
.
ന്യൂഡല്‍ഹി: യു.എ.ഇ. പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ ഇന്ത്യ അഗാധമായി ദുഃഖിക്കുന്നതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് പറഞ്ഞു.
ദുഃഖമറിയിച്ച് പ്രധാനമന്ത്രി
ദുബായ്: യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. 'ഇന്ത്യയും യു.എ.ഇ.യുമായുള്ള ബന്ധം അഭിവൃദ്ധിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച നേതാവായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ്. ഇന്ത്യന്‍ ജനതയുടെ അഗാധമായ ദുഃഖം അറിയിക്കുന്നു' -ട്വിറ്ററില്‍ നരേന്ദ്രമോദി കുറിച്ചു.
കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരി -മുഖ്യമന്ത്രി
യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. യു.എ.ഇ.യുടെ ''ആധുനികവത്കരണത്തിന് നേതൃത്വം നല്കിയ അദ്ദേഹം കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നു. നമ്മുടെ രാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്'' -മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. യു.എ.ഇ.യിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ ആദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മിക്കപ്പെടും. പ്രളയസമയത്തുള്‍പ്പെടെ കേരളത്തിനായി സഹായഹസ്തം നീട്ടിയ അദ്ദേഹം എന്നും കേരളത്തിന്റെ സുഹൃത്തായി നിലകൊണ്ടു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
മലയാളികള്‍ക്ക് കരുതലായ ഭരണാധികാരി- വി.ഡി. സതീശന്
ദുബായ്: യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് അനുശോചിച്ചു. കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്കും പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. ഭരണത്തില്‍ വനിതകള്‍ക്കും തുല്യപരിഗണന അദ്ദേഹം നല്കി. യു.എ.ഇ.യുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാമന്ത്രിയെയും വനിതാ ജഡ്ജിയെയും നിയമിക്കുകയും സര്‍ക്കാരിലെ ഉന്നതപദവികളില്‍ സ്ത്രീകള്‍ക്ക് 30 ശതമാനം പ്രതിനിധ്യം നല്‍കുകയും ചെയ്തത് ഖലീഫ പുലര്‍ത്തിയിരുന്ന പുരോഗമന കാഴ്ചപ്പാടുകളുടെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. വി.ഡി സതീശന് അനുശോചനസന്ദേശത്തില്‍ കുറിച്ചു.
യു.എ.ഇ.യെ ആധുനീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്ത ദീര്‍ഘദര്‍ശിയായ നേതാവായിരുന്നു അദ്ദേഹമെന്ന് വിദേശകാര്യമന്ത്രി ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ-യു.എ.ഇ. ബന്ധത്തിന്റെ പരിവര്‍ത്തനങ്ങള്‍ക്കും ഇത് അടിത്തറയിട്ടെന്ന് ജയ്ശങ്കര് ചൂണ്ടിക്കാട്ടി. കരുത്തനായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയലും പറഞ്ഞു.
യു.എ.ഇ.യുടെ ദ്രുതഗതിയിലുള്ള വികസനത്തിന് വഴിയൊരുക്കിയ ദീര്‍ഘദര്‍ശിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അനുശോചിച്ചു.
ഇന്ത്യയില്‍ ശനിയാഴ്ച ദുഃഖാചരണം
ന്യൂഡല്‍ഹി: ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ആദരമര്‍പ്പിച്ച് ഇന്ത്യ ശനിയാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..