞപ്പോള്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം കുറിച്ച വേദനയുടെ വരികള്‍ ഇങ്ങനെയാണ്- ''അങ്ങ് സുഷുപ്തിയില്‍ വിശ്വസിക്കുക, ഞങ്ങളും ഒരുനാള്‍ ഒപ്പംചേരാതിരിക്കില്ല. ഈ രാജ്യമുള്ള കാലംവരെ, മനുഷ്യരുള്ള കാലംവരെ അങ്ങ് ഓരോ ജനമനസ്സുകളിലും സ്മരിക്കപ്പെടും. അങ്ങ് കാട്ടിത്തന്ന നേരിന്റെ വഴികള്‍ ഞങ്ങളില്‍ അഭിമാനം നിറയ്ക്കുന്നു. അങ്ങ് ഏതു കൊടുങ്കാറ്റിലും ഉലയാത്ത കപ്പിത്താനായിരുന്നു. അങ്ങയുടെ മകന്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അങ്ങ് വെട്ടിത്തെളിച്ച വികസനത്തിന്റെയും സ്‌നേഹത്തിന്റെയും പന്ഥാവിലൂടെ യു.എ.ഇ.യുടെ ആശയാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് മുന്നേറും...''

ശൈഖ് മുഹമ്മദ് അന്നു പറഞ്ഞതുപോലെ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇ.യെ ഇക്കാലമത്രയും മുന്നില്‍നിന്ന് നയിച്ചു. പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്വപ്നംകണ്ട, പ്രയോഗത്തില്‍ വരുത്തിയ യു.എ.ഇ.യുടെ ഒരു വസന്തകാലം അതേപോലെ കാത്തുസൂക്ഷിച്ചു. രാഷ്ട്രപിതാവായ ശൈഖ് സായിദ് ഉദ്ബോധിപ്പിച്ച ഒരു വാചകമുണ്ട്, ''യാതനാപൂര്‍ണമായ ഇന്നലെകളുടെ സംഭാവനകളാണ് സുഖസമൃദ്ധമായ ഇന്ന്. ഭൂതകാലമറിയാത്തവന് വര്‍ത്തമാനമില്ല, വര്‍ത്തമാനമറിയാത്തവന് ശോഭനമായ ഭാവിയുമില്ല. യുവതലമുറ ചരിത്രം പഠിക്കുകതന്നെ വേണം...'' ആ മഹാനുഭാവന്‍ പറഞ്ഞ വരികള്‍ അദ്ദേഹത്തിനുശേഷം യു.എ.ഇ.യുടെ രണ്ടാമത്തെ പ്രസിഡന്റായി അവരോധിക്കപ്പെട്ട മകന്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുവതലമുറയ്ക്ക് അക്ഷരംപ്രതി പകര്‍ന്നുകൊടുത്തു. ഭൂപടത്തില്‍ ശ്രദ്ധിക്കപ്പെടുകപോലും ചെയ്യാതിരുന്ന ഒരു രാജ്യത്തെ കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ് എന്ന സ്വപ്നസമാനരാജ്യമാക്കി മാറ്റാന്‍ ആ ഭരണാധികാരിക്ക് കഴിഞ്ഞു.

രണ്ടരനൂറ്റാണ്ടിലേറെ അബുദാബി ഭരിച്ച ശൈഖ് നഹ്യാന്‍ കുടുംബത്തിലെ അന്നത്തെ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്റെ നാലാമത്തെ മകനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ 19 മക്കളില്‍ മൂത്തമകനായി അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയായ അല്‍ഐനില്‍ അല്‍മുവൈജി കോട്ടയിലായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ജനനം. 1946 കാലഘട്ടങ്ങളില്‍ അബുദാബി ഭരിച്ച ശൈഖ് സായിദിന്റെ സഹോദരന്‍ ശൈഖ് ശഖ് ബൂത്ത് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പ്രതിനിധിയായി അല്‍ ഐന്‍ പ്രവിശ്യയുടെ ഭരണത്തില്‍ ശൈഖ് സായിദ് തിളങ്ങി നില്‍ക്കുന്ന കാലമായിരുന്നു അത്. ഒരു രാജ്യം അതുവരെ സ്വപ്നത്തില്‍പ്പോലും ദര്‍ശിക്കാന്‍ കഴിയാത്ത സൗഭാഗ്യങ്ങളിലേക്ക് കാലുവെക്കുന്ന കാലഘട്ടം.

പാറക്കെട്ടുകള്‍കൊണ്ട് പ്രകൃതിഭംഗി തീര്‍ത്ത ഹഫീത്ത് മലനിരകളും ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന ഭൂമിയും അല്‍ഐനിന്റെ പച്ചപ്പും ശൈഖ് ഖലീഫയുടെ ബാല്യകാലത്തിന് ഊര്‍ജം പകര്‍ന്നു. സമൂഹത്തിലെ സമ്പന്നന്‍മാരുടെയും പാവങ്ങളുടെയും എല്ലാ അവസ്ഥകളും പഠിച്ച് ജീവിതസത്യങ്ങളുടെ പരുപരുപ്പ് തേടിയുള്ള യാത്രയായിരുന്നു ശൈഖ് ഖലീഫയുടെ കൗമാരത്തില്‍നിന്ന് യൗവനത്തിലേക്കുള്ള സഞ്ചാരം.

പിതാവിന്റെ ഭരണപാടവങ്ങള്‍ ശൈഖ് ഖലീഫ കുഞ്ഞുനാളില്‍ത്തന്നെ നോക്കിപ്പഠിച്ചു. 1966 ഓഗസ്റ്റ് ആറിന്, നീണ്ട 36 വര്‍ഷത്തെ ഭരണത്തിനുശേഷം ശൈഖ് ശഖ് ബൂത്ത് അനുജനായ ശൈഖ് സായിദിന് അബുദാബിയുടെ ഭരണം കൈമാറി. ആധുനിക യു.എ.ഇ.യുടെ ചരിത്രം ജന്മമെടുക്കുന്നത് അന്നുമുതല്‍ത്തന്നെ. അങ്ങനെ 1971 ഡിസംബര്‍ രണ്ടിനു അബുദാബിയോടൊപ്പം ആറ്് എമിറേറ്റുകള്‍ കൂട്ടിചേര്‍ത്ത് ഇന്നത്തെ യു.എ.ഇ.യ്ക്ക് രൂപംനല്‍കി. ഒരുവര്‍ഷം കഴിഞ്ഞ് റാസല്‍ഖൈമയും യു.എ.ഇ.യുടെ ഭാഗമായി. യു.എ.ഇ.രൂപം കൊണ്ടതിനുശേഷം ഉണ്ടാക്കിയ 40 അംഗങ്ങളുള്ള രാജ്യത്തിന്റെ എല്ലാവിധ നിയമനിര്‍മാണ അധികാരവുമുള്ള ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍, ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികള്‍ ചേര്‍ന്ന സുപ്രീംകൗണ്‍സില്‍ എന്നിവയ്ക്ക് പാര്‍ലമെന്റിനു തുല്യമായ അധികാരത്തോടെ മുന്നോട്ടുനയിക്കാന്‍ ശൈഖ് ഖലീഫയ്ക്ക് സാധിച്ചു.

1971-ല്‍ യു.എ.ഇ. എന്ന രാജ്യം രൂപംകൊണ്ടശേഷം ശൈഖ് ഖലീഫ പിതാവിന്റെ കീഴില്‍ അബുദാബി മന്ത്രിസഭാതലവനും പ്രധാനമന്ത്രിയും ആയി. പ്രതിരോധം, ധനകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും ശൈഖ് ഖലീഫതന്നെ വഹിച്ചു. 1973 ഡിസംബര്‍ 23-ന് യു.എ.ഇ.യുടെ ഉപപ്രധാനമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. തൊട്ടടുത്തവര്‍ഷം ജനുവരി 20-ന് അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ മേധാവിയായും സ്ഥാനമേറ്റു. 1976 മേയില്‍ യു.എ.ഇ.സൈനികത്തലവനായും 1980 മുതല്‍ സുപ്രീംപെട്രോളിയം കൗണ്‍സില്‍ തലവനായും പരിസ്ഥിതി വകുപ്പിന്റെയും വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്റെ (ഇ.ആര്‍.ഡബ്ല്യു.ഡി.എ.) ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

2004 നവംബര്‍ രണ്ടിന് യു.എ.ഇ.യുടെ രാഷ്ട്രപിതാവും വഴികാട്ടിയുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ വിടപറഞ്ഞപ്പോള്‍ മൂത്തമകനായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇ.യുടെ ഭരണാധികാരിയായി അധികാരമേറ്റു. പിതാവിന്റെ തണലില്‍ ആക്ടിങ് പ്രസിഡന്റായ കാലത്തുള്ള അനുഭവപാരമ്പര്യം കൈമുതലായുള്ള അദ്ദേഹത്തിന് യു.എ.ഇ.യുടെ ഭരണം അനായാസം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചു.

അഞ്ചുവര്‍ഷമാണ് യു.എ.ഇ.യുടെ പ്രസിഡന്റിന്റെ ഭരണകാലാവധി. എന്നാല്‍, ശൈഖ് ഖലീഫയുടെ ഭരണകാലാവധി അവസാനിക്കുമ്പോള്‍ മറ്റൊരു പേര് യു.എ.ഇ.യുടെ ഭരണാധികാരിയായി ഉയര്‍ത്തിക്കാട്ടാന്‍ ഈ രാജ്യത്തിന് ഉണ്ടായിരുന്നില്ല.

Content Highlights: Sheikh Khalifa Bin Zayed, Dubai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented